Tuesday 18 August 2020 12:29 PM IST

‘ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ് അയൽവാസികളെ മനസ്സിലാക്കിയതെന്ന് പറഞ്ഞവരുണ്ട്; പണ്ട് അയലത്തെ അടുപ്പ് പുകഞ്ഞില്ലെങ്കിൽ നമ്മൾ അറിയുമായിരുന്നു’

Viswanathan

Senior Sub Editor

dr-vpgtyy വര: സിബൽ പ്രേം

ഏറിയോ കുറഞ്ഞോ അളവിൽ മുഴുവൻ മനുഷ്യരാശിയിലൂടെയും കോവിഡ് 19 കടന്നുപോകും.  ഈ പ്രതിസന്ധിയെ നമ്മൾ അതിജീവിക്കുകയും ചെയ്യും. പക്ഷേ, അതിനുശേഷം എന്താകും ലോകം? കാൻസർ ചികിത്സാ വിദഗ്ധനായ ഡോ. വി.പി. ഗംഗാധരൻ പറയുന്നു... 

മേക് ദ് ചെയിൻ

ലോക്ഡൗൺ സമയത്താണ് അടിയന്തര ശ്രദ്ധ ആവശ്യമുള്ള കാൻസർ രോഗിയായ ഒരമ്മ എന്റെ മുന്നിലെത്തുന്നത്. എൺപതു വയസ്സ് പ്രായമുണ്ട്. പരിശോധനയ്ക്കു ശേഷം ഇറങ്ങുമ്പോൾ വീണ്ടും കാണാം എന്നു പറഞ്ഞു ഞാൻ പതിവുപോലെ കൈനീട്ടി. ‘അയ്യോ, വേണ്ട മോനെ, കൊറോണ പോകും വരെ നമ്മൾ കയ്യിലൊന്നും തൊടാൻ പാടില്ല.’ ചിരിയോടെയുള്ള ആ ഓർമപ്പെടുത്തലിൽ എനിക്ക് ഏറെ സന്തോഷം തോന്നി. 

എന്തുകൊണ്ടാണ് കൊറോണയ്ക്കെതിരായ ചെറുത്തുനിൽപ്പിൽ കേരളം ലോകത്ത് തന്നെ മുൻനിരയിൽ എത്തി എന്നതിനുള്ള പല ഉത്തരങ്ങളിൽ ഒന്നായിരുന്നു അത്. എൺപതുകാരിയായ ആ അമ്മയിലേക്കു വരെ പ്രതിരോധ പ്രവർത്തനങ്ങളുടെ ബോധവൽക്കരണം ശരിയായ രീതിയിൽ എത്തിയെന്നത് ചെറിയ കാര്യമില്ല. 

ഇനി വരുമോ, ഇതുപോലെ

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ ലോകമാകെ വ്യാപിച്ചപ്പോൾ ഉയർന്ന ചോദ്യമാണിത്. ഇതുപോലുള്ള പകർച്ചവ്യാധികൾ ഇനിയുമുണ്ടാകുമോ? വസൂരിയും പ്ലേഗും ഒക്കെ പടർന്നതിനേക്കാൾ വേഗത്തിലാണ് കൊറോണ നാശം വിതച്ചത്. മൃഗങ്ങളിൽ മാത്രം കണ്ടുവരുന്ന വൈറസ്, ജീൻ മ്യൂട്ടേഷൻ വഴി മനുഷ്യരിലേക്ക് എത്തുന്ന സംഭവം ഇതാദ്യമാകണമെന്നില്ല. പക്ഷേ, ഇത്തരം കാര്യങ്ങൾ പണ്ട് സംഭവിച്ചിരുന്നപ്പോൾ അത് ഒരു ഗ്രാമത്തിലോ ചെറിയ പ്രദേശത്തോ മാത്രമായി ഒതുങ്ങി പോയിരിക്കാമെന്നു മാത്രം. 

ഇന്ന് രാജ്യങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞിരിക്കുന്നു. ജനങ്ങളുടെ സഞ്ചാരപാത ലോകം മുഴുവനുമാണ്. ഒരിടത്ത് ഉണ്ടാകുന്ന പകർച്ച വ്യാധി അവിടെ തന്നെ ഒതുങ്ങുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. അതുകൊണ്ട് തന്നെ കരുതൽ കൊറോണ കൊണ്ട് അവസാനിപ്പിക്കരുത്. വ്യക്തിശുചിത്വം മാത്രമല്ല, എല്ലാത്തരത്തിലുള്ള ശുചിത്വവും നമ്മൾ പുലർത്തേണ്ടതായി വരും. മരുന്നുകൾ ഉപയോഗിച്ചുള്ള പ്രതിരോധത്തിനൊപ്പം ‘ധാർമികതയുടെ വാക്സിനേഷൻ’ കൂടി സ്വയം സ്വീകരിക്കാൻ നമ്മൾ ഒരോരുത്തരും തയാറകണം.

വിൽക്കുന്ന ഒരുൽപന്നത്തിൽ, വിളയിക്കുന്ന പച്ചക്കറിയിൽ, തയാറാക്കുന്ന വിഭവത്തിൽ, ചെയ്യുന്ന ജോലിയിൽ എല്ലാം അത് പ്രതിഫലിക്കണം. ലാഭം മാത്രമല്ല, ഉപയോഗിക്കുന്നവന്റെ ക്ഷേമത്തെക്കുറിച്ചു കൂടിയുള്ള കരുതൽ ആണ് ഈ ‘ധാ ർമികതയുടെ വാക്സിനേഷൻ’. ലോക്ഡൗണിൽ ശീലിച്ച അ ച്ചടക്കം ഇക്കാര്യം നടപ്പാക്കുന്നതിലും പുലർത്തണം. 

ഹോട്ടലിൽ നിന്നു പട്ടിയിറച്ചി പിടിച്ചു, പഴകിയ മീൻ വിതരണത്തിനെത്തിച്ചു, പച്ചക്കറിയിൽ മാരകമായ വിഷം, ഹോർമോൺ കുത്തിവച്ച കോഴി ഇത്തരം വാർത്തകൾ കേൾക്കാത്ത കാലം വരട്ടെ ഇനി. അതിനു നമ്മൾ ഒരോരുത്തരും തയാറായാൽ കൊറോണയെ പിടിച്ചു കെട്ടിയതിനേക്കാൾ വേഗത്തിൽ ലോകശ്രദ്ധ ആകർഷിക്കുന്ന വികസനത്തിന്റെ നാടായി നമ്മുടെ കേരളം മാറും. 

ലോകം കാണട്ടെ, പുതിയ മുഖം

നമ്മുടെ ദാരിദ്ര്യവും മറ്റു നെഗറ്റിവ് വശങ്ങളും ചർച്ച ചെയ്തിരുന്ന പല വിദേശമാധ്യമങ്ങളും കുറ്റമറ്റ നമ്മുടെ ആരോഗ്യസംവിധാനത്തെക്കുറിച്ചും കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിരോധത്തെ പറ്റിയും പുകഴ്ത്തി സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. ഓരോ രാജ്യത്തിനും അതിനു ചേരുന്ന ആരോഗ്യപരിപാലന സംവിധാനം ആണ് വേണ്ടത്. മറ്റൊരു നാടിന്റെ രീതി അതേ പടി കോപ്പി ചെയ്യാൻ കഴിയില്ല. 

അമേരിക്ക പരാജയപ്പെട്ടിടത്ത് നമ്മൾ വിജയിക്കാനുള്ള കാരണം നമുക്കൊരു ഹെൽത് സിസ്റ്റം ഉണ്ടായിരുന്നുവെന്നതാണ്.  പ്രളയത്തിലും നിപ്പയിലും എല്ലാം സജീവമായ നമ്മുടെ യുവസമൂഹം കൊറോണ കാലത്തും കരുത്തായി. 

പുതിയ തലമുറയോട് പറയാനുള്ളത് ഒന്നേയുള്ളൂ. വികസിത രാജ്യങ്ങൾക്ക് മികച്ച യന്ത്രങ്ങളുണ്ടാകാം. പക്ഷേ, നമുക്ക് നല്ല തലച്ചോറുള്ള മനുഷ്യരുണ്ട്. അതു തന്നെയായിരിക്കും വികസനത്തിലേക്കുള്ള നമ്മുടെ മൂലധനവും. കേരളത്തിൽ നിന്ന് ചികിത്സ സ്വീകരിച്ച്  സുരക്ഷിതരായി നാട്ടിലെത്തിയ ഓരോ വിദേശിയും നമ്മുടെ നാടിന്റെ ജീവിക്കുന്ന സുവനീറുകളാകും. ടൂറിസം, മെഡിക്കൽ ടൂറിസം മേഖലകളിൽ കേരളത്തിന് ഏറെ അവസരങ്ങൾ ലഭിക്കാൻ ഇത് വഴിയൊരുക്കും.

ലോക്ഡൗൺ കാലത്ത് കുറച്ച് ദിവസം വീട്ടിലിരുന്നപ്പോഴാണ് അയലത്ത് ആരാണ് താമസിച്ചിരുന്നതെന്ന് പോലും മനസ്സിലാക്കിയത് എന്ന് പറഞ്ഞവരുണ്ട്. പണ്ട് അയലത്തെ അടുപ്പ് പുകഞ്ഞില്ലെങ്കിൽ നമ്മൾ അറിയുമായിരുന്നു. ഇടയ്ക്കെപ്പോഴൊ നഷ്ടപ്പെട്ട ആ നന്മകളുടെ വീണ്ടെടുപ്പ് കാലം കൂടിയാണിത്. അയലത്തൊരാൾക്ക് നമ്മളാൽ കഴിയുന്ന ചെറിയ സഹായം. അങ്ങനെ ഒരോരുത്തരും തീരുമാനിച്ചാൽ സാമ്പത്തിക വിദഗ്ധർ പറയുന്ന മാന്ദ്യത്തിനൊന്നും നമ്മളെ തൊടാൻ പോലും കഴിയില്ല. 

കൊറോണയെ തുരത്താൻ നമ്മൾ ബ്രേക് ദ് ചെയിൻ എന്ന ആശയം മുന്നോട്ടു വച്ചു. ഇനി വികസനത്തിന്റെ ‘മേക്ക് ദ് ചെയിൻ’ ആകണം നമ്മുടെ മനസ്സിൽ.

Tags:
  • Spotlight