Tuesday 13 November 2018 10:27 AM IST : By സ്വന്തം ലേഖകൻ

തേനും പച്ചവെള്ളവും കൊടുത്ത് ന്യുമോണിയയ്ക്ക് ‌'പ്രാകൃത ചികിത്സ'; ഇക്കാലത്തും മുറിവൈദ്യനെ തേടി പായുന്നവരോട് ഒരു വാക്ക്!

simna-nnnar

ഇന്നത്തെ കാലഘട്ടത്തിലും, അലോപ്പതി ചികിത്സയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് കരുതുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. അതുകൊണ്ടാണ് സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ ഫലപ്രദമായ ചികിത്സ തൊട്ടടുത്ത് ലഭ്യമായിട്ടും അതിലൊന്നും വിശ്വാസമില്ലാതെ  നാടൻ ചികിത്സയ്ക്കായി മുറി വൈദ്യന്റെ അടുത്തേക്ക് ഓടുന്നത്. ചികിത്സിച്ചാൽ മാറുന്ന അസുഖങ്ങൾക്ക് പോലും തേനും പച്ചവെള്ളവും കഴിച്ച് പ്രകൃതി ചികിത്സ തേടുന്നവർ ഡോക്ടർ ഷിംന അസീസ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കണം.

ഡോക്ടറുടെ കുറിപ്പ് വായിക്കാം; 

ന്യുമോണിയ എന്നാലെന്താ? ശ്വാസകോശത്തിലെ വായു അറകളായ ആൽവിയോളൈയിൽ ഉണ്ടാകുന്ന അണുബാധയാണ്‌ ന്യുമോണിയ. അപ്പോ അത്‌ വന്ന്‌ വയ്യാണ്ടാവുന്നത്‌/മരിക്കുന്നത്‌/അസുഖം മാറുന്നത്‌/ജീവിക്കുന്നത്‌? ന്യുമോണിയ എന്നൊക്കെ കേൾക്കുമ്പോൾ വല്ല്യോരു സൂക്കേടാണെന്ന്‌ തോന്നുമെങ്കിലും പറഞ്ഞ്‌ വരുമ്പോൾ ചികിത്സയുണ്ട്‌, ഭേദമാകും, സ്വസ്‌ഥത തിരിച്ച്‌ കിട്ടും.

ഏറ്റവും ലളിതമായി പറഞ്ഞാൽ ശ്വാസകോശത്തിലെ ആൽ‌വിയോളൈയെ ബാധിക്കുന്ന അസുഖമാണ് ന്യുമോണിയ. ബാക്‌ടീരിയ, വൈറസ്‌, ഫംഗസ്‌ തുടങ്ങിയവ ഈ രോഗമുണ്ടാക്കാം. കൂടാതെ, ഭക്ഷണമോ ഛർദ്ദിലോ തുപ്പലോ ശ്വാസകോശത്തിലെത്തി അതിന്‌ ചുറ്റും അണുബാധയുണ്ടാകുന്നത് മറ്റൊരു പ്രധാന കാരണമാണ്‌. അണുനശീകരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാത്ത ആശുപത്രികളിൽ നിന്നും ആശുപത്രിയിലെ ഉപകരണങ്ങളിൽ നിന്നും ന്യുമോണിയ വരാം.

രണ്ട്‌ ശ്വാസകോശത്തിന്റെ ഉള്ളിലും നിറച്ചും മുന്തിരിക്കുലകൾ പോലുള്ള വായു അറകളുണ്ട്‌. അതിനകത്ത്‌ അണുബാധയുണ്ടായാൽ പഴുപ്പോ നീരോ ഒക്കെ നിറയാം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, കടുത്ത ചുമ, വലിവ്‌, ക്ഷീണം, സംഭ്രമം, പേശീവേദന, വിറയോട്‌ കൂടിയ പനി എന്നിവയൊക്കെ പൊതുവായ ലക്ഷണങ്ങളായി പറയാം. എങ്കിലും, രണ്ട്‌ വയസ്സിന്‌ മുൻപും അറുപത്തഞ്ച്‌ വയസ്സിന്‌ ശേഷവും വരുന്ന രോഗം ഒരൽപം ശ്രദ്ധക്കൂടുതൽ ആവശ്യപ്പെടുന്നതാണ്‌.

തീരേ ചെറിയ കുട്ടികളിൽ വാരിയെല്ലുകൾക്കിടയിൽ കുഴിയുന്നതും ശ്വാസോച്ഛ്വാസങ്ങളുടെ എണ്ണം വല്ലാതെ വർദ്ധിക്കുന്നതുമാണ്‌ പ്രധാനലക്ഷണം. വാർദ്ധക്യത്തിലെ ന്യുമോണിയ കടുത്ത ക്ഷീണം, ആശയക്കുഴപ്പം, തളർച്ചയോട്‌ കൂടിയ പനി തുടങ്ങിയവയൊക്കെയാണ്‌ പ്രധാനലക്ഷണങ്ങളായി കാണിക്കുക. കഫം ചുമച്ച്‌ പുറത്ത്‌ കളയാനാവാത്ത പക്ഷാഘാതം സംഭവിച്ചവർ, ഭക്ഷണം ഇറക്കുന്നത്‌ കൃത്യമല്ലാത്തതിനാൽ ഇടക്കിടെ ഭക്ഷണം ശ്വാസകോശത്തിൽ പ്രവേശിക്കുന്ന സെറിബ്രൽ പാൽസി പോലുള്ള രോഗങ്ങൾ ഉള്ളവർ, എഴുന്നേൽപ്പിച്ചിരുത്താതെ ഭക്ഷണം നൽകപ്പെടുന്ന കിടപ്പുരോഗികൾ എന്നിവർക്ക്‌ ഈ രോഗസാധ്യത കൂടുതലുണ്ട്‌. ആസ്‌ത്മ, ശ്വാസംമുട്ടൽ,ശ്വാസകോശത്തിലെ മറ്റുരോഗങ്ങൾ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കും രോഗസാധ്യത കൂടുതലാണ്‌.

രോഗം പ്രധാനമായും കണ്ടെത്തുന്നത്‌ ലക്ഷണങ്ങളിൽ നിന്ന്‌ തന്നെയാണ്‌. കൂടാതെ, എക്‌സ്‌ റേ, കഫ പരിശോധന തുടങ്ങിയവയെല്ലാം രോഗനിർണയത്തിന്‌ സഹായിക്കും. ചികിത്സ രോഗകാരണം അനുസരിച്ചാണ്‌. ബാക്‌ടീരിയ ഉണ്ടാക്കിയ രോഗത്തിന്‌ ആന്റിബയോട്ടിക്ക്‌ മരുന്നുകൾ നേതൃത്വം നൽകുന്ന ചികിത്സയാണെങ്കിൽ വൈറൽ രോഗത്തിന്‌ ലക്ഷണങ്ങളെ ചികിത്സിക്കലും സപ്പോർട്ടീവ്‌ മരുന്നുകളും എല്ലാമാണ്‌ വേണ്ടി വരിക. ആവശ്യം വന്നാൽ നൽകേണ്ട ഓക്‌സിജനും അതിന്റെ കൂടെയുള്ള സൗകര്യങ്ങളുമൊക്കെ ഉള്ളത്‌ ആശുപത്രിയിലാണ്‌. ഏത്‌ തരം ന്യുമോണിയക്കും ഇന്ന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. വളരെ സമാധാനപരമായി ചികിത്സിച്ച്‌ ഭേദമാക്കാവുന്ന ഗൗരവമുള്ള രോഗമാണ്‌ ന്യുമോണിയ. ചികിത്സിച്ചില്ലെങ്കിൽ, ശ്വാസകോശത്തെയും ജീവനെയും നശിപ്പിക്കാൻ കെൽപ്പുള്ളതും... നെഞ്ചിനകത്തുള്ള ശ്വാസമെടുപ്പ്‌ ഉപകരണം കേടുവന്നാൽ നമ്മളെ ഒന്നിനും കൊള്ളൂലാന്നേ...

വാൽക്കഷ്‌ണം : ഈയിടെ അഭ്യസ്‌ഥവിദ്യരായ മാതാപിതാക്കൾ തേനും പച്ചവെള്ളവും കൊടുത്ത്‌ 'പ്രകൃതിചികിത്സ' എന്ന പേരിൽ പ്രാകൃതചികിത്സ നടത്തി അവരുടെ മകൾ മരിച്ച വാർത്ത അറിഞ്ഞിരിക്കുമല്ലോ. ചികിത്സ പഠിച്ചവരാണ്‌ ചികിത്സിക്കേണ്ടത്‌. കേടുവന്ന വാഹനം വിദഗ്‌ധരായ മെക്കാനിക്കുകൾക്ക്‌ കൈമാറി നന്നാക്കാൻ ശ്രമിക്കാതെ പെട്രോൾ ടാങ്കിൽ ഡീസലൊഴിച്ച്‌ ആരും കേടുപാട്‌ നീക്കാൻ നോക്കാറില്ല. ഏത്‌ സ്വത്തിനേക്കാളും വിലമതിക്കുന്നതാണ്‌ ആരോഗ്യമുള്ള ശരീരം. എല്ലാം രോഗത്തിനും അതിന്റേതായ ചികിത്സയോ അല്ലെങ്കിൽ രോഗകാഠിന്യം കുറയാനുള്ള മാർഗമോ ഇന്ന്‌ ആധുനിക വൈദ്യശാസ്‌ത്രത്തിലുണ്ട്‌.

ദയവ്‌ ചെയ്‌ത്‌, സ്വന്തം ജീവനും ആയുസ്സും അതിന്‌ വേണ്ടത്‌ ചെയ്യാൻ അർഹതയില്ലാത്തവർക്ക്‌ കൊടുക്കരുത്‌. ''തേനും പച്ചവെള്ളവും കൊടുത്ത്‌ കൊന്നത്‌ എന്റെ മകളെയല്ലേ, ആർക്ക്‌ ചേതം?'' എന്നൊക്കെ ചോദിക്കുമ്പോഴും നാടുനീളേ വ്യാജ വൈദ്യൻമാർ നടന്ന്‌ വിഡ്‌ഢിത്തം പഠിപ്പിക്കുമ്പോഴും നമ്മൾ നമ്മളെ വലിച്ചിടുന്നത്‌ ആ കാളവണ്ടി യുഗത്തിലേക്കാണ്‌. ആരോഗ്യത്തിന്റെ കേരളാ മോഡൽ നടന്നകലുന്നത്‌ നെടുവീർപ്പോടെ കാണേണ്ടി വരികയാണ്‌. അരുത്‌... 🙏

fake-news-2134