‘കണ്ണു തുറന്നിരിക്കുകയാണെങ്കിലും ഉറക്കത്തിലാണ്’ – ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററിൽനിന്നു ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ ദൃഷാനയുടെ അമ്മ സ്മിത പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തുടരേണ്ടതിനാൽ കൊളായ്ത്താഴത്ത് 7,000 രൂപ മാസവാടകയുള്ള വീട്ടിലേക്കാണു പോകുന്നത്.
ഒരാഴ്ച കഴിഞ്ഞു കണ്ണ് പരിശോധിക്കണം, രണ്ടാഴ്ചയ്ക്കു ശേഷം ന്യൂറോ മെഡിസിനിലും കാണിക്കണം. മൂന്നാഴ്ച കഴിഞ്ഞ് തെറപ്പിക്കു വരണം. പിന്നീട് ദിവസവും വീട്ടിൽ വന്ന് തെറപ്പി ചെയ്യാൻ ആൾ വരും. അതിനു വേറെ ഫീസ് കൊടുക്കണം. ബെംഗളൂരുവിലെ നിംഹാൻസിൽ തെറപ്പി ചെയ്താൽ വേഗത്തിൽ മാറുമെന്ന് ചിലർ പറയുന്നു. 2 മണിക്കൂർ കൂടുമ്പോൾ ട്യൂബിലൂടെയാണു ഭക്ഷണം 10 മാസത്തെ ചികിത്സയ്ക്കും മറ്റുമായി ഒരു ലക്ഷത്തോളം രൂപ ചെലവായതായും സ്മിത പറഞ്ഞു.
മകളെ ഇടിച്ചിട്ട കാർ കണ്ടെത്തിയെങ്കിലും കാർ ഓടിച്ചയാളെ ഇതുവരെ പിടികൂടിയിട്ടില്ല. പിടികൂടിയാൽ മാത്രമേ നഷ്ടപരിഹാരവും മോളുടെ ചികത്സയ്ക്കുള്ള സഹായവും കിട്ടുകയുള്ളൂ. കണ്ണൂർ മേലേചൊവ്വ വടക്കൻ കോവിൽ സുധീറും ഭാര്യ ചോറോട്ടെ സ്മിതയും പൊലീസിൽ നിന്ന് വിവരങ്ങൾ അറിയാൻ കാത്തിരിപ്പാണ്. കഴിഞ്ഞ ഫെബ്രുവരി 17ന് നടന്ന അപകടത്തിലാണു തലശ്ശേരി മനേക്കരയിലെ പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിന് സമീപം പുത്തലത്ത് ബേബി (68) മരിച്ചതും പേരക്കുട്ടി ദൃഷാന അബോധവസ്ഥയിലായതും.
ബേബിയോടൊപ്പം ബന്ധുവീട്ടിൽ നിന്ന് വരുന്ന വഴിയിൽ അമൃതാനന്ദമയി മഠം ബസ് സ്‌റ്റോപ്പിന് സമീപം റോഡ് കുറകെ കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു. കുട്ടിയെ പരിചരിക്കാൻ 10 മാസവും അച്ഛനും അമ്മയും മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഹരിത കർമസേന വൊളന്റിയറായ സ്മിത അപകടശേഷം ജോലിക്ക് പോയിട്ടില്ല. വീടിന്റെ പണി പാതിവഴിയിലാണ്. മകളുടെ തുടർചികിത്സ എങ്ങനെ നടക്കുമെന്ന ആശങ്കയിലാണ് കുടുംബം.