Saturday 12 January 2019 09:29 AM IST : By സ്വന്തം ലേഖകൻ

‘അസ്പഷ്ടമായ സാഹചര്യങ്ങളിൽ ഒരു ഉയർന്ന കോൽ’; ലേണേഴ്സ് പരീക്ഷയുടെ ചോദ്യങ്ങൾ കണ്ട് കിളിപോയി മത്സരാർത്ഥികൾ

dvng

പത്തനംതിട്ട ∙ ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് പരീക്ഷയുടെ മലയാളം ചോദ്യങ്ങൾ അബദ്ധപഞ്ചാംഗമായി. ഉത്തരമെഴുതാനാകാതെ പരീക്ഷാർഥികൾ. ജനുവരി 1 മുതൽ ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് പരീക്ഷ കേന്ദ്രസർക്കാർ ഓൺലൈൻ വഴിയാക്കിയിരുന്നു. കേന്ദ്ര റോഡ് ഗതാഗതവകുപ്പിന്റെ വെബ്സൈറ്റിൽ മലയാളം തിരഞ്ഞെടുത്തവരാണ് കുടുങ്ങിയത്. മലയാളം ചോദ്യങ്ങൾ ഇംഗ്ലിഷിൽനിന്ന് കംപ്യൂട്ടർ സഹായത്തോടെ മൊഴിമാറ്റിയപ്പോഴാണ് അബദ്ധങ്ങൾ കടന്നുകൂടിയത്.

മാതൃകാ ചോദ്യമായി കൊടുത്തിരിക്കുന്ന ചോദ്യോത്തരങ്ങളിലും ഇൗ അക്ഷരപ്പിശകുകൾ കടന്നുകൂടിയിട്ടുണ്ട്. ഒരു ചോദ്യം ഇതാണ്: ‘അസ്പഷ്ടമായ സാഹചര്യങ്ങളിൽ ഒരു ഉയർന്ന കോൽ’. ഉത്തരമായി തിരഞ്ഞെടുക്കാൻ താഴെ കൊടുത്തിരിക്കുന്നവയും ആർക്കും പിടികിട്ടില്ല. 1.‘നല്ല കാരണം നിങ്ങൾക്ക് കൂടുതൽ കാണാം’.

2. ‘അത് മോശം തിരികെ ആണ് കൗതുകം കഴിയും പ്രതിഫലിക്കുന്ന കാരണം’

3. ‘ഉറപ്പു മറ്റുള്ളവർ ഉണ്ടാക്കുക നിന്നെ കാണാം.’

ചോദ്യവും ഉത്തരങ്ങളും ആർക്കും മനസിലായിട്ടില്ല. 20 ചോദ്യത്തിനാണ് ഉത്തരം എഴുതേണ്ടത്. 12 മാർക്ക് കിട്ടിയാൽ ജയിക്കാം. പരീക്ഷാർഥികൾക്ക് ചോദ്യങ്ങൾ മാറി മാറി നൽകുന്നതിന് 234 ചോദ്യങ്ങളാണ് സോഫ്റ്റ്‌വെയറിൽ ശേഖരിച്ചിട്ടുള്ളത്. ചോദ്യത്തിലെ പിശകു മാറ്റാൻ ഗതാഗത കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്.

More