Friday 22 November 2019 04:17 PM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരിക്ക് വേണ്ടി, നീതിക്കായി പോരാടിയ ഏഴാം ക്ലാസ്സുകാരി; നിദ ഫാത്തിമ, ഉള്ളിൽ തീയുള്ള കുഞ്ഞിപ്പെണ്ണ്!‌

nida-fathima232344

വയനാട് ക്ലാസ് റൂമിലെ പൊത്തിൽ നിന്നും പാമ്പു കടിയേറ്റ് മരണപ്പെട്ട ഷഹ്‌ല മലയാളിയുടെ മനസ്സിൽ ഒരു നോവായി മാറുകയാണ്. സ്‌കൂളിലെ അധ്യാപകർ ചികിത്സ വൈകിപ്പിച്ചത് തന്നെയാണ് പെൺകുട്ടിയുടെ മരണത്തിനു കാരണമായതും. സ്‌കൂൾ അധികൃതരിൽ നിന്നുണ്ടായ അനാസ്ഥ പുറംലോകമറിഞ്ഞത് അതേ സ്‌കൂളിലെ മറ്റു വിദ്യാർത്ഥികളുടെ കൃത്യമായ ഇടപെടലാണ്. കൂട്ടത്തിൽ സഹപാഠിക്ക്‌ കിട്ടാതെ പോയ നീതിക്ക്‌ വേണ്ടി യാതൊരു സങ്കോചവുമില്ലാതെ ഉറക്കെ വ്യക്‌തതയോടെ ശബ്‌ദിച്ചത് നിദ ഫാത്തിമയെന്ന ഏഴാം ക്ലാസ്സുകാരിയായിരുന്നു. ധീരയായ ഈ പെൺകുട്ടിയെ കുറിച്ച് ഡോക്ടർ ഷിംന അസീസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

‘എന്നെ പാമ്പു കടിച്ചതാണ്, തീരെ വയ്യ ആശുപത്രിയില്‍ കൊണ്ടോകൂ’; കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; കണ്ണില്ലാത്ത ക്രൂരത

പാമ്പാണ്‌ കടിച്ചതെന്ന് ആ പൊന്നു മോൾ പറഞ്ഞതല്ലേ, പരിഗണിച്ചു കൂടായിരുന്നോ?; ഷെഹ്‍ലയുടെ മരണം ഒരു പാഠം; കുറിപ്പ്

‘ഇഴജന്തുക്കള്‍ കയറില്ലേയെന്ന് ചോദിച്ചു, ടീച്ചര്‍ ചിരിച്ചു; കുട്ടികള്‍ക്കുള്ള വിവേകം പോലും അവർക്കില്ലാതെ പോയി’; ബത്തേരി സ്‌കൂളിനെക്കുറിച്ച് പൂര്‍വ വിദ്യാർഥിയുടെ അനുഭവക്കുറിപ്പ്!

ഡോക്ടർ ഷിംന അസീസ് എഴുതിയ കുറിപ്പ് വായിക്കാം; 

നിദ ഫാത്തിമ. അല്ല, ഒരു കൂട്ടം നിദ ഫാത്തിമമാർ. വയനാട്ടിൽ പാമ്പ് കടിയേറ്റ ഷഹലയുടെ സഹപാഠികൾ.

അവരെ ആദ്യമായി കാണുന്നത്‌ ഇന്നലെ വൈകുന്നേരം കണ്ട ന്യൂസ്‌ ബൈറ്റിലാണ്‌. അവർ അവരുടെ സഹപാഠിക്ക്‌ കിട്ടാതെ പോയ നീതിക്ക്‌ വേണ്ടി യാതൊരു സങ്കോചവുമില്ലാതെ ഉറക്കെ വ്യക്‌തതയോടെ ശബ്‌ദിക്കുന്നുണ്ടായിരുന്നു. അഭിമാനം തോന്നി.

ഇന്നലെ നിദയെ നേരിൽ കേട്ടത്‌ ചാനൽ ചർച്ചയിലാണ്‌. അവിടെയും അവളുടെ ശബ്‌ദത്തിന്‌ യാതൊരു ഇടർച്ചയുമില്ല. അല്ലെങ്കിലും ഭയത്തിനും സ്വാധീനത്തിനും മീതെ നിൽക്കുന്ന നിഷ്‌കളങ്കതയാണല്ലോ ആ പ്രായത്തിന്‌. ഏഴാം ക്ലാസുകാരിയുടെ ശബ്‌ദത്തിലെ ആത്മവിശ്വസവും നേരിട്ടറിഞ്ഞു.

രാവിലെ അവളെ നമ്പർ സംഘടിപ്പിച്ച്‌ വിളിച്ചു. അവൾ മദ്രസയിൽ പോയി വന്നിട്ടേ ഉള്ളായിരുന്നു എന്നവളുടെ ഉപ്പ പറഞ്ഞു. ഇന്നലെ രാത്രി ടിവിയിൽ കൂടെയുണ്ടായിരുന്ന മഞ്ചേരി ആശുപത്രിയിലെ ഡോക്‌ടറാണെന്ന്‌ പറഞ്ഞപ്പോ അവൾ ഷഹലയെക്കുറിച്ച്‌ പിന്നേം കുറേ സങ്കടം നുള്ളിപ്പെറുക്കി പറഞ്ഞു. ഉള്ളിൽ തീയുള്ള കുഞ്ഞിപ്പെണ്ണ്‌.

അവസാനം അവൾ പതുക്കേ ചോദിച്ചത്‌ ഇതാണ്‌ - "ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട്‌ എനിക്ക്‌ ഇനിയും ആ സ്‌കൂളിൽ പോകണമെന്ന്‌ ആലോയ്‌ക്കുമ്പോ പേട്യാവ്‌ണുണ്ട്‌. പ്രിൻസിപ്പലിനെയാ ഇനിക്ക്‌ പേടി. ഓല്‌ ഇന്നോടെന്തെങ്കിലും ചെയ്‌താൽ മിസ്സ്‌ ന്റെ കൂടെ ഉണ്ടാവൂലേ?"

അവളുടെ കുഞ്ഞിക്കണ്ണും മൈലാഞ്ചിയിട്ട കൈയും മുഖത്തുള്ള ഓമനത്തമുള്ള ഒട്ടും അപക്വമല്ലാത്ത തന്റേടവുമെല്ലാം ഉള്ളിൽ നിന്ന്‌ മിന്നൽ പോലെ മാഞ്ഞ്‌ അവളെന്റെ ആച്ചുവിനോളം ചെറുതായി ഓടി വന്ന്‌ നെഞ്ചിൽ വീണത്‌ പോലെ തോന്നി. "ഏതറ്റം വരെയും ഉറപ്പായും കൂടെ നിൽക്കും" എന്ന്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ വാക്കാണ്‌ താനും.

ഇത്രയും ഉഗ്രമായി ന്യായത്തിന്‌ വേണ്ടി ജ്വലിക്കുന്ന കനലുകളെല്ലാം ചവിട്ടി അണയ്‌ക്കാൻ ധൃതി പിടിക്കുന്ന ലോകമാണ്‌ ചുറ്റും. അവളുടെ കാര്യവും മറിച്ചാകില്ലെന്നറിയാം. ഏതായാലും, അവൾ നേരിട്ടേക്കാവുന്ന തുറിച്ചു നോട്ടങ്ങളോടും കുത്തുവാക്കുകളോടുമായി പറയുകയാണ്‌...

അവൾ പുറത്തുവന്ന്‌ സംസാരിച്ചത്‌ നിങ്ങളിൽ ചിലർ കൊന്ന അവളുടെ സഹപാഠിയുടെ ജീവൻ പോയതിന്റെ വേദനയാണ്‌. ഇനി ഇല്ലാക്കഥകളും ഭീഷണിയും പരിഹാസവും ഒക്കെയായിട്ട്‌ ഇത്രയും ശൗര്യമുള്ള ഒരു പെൺകുഞ്ഞിനെ ഒതുക്കാൻ ശ്രമിക്കരുത്‌. അങ്ങനെയൊന്നുണ്ടായാൽ ഷഹലയുടെ കൂടെ നിന്ന ലോകം മുഴുവൻ ഉറപ്പായും നിദയോടൊപ്പവും ഉണ്ടാകും. അതിലൊരു സംശയവുമില്ല.

അഭിമാനമാണിവൾ... ഇവളുടെ കൂട്ടുകാരും.

ചോദ്യം ചെയ്യാനറിയുന്നവർ, പ്രതികരണശേഷിയും നീതിബോധവുമുള്ളവർ.

നാളെയും വെളിച്ചമുണ്ടാകുമെന്ന്‌ ഉറപ്പ്‌ തരുന്ന മക്കൾ. ഇവരോടൊപ്പമുണ്ട്‌ നമ്മൾ, ഉണ്ടാകണം നമ്മൾ.

Tags:
  • Spotlight
  • Social Media Viral