Saturday 07 April 2018 11:46 AM IST

അവധിക്ക് വീട്ടിലെത്തിയ മകൻ പകൽസമയങ്ങളിൽ സ്ഥിരമായി ഉറങ്ങുന്നു; സംശയം തോന്നിയ മാതാപിതാക്കൾ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്!

Nithin Joseph

Sub Editor

drugs002

തലയിൽ മാരകമായ മുറിവോടെ, അബോധാവസ്ഥയിലാണ് ജോയൽ(യഥാർഥ പേരല്ല) കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിയത്. എൻജിനീയറിങ് വിദ്യാർഥിയായ ജോയലിനെ ആശുപത്രിയിൽ എത്തിച്ചത് അമ്മ. ഡോക്ടർമാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അപകടനില തരണം ചെയ്തു .തലയിലെ മുറിവിന്റെ കാരണം തിരക്കിയപ്പോൾ അമ്മയിൽ നിന്ന് ലഭിച്ചത് പരസ്പരവിരുദ്ധമായ മറുപടികൾ. സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ മകനെ തലയ്ക്കടിച്ച് വീഴ്ത്തിയത് അമ്മ തന്നെയെന്ന് വ്യക്തമായി.

പലതവണ ചോദ്യം ചെയ്തതിനു ശേഷം നിറകണ്ണുകളോടെ അമ്മ പറഞ്ഞ കഥ ഇങ്ങനെ. ‘ജോയലിന്റെ അച്ഛൻ ചെന്നൈയിൽ ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ഞാൻ സർക്കാർ ഉദ്യോഗസ്ഥയാണ്. ഞങ്ങളുടെ ഏകമകനാണ് അവൻ. അവന്റെ ആഗ്രഹങ്ങൾക്കൊന്നും ഞങ്ങൾ ഇന്നു വരെ എതിര് നിന്നിട്ടില്ല. ചോദിക്കുമ്പോഴെല്ലാം ആവശ്യത്തിന് പണം കൊടുക്കും. ഇഷ്ടപ്പെട്ട സ്പോർട്സ് ബൈക്കും വാങ്ങിക്കൊടുത്തു. ഒരുപാട് കൂട്ടുകാരുണ്ട്. അവര്‍ക്കൊപ്പം ചേര്‍ന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന് പലരും പറഞ്ഞപ്പോഴും  ഞാനത് കാര്യമാക്കിയില്ല. അത്ര വിശ്വാസമായിരുന്നു എനിക്കെന്റെ മകനെ. പക്ഷേ, അതിനുള്ള ശിക്ഷ എനിക്ക് കിട്ടി.

മയക്കുമരുന്നിന്റെ ലഹരിയിൽ സ്വബോധം നഷ്ടപ്പെട്ട അവൻ  സ്വന്തം  അമ്മയാണെന്ന് പോലും ഓർക്കാതെ എന്റെ നേരെ വന്നു. അവന്റെ മനസ്സിലെ ഉദ്ദേശ്യം  ആദ്യമെനിക്ക് മനസ്സിലായില്ല. അമ്മയല്ലേ ഞാൻ. സ്വന്തം മകനിൽ നിന്ന് ഇത്തരമൊരു അനുഭവമുണ്ടാകുമെന്ന് എങ്ങനെ കരുതാനാണ്? കുതറി മാറാൻ ശ്രമിച്ചിട്ടും അവൻ എന്നെ വിട്ടില്ല. എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. കൈയിൽ കിട്ടിയ ഫ്ലവർ വേസ് കൊണ്ട് ഞാൻ അവന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തി. ഇത് ഞാൻ എങ്ങനെ മറ്റുള്ളവരോട് പറയും. എന്റെ മകൻ എന്നെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചുവെന്ന് അവന്റെ അച്ഛനോടു പോലും പറയാൻ എനിക്ക് പേടിയാണ്. സത്യം അറിഞ്ഞാൽ അദ്ദേഹം  എന്തെങ്കിലും കടുംകൈ ചെയ്യും. ദയവു ചെയ്ത് ഇത് ആരോടും പറയരുത്.’

പൊലീസിന്റെ സഹായത്തോടെ നടത്തിയ കൗൺസലിങ്ങിനും ഏറെ നാൾ നീണ്ട ചികിൽസകൾക്കും ശേഷമാണ് ജോയലിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ ലഹരിയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്നവരുടെ അനേകായിരം കഥകളിൽ  ഒന്നുമാത്രമാണ്. തലച്ചോറിൽ ഇരുട്ട് പടർത്തിക്കൊണ്ട് ഞരമ്പുകളിലൂടെ ഈ വിഷം പായുമ്പോൾ മുന്നിൽ നിൽക്കുന്നവരിൽ അമ്മയെന്നോ സഹോദരിയെന്നോ ഉള്ള വ്യത്യാസങ്ങൾ തിരിച്ചറിയാൻ പലർക്കും സാധിക്കാറില്ല. കാരണം അവരുടെ ഉള്ളിൽ അപ്പോൾ മനുഷ്യനില്ല. ഞരമ്പുകളിൽ ജ്വലിച്ചു നിൽക്കുന്ന ലഹരി മാത്രം.

ഓരോ ദിവസവും ദിനപത്രത്തിലെ തലക്കെട്ടുകൾ ഞെട്ടലോടെ  മാത്രമേ  മലയാളിക്ക് വായിക്കാൻ സാധിക്കൂ. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ പിടയുന്നതിൽ കൂടുതലും വിദ്യാർഥികൾ. ഇന്ന് അടുത്ത വീട്ടിൽ നടക്കുന്ന സംഭവങ്ങൾ നാളെ നിങ്ങളുടെ വീട്ടിലും സംഭവിക്കാം. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 1,04,206 കേസുകൾ. അറസ്റ്റ് ചെയ്യപ്പെട്ടത് 26515 പേർ. നാഷനൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം നാർകോട്ടിക്, അബ്കാരി, പുകയില ഉൽപന്നങ്ങൾക്കെതിരെ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്ത റെക്കോർഡും കേരളത്തിനു സ്വന്തം. പോയ വർഷം 1470 കിലോഗ്രാം കഞ്ചാവാണ് കേരളത്തിൽനിന്ന് പിടിച്ചത്. പത്തു കിലോ ലഹരിമരുന്നുകളും 25,188 ലഹരി ഗുളികകളും കണ്ടെത്തി. എന്നാൽ, നിയമത്തിന്റെയും പൊലീസിന്റെയും കണ്ണിൽ പെടുന്നത് ലഹരിയെന്ന മഞ്ഞുമലയുടെ ചെറിയൊരു ഭാഗം മാത്രം. പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും പതിനഞ്ചിനും ഇരുപത്തിയഞ്ചിനും മധ്യേ  പ്രായമുള്ളവർ. നിങ്ങളുടെ മക്കളും ഒട്ടും സുരക്ഷിതരല്ല. ഈ ചങ്ങലയിലെ കണ്ണികളായി അവർ മാറാൻ അധികം സമയം വേണ്ട. അവരുടെ സുരക്ഷിതത്വത്തിന് എന്ത് ഉത്തരവാദിത്തമാണ് നൽകാനുള്ളത്?  നിസാരമെന്ന് കരുതി  നിങ്ങൾ  തള്ളിക്കളയുന്ന ഓ രോ സൂചനകൾക്കും  വലിയ വിലയുണ്ട്.

ലഹരി വന്നിറങ്ങുന്ന കൊച്ചി

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത് 50 കോടിയോളം രൂപയുടെ ലഹരിമരുന്നാണ്. ഫിലിപ്പീൻസ് സ്വദേശിയായ യുവതിയുടെ ബാഗിൽനിന്ന് ലഭിച്ചത് 25 കോടി രൂപ വില വരുന്ന 4.7 കിലോഗ്രാം കൊക്കെയ്ൻ. ഹോങ്കോങ്ങിൽ കുട്ടികളെ പരിചരിക്കുന്ന ജോലി ചെയ്യുന്ന യുവതി ബ്രസീലിൽനിന്ന് മസ്കത്ത് വഴി കൊച്ചിയിൽ എത്തി. കോടികൾ വിലമതിക്കുന്ന ഹെറോയ്ന്‍ ഇന്ത്യയിലെത്തിക്കുമ്പോൾ ഇവർക്ക് ലഭിക്കുന്ന പ്രതിഫലം മൂന്ന് ലക്ഷം രൂപ.

പരഗ്വായ് സ്വദേശിയായ യുവാവ് പിടിയിലായത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 3.69 കിലോഗ്രാം കൊക്കെയ്നുമായി. ഇതിന്റെ വില പതിനഞ്ച് കോടിയിലധികം. സിനിമകളെ പോലും വെല്ലുന്ന തരത്തിലാണ് വെനസ്വേല സ്വദേശിയായ യുവാവ് കേരളത്തിലേക്ക് കൊക്കെയ്ൻ കടത്തിയത്. ഒരു കിലോയോളം കൊക്കെയ്ൻ ചെറിയ കാപ്സ്യൂളുകളിലാക്കി വിഴുങ്ങിയിട്ടാണ് ഇയാൾ കൊച്ചിയിലേക്കെത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ ഇയാളുടെ വയറ്റിൽനിന്ന് 101 ലഹരി കാപ്സ്യൂളുകൾ കണ്ടെത്തി.

പ്രധാനമായും വിദേശരാജ്യങ്ങളിൽനിന്ന് കേരളത്തിലെത്തുന്ന ലഹരിമരുന്ന് കൊക്കെയ്നാണ്. ബ്രസീൽ, കൊളംബിയ പോലുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നാണ് കൊക്കെയ്ൻ എത്തുന്നത്. മറ്റ് ലഹരിമരുന്നുകള്‍ ഒഴുകിയെത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണ്. കൊച്ചിയിൽ നടന്ന റേവ് പാർട്ടിക്കിടെ പൊലീസ് പിടികൂടിയത് എൽ.എസ്.ഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ‘ലൈസേർജിക് ആസിഡ് ഡൈഈതൈലമൈഡ്’. എൽ.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയ സിന്തറ്റിക് ലഹരികളുടെ പ്രധാന ഉറവിടമാണ് ഗോവ. കഞ്ചാവ് പ്രധാനമായും എത്തുന്നത് ആന്ധ്ര, തമിഴ്നാട്ടിലെ തേനി, കേരള– തമിഴ്നാട് അതിർത്തിയിലുള്ള കമ്പംമെട്ട് എന്നിവിടങ്ങളിൽനിന്ന്.

പുതുതലമുറയുടെ ലഹരി താൽപര്യങ്ങൾ ഭയനാകമാം വിധം മാറിയിരിക്കുന്നു. കഞ്ചാവിൽ തുടങ്ങുന്നവരും അതിനേക്കാൾ തീവ്രമായ ലഹരികൾ തേടിയിറങ്ങുന്നു. അതിനു മറ്റു ചില കാരണങ്ങളുമുണ്ട്. കഞ്ചാവ് ഉപയോഗിച്ചാൽ എളുപ്പത്തിൽ കണ്ടുപിടിക്കപ്പെടും എന്നതു അതിൽ ഒരു കാരണം. മണംകൊണ്ടാണ് പലപ്പോഴും കഞ്ചാവ് പിടിക്കപ്പെടുന്നത്. കഞ്ചാവിന്റെ സ്ഥാനത്തേക്കാണ്  ഹെറോയ്ൻ എത്തുന്നത്. ഹെറോയ്ന്റെ കാര്യത്തിലും എളുപ്പത്തിൽ കണ്ടുപിടിക്കപ്പെടും എന്നതു തന്നെയാണ് പ്രധാന വെല്ലുവിളി. ശരീരത്തിൽ ഇൻജക്‌ഷൻ ചെയ്ത പാടുകളിലൂടെ ഹെറോയ്ൻ ഉപയോഗം തിരിച്ചറിയാൻ സാധിക്കും. ഇക്കാരണങ്ങൾകൊണ്ടാണ് നമ്മുടെ യുവതലമുറ ന്യൂ ജനറേഷൻ ലഹരിമരുന്നുകളെ ആശ്രയിക്കുന്നത്. കഞ്ചാവിനേക്കാൾ പതിൻമടങ്ങ് വീര്യമുള്ള നിരവധി സിന്തറ്റിക് ലഹരിമരുന്നുകൾ ഇന്ന് ഉപയോഗിക്കപ്പെടുന്നു. പുറമെ യാതൊരു ലക്ഷണങ്ങളും പ്രകടമാകില്ലെന്നത് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നു. ഉപയോഗിച്ചവരുടെ ശരീരത്തിൽ ഇവയുടെ അംശം  കണ്ടുപിടിക്കുക എളുപ്പമല്ല. ചുരുക്കം ലാബുകളിൽ മാത്രമേ അതിനുള്ള സൗകര്യം പോലുമുള്ളൂ.

ലഹരി എത്താൻ വെറും അരമണിക്കൂർ

കൊച്ചി സിറ്റി പൊലീസ് കമ്മിഷനറുടെ ഓഫീസിലെത്തിയ വൃദ്ധന്റെ പരാതി പതിനേഴു വയസ്സുകാരനായ കൊച്ചുമകനെക്കുറിച്ചായിരുന്നു. മാതാപിതാക്കൾ വിദേശത്ത് ജോലി ചെയ്യുന്നതിനാൽ കുട്ടി വർഷങ്ങളായി മുത്തശ്ശനൊപ്പം താമസിച്ചായിരുന്നു പഠനം. പഠനം തീർന്നിട്ടും തിരികെ പോകാൻ തയാറാകാത്ത കുട്ടിയെ കൗൺസലിങ്ങിന് വിധേയനാക്കിയപ്പോൾ യഥാർഥ കാരണം വെളിപ്പെട്ടു. മുത്തശ്ശനോടുള്ള സ്നേഹം കൊണ്ടല്ല കുട്ടി മാതാപിതാക്കളുടെ അടുത്തേക്ക് പോകാൻ മടിക്കുന്നത്. പതിനഞ്ച് വയസ്സ് മുതൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന കുട്ടിക്ക് കേരളം പ്രിയങ്കരമാകാൻ കാരണം  ലഹരിമരുന്നിന്റെ ലഭ്യതയായിരുന്നു. ഫോണിൽ മെസേജ് അയച്ചാൽ അര മണിക്കുറിനുള്ളിൽ ആവശ്യമായ ലഹരി കൈകളിലെത്തുന്ന നാട് വിട്ട് പോകാൻ മനസ്സനുവദിച്ചില്ല.

drugs003

‘ലഹരിമരുന്നുമായി പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും പതിനഞ്ചിനും  ഇരുപത്തിയഞ്ചിനുമിടയിൽ   പ്രായമുള്ള  സ്കൂൾ– കോളജ് വിദ്യാർഥികൾ. ലഹരി മാഫിയയുടെ ചങ്ങലയിൽ പെട്ടുപോകുന്ന വിദ്യാർഥികൾ ഇവരുടെ കണ്ണികളായി മാറുന്നു.  ലഹരിക്ക് പൂർണമായി അടിമപ്പെടുന്ന കുട്ടികൾ ആവശ്യത്തിനുള്ള പണം കണ്ടെത്താൻ പല വഴികൾ തേടും. തുടക്കത്തിൽ സ്വന്തം വീട്ടിൽനിന്ന് പണം മോഷ്ടിക്കുന്ന ഇവർ പിന്നീട് പുറത്തും മോഷണം നടത്തുന്നു. വിദ്യാർഥികൾ പ്രതികളായ പല മോഷണക്കേസുകളും അവസാനം എത്തിനിൽക്കുന്നത് ലഹരിയുടെ നിലയില്ലാക്കയങ്ങളിൽ. ഒരു തരത്തിലും പണം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ഇവർ ലഹരിമാഫിയയുടെ ഭാഗമാകുന്നു. ആവശ്യക്കാരെ കണ്ടെത്തി സാധനം എത്തിച്ചുനൽകുന്നതിന് കമ്മിഷനായി വൻതുക കിട്ടും. മാഫിയയിലെ കണ്ണികളാകുന്ന കുട്ടികൾക്ക് തങ്ങളെ ജോലി ഏൽപിച്ചവരെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരിക്കില്ല. ഇക്കാരണം കൊണ്ടുതന്നെ പലപ്പോഴും അന്വേഷണങ്ങൾ പാതിവഴിയിൽ നിലച്ചുപോകുന്നു.’ കൊച്ചി സിറ്റി പൊലീസ് കമ്മീഷനർ എം.പി ദിനേശ് ഐ.പി.എസ് പറയുന്നു.

‘എങ്ങനെയാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇത്രയധികം ലഹരിമരുന്ന് കടത്തിക്കൊണ്ട് വരുന്നത്. ഉദ്യോഗസ്ഥർ ഇവരെയൊന്നും കൃത്യമായി പരിശോധിക്കാതെയാണോ വിടുന്നത്.’ ഈ സംശയത്തിനുള്ള മറുപടി കസ്‌റ്റംസ് അസിസ്റ്റന്റ് കമ്മിഷനർ എൻ.എസ് ദേവ് ഐ.ആർ.എസ് പറയുന്നതിങ്ങനെ. ‘വാർത്തകളിലൂടെ ലഹരിമരുന്ന് വേട്ടയെക്കുറിച്ച് കേൾക്കുമ്പോൾ ചിലരുടെയെങ്കിലും സംശയമാണിത്. എന്നാൽ, വ്യക്തമായ ഇൻഫർമേഷൻ ഉണ്ടെങ്കിൽ മാത്രമേ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിമാനത്താവളത്തിൽ ഒരാളെ പരിശോധനയ്ക്ക്  വിധേയമാക്കാൻ സാധിക്കൂ. പരിശോധിക്കുന്ന ആളുടെ കൈവശം യാതൊന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കൗണ്ടർ കംപ്ലയിന്റ് നൽകാനുള്ള അവകാശം  യാത്രക്കാർക്ക് ഉണ്ട്. അങ്ങനെ വരുമ്പോൾ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനാകും കുറ്റക്കാരൻ. വിമാനത്താവളങ്ങളിലൂടെ കടത്തിക്കൊണ്ട് വരുന്ന ലഹരിമരുന്നിൽ അഞ്ചോ ആറോ ശതമാനം മാത്രമാണ് പിടിക്കപ്പെടാറുള്ളത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ പലപ്പോഴും നിസ്സഹായരാണ്.’

പൊലീസും പലപ്പോഴും നിസ്സഹായരാണ്. മദ്യം, കഞ്ചാവ് പോലെയുള്ള ലഹരി ഉപയോഗിക്കുന്നവരെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും. പക്ഷേ, എൽ.എസ്.ഡി, എം.ഡി.എം.എ, പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകൾ ഉപയോഗിച്ചവരെ കണ്ടെത്താൻ വളരെ പ്രയാസമാണ്. കൃത്യമായ വിവരങ്ങൾ ലഭിക്കാതെ റെയ്ഡ് ചെയ്യാനും  സാധിക്കില്ല. പലപ്പോഴും  ലഹരി ഉപയോഗം പിടിക്കപ്പെടുന്നത് ഷാഡോ പൊലീസ് നടത്തിവരുന്ന നിരീക്ഷണങ്ങളിലൂടെയാണ്.

കോയമ്പത്തൂരിലെ കോളജ് ഹോസ്റ്റലിൽനിന്ന് അവധിക്ക് കോട്ടയത്തെ വീട്ടിലെത്തിയ മകൻ പകൽസമയങ്ങളിൽ സ്ഥിരമായി ഉറങ്ങുന്നത് കണ്ട് സംശയം തോന്നിയാണ് മാതാപിതാക്കൾ കാര്യം തിരക്കിയത്. തലവേദനയ്ക്കുള്ള ഗുളിക കഴിച്ചതിന്റെ ക്ഷീണമാണെന്ന മറുപടി തൃപ്തികരമായിരുന്നില്ല. മകനറിയാതെ അവൻ കഴിക്കുന്ന മരുന്നിന്റെ സ്ട്രിപ്പ് കണ്ടെത്തി ബന്ധുവായ ഡോക്ടറെ കാണിച്ച വീട്ടുകാർ അക്ഷരാർഥത്തിൽ ഞെട്ടി. മാനസികവിഭ്രാന്തിയുള്ള രോഗികൾക്ക് ഡോക്ടർ നൽകുന്ന മരുന്നാണ് സ്ഥിരമായി കഴിക്കുന്നത്. ഈ ഗുളികയുടെ ഹാങ്ങോവറായിരുന്നു പകൽസമയത്തെ ഉറക്കം.

മനോരോഗത്തിനുള്ള മരുന്നും ലഹരി

എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയിലെ മനോരോഗവിദഗ്ധന്റെ ഒപ്പോടു കൂടിയ പ്രിസ്ക്രിപ്ഷനുമായി രണ്ടു യുവാക്കൾ അതേ അശുപത്രിയിലെ ഫാർമസിയിൽ എത്തി. അവരുടെ ആവശ്യം മാനസികവിഭ്രാന്തിക്കുള്ള മരുന്നുകളായിരുന്നു. സംശയം തോന്നിയ ഫാർമസിസ്റ്റിന്റെ അന്വേഷണത്തിൽ കുറിപ്പ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. പൊലീസിനെ വിളിച്ചപ്പോഴേക്കും രണ്ടു പേരും ഓടി രക്ഷപ്പെട്ടു. ഇത്തരത്തിൽ നിരവധി കേസുകൾ സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഫാർമസിയിൽ അഞ്ചോ പത്തോ രൂപയ്ക്ക് ലഭ്യമായ ഗുളികകൾ ലഹരിമരുന്ന് മാഫിയ വിൽക്കുന്നത് അഞ്ഞൂറിനും  ആയിരത്തിനും.

‘സ്കൂൾവിദ്യാർഥികൾ ലഹരിയുടെ ലോകത്തേക്ക് എത്തിപ്പെടുന്നത് വിചിത്രമായ വഴികളിലൂടെ. സ്‌റ്റേഷനറി കടകളിൽനിന്ന് വാങ്ങുന്ന കറക്‌ഷൻ ഫ്ലൂയിഡ് മുതൽ സി.ഡി മാർക്കർ വരെ ഇവർ ലഹരിക്കായി ഉപയോഗിക്കുന്നു. പെട്രോൾ മണത്തും സോഫ്റ്റ് ഡ്രിങ്കിൽ ഗുളിക പൊടിച്ചിട്ട് കുടിച്ചും ലഹരി കണ്ടെത്തുന്ന കുട്ടികളുമുണ്ട്. ഇത്തരം വസ്തുക്കള്‍ മതിയാകാതെ വരുമ്പോൾ മറ്റ് മാരകമായ ലഹരിവസ്തുക്കളിലേക്ക് തിരിയുന്നു.’ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ അസിസ്റ്റന്റ് കമ്മീഷനർ രാജേഷ്.ടി.ആർ  പറയുന്നതിങ്ങനെ.
ലഹരിയുടെ അമിത ഉപയോഗം മാനസികനില തകരാറിലാക്കും. വിവേചനബുദ്ധിയെ ഇല്ലാതാക്കി, അക്രമവാസന ഉടലെടുക്കാൻ കാരണമാകുന്നു. രണ്ട് യുവാക്കൾ ചേർന്ന് സുഹൃത്തിനെ ശ്വാസം മുട്ടിച്ച് കൊന്ന് വാട്ടർടാങ്കിൽ തള്ളിയതും കഞ്ചാവ് നൽകിയ ധൈര്യത്തിൽ. നിസാരമായി ആരംഭിച്ച തർക്കം  കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ലഹരിക്ക് അടിമപ്പെടുന്ന പെൺകുട്ടികളെ ലൈംഗികചൂഷണങ്ങൾക്ക് വിധേയരാക്കുന്ന കേസുകള്‍ ദിനം പ്രതി വർധിക്കുന്നു.

തിരുവനന്തപുരത്തെ പ്രമുഖ കോളജിലെ വിദ്യാർഥിയായ ഇരുപത്തിയൊന്നുകാരി, സുഹൃത്തുക്കൾക്കൊപ്പമാണ് സിഗരറ്റ് ഉപയോഗിച്ചു തുടങ്ങിയത്. സിഗരറ്റ് നൽകുന്ന ലഹരി പോരാ എന്ന് തോന്നിയപ്പോൾ കഞ്ചാവ് പരീക്ഷിച്ചു. സുഹൃത്തുക്കള്‍ പരിചയപ്പെടുത്തിയ മധ്യവയസ്കനിൽ നിന്നാണ് നാക്കിനടിയിൽ വയ്ക്കാവുന്ന എൽ.എസ്.ഡി സ്റ്റിക്കർ കിട്ടിയത്. കുറച്ച് നാളുകൾക്കുള്ളിൽ  പൂർണമായും  ലഹരിക്ക് അടിമയായി മാറിയ കുട്ടിയെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ തുടങ്ങി. ലഹരിയില്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തിയ കുട്ടിക്ക് എല്ലാത്തരം ചൂഷണങ്ങൾക്കും  നിന്നു കൊടുക്കേണ്ടി വന്നു. പിന്നീട് ഇയാള്‍ കൂട്ടിയെ മറ്റ് പലർക്കു മുന്നിലും എത്തിച്ചു നൽകി. വളരെ വൈകി വിവരമറി‍ഞ്ഞ മാതാപിതാക്കൾക്ക് മകളെ രക്ഷപ്പെടുത്താൻ ഏറെ പരിശ്രമിക്കേണ്ടി വന്നു.

drugs001

പലപ്പോഴും വിദ്യാർഥികളിൽ നിന്നും യുവാക്കളിൽ നിന്നും കഞ്ചാവ് പിടികൂടുന്നത് ചെറിയ പൊതികളിലാണ്. ഒരു കിലോഗ്രാമിൽ താഴെ മാത്രമായിരിക്കും അതിന്റെ അളവ്. അതിനു പിന്നിലും വ്യക്തമായ കാരണങ്ങളുണ്ട്. ലഹരിനിരോധന നിയമപ്രകാരം ഓരോ ലഹരിമരുന്നിന്റെയും അളവിനനുസരിച്ച് നിയമനടപടികളിൽ വ്യത്യാസമുണ്ട്. അത്തരത്തിൽ സ്മോൾ ക്വാണ്ടിറ്റി, കൊമേഴ്സ്യൽ ക്വാണ്ടിറ്റി എന്നിങ്ങനെ തരം തിരിച്ചിട്ടുമുണ്ട്. ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശം വച്ച് പിടിക്കപ്പെട്ടാൽ കുറ്റവാളിക്ക് ജാമ്യം ലഭിക്കും. നിയമത്തിന്റെ ആനുകൂല്യം മുതലാക്കി, പലരും ചെറിയ അളവുകളിലാണ് ലഹരിവസ്തുക്കൾ വിൽപനയ്ക്കും ഉപയോഗത്തിനുമായി കൈവശം വയ്ക്കുന്നത്. ലഹരിവിരുദ്ധ നിയമപ്രകാരം  പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിൽക്കൂടി പലപ്പോഴും തെളിവുകളുടെ അഭാവം മൂലം പ്രതികൾ രക്ഷപ്പെടുന്നു.

സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ നമ്മുടെ കുട്ടികൾ ലഹരിയുടെ രുചി നുണഞ്ഞുതുടങ്ങുന്നു. ചിലർക്കെങ്കിലും സിനിമയിലെ രംഗങ്ങൾ പ്രചോദനമാകാറുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും  ഉപയോഗത്തെ പ്രകീർത്തിക്കുന്ന തരത്തിലുള്ള സിനിമകൾ വില്ലനായി മാറുന്നു. ലഹരിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പലപ്പോഴും സിനിമാ മേഖലയിലേക്കും വിരൽ ചൂണ്ടുന്നു.  

ഇന്ന് അയൽപക്കത്തെ വീട്ടിൽ നടന്ന ദുരന്തം നാളെ നിങ്ങളുടെ വീട്ടിലും സംഭവിക്കാം. നിങ്ങളുടെ മക്കളുടെ സിരകളിൽ ലഹരിയുടെ വിഷം നിറയ്ക്കാൻ കഴുകൻ കണ്ണുകളുമായി കാത്തിരിപ്പുണ്ട് നിരവധിപ്പേർ. എങ്ങനെ തടയാം, ഈ സാമൂഹികവിപത്തിനെ. ലഹരിയുടെ പിടിയിൽ പെടാതെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം. ലഹരിയുടെ നീരാളിക്കൈകളിൽനിന്ന് എങ്ങനെ അവരെ മോചിപ്പിക്കാം. തുടർന്നുള്ള പേജുകൾ വായിക്കുക.

എന്തുകൊണ്ട് കൊച്ചി?

കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമാണ് കൊച്ചി. ജനസംഖ്യയിലും  ജനസാന്ദ്രതയിലും  മറ്റ് നഗരങ്ങളേക്കാൾ ഏറെ മുന്നിൽ. ഇരുപത് ലക്ഷത്തിലധികം  ആളുകള്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന നഗരത്തിൽ ദിവസേന വന്നു പോകുന്നത് ഏകദേശം അഞ്ചു ലക്ഷത്തോളം പേര്‍. ഇതിൽ വിദേശികളും അന്യസംസ്ഥാനക്കാരും ഉൾപ്പെടുന്നു.
നഗരത്തിൽ രഹസ്യമായി നടക്കുന്ന ലഹരിമരുന്നിന്റെ

വിൽപനയും ഉപഭോഗവും പുറംലോകം അറിയുന്നതു തന്നെ പത്രവാർത്തകളിലൂടെ മാത്രമാണ്. സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ നഗരത്തിൽ പണത്തിന്റെ ഒഴുക്കിനും തടസ്സങ്ങളില്ല. രാജ്യത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ നെടുമ്പാശ്ശേരിയിൽ പിടിക്കപ്പെട്ട ലഹരിമരുന്നിന്റെ കണക്കുകൾ ഇതിനു തെളിവാണ്. ആകാശമാർഗം മാത്രമല്ല, കടൽ മാർഗവും റോഡ് മാർഗവുമെല്ലാം കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തുന്നു.

2017 നവംബർ വരെ കൊച്ചിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട നാർകോട്ടിക് കേസുകളുടെ എണ്ണം 1673 ആണ്.1597 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിക്കപ്പെട്ട വസ്തുക്കളിൽ കഞ്ചാവും ഹാഷിഷും കൊക്കെയ്നും ഹെറോയ്നും എൽ.എസ്.ഡിയും ആംപ്യൂളുകളും  ഉൾപ്പെടുന്നു. 2015ൽ 654 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ട് വർഷം കൊണ്ട് കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഇരട്ടിയിലധികമാണ്.

ലഹരിയൊഴുകുന്ന പാർട്ടികൾ

കൊച്ചിയിൽ യുവാക്കൾക്കിടയിൽ ലഹരിമരുന്നിന്റെ കൈമാറ്റവും  ഉപഭോഗവും  അധികമായി നടക്കുന്നത് ഹോട്ടലുകളിലും ഫ്ലാറ്റുകളിലും നടക്കുന്ന റേവ് പാർട്ടികൾ വഴിയാണ്. ഇത്തരത്തിൽ നടക്കുന്ന സ്വകാര്യ പാർട്ടികൾക്ക് മുൻകൂർ അനുമതി വാങ്ങണമെന്ന നിബന്ധനകളൊന്നുമില്ല. പാർട്ടികളിൽ മദ്യം വിളമ്പാൻ മാത്രമാണ് ലൈസൻസ് വേണ്ടത്. അതുകൊണ്ട് തന്നെ മദ്യത്തിന്റെ സ്ഥാനത്ത് മയക്കുമരുന്നുകൾ റേവ് പാർട്ടികളിൽ സജീവമാണ്.

വിവിധ സ്ഥലങ്ങളിൽ ഇത്തരം പാർട്ടികളിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. കോട്ടയം സ്വദേശിയെ എറണാകുളത്തു നിന്ന് പൊലീസ് പിടികൂടിയത് നൂറിലധികം എൽ.എസ്.ഡി സ്റ്റാംപുകളുമായിട്ടാണ്. ന്യൂഇയറിനു കൊച്ചിയിൽ നടന്ന റേവ് പാർട്ടികളിൽ വിതരണം ചെയ്യാനായി ഗോവയിൽനിന്നാണ് സ്റ്റാംപുകൾ എത്തിയതെന്ന് പൊലീസ് പറയുന്നു.

ഒരു സ്റ്റാംപിന് 3000 മുതൽ 5000 രൂപ വരെയാണ് വില. തപാൽ സ്റ്റാംപിന്റെ രൂപത്തിലുള്ള ഇവ നാക്കിനടിയിൽ വച്ചാണ് ഉപയോഗിക്കുന്നത്. എട്ടു മണിക്കൂർ  മുതൽ 18 മണിക്കൂർ വരെ ഇതിന്റെ ലഹരി തലയ്ക്കു പിടിക്കും. ഒരു തരത്തിലുള്ള ഗന്ധവും  ഇതിന് ഉണ്ടാകില്ല. ചിന്തയെ ഇല്ലാതാക്കി സ്വബോധം നഷ്ടപ്പെടുത്തുകയാണ് എൽ.എസ്.ഡി ചെയ്യുന്നത്.

ലഹരിയുടെ വിഷക്കൂൺ

സുഹൃത്തുക്കളുമൊത്തുള്ള മകന്റെ തുടർച്ചയായ കൊടൈക്കനാൽ യാത്രകളിൽ സംശയം തോന്നിയ അച്ഛന്റെ അന്വേഷണം ചെന്നെത്തിയത് മാജിക് മഷ്റൂം എന്ന ലഹരിവസ്തുവിൽ. കൊടൈക്കനാലിൽ ധാരാളമായി ലഭിക്കുന്ന ‘മാജിക് മഷ്റൂം’ തണുപ്പു പ്രദേശങ്ങളിൽ വളരുന്ന, ലഹരി തരുന്ന വിഷക്കൂണുകളാണ്. ശരീരത്തിലെ നാഡിവ്യൂഹത്തെ ബാധിക്കുന്ന ഈ ലഹരിവസ്തുവിന്റെ ഉപയോഗം മരണത്തിനു വരെ കാരണമാകും. മാജിക് മഷ്റൂം ചേർത്തുണ്ടാക്കുന്ന ഓംലെറ്റ് കൊടൈക്കനാലിലെ ചെറിയ കടകളിൽപോലും ധാരാളമായി വിൽക്കുന്നു. ഇവിടെയെത്തുന്ന യുവാക്കളെ കാത്ത് ഈ വിഷവുമായി ധാരാളം  ഇടനിലക്കാരുണ്ട്.