Tuesday 12 November 2019 03:31 PM IST : By സ്വന്തം ലേഖകൻ

കഴുത്തറുക്കും മുമ്പ് നെറുകയില്‍ ഉമ്മ കൊടുത്തു, ശബ്ദമില്ലാതെ കരഞ്ഞു; മകനെ കൊന്ന അമ്മ; ഞെട്ടിപ്പിക്കുന്ന അനുഭവം

killinf

തിരക്കു പിടിച്ച ഓട്ടമാണ്. ഇതിനിടയിൽ സ്വന്തം കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് കണ്ണോടിക്കാൻ അച്ഛനമ്മമാർക്ക് എവിടെ നേരം. അവരുടെ ഭാവി സുരക്ഷിതമാക്കാനെന്ന പേരിൽ മാതാപിതാക്കൾ നെട്ടോട്ടമോടുമ്പോൾ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്നത് അവരുടെ ബാല്യമായിരിക്കും. ഫലമോ, മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും വലയിൽ അവർ വീഴുന്നതു പോലും ആരും അറിയുന്നുണ്ടാകില്ല.

മയക്കുമരുന്നിന് അടിമപ്പെടേണ്ടി വന്ന മകന്റെ കഴുത്തിൽ കൊലക്കത്തി വയ്ക്കേണ്ടി വന്ന ഒരമ്മയുടെ കഥ തീക്ഷ്ണമായി അവതരിപ്പിക്കുകയാണ് കൗൺസലർ കലമോഹൻ.കൊല്ലം നഗരത്തിലെ'' അമ്മച്ചിവീട് മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരുപാട് വർഷങ്ങൾ മുൻപ് നടന്ന കൊലപാതകം മുൻനിർത്തിയാണ് കലയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

''അവനിപ്പോ കുത്തിവെയ്ക്കുന്നതൊക്കെ കൂടുതലാ ..എന്റെ കുഞ്ഞിനെ ഒന്ന് രക്ഷിക്കാൻ വല്ല മാർഗ്ഗം ഉണ്ടോ..''

ഈ അമ്മയുടെ ചോദ്യം , എനിക്ക് ആരുടെ മുന്നിലാണ് വെക്കേണ്ടത് എന്ന് അറിയില്ല..
അതിനാൽ ഇവിടെ...കുറിയ്ക്കുന്നു..
Justice for our kids ###
അവർ നശിച്ചതിനു ശേഷം മാത്രമേ നമ്മൾ പ്രതികരിക്കുന്നുള്ളു..
ഒരു ദുരന്തം വരാൻ കാത്തിരിക്കുന്നു, പ്രതികരണം ഉണരാൻ..

ഇന്നത്തെ ഈ അമ്മയുടെ ചോദ്യം ചോദിച്ചു, വര്ഷങ്ങള്ക്കു മുൻപ് ഒരു 'അമ്മ മുട്ടാത്ത വാതിലുകൾ ഇല്ല..അവസാനം നൊന്ത് പ്രസവിച്ച മോനെ സ്വന്തം കൈ കൊണ്ട് കൊന്നു കളയേണ്ടി വന്നു.. ആ അമ്മയ്ക്ക്,,.

മുൻപ് ഞാൻ എഴുതിയതാണ് പലവട്ടം ഫേസ്ബുക്കിൽ..
ഡിസി പുറത്തിറക്കിയ എന്റെ കൗൺസലിംഗ് ഡയറിയിൽ ഉണ്ട് ഈ കേസ്..

., കൊല്ലം നഗരത്തിലെ'' അമ്മച്ചിവീട് മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരുപാട് വർഷങ്ങൾ മുൻപ് നടന്ന കൊലപാതകം .

സ്വന്തം മകന്റെ കഴുത്തു അറുത്തു കൊന്ന ആ അമ്മയോട് , അവരെ അറസ്റ്റ് ചെയ്തു ജയിലിൽ കൊണ്ട് വന്ന മണിക്കൂറിനുള്ളിൽ സംസാരിക്കാൻ എനിക്ക് അവസരം ഉണ്ടായി..ഞാനന്ന് ഫ്രീലാൻസിങ് ചെയ്യുമായിരുന്നു...

Shajahan Firoz
ഷാജഹാൻ ഫിറോസ് dysp
എന്നെ സഹായിച്ചു.ഇപ്പോൾ അദ്ദേഹം റിട്ടയർ ആയി...
പേര് വെയ്ക്കാൻ കാരണം , ഇതൊരു കെട്ടുകഥയല്ല എന്നഅറിയിക്കാനാണ്..

കൊല്ലം അമ്മച്ചി വീട് മാനസികാരോഗ്യ ആശുപത്രിയിലാണ് സംഭവം നടന്നത്..

നാലാം ക്ലാസ് കഷ്‌ടിച്ചു പാസ്സായ ഒരു അമ്മയും അച്ഛനും..അരുണിനെ പോലെ ഒരു മിടുക്കൻ മകൻ എങ്ങനെ ഉണ്ടായി എന്ന് എല്ലാരും ചോദിക്കുമായിരുന്നു..
അവന്റെ മൂത്ത സഹോദരനും മിടുക്കൻ ആയിരുന്നില്ല..
സ്കൂളിലെ അദ്ധ്യാപകർ അമ്മയെ വിളിപ്പിച്ചു പറഞ്ഞു..'' ഈ കുട്ടി വലിയ നിലയിൽ എത്തും,,അവനെ നിങ്ങൾ എത്ര വരെ പഠിപ്പിക്കാമോ അത്രയും പഠിപ്പിക്കണം...''
'അമ്മ തയ്യൽ ജോലി ചെയ്തു, അച്ഛൻ പറ്റുന്ന ജോലിയ്‌ക്കൊക്കെ പോയി..സഹോദരനും തൊഴിലെടുത്തു..
അവൻ , അരുൺ ആയിരുന്നു ആ മൂന്നുപേരുടെയും സ്വപ്നം..
''അവനെന്നെ പിടിച്ചിരുത്തി ഇംഗ്ലീഷ് പഠിപ്പിക്കും..'' ജയിലിൽ വെച്ചു കൊല നടന്നു മണിക്കൂറിനുള്ളിൽ , അവർ അന്നേരവും അത് പറയുമ്പോ വാക്കുകളിൽ അഭിമാനം ..
അവനെ കൊന്നിട്ട് അവർ സ്വയം നിയമത്തിനു കീഴടങ്ങുക ആയിരുന്നു..
വര്ഷം ഇത്രയും കഴിഞ്ഞിട്ടും എനിക്കാ രംഗങ്ങൾ ഒക്കെ അത്ര ഓർമ്മയിൽ ഉണ്ട്.
ചെസ്സ് കളിയിലും അവൻ മിടുക്കനായിരുന്നു..
ബന്ധുക്കൾക്ക് , നാട്ടുകാർക്ക് ഒക്കെ പ്രിയപ്പെട്ടവൻ ആയിരുന്ന അവൻ പ്ലസ് ടു വിനു നല്ല മാർക്കോടെ പാസ്സായി..
ഒരു എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടി.
''അവന്റെ കണ്ണ് ചിമ്മിയാൽ എനിക്കറിയാം.എന്താണ് എന്ന്.'
അമ്മമാർ അങ്ങനല്ലേ..മക്കളുടെ ഏത് മാറ്റവും അവർ അറിയും..
അത് കൊണ്ട് തന്നെ മകന് വന്നു ചേർന്ന മാറ്റങ്ങൾ അവർ ആദ്യമേ അറിഞ്ഞു..
''അവന്റെ കണ്ണിൽ അന്ന് വരെ കണ്ടിരുന്ന ശാന്തത പോയി..എന്തിനു ഇതിനു ദേഷ്യം..കാശു കൊടുത്തില്ല എങ്കിൽ വഴക്ക് ..വീട്ടിലെ ബുദ്ധിമുട്ടു അറിഞ്ഞു വളർന്ന മോനല്ലതായി അവൻ..''
വിദ്യാഭ്യാസം കുറഞ്ഞ പാവം ഒരു 'അമ്മ..അവർക്ക് പറഞ്ഞു ഫലിപ്പിക്കാൻ അറിയത്തില്ല..പക്ഷെ മകന്റെ ജീവിതത്തിന്റെ പ്രശ്‌നമാണ് , തന്റെ ജീവന്റെ പ്രശ്നം..
അവർ നല്ല വ്യക്തതയോടെ അന്ന് കൊല്ലത്തു ഉണ്ടായിരുന്ന SP യോട് നേരിട്ട് ചെന്ന് പറഞ്ഞു..അറിയാവുന്നതൊക്കെ , കരഞ്ഞു പറഞ്ഞു..
''എന്റെ മോൻ മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട്..
അവനു അത് കിട്ടുന്ന സ്ഥലങ്ങൾ എനിക്കറിയാം,..എന്റെ കുഞ്ഞിനെ രക്ഷിക്കണേ..''
എത്രയോ പരാതികൾ..
ആ അമ്മയുടെ പരാതി അതിൽ ഒന്ന്,..
കോളേജിൽ നിന്നും അവനെ പോലെ ഒരു വ്യക്തി പുറത്താക്കുക എന്നൊക്കെ ചിന്തകൾക്ക് അതീതം.
നാട്ടുകാർക്ക് അവനൊരു സ്ത്രീലമ്പടൻ ആകുക എന്നത് വിശ്വസിക്കാൻ വയ്യ..
ക്രിസ്ടി ഡോക്ടർ ടെ ചികിത്സയിൽ അവനെ പലപ്പോഴും അമ്മച്ചി വീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
അന്ന് , അവനെ ഇല്ലാതാകേണ്ടി വന്ന ആ ദിവസം..
വല്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കി അവൻ..
അച്ഛനെയും സഹോദരനെയും ഉപദ്രവിച്ചു..
പിടിച്ചു കെട്ടി ആശുപത്രിയിൽ എത്തിച്ചു..
''ഞാൻ ഓർത്തു , ഇനി അവൻ വേണ്ട..ഇങ്ങനെ പോയാൽ അവനെ മറ്റാരെങ്കിലും കൊല്ലും..അത് എനിക്ക് താങ്ങാൻ ആകില്ല..എന്റെ മോനല്ലേ..ഞാൻ പ്രസവിച്ച എന്റെ മോൻ..ഞാൻ തന്നെ അത് ചെയ്യാം..'
ശാന്തമായ ഭാവത്തിൽ അവർ ഈ കഥകളൊക്കെ എന്നോട് പറയുക ആയിരുന്നു..
ശ്വാസം അടക്കി പിടിച്ചു ഞാനും അവിടെ ഉള്ള പോലീസ് കാരികളും കേൾക്കുകയും.
'' ഉച്ച കഴിഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി..മാർക്കറ്റിൽ വന്നു കറിക്കത്തി വാങ്ങി.
ആശുപത്രിയിൽ ചെല്ലുമ്പോ അവന്റെ അച്ഛൻ തളർന്നു മുന്നിലത്തെ ബെഞ്ചിൽ ഇരുന്നു മയങ്ങുന്നു. മോനെ അകത്തെ കട്ടിലിൽ കാലും കയ്യും കെട്ടി മരുന്ന് കൊടുത്തു ഉറക്കി കിടത്തിയിരിക്കുന്നു..
ഉറങ്ങുന്ന മോനെ ഞാൻ കുറെ നേരം നോക്കി..
ശബ്ദമില്ലാതെ കുറെ കരഞ്ഞു..നെഞ്ച് പൊട്ടുക ആയിരുന്നു..പക്ഷെ എനിക്കത് ചെയ്തേ പറ്റു..
അവസാനമായി അവന്റെ നെറുകയിൽ ഉമ്മ കൊടുത്തു..
പുതപ്പിന് അടിയിൽ കൂടി കത്തി വെച്ച് ഞാൻ അവന്റെ കഴുത്തു അറുത്തു,''
ഒരു തുള്ളി കണ്ണുനീര് വരാതെ അവർ എന്നെ നോക്കി പറഞ്ഞു നിർത്തി..
എന്നെ നോക്കി കൊണ്ടിരിക്കുക ആണെങ്കിലും അവർ എന്നെ കാണുക അല്ല എന്നെനിക്കു അറിയാം..
ആരെയും,, ഒന്നും ,,അവർ അറിയുന്നില്ല.
ഇറങ്ങും മുൻപ് എന്തൊക്കെയോ അർത്ഥമില്ലാത്ത വാക്കുകൾ ഞാൻ അവർക്ക് മുന്നിൽ നിരത്തി ..
പോകാൻ തിരിഞ്ഞ എന്നോട് ഒരു കാര്യം കൂടി , വിട്ടു പോയ ഒരു കാര്യം..
ലോകത്തെ എല്ലാ അമ്മമാർക്കും വേണ്ടി അവർ പറഞ്ഞു..
അമ്മയെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ എത്തുന്ന മകൻ..
എല്ലാ അമ്മമാർക്കും വേണ്ടി ഞാനത് ചെയ്തു....
ഇനിയും ആവർത്തിക്കരുത്...
അവർ പിറുപുറുത്തുകൊണ്ടേ ഇരുന്നു...

ഈ ഒരു സംഭവം എന്റെ മനസ്സിൽ എന്നും നീറ്റലായിന്നു..കൊല്ലം ജില്ലയിൽ,
തീര ദേശ ഭാഗത്തുള്ള ഒരു സ്കൂളിൽ ജോലിക്കു പ്രവേശിക്കുമ്പോ പലരും സൂചന തന്നത് ഒന്നായിരുന്നു.,.
''അവിടെ പോയി നന്നാക്കാൻ നിക്കേണ്ട..അവിടത്തെ കുട്ടികൾ മറ്റൊരു തലമാണ്''
ആദ്യത്തെ ക്ലാസ്സിൽ തന്നെ എനിക്കത് ബോധ്യമായി..
മുൻവശത്തെ ഇരുന്ന കുറെ ആൺകുട്ടികൾ..
16 -17 വയസ്സ് മാത്രമുള്ളവർ..
പക്ഷെ ഇന്നേവരെ ഒരു സ്ഥലത്തു നിന്നും നേരിടാത്ത നോട്ടവും ഭാവവും..
എന്റെ ബാഗ് ഞാൻ അവിടെ വെച്ചു..മുന്നിലത്തെ ഡെസ്കിൽ..
ഒരുവന്റെ കൈ അതിലേക്കു പോകുന്നത് കണ്ടു പെട്ടന്നു അതെടുത്തു ഞാൻ മാറ്റി.
''വേണ്ടായിരുന്നു ടീച്ചറെ..ബാഗ് എങ്കിൽ ബാഗ് അവനതും കെട്ടിപിടിച്ചു ഇരുന്നേനെ,,''
എന്റെ ഇന്നേവരെ ഉള്ള ഒരു ഔദ്യോഗിക ജീവിതത്തിലും നേരിടാത്ത നിമിഷം.

സങ്കടം , കരച്ചിൽ ഒക്കെ വന്നു..
പ്രിൻസിപ്പൽ ഒരു ലേഡി ആയിരുന്നു..
അവര് എനിക്ക് പൊട്ടിയ ഗ്ലാസ് ചില്ലകൾ കാണിച്ചു തന്നു..
പല അക്രമങ്ങളും ചൂണ്ടി കാട്ടി..
നില്കണമെങ്കിൽ കണ്ടില്ല കേട്ടില്ല എന്ന് വെയ്ക്കുക..
എനിക്കത് ഉൾകൊള്ളാൻ ആയില്ല.
എന്റെ കൗൺസിലർ പോസ്റ്റ് എന്താണ്..!എന്തിനാണ്???

അടുത്ത ദിവസങ്ങളിൽ എനിക്ക് കിട്ടിയ ക്ലാസ്സിലൊക്കെ ചില്ലറ പ്രശ്ങ്ങൾ ഉണ്ടാക്കാൻ അവർ നോക്കിയെങ്കിലും ഒന്നും പരിധിവിട്ടില്ല.
കണ്ണെഴുതി വരുന്ന കുറച്ച ആൺകുട്ടികൾ..
അവരായിരുന്നു , എന്നോട് പറഞ്ഞത് കഞ്ചാവ് അവരുടെ കുടുംബ ബിസിനസ്സ് ആണ്..അച്ഛനും കൊച്ചച്ഛനും ചെയ്യുന്നത്..പിന്നെങ്ങനെ അവർക്ക് മാറാൻ ആകും എന്ന്..''
അതിൽ ഒരാളോട് ഞാൻ ഇടയ്ക്ക് നന്നായി മുഷിയേണ്ടി വന്നു..
ആ ദിവസം , അവിടെ പരീക്ഷ ആയിരുന്നു..അധികം ആരുമില്ല.
ഉച്ച കഴിഞ്ഞ ഓരോത്തർ ആയിട്ട് കൗൺസിലിങ് റൂമിൽ എത്തണം എന്ന് ഞാൻ പറഞ്ഞു.

എനിക്ക് തന്ന മുറി ,പുതിയ കെട്ടിടത്തിന്റെ അറ്റത്..
ജോയിൻ ചെയ്ത അധികം ആയിട്ടില്ല..എന്റെ കയ്യിൽ ആരുടെയും ഫോൺ നമ്പർ ഇല്ല.
കണ്ണെഴുതി വരുന്ന നീളമുള്ള പയ്യൻ വന്നു മുന്നിലിരുന്നു..
ചോദിച്ചതിനൊക്കെ മര്യാദയ്ക്ക് ഉത്തരം പറഞ്ഞു..
അന്നേരം അവന്റെ മുഖത്തു ശാന്തത അല്ലാതെ എനിക്ക് ഒന്നും തോന്നിയതുമില്ല.
രാവിലെ മുതൽ മയങ്ങി ഇരിക്കുന്ന ഒരു പറ്റം വിദ്യാർഥികളെ മേയ്‌ക്കേണ്ടി വരുന്ന അദ്ധ്യാപകരുടെ സങ്കടടങ്ങൾ ഉളപ്പടെ ഞാൻ അവനോടു പലതും പറഞ്ഞു.
ഒക്കെ അവൻ മൂളികേട്ടു..


ഇറങ്ങും മുൻപ് എന്നെ നോക്കി ചിരിച്ചപ്പോ...ആ മുഖത്തു എനിക്കെന്തോ ഒരു പന്തികേട് തോന്നി.
പുറത്തു നിന്നും ഓടാമ്പൽ വീഴുമ്പോ എനിക്ക് അറിയില്ലായിരുന്നു എന്ത് വേണമെന്നു..
അവൻ എന്നെ ആ മുറിയിൽ പൂട്ടി പോയി എന്ന് തിരിച്ചറിഞ്ഞ നിമിഷം..
എന്റെ കയ്യിൽ ഒരാളുടെ പോലും നമ്പർ ഇല്ല എന്ന തിരിച്ചറിവ്..
ഈ പ്രശനം പോലും നിർവികാരതയോടെ കേട്ടിരിക്കാൻ മാത്രമേ സ്കൂൾ അധികൃതർക്ക് ആയുള്ളൂ..അവർക്കു പറയാൻ കഥകൾ ഇതിലും ഏറെ..
അവർ ആരോടാണ് പരാതി പെടേണ്ടത്..?
ആരാണ് ഇതിനൊക്കെ പ്രതിവിധി തരേണ്ടത്..

ഓരോ അമ്മമമാരും വന്നു പറയുന്ന ഓരോ കഥകൾ..
ഇന്ന് മറ്റൊരാളുടെ വീട്ടിൽ നടക്കുന്നത് നാളെ നമ്മുടെ ഓരോത്തരുടേം വീട്ടിൽ ആകും..
കഞ്ചാവൊക്കെ വളരെ നിസ്സാരം..
എത്രയോ വീര്യമുള്ളത് ഇറങ്ങി കഴിഞ്ഞു..എല്ലാം എല്ലാവര്ക്കും അറിയാം..
കിട്ടുന്ന സ്ഥലങ്ങൾ വരെ അറിയാം.
എല്ലാര്ക്കും ഉള്ള പേടി എനിക്കുമുള്ളത് കൊണ്ട് ഞാനും ഇവിടെ നിർത്തുന്നു..

പരാതി പറഞ്ഞപ്പോൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞ വാക്കുകൾ ഓർമ്മയിലുണ്ട്..
ജീവിതം അപായപ്പെടുത്തരുത്..
സ്വന്തം കാര്യം നോക്ക് കൊച്ചേ''
എന്നാലും ആഗ്രഹിച്ചു പോകുന്നു,,ഒരു മാറ്റം ഉണ്ടാകേണ്ടതില്ലേ.?
എന്തെന്ത് മാറ്റങ്ങൾ സംഭവിക്കുന്നു എന്നറിയില്ല.ഉൾക്കാഴ്ച
ഇല്ലാത്ത കുട്ടികൾക്ക് എന്ത് കൗൺസിലിങ് ?
മയങ്ങി ഇരിക്കുന്ന അവരോടു അദ്ധ്യാപകർ എങ്ങനെ ഇടപെടണം,.?

PTA മീറ്റിംഗിൽ പങ്കെടുക്കാൻ സമയമില്ലാത്ത മാതാപിതാക്കൾക്ക് വേണ്ടി ഒന്ന് കൂടി പറയട്ടെ :,
നമ്മുടെ സ്കൂൾ പരിസരങ്ങൾ സുരക്ഷിതമല്ല.. നമ്മുടെ മക്കളും..
കേരളത്തിൽ
ഓരോ സ്കൂളിനും അടുത്ത് ഇത്തരം ബിസിനസ്‌ നടത്താനായി മാഫിയ സജീവം ആണ്..

എന്നെ പോലെ ഈ മേഖലയിൽ ഉള്ള പലർക്കും പല അനുഭവങ്ങളും..ഇത്തരത്തിലുണ്ട്..
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന
ഇതിന്റെ പിന്നിലെ റാക്കറ്റ് എത്ര ശക്തമെന്നും അറിയാം.
തൊട്ടു കഴിഞ്ഞാൽ, അന്തര്സംസ്ഥാനം വിട്ടു പോയാലും നീണ്ടു കിടക്കുന്ന നിരയാണെന്നും അറിയാം..
വീട്ടിലെ ചുറ്റുപാടല്ല..
കൂട്ടുകെട്ടാണ് ഇന്ന് പലപ്പോഴും വില്ലൻ.

ഡൽഹി കേസും സൗമ്യ കേസും ഒക്കെ ആവർത്തിക്കാതെ ഇരിക്കാനെങ്കിലും.എന്തെങ്കിലും ഒരു അനക്കം ..?
എവിടെ എങ്കിലും.വേണ്ടേ..?
ഇപ്പോൾ ഇതാ വാളയാർ കേസും......
നാളെ????? ?
സ്കൂളുകളിൽ കൗൺസലിംഗ് പോസ്റ്റ്‌ എന്നാൽ പലപ്പോഴും ലീവ് എടുക്കുന്ന അധ്യാപകർക്കു പകരം കുട്ടികളെ അടക്കി നിർത്താനുള്ള ഉപാധി മാത്രമാകുന്നു...
അവർക്ക് അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള അത്തരം തടസ്സങ്ങൾ, സങ്കടങ്ങൾ ഏറെ അറിയാം..
സ്കൂൾ കൗൺസലിംഗ്, പലപ്പോഴും നിരാശയാണ് ഫലം...