Saturday 21 November 2020 02:24 PM IST : By സ്വന്തം ലേഖകൻ

കീരിക്കാടൻ ചാകാൻ ഇനിയും സമയം വേണം, മാസ്ക് ഊരി കറക്കുവാനും! കോവിഡ് തോറ്റോടിയിട്ടില്ല: ഡോ. സുൽഫി നൂഹു പറയുന്നു

dr-sulphh5566888

കോവിഡ്  തോറ്റോടിയെന്നും കീരിക്കാടൻ ചത്തെന്നും മാസ്ക് വലിച്ചെറിയാമെന്നും മട്ടിലുള്ള പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. ഈ വിഷയത്തിൽ ഡോ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

ഡോ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം; 

കീരിക്കാടൻ  ചത്തിട്ടില്ല! 

കോവിഡ്  തോറ്റോടിയെന്നും കീരിക്കാടൻ ചത്തെന്നും മാസ്ക് വലിച്ചെറിയാമെന്നും  മട്ടിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ തുടങ്ങിക്കഴിഞ്ഞു.  പകർച്ചവ്യാധികളുടെ ചരിത്രത്തിലേക്ക് ഒരല്പം തിരിഞ്ഞുനോക്കാതെയിരുന്നാൽ നാം വലിയ അപകടങ്ങളിൽ  ചെന്ന് പെട്ടേക്കാം. വാക്സിൻ  അണിയറയിൽ ശരിയായി കൊണ്ടിരിക്കുന്നുവെന്നുള്ളത് സത്യം.

കഴിഞ്ഞ ഒരു കൊല്ലം, ഒരുപക്ഷേ ചികിത്സ ശാസ്ത്രത്തിൻറെ ചരിത്രത്തിൽ ഒരിക്കൽ പോലുമില്ലാത്ത തരത്തിലുള്ള ഗവേഷണ നിരീക്ഷണങ്ങൾ നടന്നുവെന്നുള്ളത് നമുക്ക് അഭിമാനിക്കാൻ വഴി നൽകുന്നുവെന്നുള്ളത് സത്യം. കണ്ണിലെണ്ണയൊഴിച്ച് 24× 7 സമയവും വാക്സിനുകളും മരുന്നുകളും കണ്ടുപിടിക്കാൻ കഠിനപ്രയത്നം  ചെയ്തവർ  മുൻകാലങ്ങളിൽ ഉണ്ടായിരുന്നവരെയൊക്കെ കടത്തി വെട്ടി.

ലോകത്തിൽ മുൻപൊരിക്കലും ഒരിക്കൽപോലും ഇത്രയും പെട്ടെന്ന്  പരിശോധന മാർഗ്ഗങ്ങൾ കൃത്യമായി നിർണയിക്കുകയും ചികിത്സാ രീതികൾ കണ്ടെത്തുകയും  വാക്സിനുകളും മറ്റു പ്രതിരോധങ്ങളും കണ്ടുപിടിക്കുകയും ചെയ്ത ചരിത്രമില്ല. മുൻകാലങ്ങളിൽ ഇത്തരം കാര്യങ്ങൾക്ക്  പതിന്മടങ്ങ് സമയമെടുത്തു. തീർച്ചയായും  ശാസ്ത്രസാങ്കേതികവിദ്യയുടെ അഭൂതപൂർവ്വമായ വളർച്ച വളരെ വളരെ സഹായിച്ചുവെന്നു പറയാതെ വയ്യ. എന്നാൽ അലസത കാട്ടിയ പല രാജ്യങ്ങളിലും രണ്ടാം സർജ് കാണുവാൻ കഴിയും അതൊക്കെ അവിടെ നിൽക്കട്ടെ.  

ഇങ്ങ് കൊച്ചുകേരളത്തിൽ മാസ്ക് വലിച്ചെറിയും മുമ്പ് സാമൂഹിക അകലം ഇല്ലാതാക്കും മുമ്പ്‌  കൈകൾ നിരന്തരം ശുദ്ധീകരിക്കുന്നത്  ഒഴിവാക്കുന്നതിനും മുൻപ്  ചിലതൊക്കെ കാണണം. വാക്സിൻ വരുമെന്ന് ഉറപ്പ്. എല്ലാവർക്കും വാക്സിൻ കിട്ടി അതിൻറെ പ്രതിരോധം ലഭിക്കുവാൻ ഇനിയും സമയമെടുക്കും. ഏറ്റവും ഫലപ്രാപ്തിയുള്ള വാക്സിൻ പോലും 95 ശതമാനത്തിനടുത്താണ് സംരക്ഷണം നൽകുക. അതായത് ഒരഞ്ച് ശതമാനത്തിന് വാക്സിൻ  ലഭിച്ചശേഷവും അണുബാധ ഉണ്ടായേക്കാം.

എല്ലാവർക്കും വാക്സിൻ ലഭ്യമാകുമോ എന്നും ലഭ്യമായാൽ തന്നെ എല്ലാവരും  സ്വീകരിക്കുമോയെന്നുള്ളതും മറ്റൊരു വിഷയം. കോവിഡ് 19 ലെ ഹെർഡ് ഇമ്മ്യൂണിറ്റിയ്ക് ഇപ്പോഴും വ്യക്തമായ തെളിവുകളില്ല. രോഗം വന്നവരിൽ വീണ്ടും അണുബാധ വരാനുള്ള സാധ്യത ചെറിയ തോതിലെങ്കിലും നിലവിലുണ്ട്. ഇതൊക്കെ കൊണ്ട് ആഘോഷം തുടങ്ങാൻ വരട്ടെ. സൗരവ് ഗാംഗുലിയെ പോലെ ഷർട്ടൂരി  അന്തരീക്ഷത്തിൽ കറക്കി വിജയം ആഘോഷിച്ച പോലെ മാസ്ക് ഊരി കറക്കി ആഘോഷിക്കാൻ ഇനിയും നാളുകൾ വേണം.

അതിനുമുൻപ് പിടിച്ചടക്കി കെട്ടടങ്ങി കീരിക്കാടൻ ചത്തു തുടങ്ങിയ പ്രയോഗങ്ങൾ അബദ്ധജടിലമാകും. മാസ്ക് ഊരാതെ കൈകൾ കഴുകി അകലം പാലിച്ച് രോഗലക്ഷണമുണ്ടെങ്കിൽ പരിശോധനകൾ നടത്തി കുറഞ്ഞത് കുറച്ചു മാസങ്ങൾ കൂടിയെങ്കിലും മുന്നോട്ടുപോയെ പറ്റുള്ളൂ... കീരിക്കാടൻ ചാകാൻ ഇനിയും സമയം വേണം. മാസ്ക് ഊരി കറക്കുവാനും!

Tags:
  • Spotlight
  • Social Media Viral