Saturday 10 July 2021 03:43 PM IST

‘ഞാനിന്നേവരെ ആരെയും തല്ലിയിട്ടില്ല, ആരെയും തല്ലാൻ പറഞ്ഞിട്ടുമില്ല; എന്നിട്ടും എനിക്കൊരു ഗുസ്തിക്കാരന്റെ ഇമേജാണ്’; മനസ്സ് തുറന്ന് വി. ശിവൻകുട്ടി

V R Jyothish

Chief Sub Editor

_REE3644 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘ഞാനൊരു പണ്ഡിതനോ ബുദ്ധിജീവിയോ അല്ല. പക്ഷേ, സാധാരണക്കാരന്റെ പ്രശ്നങ്ങൾ എനിക്കു മനസ്സിലാകും’ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വീട്ടിൽ...

മുടി ചീകിവച്ച് എത്ര മറയ്ക്കാൻ ശ്രമിച്ചാലും മറയാത്ത ഒരു അടയാളമുണ്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ തലയിൽ. ഒരു ലാത്തിച്ചാർജിൽ പൊലീസിന്റെ അടിയേറ്റ് ഉണ്ടായത്. 45 വർഷത്തെ പൊതുപ്രവർത്തനത്തിൽ ഇതുപോലെ മായാത്ത അടയാളങ്ങൾ ഒരുപാടുണ്ട് മനസ്സിലും ശരീരത്തിലും.

ഒരു ദിവസം ഓടിവന്ന് മന്ത്രിക്കസേരയിൽ ഇരുന്ന ആളല്ല ശിവൻകുട്ടി. ജയിച്ചാലും തോറ്റാലും അണ്ണൻ ഒപ്പമുണ്ടെന്ന വിശ്വാസം തിരുവനന്തപുരംകാർക്കുമുണ്ട്.   

തിരുവനന്തപുരം  പെരുന്താന്നി സുഭാഷ് നഗറിലെ മുളക്കൽ വീടിന് ഗേറ്റ് പൂട്ടിയിടുന്ന ചരിത്രം പണ്ടേയില്ല. ക മ്യൂണിസ്റ്റ് പാർട്ടി താത്വികാചാര്യനായ പി. ഗോവിന്ദപിള്ള താമസിച്ചിരുന്ന വീട്. അദ്ദേഹത്തിന്റെ മരുമകനായി ഈ വീട്ടിലെക്കെത്തിയ ശിവൻകുട്ടിയും ആ പതിവ് തുടരുന്നു.

ഭാര്യ ആർ. പാർവതി ദേവിയും മകൻ ഗോവിന്ദ് ശിവനും ശിവൻകുട്ടിയുമാണ് ഇപ്പോൾ മുളക്കൽ  താമസിക്കുന്നത്. മന്ത്രി ആയതിന്റെ പ്രത്യേക ആരവവും ആവേശവുമൊന്നും ഇവിടെയില്ല. തിരക്കുകൾ പണ്ടേ ശീലമാണ് വീടിനും വീട്ടുകാർക്കും. വീട്ടിലെ ഓഫിസ് മുറിയിൽ സഹായിക്കാൻ പാ‍ർട്ടി പ്രവർത്തകരായ ദീപുവും സതീഷുമുണ്ട്. അവരൊക്കെ വർഷങ്ങളായി ശിവൻകുട്ടിയോടൊപ്പമുള്ളവരാണ്.

‘വഴുതക്കാട്ടെ റോസ് ഹൗസാണ് വിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗികവസതി. അ ങ്ങോട്ട് സാവകാശമേ മാറുന്നുള്ളു. ഇവിടെ അത്യാവശ്യം സൗകര്യങ്ങളുണ്ട്.’

വിദ്യാർഥിസംഘടനാ പ്രവർത്തനങ്ങളി ൽ ഒരുമിച്ചുണ്ടായിരുന്നു ശിവൻകുട്ടിയും  പാർവതി ദേവിയും. അന്ന് സമരമുഖത്ത് മുന്നിൽ തന്നെ ശിവൻകുട്ടിയുണ്ടാകും.  പ്രവർത്തകർക്കൊപ്പം നിന്ന് പോരാട്ടം നയിക്കുന്നതാണ് രീതി. അതുകൊണ്ട് സഖാക്കൾക്കെല്ലാം ‘ശിവൻകുട്ടിയണ്ണനോട്’ വൈകാരിക അടുപ്പവും ഏറെയായിരുന്നു. പാർട്ടിയിലെ ചില സഖാക്കളാണ് വിവാഹാലോചന കൊണ്ടുവന്നത്. അങ്ങനെ ശിവൻകുട്ടിയും പാർവതിയും ജീവിതത്തിലും സഹയാത്രികരായി.

‘ഞാനും അണ്ണാ എന്നാണു വിളിച്ചുകൊണ്ടിരുന്നത്. വിവാഹത്തിനുശേഷമാണ് ശിവൻകുട്ടി എന്ന് വിളിക്കാൻ തുടങ്ങിയത്.’ പാർവതി ചിരിക്കുന്നു. 30 വർഷത്തോളം വിവിധ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് പാർവതി. ഇപ്പോൾ പിഎസ്‌സി അംഗമാണ്.

നിർബന്ധങ്ങളും ചിട്ടകളുമുള്ള ഗൃഹനാഥനാണോ?

പാര്‍വതി: വീട്ടിൽ അദ്ദേഹം ഉള്ളതുപോലും ആരും അറിയാറില്ല. ആഹാരത്തിന്റെ കാര്യത്തിൽ ഒരു നിർബന്ധവുമില്ല. എന്തു കൊടുത്താലും കഴിക്കും. ഞങ്ങൾ പറയും രണ്ടു െവളുത്ത സാധനങ്ങളുടെ പേരിലാണ് എല്ലാ കുടുംബങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉപ്പും പഞ്ചസാരയും. കൂടിയാലും കുറഞ്ഞാലും കുറ്റമാണ്. ഇവിടെ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. കുട്ടികളെ വലിയ ഇഷ്ടമാണ്. അവരുടെ മനസ്സറിയാനുള്ള കഴിവുണ്ട്. അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് കിട്ടിയതിൽ എനിക്കുള്ള സന്തോഷം അതാണ്.

മകന്‍  ഗോവിന്ദ് സോഷ്യൽ ഡിസൈനിങ് കോഴ്സാണ് പഠിക്കുന്നത്. കുട്ടിക്കാലത്തോ മുതിർന്നപ്പോഴോ ഒരി ക്കൽ പോലും അവനെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്തിട്ടില്ല.  വഴക്ക് പറയണമെങ്കിൽ എന്നെ കൊണ്ട് പറയിക്കും. അച്ഛനോടുള്ള സ്നേഹം കുറയാൻ പാടില്ല. അമ്മയാകുമ്പോൾ പിണക്കം തോന്നില്ല  എന്നാകും ചിന്ത.

സംസാരിച്ചിരിക്കെ ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബ ന്ധപ്പെട്ട രണ്ട് മീറ്റിങ്ങുകൾ കഴിഞ്ഞ് മന്ത്രി എത്തി. അടുത്ത മീറ്റിങ്ങിനു മുൻപുള്ള ഇടവേളയിലാണ് ‘വനിത’യോടു സംസാരിക്കാനിരുന്നത്.

വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ കുട്ടികൾക്ക് എന്തു പ്രതീക്ഷയാണ് നൽകാൻ കഴിയുന്നത്?

അടിസ്ഥാന സൗകര്യവികസനത്തിൽ നമ്മുടെ സ്കൂളുക ൾ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഇനി വിദ്യാഭ്യാസനിലവാരം ഉയർത്തുക എന്നതിലാകും ശ്രദ്ധ. ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കുട്ടികളെ പ്രാപ്തരാക്കണം.

ഇന്റർനെറ്റ് സൗകര്യവും ടെലിവിഷനോ മൊബൈൽഫോണോ ഒന്നും ഇല്ലാത്തവരും ധാരാളമുണ്ട്. അവരുടെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കും. വികസിതരാജ്യങ്ങളിലേതിന് തുല്യമായ വിദ്യാഭ്യാസമാണ് ലക്ഷ്യം.  

ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയുന്നുണ്ടോ?

വിദ്യാഭ്യാസവകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം എ ന്നെ ഒരുപാട് കുട്ടികൾ വിളിക്കുന്നുണ്ട്. വളരെ നിഷ്കളങ്കമാണ് അവരുടെ ആവശ്യങ്ങൾ. പലർക്കും ഫോൺ ഇല്ല. ചിലർക്ക് സ്ഥലത്ത് റെയ്ഞ്ച് ഇല്ല. ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത് ഇത്തരം ചില പ്രതിസന്ധികൾ ഉണ്ട്. ഇവയൊക്കെ പരിഹരിച്ചു മുന്നോട്ടു പോകണം.

വിദ്യാഭ്യാസവകുപ്പ് ഒരു പ്രയാസമായി തോന്നുന്നുണ്ടോ?

അതില്ല, പക്ഷേ, എനിക്ക് വിദ്യാഭ്യാസവകുപ്പ് കിട്ടിയതിൽ കുറച്ചാളുകൾക്ക് പ്രയാസം ഉള്ളതായി തോന്നുന്നുണ്ട്. അവരാണ് ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ട്രോളന്മാരെയൊക്കെ അവർ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വകുപ്പുകൾ തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി ഏതു ജോലി ഏൽപ്പിച്ചാലും അത് ആത്മാർഥതയോടും അച്ചടക്കത്തോടെയും ചെയ്യും. 45 വർഷത്തെ പാർട്ടി പ്രവർത്തനത്തിൽ ഒരു ശാസനയ്ക്കുള്ള ഇട പോലും ഉണ്ടാക്കിയിട്ടില്ല. പാർട്ടി എന്റെ ജീവവായുവാണ്. എന്നെ വിധിക്കാനുള്ള അധികാരവും പാർട്ടിക്കാണ്. പാർട്ടി അച്ചടക്കവും പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തവും ആണ് പ്രധാനമെന്നാണ് എന്റെ വിശ്വാസം.  

_REE3710

സോഷ്യൽമീഡിയയുടെ ആക്രമണം താങ്കൾക്കു േനരെയാണു കൂടുതലും. ഇത് വിഷമിപ്പിക്കാറുണ്ടോ?

ഞാനൊരു സാധാരണ മനുഷ്യനാണ്. പണ്ഡിതനോ ബുദ്ധിജീവിയോ അല്ല. ഓരോ ആളിനും ഓരോ സംസാര ശൈലിയുണ്ട്. നാവുപിഴ ഏതൊരാളിനും വരാം. സ്വാഭാവികം. അതാണ് ചിലർ ആഘോഷിക്കുന്നത്.

വിമർശിക്കുമ്പോൾ ജനാധിപത്യ മര്യാദ പാലിക്കണം എന്നേ ഞാൻ പറയുന്നുള്ളൂ. മറ്റുള്ളവരെ വിമർശിക്കേണ്ടി വരുമ്പോൾ ജനാധിപത്യമര്യാദ സൂക്ഷിക്കുന്ന ആളാണു ഞാൻ. സാധാരണ മനുഷ്യരോടൊപ്പമാണ് ഞാൻ ജീവിക്കുന്നത്. അതാണ് ധൈര്യവും. എന്നെ വിമർശിച്ച് ഇല്ലാതാക്കാനൊന്നും ഇവർക്ക് കഴിയില്ല.    

ശിവൻകുട്ടി കോടിക്കണക്കിനു രൂപ മുടക്കി വീടു വച്ചു എന്ന ആരോപണത്തെക്കുറിച്ച് ?

ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് പാർവതിയുടെ അമ്മ ലോണെടുത്ത് വച്ച വീട്ടിലാണ്. സ്വന്തമായി ഒരു വീട് വയ്ക്കണം എന്നു വിചാരിച്ചപ്പോൾ ഞങ്ങൾ തീരുമാനിച്ചു.  നഗരത്തിൽ നിന്നു അകലെ നല്ല പച്ചപ്പുള്ള സ്ഥലത്ത് മതി എന്ന്. അങ്ങനെയാണ് വെള്ളായണി കായലിനടുത്ത് 20 സെന്റ് സ്ഥലം വാങ്ങി വീടുവയ്ക്കുന്നത്.  

നിങ്ങളുടെ മാസികയിൽ തന്നെ ആ വീടിനെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ? കോസ്റ്റ് ഫോർഡാണ് ആ വീടു വച്ചത്. സിമന്റ്, കമ്പി, പെയിന്റ് ഈ മൂന്നു സാധനങ്ങളും ഉപയോഗിച്ചിട്ടില്ല. മുളയും മണ്ണുമാണ് ഉപയോഗിച്ചത്. 30 ലക്ഷത്തിൽ താഴെയാണ് ആ വീടിനു ചെലവായത്. ഒരു ശരാശരി വീടിന്റെ ചെലവ്, ശിവൻകുട്ടിയുടെ വീടായപ്പോൾ അതിന് കോടികളുടെ വിലയായി.

എന്തുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ?

എനിക്ക് അറിഞ്ഞുകൂടാ. എന്നെ ഇല്ലാതാക്കാൻ എത്രയോ തവണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പൊലീസ് മർദനം,  ലോക്കപ്, കേസുകൾ അതൊക്കെ പൊതുപ്രവർത്തനത്തിന്റെ ഭാഗമാണ്. അങ്ങനെ നോക്കുമ്പോൾ ഇതൊന്നും വലിയ കാര്യങ്ങളല്ല. ‘തീയിൽ കുരുത്തതാണ് വെയിലത്തു വാടും’ എന്നു കരുതരുത്.

എന്തുകൊണ്ടാണ് ഒരു ദേഷ്യക്കാരന്റെ ഇമേജ്?

നിങ്ങൾ ഉദ്ദേശിച്ചത് ദേഷ്യക്കാരന്റെ എന്നല്ല എന്തുകൊണ്ടാണ് ഒരു ഗുണ്ടയുടെ ഇമേജ് എന്നല്ലേ? അതിന്റെ കാരണം എനിക്ക് അറിഞ്ഞുകൂടാ. ഞാനിന്നേവരെ ആരെയും തല്ലിയിട്ടില്ല. ആരെയും തല്ലാൻ പറഞ്ഞിട്ടുമില്ല.

എന്നിട്ടും എനിക്കൊരു ഗുസ്തിക്കാരന്റെ ഇമേജാണ് ചിലർ ചാർത്തിതന്നിട്ടുള്ളത്. ഒരു സർട്ടിഫിക്കറ്റിനുവേണ്ടി സാധാരണക്കാരൻ ചില ഓഫിസുകളിൽ പോയാൽ അത് കിട്ടില്ല. ഒരുപാട് സാങ്കേതികകാര്യങ്ങൾ പറയും. അയാൾ പരാ  തിയുമായി എന്നെ കാണാൻ വരും. ഞാൻ നേരിട്ട്  ഓഫിസിൽ പോയി ചോദിക്കും. എന്താണു പ്രശ്നം? ചിലർക്ക് കൈക്കൂലി കിട്ടാത്തത് ആകും കാര്യം. എല്ലാ ഉദ്യോഗസ്ഥരും മോശക്കാരെന്ന് ഇപ്പറഞ്ഞതിന് അർഥമില്ല. അങ്ങനെ എന്തെങ്കിലും കാരണമാണെന്ന് ബോധ്യപ്പെട്ടാൽ പിന്നെ, എന്താണ് ചെയ്യേണ്ടത്. അയാളെക്കൊണ്ട് അപ്പോൾ തന്നെ സർട്ടിഫിക്കറ്റ് എഴുതിപ്പിക്കും. അതു ഗുണ്ടായിസമാണോ, അതോ പാവപ്പെട്ട ഒരാളെ സഹായിച്ചതാണോ?  

പ്രവേശനോത്സവവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങൾ ?

മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകർ വീടുകളിലെത്തി ക്കണമെന്നു പറഞ്ഞപ്പോൾ ഒരു വിഭാഗം അതിനെ വിമർശിച്ചു. ഒന്നാലോചിച്ചു നോക്കൂ. അധ്യാപകർ വീട്ടിൽ വരുമ്പോൾ കുട്ടികൾക്കുള്ള സന്തോഷം. പിന്നെ, അധ്യാപകർക്ക് കുട്ടികളുടെ വീട്ടിലെ അവസ്ഥ നേരിട്ട് മനസ്സിലാക്കാൻ കഴിയില്ലേ? ഏതു ജീവിതപശ്ചാത്തലത്തിൽ നിന്നാണ് ഒരു കുട്ടി വരുന്നത് എന്നറിഞ്ഞാൽ തീർച്ചയായും അധ്യാപകർക്ക് അവരെ സഹായിക്കാൻ കഴിയും. അതൊന്നും ഓർക്കാതെയാണു വിമർശനം.

കുട്ടികൾ സ്കൂളിൽ വരുന്നില്ലെങ്കിലും ഒരു വിദ്യാർഥി യും പട്ടിണി കിടക്കാൻ പാടില്ല. പാഠപുസ്തകം ഇല്ലാത്തതുകൊണ്ട് ഒരു കുട്ടിയുടെയും വിദ്യാഭ്യാസം മുടങ്ങാനും പാടില്ല. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിമർശനങ്ങൾ നല്ലതാണെങ്കിൽ ഉൾക്കൊള്ളും. അല്ലെങ്കിൽ തള്ളിക്കളയും. അങ്ങനെ മാത്രമേ ഏതൊരു സർക്കാരിനും മുന്നോട്ടു പോകാൻ കഴിയൂ.

വിദ്യാർഥി പ്രസ്ഥാനത്തിൽ തുടക്കം

തിരുവനന്തപുരം നഗരത്തോട് തൊട്ടുകിടക്കുന്ന  ഗ്രാമമായ ചെറുവയ്ക്കലാണ് നാട്. പാരമ്പര്യത്തിന്റെ പടവിറങ്ങി വന്നതാണ് ശിവൻകുട്ടിയുടെ രാഷ്ട്രീയബോധം. അച്ഛൻ എം. വാസുദേവൻ പിള്ള സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്നു പ്രവർത്തനം തുടങ്ങി. നഗരത്തിലെ സ്റ്റാച്യു ജംക്‌ഷനിലെ വാസുദേവൻ പിള്ളയുടെ കടയിലെ പതിവ് സന്ദർശകരായിരുന്നു മുതിർന്ന നേതാക്കളായ എം. എൻ ഗോവിന്ദൻ നായരും കെ. സി. ജോർജുമെല്ലാം. പാർട്ടി പ്രവർത്തകരുടെ കൂട്ടായ്മയ്ക്കുള്ള വേദി ആയിരുന്നു അന്ന് വാസുദേവൻ പിള്ളയുടെ കട.

_REE3695

അടിയന്തരാവസ്ഥക്കാലത്ത് ചെമ്പഴന്തി ശ്രീനാരായണ കോളജിൽ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു ശിവൻകുട്ടി.  തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദമെടുത്തു. പിന്നീട് പാർട്ടി നിർദേശമനുസരിച്ച് പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായി. ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റായി തിളങ്ങിയ ശിവൻകുട്ടി കോർപ്പറേഷൻ ഭരണരംഗത്തേക്കുമെത്തി. മേയറായ സമയത്താണ്  ‘ക്ലീൻ സിറ്റി ഗ്രീൻ സിറ്റി’ പോലെയുള്ള പദ്ധതികൾ നടപ്പാക്കുന്നത്.

സാംബശിവൻ കഥ പറയുമ്പോൾ

മൂന്നു ദൗർബല്യങ്ങളുണ്ട് ശിവൻകുട്ടിക്ക്. പാർട്ടി, ഫുട്ബോൾ, സാംബശിവന്റെ കഥാപ്രസംഗം. വർഷം കഴിയുംതോറും ഈ മൂന്നുകാര്യങ്ങളിലുമുള്ള ഇഷ്ടം കൂടുന്നതേയുള്ളൂ. തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ മുൻ പ്രസി‍ഡന്റാണ് ശിവൻകുട്ടി.

സാംബശിവന്റെ കഥാപ്രസംഗം കേൾക്കാൻ കിട്ടിയ അവസരമൊന്നും നഷ്ടപ്പെടുത്തിയിട്ടില്ല. ഇപ്പോൾ കഥാപ്രസംഗം കേൾക്കാൻ യുട്യൂബാണ് ആശ്രയം. സിനിമ കുടുംബസമേതം തിയറ്ററിൽ തന്നെ പോയി കാണും. ലോക്‌ഡൗണിനു മുൻപു വരെ തിരക്കിനിടയിലും പുതിയ സിനിമകൾ കാണാൻ സമയം കണ്ടെത്തുമായിരുന്നു.

Tags:
  • Spotlight