Wednesday 09 September 2020 11:46 AM IST : By സ്വന്തം ലേഖകൻ

‘ദിവസം 5000 മുതൽ 10,000 വരെ കേസുകൾ എത്താം; ആംബുലൻസ് ഗുരുതര രോഗികൾക്കായി നിജപ്പെടുത്തണം’: ഡോ. സുൽഫി

ambulance-nudddddd

വരും ദിവസങ്ങളിൽ ഒരു ദിവസത്തെ കോവിഡ് കണക്ക് 5000 മുതൽ 10000 വരെ എത്തിയാലും അദ്ഭുതപ്പെടേണ്ടതില്ലെന്നും രോഗലക്ഷണമില്ലാത്തവർക്ക് വീട്ടിൽ ചികിത്സാസൗകര്യം ഒരുക്കണമെന്നും ഐഎംഎ കേരള വൈസ്പ്രസി‍ഡന്റ് ‍ഡോ. സുൽഫി നൂഹു. പോസിറ്റീവായ എല്ലാവരെയും ആശുപത്രികളിൽ എത്തിക്കുവാനുള്ള ആംബുലൻസ് കൂട്ടയോട്ടം ഒഴിവാക്കേണ്ടതാണെന്നും ഡോ. സുൽഫി പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു.

ഡോക്ടറുടെ കുറിപ്പ് പൂർണ്ണമായും വായിക്കാം; 

‘പോസിറ്റീവായ എല്ലാവരെയും ആശുപത്രികളിൽ എത്തിക്കുവാനുള്ള ഈ ആംബുലൻസ് കൂട്ടയോട്ടം ഒഴിവാക്കേണ്ടതാണ്. രോഗലക്ഷണമില്ലാതെ കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായാൽ സ്വന്തം വീടുകളിൽ തന്നെ നിരീക്ഷിക്കാമെന്ന വ്യവസ്ഥ നിലനിൽക്കെ എല്ലാവർക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽതന്നെ ചികിത്സ ആവശ്യമെന്നുള്ള ധാരണ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തീർച്ചയായും രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ തന്നെ ചികിത്സിക്കാവുന്നതാണ്. ലോകത്തെ എല്ലാ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി വിശേഷം. രോഗലക്ഷണം ഇല്ലാത്തവരെ പോലും ചികിത്സിക്കാനായി ഫസ്റ്റ് ലൈൻ സെന്ററുകളിൽ സൗകര്യം ഉണ്ടാക്കുക അത്ര എളുപ്പമല്ല .

വരും ദിവസങ്ങളിൽ കേസുകളുടെയെണ്ണം വളരെയധികം കൂടുവാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം 5000 മുതൽ 10,000 വരെ കേസുകൾ എത്തിയാലും അദ്ഭുതമില്ല. അത്തരം എല്ലാ ആൾക്കാരെയും ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുകയെന്നുള്ളത് അസാധ്യമാണ്. അനാവശ്യമാണ്. രോഗലക്ഷണമില്ലാത്തവരെ വീടുകളിലും ചികിൽസിക്കാമെന്നുള്ള ആത്മവിശ്വാസം പൊതുജനങ്ങളിലുണ്ടാക്കേണ്ട ബാധ്യത നമ്മൾക്കെല്ലാവർക്കുമുണ്ടെന്ന് ഉറപ്പാണ്. തൽക്കാലം ആംബുലൻസ് ഗുരുതര രോഗികൾക്ക് മാത്രമായി നിജപ്പെടുത്തണം.’

Tags:
  • Spotlight
  • Social Media Viral