Tuesday 01 November 2022 04:07 PM IST

രാസലഹരി പുതുതലമുറയിൽ പിടിമുറുക്കുന്നു; ജീവിതം കൈവിട്ടു പോകും മുൻപ് നമുക്ക് ചെയ്യാവുന്നത്...

Roopa Thayabji

Sub Editor

drugs-youth-signs-anti-drug-day-cover ചിത്രങ്ങൾ പ്രതീകാത്മകമായി നൽകിയത്

കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിക്കാൻ ശ്രമിച്ചതിനാണ് ബിബിനെ (യഥാർഥ പേരല്ല) കോട്ടയം മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലെത്തിച്ചത്. കയ്യും കാലുമൊടിഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടന്ന അവന്റെ കണ്ണുകളിൽ മരണഭയത്തെക്കാൾ വലിയ പേടി ഉണ്ടായിരുന്നു. സംശയം തോന്നി ഡോക്ടർ അന്വേഷിച്ചപ്പോഴാണ് ആ ‘ചാട്ട’ത്തിന്റെ കാരണം തുറന്നു പറഞ്ഞത്.

എപ്പോഴും എന്തൊക്കെയോ ശബ്ദങ്ങൾ മുറിക്കു പുറത്തു കേൾക്കുമത്രേ. ആരോ ആക്രമിക്കാൻ വരുന്നതാണ്. ആ പേടികൊണ്ട് പഠിക്കാൻ പോലും പറ്റുന്നില്ല. പ്ലസ്ടു പരീക്ഷ അടുത്തുവരുന്ന ടെൻഷൻ വേറെയും. രക്ഷപ്പെടാനുള്ള ഏകമാർഗമായി ‘മനസ്സു’ പറഞ്ഞുകൊടുത്തത് ഇറങ്ങിയോടാനാണ്. ഓടി ടെറസ്സിലെത്തി. പിന്നാലെയെത്തുന്നവരുടെ കയ്യിൽ പെടുന്നതിലും ഭേദം ചാടുന്നതാണെന്നും ‘മനസ്സ്’ പറഞ്ഞു, പിന്നെ ‘ഒറ്റച്ചാട്ടം.’

വിശദമായ പരിശോധനയിൽ അവന്റെ മുറിയിൽ നിന്ന് സ്റ്റാംപ് രൂപത്തിലുള്ള മയക്കുമരുന്ന് കണ്ടെത്തി. മകൻ മുറിയടച്ചിരുന്നു പഠിക്കുന്നു എന്നു കരുതിയിരുന്ന അച്ഛനമ്മമാരുടെ ‘വിശ്വാസം’ ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇത് ഒരു കൗമാരക്കാരന്റെ മാത്രം കഥയല്ല. നമ്മുടെ നാട്ടിൽ എംഡിഎംഎ പോലുള്ള രാസലഹരിക്ക് അടിമപ്പെടുന്ന കൗമാരക്കാരുടെ എണ്ണം ദിനംതോറും വർധിക്കുകയാണെന്ന് കണക്കുകൾ പറയുന്നു.

പ്രശ്നം ചെറുതല്ല

കുട്ടികളുടെ രാസലഹരി ഉപയോഗം സംബന്ധിച്ച കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി വർധനയാണ് കാണിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം ഈ കേസുകളിൽ കുതിച്ചുചാട്ടമുണ്ടായെന്ന് കോട്ടയം ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം മേധാവിയും കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. വർഗീസ് പുന്നൂസ് പറയുന്നു.

‘‘കൗമാരക്കാരിൽ മയക്കുമരുന്നുപയോഗം കൂടുന്നുവെന്ന് ഉറപ്പിച്ചു പറയാനാകും. മെഡിക്കൽ കോളജിൽ ചൊവ്വാഴ്ചകളിലുള്ള ഡീ അഡിക്‌ഷൻ ക്ലിനിക്കിലും ശനിയാഴ്ചകളിലുള്ള ചൈൽഡ് ആൻഡ് അഡോളസന്റ് ക്ലിനിക്കിലും വരുന്ന കേസുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഇങ്ങനെ പറയുന്നത്. ഈ സെന്ററുകളിലെത്തുന്ന കേസുകളിൽ മൂന്നിലൊന്നും 18 വയസ്സിൽ താഴെ പ്രായമുള്ളവരുടെ ലഹരിഉപയോഗമാണ്. അതിൽ തന്നെ 14, 15 വയസ്സു പ്രായത്തിലുള്ള കുട്ടികളാണ് കൂടുതലും. സ്കൂളിൽ നിന്നും കൗൺസലർ റഫർ ചെയ്തും വരുന്ന കേസുകളാണ് ഈ ക്ലിനിക്കുകളിലെത്തുന്നത്. അതല്ലാതെ എമർജൻസി കേസുകളുമുണ്ട്. ആത്മഹത്യാശ്രമം പോലുള്ളവയിൽ അന്വേഷണം നടത്തുമ്പോൾ ലഹരി ഉപയോഗം കണ്ടത്തി ക്ലിനിക്കിലേക്ക് റഫർ ചെയ്ത് എത്തുന്നവരും കൂടുതലാണ്.

drugs-youth-signs-anti-drug-day-2 ചിത്രങ്ങൾ പ്രതീകാത്മകമായി നൽകിയത്

18നു താഴെയുള്ള കുട്ടികളിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ – അവരുടെ കൈവശം ഇത്തരം വസ്തുക്കൾ കണ്ടെത്താനായില്ലെങ്കിൽ പൊലീസിൽ റിപ്പോർട് ചെയ്യാനാകില്ല. അത്തരം ഘട്ടങ്ങളിൽ രക്ഷിതാക്കളോടു നിർദേശിക്കാറുണ്ട്, കുട്ടിക്ക് മയക്കുമരുന്ന് കിട്ടിയ വഴി കണ്ടെത്തണമെങ്കിൽ വിവരം പൊലീസിൽ അറിയിക്കണമെന്ന്. ഭൂരിഭാഗം പേർക്കും രഹസ്യമായി ചികിത്സിച്ച് ലഹരിമുക്തി വരുത്താനാകും താൽപര്യം. കുട്ടിയുടെ കൈവശം ലഹരിവസ്തുക്കൾ കണ്ടെടുക്കുകയോ അവ കൈമാറ്റം ചെയ്യുന്നതായി കാണുകയോ ചെയ്താൽ പൊലീസിനെ അറിയിക്കാൻ ഡോക്ടർക്ക് അധികാരമുണ്ട്.’’ ഡോ. വർഗീസ് പുന്നൂസ് പറയുന്നു.

സ്വഭാവങ്ങൾ പലത്

ലഹരി ഉപയോഗം അതീവരഹസ്യമായി ചെയ്യുന്നതിനാൽ അതിനു ശേഷമുള്ള കുട്ടിയുടെ സ്വഭാവം നിരീക്ഷിച്ചു വേണം ഉറപ്പിക്കാൻ. എന്നാൽ, എല്ലാ ലക്ഷണങ്ങളും ലഹരി ഉപയോഗം കൊണ്ടാകണമെന്നുമില്ല. കെട്ടിടത്തിനു മുകളിൽ നിന്നു ചാടിയും ഞരമ്പു മുറിച്ചും ആത്മഹത്യ ചെയ്യാനുള്ള ത്വരയാണ് ആദ്യത്തെ ലക്ഷണം. മയക്കുമരുന്ന് ഉപയോഗത്തിനു ശേഷമുണ്ടാകുന്ന സൈക്യാട്രിക് ഡിസോർഡറുകളാണ് ഇതിനു കാരണം. മതിഭ്രമമുണ്ടാകുന്ന ഈ അവസ്ഥയിൽ ആരോ സംസാരിക്കുന്നതു പോലെയോ, ഇല്ലാത്ത മായക്കാഴ്ചകൾ കാണുന്നതു പോലെയോ (ഹാലൂസിനേഷൻസ്), ആരോ ഉപദ്രവിക്കാൻ വരുന്നതു പോലെയോ ഒക്കെ തോന്നാം. ഇത്തരം ഹാലൂസിനേഷൻ ഘട്ടത്തിൽ ‘നീ പോയി മരിക്ക്’ എന്നതു പോലെയുള്ള കമാൻഡുകളും കുട്ടിക്ക് ലഭിക്കാം. ഇതാണ് ‘മനസ്സ്’ പറയുന്നതായി അവർക്കു തോന്നുന്നത്. ഈ കമാൻഡ് ലഭിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരുമുണ്ട്. എന്നു കരുതി ആത്മഹത്യയ്ക്കു ശ്രമിക്കുന്ന എല്ലാ കേസുകളും ഇങ്ങനെയാണെന്നു കരുതരുത്.

നിയന്ത്രിക്കാനാകാത്ത ദേഷ്യമാണ് മറ്റൊരു ലക്ഷണം. ചില്ലു ജനാല ഇടിച്ചു പൊട്ടിക്കുക, മൊബൈൽ ഫോൺ എറിഞ്ഞുടയ്ക്കുക, കെട്ടിടത്തിനു മുകളിൽ നിന്നു ചാടുക, സ്വയം മുറിവേൽപ്പിക്കുക, മറ്റുള്ളവരോടു വഴക്കിട്ടും അടിയുണ്ടാക്കിയും പരുക്കേൽക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ഫലമായുണ്ടാകാം.

അറിയാം റെഡ്ഫ്ലാഗ്

drugs-youth-signs-anti-drug-day-1 ചിത്രങ്ങൾ പ്രതീകാത്മകമായി നൽകിയത്

ലഹരി ഉപയോഗം പെട്ടെന്നൊരു ദിവസം കുട്ടിയിൽ തീവ്രസ്വഭാവമാറ്റം വരുത്തില്ല. ഓരോരോ ലക്ഷണങ്ങളായി പതിയെപ്പതിയെയാണ് ലഹരി കുട്ടികളെ മാറ്റുന്നത്. അപകട സൂചനാ മുന്നറിയിപ്പുകൾ പോലെയുള്ള ഇവയെ ശ്രദ്ധിച്ചാൽ തുടക്കത്തിൽ തന്നെ കരുതലെടുക്കാനാകും. മുൻപ് നന്നായി പഠിച്ചിരുന്ന കുട്ടി പഠനത്തിൽ പിന്നാക്കം പോകുന്നതായി കണ്ടാൽ പ്രത്യേക ശ്രദ്ധ നൽകി കുട്ടി‌യെ നിരീക്ഷിക്കണം. ലഹരി ഉപയോഗത്തെ തുടർന്ന് കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ രണ്ടു തരത്തിൽ പ്രകടമാകാം. ആദ്യത്തേത് സോഷ്യൽ വിത്ഡ്രോവൽ എന്നാണ് അറിയപ്പെടുന്നത്. എല്ലാ കാര്യത്തിൽ നിന്നും ഉൾവലിയാനുള്ള ത്വര, താൽപര്യക്കുറവ്, വൈകാരികമായി തണുത്ത പ്രതികരണം എന്നിവയാണ് ഇതിൽ പെടുന്നത്.

പെട്ടെന്നു റിയാക്ട് ചെയ്യുന്ന ‘ഓവർ’ റിയാക്‌ഷനുകളാണ് രണ്ടാമത്തെ ഗണത്തിൽ പെടുന്നത്. ക്ഷുഭിതരാകുക, എടുത്തുചാടി പ്രതികരിക്കുക പോലുള്ള ഹൈ റിസ്ക് സ്വഭാവം ഇക്കൂട്ടരിലുണ്ടാകും. ഓവർടേക് ചെയ്തയാളിനെ കടത്തിവെട്ടാനായി ബൈക്കിൽ അപകടകരമായി പായുക പോലുള്ളവയാണ് ഇതിന്റെ ലക്ഷണം. കൗമാരപ്രായത്തിലെ കുട്ടികളുടെ സ്വകാര്യത രക്ഷിതാക്കൾ മാനിക്കണം. പക്ഷേ, അമിതമായ ‘സീക്രസി’ ഉണ്ടോ എന്നു നിരീക്ഷിക്കുകയും വേണം. എപ്പോഴും മുറിയടച്ചിരിക്കുക, ആരൊക്കെയാണ് കൂട്ടുകാർ എന്നു പോലും ആരോടും പറയാതിരിക്കുക, കൂട്ടുകാരെ കുറിച്ചോ മറ്റോ ചോദിക്കുമ്പോൾ കളവു പറയുക, അമിത രഹസ്യാത്മകത തുടങ്ങിയവ ശ്രദ്ധിക്കണം.

‘ബയോളജിക്കൽ ഫങ്ഷൻസി’ലെ വ്യത്യാസമാണ് കരുതലെടുക്കേണ്ട മറ്റൊരു ലക്ഷണം. ലഹരി ഉപയോഗം കുട്ടിയുടെ ഉറക്കത്തിന്റെയും വിശപ്പിന്റെയും രീതിയിൽ പ്രകടമായ വ്യത്യാസം വരുത്താം. വൈകി ഉറങ്ങുക, അതു മൂലം ക്ലാസ്സിലിരുന്ന് ഉറക്കം തൂങ്ങുക, രാവിലെ വിളിച്ചെഴുന്നേൽപ്പിക്കുമ്പോൾ ദേഷ്യപ്പെടുക, സ്ഥലകാല ബോധമില്ലാതെ പെരുമാറുക തുടങ്ങിയവ ഉറക്കപ്രശ്നത്തിന്റെ സൂചനയാകാം. വിശപ്പു കുറയുക, തൂക്കം ഗണ്യമായി കുറയുക, ചുരുക്കം ചിലരിൽ അമിതവിശപ്പ്, വണ്ണം കൂടൽ എന്നിവയൊക്കെ ലഹരി ഉപയോഗത്തിന്റെ റെഡ് ഫ്ലാഗുകളാണ്. പുതുതലമുറ ലഹരിഉൽപന്നങ്ങളായ സൈക്കോ ആക്ടീവ് സബ്സ്റ്റൻസസ് തലച്ചോറിൽ വരുത്തുന്ന റിയാക്‌ഷൻസ് ആണ് ഇതിനു കാരണം.

ഇടപെടാം ബുദ്ധിപൂർവം

ലഹരിഉപയോഗം സംബന്ധിച്ചു വ്യക്തമായ സൂചന കിട്ടിയാലും ഇക്കാര്യം രക്ഷിതാക്കളോടു നേരിട്ടു സമ്മതിക്കുന്നത് ചുരുക്കം പേരേയുള്ളൂ. നിഷേധിക്കാനും കാര്യങ്ങളെ നിസാരവൽക്കരിക്കാനുമാകും മിക്ക കുട്ടികൾക്കും തിടുക്കം. കൂട്ടുകാർ ഉപയോഗിച്ച കൂട്ടത്തിൽ രസത്തിനു നോക്കിയെന്നേ ഉള്ളൂവെന്ന് കാര്യങ്ങളെ അവർ ചുരുക്കിയേക്കാം.

drugs-youth-signs-anti-drug-day ചിത്രങ്ങൾ പ്രതീകാത്മകമായി നൽകിയത്

മറ്റൊരു കൂട്ടരുണ്ട്, ഇവരാണ് ലഹരി ഉപയോഗത്തിലെ ‘ബുദ്ധിജീവി’കൾ. ലഹരി ഉപയോഗം ക്രിയേറ്റിവിറ്റി കൂട്ടുമെന്നും മറ്റും സ്ഥാപിക്കാനായി ഏതെങ്കിലും ‘ഉഡായിപ്പ്’ വെബ്സൈറ്റിന്റെ പഠന റിപ്പോർട്ടൊക്കെ അവർ തപ്പിയെടുത്തു കൊണ്ടുവന്നു വാദിക്കും. നിഷേധിക്കുന്നതിനു പകരം ന്യായീകരിക്കൽ ആണ് ഇവരുടെ രീതി. നമ്മുടെ വീട്ടിലുള്ളത് ഇതിൽ ഏതു തരക്കാരായാലും ‘ഏറ്റുമുട്ടലി’നു മുതിരാതിരിക്കുന്നതാണ് ബുദ്ധി. കൗൺസലിങ് എന്നു കേൾക്കുന്നത് തന്നെ കൗമാരക്കാർക്കു ദേഷ്യമാണ്. മറ്റെന്തെങ്കിലും പ്രശ്നപരിഹാരത്തിന് എന്നു പറഞ്ഞു വേണം കൗൺസലറുടെ അടുത്തെത്തിക്കാൻ. പഠനപ്രശ്നം പരിഹരിക്കാൻ സഹായത്തിനായി മനഃശാസ്ത്രജ്ഞനെ കാണുന്നു എന്ന മട്ടിലൊക്കെ കുട്ടിയോട് ‘പ്രശ്നം’ അവതരിപ്പിക്കാം. തുടക്കത്തിൽ അതിൽ സഹായിക്കാനെന്ന മട്ടിലാകും ഡോക്ടർ ഇടപെടുക.

രക്ഷിതാക്കൾ ചെയ്യേണ്ടത്

കുട്ടികളിൽ ലഹരി ഉപയോഗം തിരിച്ചറിഞ്ഞാൽ രക്ഷിതാക്കളും വലിയ പിരിമുറുക്കത്തിലാകും. എന്റെ കുട്ടി ഇങ്ങനെയൊന്നും ചെയ്യില്ല എന്നാകും അവർ കണ്ണടച്ചു വിശ്വസിച്ചിരുന്നത്. സ്കൂളിൽ വച്ചോ വീട്ടിൽ വച്ചോ കുട്ടിയുടെ ബാഗിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുമ്പോൾ ദേഷ്യവും സങ്കടവും കൊണ്ട് അവർ അലറിവിളിച്ച് പ്രതികരിച്ചേക്കാം. ആത്മാഭിമാനത്തെ തകർക്കുന്ന പ്രതികരണങ്ങൾ നടത്തിയാൽ കുട്ടി ചികിത്സയ്ക്കു സഹകരിക്കില്ല എന്ന കാര്യം മറക്കരുത്. പരമാവധി സംയമനത്തോടെ വേണം ഇത്തരം സാഹചര്യങ്ങളിൽ രക്ഷിതാക്കൾ പെരുമാറാൻ.

ബന്ധുക്കളും മറ്റുമറിഞ്ഞാൽ വളർത്തുദോഷമാണെന്ന മട്ടിലുള്ള കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുമെന്ന ചിന്ത കൊണ്ട് കാര്യം രഹസ്യമാക്കി വയ്ക്കുന്നവരുണ്ട്. ഡോക്ടറുടെയടുത്ത് എത്തിച്ചാൽ പിന്നെ, എല്ലാ പഴിയും കുട്ടിയുടേത് എന്ന സമീപനവും സ്വീകരിക്കരുത്. ഡോക്ടറും രക്ഷിതാക്കളും ഗൂഢാലോചന നടത്തി ലഹരിമുക്തിക്കു ശ്രമിക്കുന്നു എന്ന ചിന്ത വന്നാൽ ചികിത്സയിൽ അവരുടെ വിശ്വാസം നഷ്ടപ്പെടും.

ചികിത്സ പ്രധാനം

drugs-youth-signs-anti-drug-day-dr-varghese ചിത്രങ്ങൾ പ്രതീകാത്മകമായി നൽകിയത്; ഡോ. വർഗീസ് പുന്നൂസ്

ഡോക്ടറുടെ അടുത്തെത്തിച്ചാലുടൻ കുട്ടിയെ ‘ഹിപ്നോട്ടൈസ്’ ചെയ്ത് ലഹരിമുക്തിയിലേക്കു നയിക്കുമെന്ന ധാരണ ശരിയല്ല. അതൊക്കെ ചില സിനിമകളിലേ നടക്കൂ. ലഹരിമുക്തിയെന്നത് പല സെഷനുകൾ നീളുന്ന, കൗൺസലിങ്ങും മരുന്നു ചികിത്സയും അടങ്ങുന്ന ദീർഘകാലം നീളുന്ന പ്രക്രിയയാണ്. അതിനു ക്ഷമയും ശുഭാപ്തി വിശ്വാസവും കൂടിയേ തീരൂ. ലഹരിമരുന്ന് ഉപയോഗം തിരിച്ചറിയുന്നതു പോലെ തന്നെ പ്രധാനമാണ് അതിന്റെ തീവ്രത കണ്ടെത്തുന്നതും. എപ്പോഴോ ഒരിക്കൽ ഉപയോഗിച്ചത്, ഒന്നു പരീക്ഷിച്ചു നോക്കാൻ ചെയ്തത് എന്ന മട്ടിലുള്ള ‘ഒക്കേഷണൽ യൂസും എക്സ്പിരിമെന്റൽ യൂസും’ തിരിച്ചറിയണം. അതല്ല ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടോ, മറ്റാരുടെയെങ്കിലും പ്രേരണയും നിർബന്ധവുമുണ്ടോ, അതിനെ തുടർന്ന് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ (അഡിക്‌ഷനോ അബ്യൂസോ ഉണ്ടോ) എന്നും മനസ്സിലാക്കണം. ഓരോരുത്തരുടെയും പ്രത്യേകതയും പ്രശ്നവും മനസ്സിലാക്കി വേണം പരിഹാരം.

പഠനവൈകല്യം പോലുള്ള പ്രശ്നങ്ങൾ കൂടി കുട്ടിയിലുണ്ടോ എന്നറിയാനായി രക്ഷിതാക്കളോടും അധ്യാപകരോടും സംസാരിക്കേണ്ടി വരും. ഇവയും ലഹരിമുക്തിയോടൊപ്പം ചികിത്സിക്കേണ്ടി വരും. ‘ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള’ എന്ന പഴഞ്ചൊല്ല് ലഹരിമുക്തി ചികിത്സയിൽ ‘ചൊല്ലിക്കൊട് കണ്ണുരുട്ടിക്കൊട്’ എന്നായി മാറും. ഡോക്ടർ ‘ചൊല്ലിക്കൊടു’ക്കുന്ന കാര്യങ്ങൾ കുട്ടി കേൾക്കുന്നില്ലെങ്കിൽ ‘കണ്ണുരുട്ടി’ പേടിപ്പിക്കാൻ യൂണിഫോമിട്ട പൊലീസുകാരൻ വരും. ലഹരി ഉപയോഗം സംബന്ധിച്ചുണ്ടാകാവുന്ന നിയമനടപടികളെ കുറിച്ച് കുട്ടിയോട് വിശദീകരിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ റോൾ. ഡോക്ടർ പറയുന്ന കാര്യങ്ങളോടു സഹകരിക്കണമെന്നും അല്ലെങ്കിൽ കുറച്ചു ‘ബുദ്ധിമുട്ടാ’കുമെന്നും പൊലീസ് ഓഫിസർമാർ പഴ്സനലായി പറയുമ്പോൾ കുട്ടിക്ക് വിശ്വാസം തോന്നും. അതിനു വേണ്ടി സ്പെഷൽ ട്രെയ്നിങ് ലഭിച്ച ഉദ്യോഗസ്ഥരുണ്ട് സേനയിൽ. അവരുടെ സേവനം പ്രയോജനപ്പെടുത്താം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. വർഗീസ് പുന്നൂസ്

സൈക്യാട്രി വിഭാഗം മേധാവി,

ഗവ.മെഡിക്കൽ കോളജ്, കോട്ടയം.