Wednesday 04 December 2024 12:18 PM IST : By സ്വന്തം ലേഖകൻ

അ‍ജ്ഞാത വാഹനമിടിച്ച് അബോധാവസ്ഥയിലായിട്ട് പത്തു മാസം; ദൃഷാനയ്ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല! ഇടിച്ചിട്ട കാര്‍ ഇന്നും കാണാമറയത്ത്...

drshana888

അ‍ജ്ഞാത വാഹനമിടിച്ച് അബോധാവസ്ഥയിലായിട്ട് പത്തു മാസം, ദൃഷാനയ്ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല! ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ് ഈ ഒമ്പതു വയസുകാരി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും ഇടിച്ച വാഹനം ഇപ്പോഴും കാണാമറയത്താണ്. ഈയാഴ്ച ആശുപത്രി വിടാന്‍ ഒരുങ്ങുമ്പോഴും ആരോഗ്യമന്ത്രി വാഗ്ദാനം ചെയ്ത ചികിത്സ സഹായങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

പത്തു മാസമായി മകള്‍ ഉണരുന്നതും കാത്തിരിക്കുകയാണ് അമ്മ. ആശുപത്രി വാസം അവസാനിപ്പിച്ച്, കൊളായിത്താഴത്തെ വാടക വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴും കുടുംബത്തിന് ആശ്വസിക്കാനൊന്നുമില്ല. കോഴിക്കോട് വടകരയില്‍ ഫെബ്രുവരി 17–ാം തിയതി ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ അഞ്ചാം ക്ലാസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അമ്മൂമ്മ മരിച്ചിരുന്നു. 

ദൃഷാന അന്നു തൊട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയിലാണ്. കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രത്യേക സംഘം കുട്ടിയുടെ ബന്ധുകളുടെ മൊഴിയെടുത്തിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പക്ഷേ, കാര്യമായ പുരോഗതിയില്ല. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. 

Tags:
  • Spotlight