Saturday 25 June 2022 11:24 AM IST : By സ്വന്തം ലേഖകൻ

തലയോട്ടി സൂക്ഷിക്കുന്നത് വയറിനുള്ളിൽ; മസ്തിഷ്കാഘാതം സംഭവിച്ച യുവാവിന് പുതുജീവന്‍, ഓർമശക്തിയും സംസാരശേഷിയും തിരിച്ചുകിട്ടി!

aster.jpg.image.845.440

ദുബായില്‍ മസ്തിഷ്കാഘാതം സംഭവിച്ച പാക്കിസ്ഥാനി യുവാവിന് ആസ്റ്റർ ക്ലിനിക്കിലെ ചികിത്സയിലൂടെ പുതുജീവൻ. തലച്ചോറിനു പരുക്കേറ്റ യുവാവിന്റെ തലയോട്ടിയുടെ ഒരു ഭാഗം പൂർണമായും നീക്കം ചെയ്തു. നീക്കം ചെയ്ത തലയോട്ടി യുവാവിന്റെ വയറിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്.

രക്തസമ്മർദ്ദവും രക്തത്തിന്റെ ഒഴുക്കും പൂർവസ്ഥിതിയിലായാൽ തലയോട്ടി തിരികെ വയ്ക്കും. 27 വയസുള്ള നദീം ഖാൻ 7 മാസത്തെ ചികിൽസയ്ക്കു ശേഷം ആശുപത്രി വിട്ടു. തലയോട്ടി പുറത്തു സൂക്ഷിക്കുന്നതിലെ ബുദ്ധിമുട്ടു കാരണമാണ് വയറിനുള്ളിൽ സ്ഥാപിച്ചതെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ചെല്ലാദുരൈ ഹരിഹരൻ പറഞ്ഞു.

വയറിനുള്ളിലെ സാഹചര്യം തലയോട്ടി സംരക്ഷിക്കാൻ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. മസ്തിഷ്കാഘാതത്തെ തുടർന്നു നദീമിന്റെ വലതുവശം തളർന്നു. എന്നാൽ, ചികിത്സയെ തുടർന്ന് ഓർമശക്തിയും സംസാരശേഷിയും തിരിച്ചു കിട്ടി. ഖിസൈസിലെ ആസ്റ്റർ ക്ലിനിക് ഐസിയുവിലായിരുന്ന നദീമിനെ കോൺസുലേറ്റിന്റെ സഹായത്തോടെ തിരികെ നാട്ടിലെത്തിച്ചു.

കുളിമുറിയിൽ ബോധരഹിതനായി കിടന്ന നദീമിനെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മസ്തിഷ്കാഘാതത്തോടൊപ്പം അനുബന്ധ അവശതകളും ഉണ്ടായിരുന്നു. തലച്ചോറിലേക്കുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി തലയോട്ടി നീക്കം ചെയ്തതെന്നും അവർ പറഞ്ഞു.

Tags:
  • Spotlight