Monday 19 April 2021 03:30 PM IST : By സ്വന്തം ലേഖകൻ

‘ഒരാൾക്ക് കമ്പനി പൂട്ടിപ്പോയ ദു:ഖം, മറ്റൊരാൾ തീയിലൊടുങ്ങി’: വേദനിപ്പിച്ച് 4 പ്രവാസി ആത്മഹത്യകൾ: കുറിപ്പ്

suicide-nri

പ്രവാസലോകത്തെ സങ്കടപ്പെടുത്തിയ ആത്മഹത്യ വാർത്ത വേദനയോടെ പങ്കുവയ്ക്കുകയാണ് സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. നാട്ടില്‍ ഉറ്റവരുടെ അടുത്തേക്ക് കയറ്റി അയച്ച നാല് പ്രവാസി യുവാക്കളുടെ മൃതദേഹങ്ങൾ. നാലു പേരും ആത്മഹത്യയായിരുന്നുവെന്ന് അഷ്റഫ് കുറിക്കുന്നു. അതിൽ ഒരാളുടെ മരണം ജോലി ചെയ്യുന്ന സ്ഥാപനം പൂട്ടിപ്പോയതു മൂലമാണെന്നും അഷ്റഫ് പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ആ സങ്കടകരമായ വാർത്ത അഷ്റഫ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്ന് നാലു മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. നാലും #മലയാളികൾ. നാലു പേരും #ആത്മഹത്യ ചെയ്തത്. കമ്പനി പൂട്ടിപോയതാണ് ഒരാൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം. മറ്റൊരാൾ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ച് താമസിക്കുന്ന മുറിയിൽ പെട്രോൾ വാങ്ങിക്കൊണ്ട് വെക്കുകയായിരുന്നു. പെട്രോൾ എന്തിനാണ് എന്ന് എന്ന് അന്വേഷിച്ചവരോട് തന്റെ സുഹൃത്തിന്റെ വണ്ടിയിൽ ഇടയ്ക്കിടെ പെട്രോൾ തീർന്ന് വഴിയിൽപ്പെടാറുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി വാങ്ങിയതാണെന്നും പറഞ്ഞു ഒഴിക്കുകയായിരുന്നു. മുറിയിൽ ആരും ഇല്ലാത്ത സമയം നോക്കി പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു അദ്ദേഹം.

ബാക്കിയുള്ള രണ്ടുപേർ ആത്മഹത്യക്ക് തിരഞ്ഞെടുത്തതും വ്യത്യസ്തമായ വഴികളായിരുന്നു. പരിഹരിക്കാൻ കഴിയുമായിരുന്ന വിഷയങ്ങളായിരിക്കാം ഇവരെയൊക്കെ ആത്മഹത്യയിലേക്ക് നയിച്ചത്. പരിഹാരത്തിന് ശ്രമിക്കാത്തതോ പരിഹരിക്കാൻ ആരും ഇടപെടാത്തതോ ആയിരിക്കും വിഷയം വഷളാക്കിയത്. പ്രവാസ ലോകത്തെ ഒറ്റപ്പെട്ട ജീവിതം വിഷാദ രോഗങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. ആരും അന്വേഷിക്കാനില്ല എന്ന കാരണത്താൽ ലഹരിക്ക് അടിമപ്പെട്ട് ജീവിതം പാഴാക്കി കളയുന്നവരുണ്ട്. ദാമ്പത്യ ജീവിത പരാജയം കാരണം ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നവരുണ്ട്. നമ്മെ കാത്തിരിക്കുന്ന പ്രിയപ്പെട്ട മാതാവ് , പിതാവ് കുടുംബം കുട്ടികൾ എന്നിവരെ കുറിച്ച് ഓർക്കാൻ കഴിയാത്തവരാണ് ആത്മഹത്യ പരിഹാരമായി തിരഞ്ഞെടുക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ സർക്കാർ, സന്നദ്ധ, സാമൂഹിക സംഘടന സംവിധാനങ്ങൾ ഇനിയെങ്കിലും മുന്നോട്ട് വരേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.

അഷ്റഫ് താമരശ്ശേരി