Thursday 12 December 2024 05:33 PM IST

ആളുകൾ അപ്രത്യക്ഷമാകുന്ന കൊടുങ്കാട്ടിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി; ഡോ. ഷിനിലും സംഘവും കാട് കയറുന്നത്...

V R Jyothish

Chief Sub Editor

dr-shinil-national-health-mission-athirapilly-cover ഡോ.യു.ഡി.ഷിനിൽ ആദിവാസി ഗ്രാമത്തിൽ; Photos: Harikrishnan

കെ. എൽ. 01, ബി.എ. 5208 –ാം നമ്പർ വെള്ള നിറമുള്ള ടാറ്റോ സുമോ അതിരപ്പിള്ളി വനമേഖലയിലൂെട സഞ്ചരിക്കുന്നു. ആ വാഹനത്തിൽ ഡ്രൈവറെ കൂടാതെ നാലു പേർ കൂടിയുണ്ട്. ഏതോ ആദിവാസി ഗ്രാമമാണ് അവരുടെ ലക്ഷ്യം! അടിസ്ഥാനവികസനം എത്താത്ത ധാരാളം ആദിവാസി ഗ്രാമങ്ങൾ ഇവിടെയുണ്ട്. നടവഴി പോലുമില്ലാത്ത ഈ ആദിവാസി ഗ്രാമങ്ങളിലേക്ക് ആതുരസേവനവുമായി പോകുന്ന ഒരു ഡോക്ടറുടെയും അദ്ദേഹത്തെ സഹായിക്കുന്ന സംഘത്തിനോടും ഒപ്പമുള്ള യാത്രയാണ് ഇത്. യാത്ര തുടങ്ങുന്നതിനു മുമ്പാണ് ആ സംഭവമറിഞ്ഞത്...

കഴിഞ്ഞ മേയ് ആറാം തീയതിയാണ് അതു നടന്നത്!

അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി ഗ്രാമത്തിൽ നിന്ന് കാട്ടിൽ വിറകൊടിക്കാൻ പോയ കാഴ്ച പരിമിതിയുള്ള അമ്മിണി എന്ന അറുപതുകാരിയെ കാണാതായി. വനം വകുപ്പും പൊലീസും ദുരന്തനിവാരണസേനയുമെല്ലാം തെരച്ചിൽ നടത്തി. ഒരു തുമ്പും കിട്ടിയിട്ടില്ല. കാട്ടാന ചവിട്ടികൊന്നിട്ടുണ്ടെങ്കിൽ മൃതദേഹം എവിടെയെങ്കിലും കാണണം. കണ്ടെത്തിയിട്ടില്ല. പെരുമ്പാമ്പ് വിഴുങ്ങിയതാവാം എന്നു സംശയിച്ചിരുന്നു. അങ്ങനെയാണെങ്കിൽ ഇരയെടുത്ത പാമ്പ് ആദ്യത്തെ രണ്ടുമൂന്നു ദിവസം അവിടെത്തന്നെ കിടക്കും. അങ്ങനെയൊരു പെരുമ്പാമ്പിനെ അമ്മിണി അപ്രത്യക്ഷയായ സ്ഥലത്തു കണ്ടില്ല. മൂന്നാമതൊരു സാധ്യത കടുവ പിടിച്ചുകൊണ്ട് മലമുകളിൽ പോകാനാണ്. അങ്ങനെയാണെങ്കിൽ മുറിവിൽ നിന്നു വീണ രക്തം പ്രത്യേക പരിശീലനം കിട്ടിയ നായ്ക്കൾ കണ്ടുപിടിക്കണം. അതുണ്ടായില്ല.

നാലുമാസം കഴിഞ്ഞിട്ടും അജ്ഞാതമായി തുടരുന്നു അമ്മിണിയുെട തിരോധാനം. ഇതൊരു അമ്മിണിയുടെ മാത്രം ജീവിതമല്ല. മലക്കപ്പാറ മുതൽ വാണിയംപാറ വരെയും ചേലക്കര മുതൽ പഴയന്നൂർ വരെയും നീണ്ടു കിടക്കുന്ന, ഭംഗിയുള്ള വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ അതിരപ്പിള്ളിയിലെ ആദിവാസി ഗ്രാമങ്ങളിൽ നടക്കുന്ന സംഭവമാണ്.

ഒരു ആശുപത്രി പുറപ്പെടുന്നു

dr-shinil-national-health-mission-athirapilly-tribal-village-visit4 ഡോ.ഷിനിലും മെഡിക്കൽ ടീമും

ഈ ആദിവാസി ഗ്രാമങ്ങളിലെ രോഗികൾക്കു വേണ്ടി നാഷനൽ ഹെൽത്ത് മിഷൻ തൃശൂർ ജില്ലയിൽ അനുവദിച്ച ടൈ്രബൽ മൊബൈൽ യൂണിറ്റാണ് അതിരാവിലെ യാത്രയ്ക്കു തയ്യാറായി നിൽക്കുന്നത്. സഞ്ചരിക്കുന്ന ആ ആശുപത്രിയുടെ ക്യാപ്റ്റനാണ് ഡോ. യു.ഡി. ഷിനിൽ. രാവിലെ ഏഴുമണിക്ക് തൃശൂർ പുതുക്കാട്ടെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് ഡോ. ഷിനിൽ. എട്ടുമണിയോടെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തി. നേരത്തെ സൂചിപ്പിച്ച വെള്ള ക്വാളിസ് ആശുപത്രിയാക്കി സംഘം പുറപ്പെട്ടു.

സഞ്ചരിക്കുന്ന ഈ ആശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എം.എം., സ്റ്റാഫ് നഴ്സ് അശ്വിൻ എ. എസ്. ഫാർമസിസ്റ്റ് കൃഷ്ണപ്രസാദ് സി. ആർ, ഡ്രൈവർ മണിലാൽ ടി.ടി.– സഞ്ചരിക്കുന്ന ഈ ആശുപത്രിയുടെ അമരക്കാർ ഇവരാണ്. ഇവരിൽ മണിലാൽ അതിരപ്പിള്ളിക്കാരനാണ്. അതുകൊണ്ടുതന്നെ റോഡിൽ മാത്രമല്ല കാട്ടിലും മണിലാലാണു വഴികാട്ടി. അതിരപ്പിള്ളി വനത്തിനുള്ളിലെ ഓരോ ആദിവാസി ഗ്രാമവും മണിലാലിനു മനഃപാഠം.

‘പതിമൂന്നു വർഷമായി ഇങ്ങനെ കാടു കയറിയിറങ്ങുന്നു. രാവിലെ ഉറക്കമെണീക്കുമ്പോൾ തന്നെ ആദിവാസി ഗ്രാമങ്ങളിലെ നൂറിലേറെ മുഖങ്ങൾ ഓർമയിലേക്കു വരും. പലപല അസുഖങ്ങളുമായി ഞങ്ങളെ കാത്തിരിക്കുന്നവർ. ആ മുഖങ്ങൾ ഓർക്കുമ്പോൾ പിന്നെ ഒരു അവധി പോലും എടുക്കാൻ തോന്നാറില്ല. അതെന്തുകൊണ്ടെന്നു എനിക്ക് അറിയില്ല. ഒരുപക്ഷേ അവരുടെ ദയനീയാവസ്ഥ നേരിട്ടു കാണുന്നതുകൊണ്ടും ആയിരിക്കും. അത്രയ്ക്കും ദുരിതം നിറഞ്ഞ ജീവിതത്തിലൂടെയാണ് അവർ കടന്നുപോകുന്നത്’ യാത്രാമധ്യേ ഡോ. ഷിനിൽ പറഞ്ഞു.

ആദിവാസി ഗ്രാമങ്ങളിലേക്കു കയറുന്നതിനു മുമ്പുള്ള അവസാനത്തെ അങ്ങാടിയാണ് പുളിയിലപ്പാറ. ചെറിയൊരു ടൗണാണിത്. ഡോ. ഷിനിലും സംഘവും അവിടെയെത്തിയപ്പോൾ തന്നെ ആളു കൂടി. മഴ നനഞ്ഞവരാണു കൂടുതലും. ജലദോഷവും പനിയും ചുമയുമായി ഡോക്ടറെ കാത്തുനിൽക്കുന്നവർ.

ഡോ. ഷിനിൽ എല്ലാവരെയും പരിശോധിച്ചു. മരുന്നു കൊടുത്തു. ‘മഴക്കാലമാണ് മറക്കേണ്ട. സൂക്ഷിക്കണം.’ സ്നേഹത്തോടെയുള്ള ഉപദേശവും.

ഗ്രാമങ്ങളിലേക്ക് ഡോക്ടറും സംഘവും പോകുന്നത് വെറും കൈയോടെയല്ല. ഗ്രാമത്തിലുള്ള കുട്ടികൾക്ക് മിഠായിയും ബിസ്കറ്റുമൊക്കെ വാങ്ങും. പിന്നെ അരിയും പയറും കപ്പയും ഉപ്പുമൊക്കെ കൊണ്ടു പോവും. ആ അരി കൊണ്ട് ഗ്രാമത്തിലുള്ളവർ കഞ്ഞിവയ്ക്കും. കപ്പ പുഴുങ്ങും. കാട്ടുകാന്താരി പൊട്ടിച്ചെടുത്ത് ഉപ്പു ചേർത്ത് ചതച്ച് കറിയുണ്ടാക്കും. മിക്കപ്പോഴും ഡോക്ടർക്കും സംഘത്തിനുമുള്ള ഉച്ചഭക്ഷണം അതാണ്.

വാച്ചുമരം ഗ്രാമത്തിലേക്ക്

dr-shinil-national-health-mission-athirapilly-tribal-village-visit3

പുളിയിലപ്പാറയിൽ നിന്നു സാധനങ്ങളൊക്കെ വാങ്ങി ഡോക്ടറും സംഘവും നേെര പോയത് വാച്ചുമരം ആദിവാസി ഗ്രാമത്തിലേക്കാണ്. വാച്ചുമരം ഗോത്രകലപരിപോഷണ കേന്ദ്രത്തിൽ ഒരുകൂട്ടം പേർ ഡോക്ടറെ കാത്തുനിന്നു. അവരിൽ കുട്ടികളും വൃദ്ധജനങ്ങളും ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമായി നിൽക്കുന്ന അമ്മമാരുണ്ട്. േഡാക്ടർ ഒരാളെയും നിരാശപ്പെടുത്തുന്നില്ല. പലരുമായും വർഷങ്ങളായുള്ള സൗഹൃദം. അതുകൊണ്ടുതന്നെ ചോദിക്കാനും പറയാനും വിശേഷങ്ങൾ ധാരാളം.

‘‘തുടക്കകാലത്ത് നമ്മളെ കാണാൻ തയ്യാറാവുന്ന രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. ആർക്കും അസുഖങ്ങൾ ഇല്ല. അഥവാ അസുഖങ്ങൾ ഉണ്ടെങ്കിൽ തന്നെ അവർക്ക് അവരുടേതായ രീതിയിൽ ചികിത്സിച്ചു ഭേദമാക്കാനറിയാം എന്നൊക്കെയായിരുന്നു ഞാനും വിശ്വസിച്ചിരുന്നത്. പക്ഷേ പിന്നീടാണു മനസ്സിലാവുന്നത് ജീവിതശൈലി രോഗങ്ങളും മദ്യവും മറ്റു ലഹരിപദാർത്ഥങ്ങളും ഉപയോഗിക്കുന്നതു മൂലമുള്ള രോഗങ്ങളും കാൻസറും ഒക്കെ ഇവർക്കിടയിലും സാധാരണമാണെന്ന്..’’ ഡോക്ടർ തന്റെ അനുഭവം പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് ഞങ്ങൾ ആദിവാസി ഗ്രാമങ്ങളിൽ കണ്ട കാഴ്ചകൾ. കീമോതെറപ്പി കഴിഞ്ഞവർ, പ്രമേഹത്തിനും രക്താതിസമ്മർദ്ദത്തിനും വൃക്ക തകരാറിനും എന്തിന് മദ്യപാനാസക്തിക്കു വരെ മരുന്നു കഴിക്കുന്ന ധാരാളം പേരെ ഞങ്ങൾ ആ ഗ്രാമങ്ങളിൽ കണ്ടു.

നടവഴിയില്ലാത്ത ഗ്രാമങ്ങൾ

ചിലപ്പോൾ അങ്ങനെയൊരു സംശയം തോന്നാം. പക്ഷേ സംശയം അസ്ഥാനത്താണ്. വാഹനങ്ങൾ എത്തിപ്പെടുന്ന റോഡുകളിൽ നിന്ന് നാലും അഞ്ചും കിലോമീറ്റർ ഉള്ളിലേക്ക് നടവഴി പോലുമില്ലാത്ത ആദിവാസി ഗ്രാമങ്ങൾ ധാരാളമുണ്ട്. അമ്മിണിെയ കാണാതായ കാടു പോലെ വഴിവെട്ടി മുന്നോട്ടു പോകേണ്ടതായി വരും ചിലപ്പോൾ. വെട്ടിച്ചുട്ടകാട്, അരേക്കാപ്പ്, വീരാൻകോളനി, മുക്കുംപുഴ, തവളക്കുഴി, കാരിക്കടവ്, അടിച്ചിൽത്തൊട്ടി, അങ്ങനെ യാത്രയ്ക്കു പരിമിതികളുള്ള അനേകം ആദിവാസി സെറ്റിൽമെന്റുകൾ. മുഖ്യധാരയിൽ നിന്നും ഏറെ അകലെയാണ് ഈ ഗ്രാമങ്ങൾ ഇപ്പോഴും. എങ്കിലും ഡോ. ഷിനിലും സംഘവും മാസത്തിൽ ഒരുദിവസമെങ്കിലും ഇവിടെയെത്തുന്നു. രോഗമുള്ളവരെ കാണുന്നു. മരുന്നു നൽകുന്നു. തിരിച്ചുപോരുന്നു.

dr-shinil-national-health-mission-athirapilly-tribal-village-visit2

ആദിവാസി വൈദ്യത്തിനും ഒറ്റമൂലികൾക്കുമെല്ലാം കാടിനു പുറത്ത് ആവശ്യക്കാർ ഏറെയാണ് ഇന്ന്. എന്നാൽ കാടിനുള്ളിൽ ഇത്തരം ചികിത്സകൾ വേണ്ടരീതിയിൽ ഫലിക്കുന്നില്ല എന്നതാണ് ഡോക്ടറുടെ അഭിപ്രായം. ‘പല പല കാരണങ്ങളുണ്ട്. കാട്ടുമരുന്നുകളുടെ അഭാവമാണ് ഒന്ന്. പിന്നെ ചികിത്സ അറിയാവുന്നവർ വളരെ കുറവാണ്. തലമുറയിൽ നിന്നു തലമുറയിലേക്കു പകരുന്നതാണ് ഈ അറിവുകൾ. കഴിഞ്ഞ രണ്ടുമൂന്നു തലമുറകളായി ഈ അറിവുകൾ സ്വീകരിക്കാനോ ശാസ്ത്രീയമായി അവ മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. അതിന്റെ ഫലമായി ആദിവാസി വൈദ്യം ഫലവത്താകുന്നില്ല.’ ഈ ഗ്രാമങ്ങളിലെ നിരന്തര സന്ദർശകനായ ഡോക്ടർ തന്റെ അനുഭവം വെളിപ്പെടുത്തി.

ഇവിടെയുള്ള ആദിവാസികളിൽ കൂടുതലും കാടർ സമുദായക്കാരാണ്. മുതുവാൻ, മന്നാൻ, മലയൻ, ഉള്ളാടൻ തുടങ്ങിയ വിഭാഗക്കാരാണ് വിവിധ ഗ്രാമങ്ങളിലായി പാർക്കുന്നത്. കാടിറങ്ങാത്ത പല വിഭാഗക്കാരുമുണ്ട് ഇവർക്കിടയിൽ. അവരുടെ ഗ്രാമത്തിലേക്ക് ആരും വരാറില്ല. ഗ്രാമം വിട്ട് അവരെങ്ങും പോകാറുമില്ല. അപ്പോൾ പിന്നെ എന്തിനാണു വഴിയും വെട്ടവും എന്നാണു ചോദ്യം. ഡോ. ഷിനിലും സംഘവും ആ ചോദ്യങ്ങളുടെ കാടുംപടർപ്പും വെട്ടിമാറ്റി മുന്നോട്ടു പോകുന്നു. ഇത്തരം ഗ്രാമങ്ങളിലെത്തി രോഗമുള്ളവരെ ചികിത്സിക്കുന്നു. ഇങ്ങനെയുള്ള ഗ്രാമങ്ങളിലുള്ളവർ പോലും മാസത്തിൽ ഒരു ദിവസമെങ്കിലും ഡോക്ടറുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നു. രോഗം ഉള്ളവരും ഇല്ലാത്തവരും അക്കൂട്ടത്തിലുണ്ട്. ദൂരെ നാട്ടിൽ നിന്നു വരാൻ ഈ അഞ്ചുപേരെങ്കിലും ഉണ്ടല്ലോ എന്ന സന്തോഷം.

ഊരുമിത്രങ്ങൾ

dr-shinil-national-health-mission-athirapilly-tribal-village-visit

ഓരോ ആദിവാസിഗ്രാമത്തിനും ഒരു ഊരുമിത്രം ഉണ്ടാവും. ഊരുമിത്രമാണ് ഗ്രാമത്തിലെ ആരോഗ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡോക്ടർ എത്തുന്ന ദിവസം ഗ്രാമത്തിലുള്ളവരെ അറിയിക്കുന്നതും ഡോക്ടർക്ക് ഇരിപ്പിടമൊരുക്കുന്നതും മറ്റും ഊരുമിത്രമാണ്. മാത്രമല്ല കിടപ്പുരോഗികൾക്ക് മാസാമാസം മരുന്ന് വീടുകളിൽ എത്തിക്കുന്നതും ഇവരാണ്.

‘‘പ്ലസ് ടു വരെ ആദിവാസിഗ്രാമങ്ങളിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടാനുള്ള സർക്കാർ സംവിധാനം നിലവിലുണ്ട്. വിദ്യാഭ്യാസവും ഹോസ്റ്റൽ സൗകര്യവും സൗജന്യമാണ്. കാട്ടിൽ ജനിച്ചുവളർന്ന ഇവർ കായികമായും കരുത്തരാണ്. എന്നാൽ പ്ലസ് –ടു കഴിഞ്ഞാൽ എന്തുചെയ്യണം എന്ന് പറഞ്ഞുകൊടുക്കാൻ ആരുമില്ല. അതുകൊണ്ടുതന്നെ പലരും അവരവരുടെ ഗ്രാമങ്ങളിലേക്കു തിരിച്ചുപോവുകയാണു ചെയ്യുന്നത്. ഗ്രാമത്തിൽ തിരിച്ചെത്തിയാൽ ആണിനും പെണ്ണിനും അടുത്ത നടപടി കല്യാണമാണ്. പിന്നെ അവരിൽ ഒരാളായി ജീവിക്കാനേ കഴിയു.’ മണിലാൽ വിരൽ ചൂണ്ടുന്നത് വലിയൊരു സാമൂഹ്യപ്രശ്നത്തിലേക്കാണ്.

ജീവന് കാവലായി...

നാല്പത്തിരണ്ടു ആദിവാസി ഗ്രാമങ്ങളിൽ ഡോക്ടറും സംഘവും സേവനവുമായി എത്തുന്നു. ഇതിൽ രോഗത്തിന്റെ കാഠിന്യം അനുസരിച്ച് രോഗമുള്ളവരെ ആശുപത്രികളിൽ എത്തിക്കുന്നു. ഇതിൽ തന്നെ ഡോക്ടർക്ക് പലപ്പോഴും ഊരുമിത്രങ്ങളിൽ നിന്നും വിളിവരുന്നത് ഗർഭിണികളുമായി ബന്ധപ്പെട്ടാണ്. ഈ ഗ്രാമങ്ങളിൽ നിന്നു ആശുപത്രിയിലെത്താൻ നല്ല സമയം വേണം. പലരെയും ചുമന്നുകൊണ്ടാണ് റോഡിലെത്തിക്കുന്നതും അവിടെ നിന്നു വാഹനത്തിൽ ആശുപത്രിയിലെത്തിക്കുന്നതും. എന്നാൽ പലപ്പോഴും അതിനുള്ള സമയം കിട്ടാറില്ല. അതുകൊണ്ടു വീടുകളിൽ തന്നെ പ്രസവിക്കും. മിക്ക വീടുകളിലും വേണ്ട സൗകര്യം ഇല്ലാത്തതുകൊണ്ട് വീടിനു പുറത്ത് താത്കാലികമായി ഷെഡ് കെട്ടിയുയർത്തി അവിടെയാണു പ്രസവം. ‘ഈ അടുത്തകാലത്തും മുക്കുംപുഴ ഗ്രാമത്തിൽ ഇതുപോലെ ഒരു പ്രസവം നടന്നു. ഭാഗ്യം കൊണ്ടു അമ്മയ്ക്കും കുഞ്ഞിനും അപകടമൊന്നും സംഭവിച്ചില്ല.’ നഴ്സ് അശ്വിൻ തന്റെ അനുഭവം പങ്കുവച്ചു.

മരണം ആഘോഷിക്കുന്നവർ

വിചിത്രമെന്നു തോന്നുന്ന ആചാരങ്ങളുണ്ട് ഇവർക്കിടയിൽ. വിവാഹവും വിവാഹനിശ്ചയവും കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ്. വിവാഹം മിക്കവാറും പുറംലോകം അറിയാറില്ല. എന്നാൽ മരണം വളരെ വ്യത്യസ്തമാണ് ഇവർക്ക്. പന്ത്രണ്ടും ചിലപ്പോൾ പതിനാറും ദിവസം നീളുന്ന ആചാരമാണു ഇവിടെ മരണം. ശവസംസ്കാരം മുതൽ പതിനാറടിയന്തിരം വരെ ചിലപ്പോഴത് നീണ്ടുനിൽക്കും. രാത്രിയും പകലും ഉണ്ടാവും ചടങ്ങുകൾ. ‘നാട്ടിലുള്ളവർ ജനനവും മരണവുമൊക്കെ വളരെ വൈകാരികമായി കൈകാര്യം ചെയ്യുമ്പോൾ അവർ അത് കുറച്ചുകൂടി നിസ്സംഗതയോടെയാണു കാണുന്നത്.’ ഡോ. ഷിനിലിനോടൊപ്പമുള്ള ഫാർമസിസ്റ്റ് കൃഷ്ണപ്രസാദ് തന്റെ അനുഭവം ഇങ്ങനെ വ്യക്തമാക്കി..

‘അമ്മിണി അപ്രത്യക്ഷയായ കാട്ടുവഴികളിലൂടെയാണു ഞങ്ങൾ യാത്ര ചെയ്യുന്നത്. പതുങ്ങി നിൽക്കുന്ന കടുവകളെ എത്രയോ വട്ടം കണ്ടിരിക്കുന്നു. വഴിമുടക്കി നിന്ന കാട്ടാനകൾ എത്രയോ? അപകടകാരികളായ കാട്ടുപോത്തുകൾ....’ മണിലാലിന്റെ വാക്കുകൾ.

‘ഞങ്ങളും പോയിരുന്നു വനത്തിൽ തെരച്ചിലിന്. മൂന്നുദിവസം തെരഞ്ഞു. ഒരു തെളിവും കണ്ടുപിടിക്കാൻ സാധിച്ചില്ല. മൂന്നുമാസം കഴിഞ്ഞു. ഇപ്പോൾ അമ്മിണിയെ ആരും ഓർക്കുന്നു തന്നെയില്ല.’’ അശ്വിൻ ഇതുപറഞ്ഞപ്പോൾ ഡോ. ഷിനിൽ ഒരു നിമിഷം നിശബ്ദനായി. അദ്ദേഹത്തെ കാണാനെത്തുന്നവരിൽ ഒരാളായിരുന്നു അമ്മിണി. കാഴ്ചപരിമിതിയുള്ളതുകൊണ്ട് ഡോ. ഷിനിൽ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു അമ്മിണിെയ. ഇപ്പോഴിതാ കാടിന്റെ കാണാമറയത്ത് അമ്മിണി അപ്രത്യക്ഷയായിരിക്കുന്നു. ആർക്കോ അവർ ഇരയായിരിക്കുന്നു.

പകരം വയ്ക്കാനില്ലാത്ത മനസ്സ്

എന്തുകൊണ്ട് ഈ അപകടവഴികളിലൂടെ സഞ്ചരിക്കുന്നു. സുഖസൗകര്യങ്ങൾ നോക്കി ജോലി തിരഞ്ഞെടുക്കുന്നവരുടെയിടയിൽ ഈ ഡോക്ടർ എന്തുകൊണ്ടു വ്യത്യസ്തനാകുന്നു? അതിനുള്ള മറുപടി തന്റെ ജീവിതസാഹചര്യം തന്നെയാവുമെന്ന് ഡോ. ഷിനിൽ.

‘‘തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലാണു ഞാൻ പത്താംക്ലാസു വരെ പഠിച്ചത്. പ്രീഡിഗ്രിക്ക് സെന്റ്തോമസ് കോളജിലും. നല്ല അച്ചടക്കവും പ്രാർഥനയുമൊക്കെയുള്ള വിദ്യാലയങ്ങൾ. അതുകൊണ്ട് ഇപ്പോൾ ഏതു പ്രതിസന്ധിയിലും ‘നമശിവായ’ എന്ന പഞ്ചാക്ഷരി ചൊല്ലി ഞാൻ തരണം ചെയ്യുന്നു. കാട്ടാനയ്ക്കും കടുവയ്ക്കും മുന്നിലും ഇതേ മന്ത്രം ആവർത്തിക്കുന്നു. എന്നെ കാത്തിരിക്കുന്ന സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കാൻ അത് എന്നെ സഹായിക്കുന്നു....’

കാൽ നൂറ്റാണ്ടിലേറെയായി ഡോ. ഷിനിൽ ആതുരസേവന രംഗത്ത് സജീവമായുണ്ട്. ഇപ്പോൾ പതിമൂന്നു വർഷം കഴിയുന്നു ആദിവാസി മേഖലയിൽ സേവനം തുടങ്ങിയിട്ട്. കർണ്ണാടകയിലെ ദാവൻഗിരി ജെ.ജെ.എം. മെഡിക്കൽ കോളജിൽ നിന്നാണ് ഡോക്ടർ മെഡിക്കൽ ബിരുദം നേടിയത്. പിന്നീട് ചാലക്കുടി ഇ. എസ്. ഐ. ആശുപത്രിയിൽ പത്തുവർഷത്തെ സേവനം. അതിനുശേഷം പുതുക്കാട് ഗവൺമെന്റ് ആശുപത്രിയിൽ. അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് നാഷണൽ െഹൽത്ത് മിഷൻ അതിരപ്പിള്ളിയിലെ ആദിവാസി മേഖലകളിലേക്ക് ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റ് കൊണ്ടുവരുന്നത്. അന്ന് എം.എൽ. എയായിരുന്ന ഡി. ദേവസിയുടെ സ്ഥിരോത്സാഹം അതിനുപിന്നിലുണ്ടായിരുന്നു. പക്ഷേ എല്ലാ ദിവസവും ആദിവാസി ഗ്രാമങ്ങളിൽ കയറിയിറങ്ങുന്ന ഒരു െമഡിക്കൽ ഓഫീസറെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് ഡോ. ഷിനിൽ ആ ദൗത്യം ഏറ്റെടുക്കുന്നത്.

‘സാധാരണക്കാരോടൊപ്പം നിൽക്കാനാണ് എനിക്ക് അന്നും ഇന്നും താത്പര്യം. പിന്നെ ഇതുപോലെ ഒരു മെഡിക്കൽ സംഘം. വലിയ സേവനമാണ് ഇവർ ഈ സമൂഹത്തിനുവേണ്ടി ചെയ്യുന്നത്’ ഡോ. ഷിനിൽ പറയുന്നു.

തൃശൂർ ആമ്പല്ലൂരിലെ അതിപുരാതനമായ സമ്പന്നകുടുംബമാണ് ഊട്ടുവള്ളി. നൂറു വർഷത്തിലേറെ പഴക്കമുണ്ട് ഊട്ടുവള്ളി കുടുംബത്തിന്റെ ബിസിനസുകൾക്ക്. ‘ശ്രീരാമ ഓടുനിർമ്മാണ’ കമ്പനിയാണ് ഇതിൽ ഏറ്റവും പഴക്കമുള്ളത്. തിയേറ്ററുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, നാട്ടാനകൾ അങ്ങനെ ഊട്ടുവള്ളി കുടുംബത്തിന്റെ ബിസിനസ് പാരമ്പര്യം ഇപ്പോഴും നല്ല നിലയിൽ തന്നെയാണ്. ആ കുടുംബത്തിലെ ഒരാളാണ് ഡോ. ഊട്ടുവള്ളി ദാമോദരൻ ഷിനിൽ എന്ന യു.ഡി. ഷിനിൽ. അച്ഛൻ ദാമോദരൻ. അമ്മ വത്സല. അച്ഛനായിരുന്നു ബിസിനസുകൾ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം സഹോദരൻ ഷാജി ബിസിനസുകളുടെ നോട്ടക്കാരനായി. എങ്കിലും ഊട്ടുവള്ളി ഇപ്പോഴും കൂട്ടുകുടുംബം തന്നെയാണ്.

dr-shinil-national-health-mission-athirapilly-tribal-village-with-villagers-family ഡോ.ഷിനിൽ ഗ്രാമസന്ദർശനത്തിനിടയിൽ, ഡോ. ഷിനിലും കുടുംബവും

‘അതുകൊണ്ടാണ് എനിക്ക് ധൈര്യപൂർവം ഇങ്ങനെ ഇറങ്ങിനടക്കാൻ പറ്റുന്നത്.’ ഡോ. ഷിനിൽ ചിരിക്കുന്നു. ഭാര്യ ഡോ. ഷെജീനയും ഡോ. ഷിനിലിന്റെ ആദിവാസി ഗ്രാമസന്ദർശനങ്ങളിൽ പങ്കാളിയാവാറുണ്ട് പലപ്പോഴും. ഏകമകളും ഡോക്ടറാണ് വിഷ്ണുപ്രിയ.

ഡോ. ഷിനിലും അദ്ദേഹത്തിന്റെ മെഡിക്കൽ സംഘവുമായി ആ പഴയ ടാറ്റാസുമോ യാത്ര വീണ്ടും തുടരുകയാണ്; അമ്മിണിമാർ അപ്രത്യക്ഷരാവുന്ന കാട്ടുവഴികളിലൂടെ..