Wednesday 26 September 2018 11:11 AM IST

ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുമ്പോഴും സൗഹൃദത്തിന്‍റെ കാര്യത്തില്‍ ഒറ്റക്കെട്ടായ രണ്ടു എംഎൽഎമാരുടെ കഥ

Roopa Thayabji

Sub Editor

eldo4
ഫോട്ടോ: ശ്യാം ബാബു

‘വിഘടനവാദികളും പ്രതിക്രിയാവാദികളും  പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍.’ ഒാര്‍മയില്ലേ, പാര്‍ട്ടി ക്ലാസില്‍  ശങ്കരാടി പറയുന്ന ആ കിടിലന്‍ ഡയലോഗ്. അന്നും ഇന്നും എന്നും ഇടതുപക്ഷവും വലതുപക്ഷവും തീർത്തും എതിർചേരികളാണെങ്കിലും ഇവിടെയിതാ രണ്ടുേപര്‍. ഞങ്ങൾക്കിടയിലുള്ളത് സൗഹൃദത്തിന്റെ ചേരിയാണെന്ന് ഉറക്കെ പറയുന്നവര്‍. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നു വിജയിച്ച് നിയമസഭയിലെത്തിയ യുഡിഎഫ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയും മൂവാറ്റുപുഴയിൽ നിന്നു വിജയിച്ചെത്തിയ എൽഡിഎഫ് എംഎല്‍എ എല്‍ദോ എബ്രഹാമും. ഒന്നിച്ച് നിയമസഭയിലെത്തി ഭരണപക്ഷത്തും പ്രതിപക്ഷത്തും മാറിയിരിക്കുമെങ്കിലും ഇവരുടെ സൗഹൃദത്തിനും രാഷ്ട്രീയത്തിനും രണ്ടു പതിറ്റാണ്ടിലേറെയുള്ള കഥയുണ്ട്.

ആദ്യമായി കണ്ടുമുട്ടിയത്...

എൽദോസ് കുന്നപ്പള്ളി: കോളജ് കാലത്തായിരുന്നു അത്. കണ്ടതേയുള്ളൂ, പരസ്പരം മുട്ടിയിട്ടില്ല. ഞാൻ കെഎസ്‌യുവിന്റെയും എൽദോ എഐഎസ്എഫിന്റെയും നേതാക്കളായിരുന്നു. മുദ്രാവാക്യങ്ങളിലൂടെ പരസ്പരം നേരിട്ടിട്ടുണ്ട്. 1995– 96 ആണ് കാലം. ക്യാംപസ് രാഷ്ട്രീയം കത്തിനി ൽക്കുന്നു. മൂവാറ്റുപുഴ നിർമല കോളജിലാണ് ഞാൻ പഠിച്ചത്. എൽദോ കോലഞ്ചേരി സെന്റ്പീറ്റേഴ്സിലും. അന്നു മുതലുള്ള സൗഹൃദമുണ്ട്. 23 വർഷത്തെ കൂട്ട്.

എൽദോ എബ്രഹാം: നിർമല കോളജിൽ ഞാൻ ചെല്ലുമ്പോൾ കോലഞ്ചേരി കോളജിലെ കെഎസ്‌യു പ്രവർത്തനങ്ങൾക്കായി എൽദോസ് പോകും. ആറ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ജയിച്ചയാളാണ് എൽദോസ്, ചെയർമാൻ, മാഗസിൻ എഡിറ്റർ ഒക്കെ ആയി. കെഎസ്‌യു, എസ്എഫ്ഐ യൂണിയനുകൾ പരസ്പരം പോരടിക്കുമ്പോൾ എഐഎസ്എഫിന്റെ ബാനറിൽ വിജയിച്ചാണ് ഞാൻ കളത്തിലിറങ്ങിയത്.

വിജയരഹസ്യം; അതു രഹസ്യം

എൽദോസ് കുന്നപ്പള്ളി: പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന എനിക്ക് യാദൃച്ഛികമായാണ്  2010 ല്‍ ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് ലഭിച്ചത്. അതിലും അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി. അതായിരുന്നു നിയമസഭയിലേക്കുള്ള എന്റെ മേൽവിലാസം. വ്യക്തിപരമായ ആരോപണമുന്നയിക്കാതെ വോട്ടു പിടിക്കുന്നതാണ് ഞങ്ങളുടെ നയം. 100 വോട്ടാണ് ആകെയെങ്കിൽ 50 പോലും വേണ്ട ജയിക്കാൻ. അതാണ് ഓർക്കേണ്ടത്.  ക്യാംപസിൽ ഇലക്‌ഷൻ ഫലം പുറത്തുവന്നാൽ അടി ഉറപ്പാണ്. പലവട്ടം കിട്ടിയിട്ടുണ്ട്. അടിച്ചവരെ ആരെയും തിരി ച്ചു തല്ലിയിട്ടില്ല. ആരോഗ്യമില്ലാത്തതുകൊണ്ടല്ല, മനസ്സുവരാഞ്ഞിട്ടാണ്. അടിച്ചവരൊക്കെ നിയസഭാ തെരഞ്ഞെടുപ്പി ൽ നമുക്കു വേണ്ടി വോട്ടുപിടിക്കാൻ വന്ന അനുഭവവുമുണ്ട്. ചെറിയ മധുരപ്രതികാരം.

എൽദോ എബ്രഹാം: രണ്ടുതവണ പഞ്ചായത്തു മെമ്പറായിരുന്നു. പോൾ ചെയ്ത വോട്ടിന്റെ 80 ശതമാനം നേടിയാണ് ആദ്യവട്ടം വിജയിച്ചത്. നിയമസഭാ സ്ഥാനാർഥിത്വം ല ഭിച്ചപ്പോൾ അടുത്ത സുഹൃത്തുക്കൾ പോലും പരാജയം മു ന്നിൽ കണ്ടിരുന്നു. പക്ഷേ, ഞാൻ ആത്മവിശ്വാസത്തോടെ നിന്നു. ഒരു ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം നേടിയാണ് ജയിച്ചത്. തിരഞ്ഞെടുപ്പിൽ അസാധ്യമായി ഒന്നുമില്ല. ഞാ ൻ ചാക്ക ഗവ.ഐടിഐയിൽ പഠിക്കുന്ന കാലം. അവിടെ പതിവായി ജയിക്കുന്നത് എസ്എഫ്ഐയും  എബിവിപിയുമാണ്. ഇന്റർ ഐടിഐ മത്സരത്തിൽ 40 വർഷത്തെ ചരിത്രത്തിലാദ്യമായി ഞാൻ വിജയിച്ചു. എനിക്കുശേഷം ആരും ജയിച്ചിട്ടുമില്ല.
വോട്ടറുടെ മനസ്സറിയുന്നതാണ് പഠിക്കേണ്ട കാര്യം.അത് ക്യാംപസിൽ നിന്നാണ് കിട്ടിയത്. വലിയ നേതാക്കൾ പലരെയും പേരെടുത്തു വിശേഷം തിരക്കുന്നതു കണ്ട് അ ത്ഭുതം തോന്നിയിട്ടുണ്ട്. ഇത്ര വർഷത്തെ പരിചയം കൊണ്ട് ഇപ്പോൾ ആയിരക്കണക്കിനു ആളുകളുടെ മുഖങ്ങളും പേരുകളും ഞങ്ങൾക്കും ഓർമയുണ്ട്.

eldo2

വീടും വീട്ടുകാരും രാഷ്ട്രീയവും

എൽദോസ് കുന്നപ്പള്ളി: കൊപ്ര കച്ചവടമായിരുന്നു പപ്പ പൗലോസിന്. അമ്മ മേരി വീട്ടമ്മ. ചേച്ചി  ആശയും അനിയൻ ആഷ്‌ലിയും വീട്ടിലുണ്ട്. വല്യ കുരുത്തക്കേടായിരുന്നു ഞാനന്ന്. പച്ചിരുമ്പിൽ ചെമ്പുകമ്പി ചുറ്റി വൈദ്യുതി കടത്തിവിട്ടാൽ കാന്തമായി തീരുമെന്ന് സാർ പറഞ്ഞതു പരീക്ഷിച്ച് വീട്ടിലെ സകല ഇലക്ട്രിക് ഉപകരണങ്ങളും കേടാക്കിയിട്ടുണ്ട്. കൊപ്ര കളത്തിലേക്ക് തേങ്ങ പൊതിച്ചു കൊടുത്ത് കിട്ടിയ കൂലി യായിരുന്നു ആദ്യത്തെ പോക്കറ്റ്മണി. അഞ്ചാം ക്ലാസിൽ വച്ച് മാറാടി മാർ ഗ്രിഗോറിയസ് യാക്കോബായ പള്ളിയിൽ മണിയടിക്കാൻ ചേർന്നു, 10 രൂപയാണ് ശമ്പളം. 13 വർഷം ആ ജോലി ചെയ്തു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷനെടുത്തു തുടങ്ങി, പത്രമിടാനും പോകും. കോളജിൽ പഠിക്കുന്ന കാലത്ത് മൂവാറ്റുപുഴ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുമായിരുന്നു. പിന്നീട് ചിട്ടി കൂടി ഒരു ഓട്ടോറിക്ഷ വാങ്ങി. സമ്പാദിച്ച് സമ്പാദിച്ച് അവസാനം എട്ട് ഓട്ടോറിക്ഷകളുടെ ഉടമയായി.

ഇടയ്ക്കൊരു ട്വിസ്റ്റ് ഉള്ളത് പത്താംക്ലാസിലാണ്. പപ്പയുടെ മദ്യപാനം വല്ലാതെ അലട്ടിയതോടെ ഞാൻ നാടുവിടാൻ തീരുമാനിച്ചു. എറണാകുളത്തുനിന്ന് ട്രെയിനിൽ കയറി എങ്ങോട്ടെങ്കിലും പോകാനാണ് പ്ലാൻ. ബസിലിരുന്നപ്പോൾ സിസ്റ്റർ അലോഷിയെ കാണണമെന്നു മോഹം. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ തൊട്ടടുത്ത് തന്നെയാണ് സിസ്റ്റർ താമസിച്ചിരുന്ന മഠം. അവിടെ പോയി സിസ്റ്ററെ കണ്ടു. ‘പുസ്തകമൊക്കെയായി എങ്ങോട്ടാ’ എന്ന ചോദ്യത്തിനു  പൊട്ടിക്കരച്ചിലായിരുന്നു മറുപടി. പിന്നെ ടീച്ചർ വിട്ടില്ല. പരീക്ഷ തീരും വരെ ക്ലാസ്മുറിയിലാണ് കിടന്നത്. സ്കൂളാണ് എന്റെ ജീവിതത്തിൽ നിർണായക സ്ഥാനം വഹിച്ചതെന്നു മിക്കപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് രണ്ടാമത്തെ മോന് സെബാസ്റ്റ്യൻ എന്നു പേരിട്ടു. സ്കൂൾ നിൽക്കുന്ന മണ്ഡലത്തിൽ മത്സരിച്ചു വിജയിക്കാനുള്ള ഭാഗ്യവും കിട്ടി.

എൽദോ എബ്രഹാം: അച്ഛന്റെ സഹോദരിയും അച്ഛൻ എബ്രഹാമും അമ്മ ഏലിയാമ്മയും ഞങ്ങൾ നാലു മക്കളും ചേർന്ന് വീടിനോടു ചേർന്ന് ഹോട്ടൽ നടത്തിയിരുന്നു. പാചകവും വിളമ്പലും കാശ് വാങ്ങലുമൊക്കെ ഞങ്ങൾ തന്നെ. രാവിലെ അഞ്ചിനുണർന്ന് പാലു വാങ്ങാൻ പോകുന്നതോടെ എന്റെ ഡ്യൂട്ടി തുടങ്ങും. പോയി വന്നാൽ ചായയെടുക്കലും മേശ തുടപ്പും. പച്ചക്കറി, പലചരക്ക് എന്നിവ വാങ്ങി വന്ന ശേഷം സ്കൂളിലേക്ക്. ഉച്ചയ്ക്ക് ഇടവേളയിലും ഹോട്ടലിൽ സഹായിക്കും. ഹോട്ടലിനോടു ചേർന്നുള്ള ചാരായ ഷാപ്പിലേക്ക് മണ്ണൂരിലെ മെയിൻ ഷാപ്പിൽ നിന്ന് ചാരായം വാങ്ങിവരേണ്ടതും എന്റെ ഡ്യൂട്ടിയായിരുന്നു.

ജോലി ചെയ്യാൻ മടിയായിട്ട് ഞാനൊരു കുബുദ്ധി കാണിച്ചു. അടുത്തുള്ള പറമ്പിലെ മടയിൽ ഒളിച്ചിരുന്നിട്ട് രാത്രിയാണ് തിരിച്ചു കയറിയത്. വീട്ടിൽ എല്ലാവരും പേടിച്ചു. കുറേ വഴക്കുകിട്ടിയെങ്കിലും പിറ്റേന്നു മുതൽ പഴയപടിയായി. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഞാനും സുഹൃത്തും കൂടി നാടുവിടാൻ തീരുമാനിച്ചു. ജീവിതത്തിലാദ്യമായി ട്രെയിനും റെയിൽവേ സ്റ്റേഷനുമൊക്കെ കാണുന്നത് ആലുവ റെയിൽവേ സ്റ്റേഷനിൽ ചെന്നിരിക്കുമ്പോഴാണ്. ഇടയ്ക്ക് അമ്മയുടെ മുഖം ഓർമ വന്നു. ആകെ കരഞ്ഞുവിഷമിച്ച് രാത്രി തന്നെ മടങ്ങിപ്പോന്നു.

കുറച്ചുകാലത്തിനുള്ളിൽ സാമ്പത്തിക ബാധ്യത കാരണം അച്ഛൻ വീടും കടയുമൊക്കെ വിറ്റു. പഴയ വീട് പൊളിച്ചുകിട്ടിയ കല്ലും കട്ടിളയുമൊക്കെ വച്ച് വയലിറമ്പിലെ സ്ഥലത്ത് വീടുവച്ചു. ചേച്ചി നഴ്സ് ജോലിക്കായി വിദേശത്തു പോയി. ചേച്ചിയുടെ വിവാഹം കഴിഞ്ഞതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. അവർ എന്‍റെ  രാഷ്ട്രീയജീവിതത്തിനു തണലായി. പക്ഷേ, കുറച്ചു വർഷത്തിനു ശേഷം അളിയൻ ആത്മഹത്യ ചെയ്തു. അവരുടെ ഒന്നര വയസ്സും മൂന്നു വയസ്സുമുള്ള മക്കളുെട ചുമതല എനിക്കായി. ഇപ്പോൾ മോൻ ക്രിസ്റ്റിൻ വർഗീസ് ബാബു എംബിബിഎസിനു പഠിക്കുന്നു, മോൾ ക്രിസ്റ്റീന മറിയം ബാബു ഡിഗ്രി കഴിഞ്ഞു. സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ ഞാൻ താമസിക്കുന്നത്.

രാഷ്ട്രീയം; അതാണല്ലോ കര്‍മമണ്ഡലം

എൽദോസ് കുന്നപ്പള്ളി: രാഷ്ട്രീയത്തോട് താത്പര്യവും മോഹവും തോന്നിത്തുടങ്ങിയ കാലത്ത് ഏറെ സ്വാധീനിച്ചവർ ലീഡർ കെ. കരുണാകരനും എ.കെ. ആന്റണിയുമാണ്. ആന്റണിയുടെ സത്യസന്ധതയും ആദർശശുദ്ധിയും ലീഡറുടെ സ്പീഡും. അവരായി എന്റെ റോൾമോഡൽസ്. ഇടതുപക്ഷത്തെ ഇ.കെ. നായനാരെയും വലിയ ഇഷ്ടമായിരുന്നു.

എൽദോ എബ്രഹാം: പത്താംക്ലാസിൽ പഠിക്കുന്ന സമയത്ത് ശരീരം മുഴുവൻ വ്രണം വന്ന് കിടപ്പിലായി. ചികിത്സിക്കാൻ പണമില്ല. അച്ഛമ്മയാണ് ഇടയ്ക്കു ചില നാട്ടുമരുന്നുകളൊക്കെ തന്നിരുന്നത്. വീടിനു മുന്നിലൂടെ പണിക്കുപോയിരുന്ന ഗോപാലേട്ടനാണ് എന്നെ വൈദ്യരുടെയടുത്ത് കൊണ്ടുപോയത്. ആ മനുഷ്യനാണ് സേവനത്തിന്റെ ആദ്യപാഠം പഠിപ്പിച്ചത്. ചെറുപ്പത്തിൽ അത്‌ലറ്റാകണം എന്നായിരുന്നു മോഹം. എന്നും ഓടാൻ പോകും. എംജി യൂണിവേഴ്സിറ്റിയുടെയും ഇന്റർ ഐടിഐയുടെയും മീറ്റുകളിൽ പതിനായിരം മീറ്റർ ഓട്ടത്തിന് മെഡൽ നേടിയിട്ടുണ്ട്. ഇത്തവണ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലും പങ്കെടുത്തു. ബിനോയ് വിശ്വമാണ് എനിക്കിഷ്ടപ്പെട്ട രാഷ്ട്രീയനേതാവ്. മുൻമന്ത്രി ഇന്ദ്രജിത് ഗുപ്തയെയും ഇപ്പോഴുള്ള എംഎൽഎമാരിൽ വി.എസ് സുനിൽകുമാറിനെയും പി. രാജീവിനെയും വലിയ ഇഷ്ടമാണ്.

eldos3

വോട്ട് കിട്ടുന്ന വഴികള്‍

എൽദോ എബ്രഹാം: പത്താക്ലാസിൽ പഠിക്കുമ്പോൾ എഐഎസ്എഫ് സ്ഥാനാർഥിയായി മത്സരിച്ചു. നാമനിർദേശക സഹപാഠിയായ അനിതയും പിൻതാങ്ങിയത് മറ്റൊരു എൽദോയുമാണ്. വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ആകെ കിട്ടിയത് രണ്ടു വോട്ട്. ഞാൻ ടീച്ചറിന്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു. എല്‍ദോയാേണാ അനിതയാേണാ എനിക്ക് വോട്ടു ചെയ്യാതിരുന്നത് എന്ന് ഏെറക്കാലം  അലട്ടിയ ചോദ്യമാണ്. വർഷങ്ങൾക്കു ശേഷം പത്താംക്ലാസ് ബാച്ചിന്റെ 25ാം വർഷ സംഗമം നടക്കുമ്പോൾ അനിത വെളിപ്പെടുത്തി, ‘അന്ന് വോട്ട് ചെയ്യാതിരുന്നത് ഞാനായിരുന്നു.’

എൽദോസ് കുന്നപ്പള്ളി: പ്രീഡിഗ്രിക്ക് ആകെ 102 പേർ പഠിച്ച ക്ലാസിൽ നിന്ന് 100 വോട്ടും പിടിച്ചിട്ടുണ്ട്. എന്താ കാര്യമെന്നറിയാമോ, ബാക്കി രണ്ടുപേർ ആൺകുട്ടികളായിരുന്നു. ഒരു ഏറ്റുപറച്ചിലിന്റെ അനുഭവം എനിക്കുമുണ്ട്. 1997 ൽ കോളജിലെ മാഗസിൻ എഡിറ്ററായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പെൺകുട്ടികളുടെ ഭാഗത്തു നിന്ന് ഒരു മുട്ട പാഞ്ഞു വന്ന് എന്റെ നെറ്റിയിൽ കൊണ്ട് പൊട്ടി. വർഷങ്ങൾക്കു ശേഷം പൂർവ വിദ്യാർഥി സംഗമത്തിന് സഹപാഠിയായിരുന്ന അരുൺ ആ സത്യം വെളിപ്പെടുത്തി, ‘ഞാനാണ് അന്ന് മുട്ടയെറിഞ്ഞത്.’

പ്രണയത്തിന്‍റെ വഴികള്‍

എൽദോസ് കുന്നപ്പള്ളി: ലോ അക്കാദമിയിൽ പഠിക്കുമ്പോൾ ഒരു കുട്ടിയെ ഇഷ്ടമായിരുന്നു. ആറേഴു വർഷം മനസ്സിൽ കൊണ്ടുനടന്നു. പിന്നീടു കേട്ടത് അവളുടെ വിവാഹമാണെന്നാണ്, നല്ല അസ്സൽ പ്രണയവിവാഹം. കല്യാണം കഴിഞ്ഞ് അവൾ വന്നപ്പോൾ പഴയതു പോലെ തന്നെ പെരുമാറുന്നു. ആ ദേഷ്യത്തിൽ എഴുതിയതാണ് ‘വഞ്ചകി’ എന്ന കവിത. കവിയാകാൻ വേണ്ടി ജുബ്ബയും സഞ്ചിയും  കണ്ണടയും  പതിവുവേഷമാക്കിയിട്ടുണ്ട്. അന്നുമുതൽ എഴുതിയ കവിതകളൊക്കെ ചേർത്ത് ‘എന്റെ ഭ്രാന്തി’ എന്ന കവിതാപുസ്തകം പുറത്തിറക്കി.

എൽദോ എബ്രഹാം: പ്രണയിക്കാനുള്ള സാഹചര്യമില്ലായിരുന്നു. ക്യാംപസിലും ക്ലീൻ ഇമേജായിരുന്നു. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തായിരുന്നു അനിയത്തി അസുഖം വന്നു മരിച്ചത്. അതിനു ശേഷം ജീവിതത്തെ സീരിയസായി കാണാൻ തുടങ്ങി. തീവ്രമായി പ്രണയിക്കുമ്പോൾ അഡിക്ഷനായി പിന്നീട് ഡിപ്രഷനാകുമെന്ന ചിന്തയാണ്. ഡിപ്രഷൻ സഹിക്കാനാകാതെ രണ്ടുമൂന്നു തവണ മനോരോഗ ചികിത്സകനെ കണ്ടിട്ടുമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ പരീക്ഷണത്തിനില്ല.
വിവാഹത്തിന്‍റെ സമയം

എൽദോ എബ്രഹാം: ക്രിസോസ്റ്റം തിരുമേനിയുടെ ഒരു കഥയുണ്ട്. ഒരിക്കൽ തിരുമേനിയെ കാണാൻ വന്ന ഒരു അമ്മ പരാതി പറഞ്ഞു, ‘മകന് സ്വർഗത്തിലും നരകത്തിലുമൊന്നും വിശ്വാസമില്ല.’ ‘എങ്കിൽ വിവാഹം കഴിപ്പിക്കൂ, അപ്പോൾ നരകത്തിലെങ്കിലും  വിശ്വാസം വരും’ എന്നായിരുന്നു തിരുമേനിയുടെ മറുപടി. എനിക്കു 41 വയസ്സായി. നേരത്തേ വിവാഹത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോൾ ആലോചനകളുടെ ഒഴുക്കാണ്. ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ദ്രജിത് ഗുപ്ത വിവാഹം കഴിച്ചത് 60 വയസ്സിനു ശേഷമാണ്. അദ്ദേഹത്തിനു മക്കളുമുണ്ട്. എന്റെ സമയമാകുന്നതേ ഉള്ളൂ.

എൽദോസ് കുന്നപ്പള്ളി: സ്കൂൾ ഓഫ് ഇന്ത്യൻ തോട്ട്സിൽ എൽഎൽഎമ്മിനു ചേർന്ന സമയത്ത് മൂവാറ്റുപുഴ ബാർ അ സോസിയേഷന്റെ സെക്രട്ടറിയായി. ഒരു ദിവസം വീട്ടിലേക്ക് ഫോൺ കോൾ. വിവാഹാലോചനയാണെന്നു കണ്ടപ്പോൾ അമ്മച്ചിക്ക് ഫോൺ കൈമാറി. അങ്ങനെയാണ് മറിയാമ്മയുമായുള്ള വിവാഹം നടന്നത്. മൂന്നുമക്കളാണ്, മൂത്തയാൾ സാറ അഞ്ചാംക്ലാസിൽ, രണ്ടാമൻ സെബാസ്റ്റ്യൻ യുകെജിയിൽ, ഏറ്റവും ഇളയവൻ സാമുവലിന് രണ്ടുവയസ്സായി.

പ്രാര്‍ഥന തരുന്ന വലിയ ശക്തി

എൽദോ എബ്രഹാം: കോതമംഗലത്ത് എൽദോ മാർ ബസേലിയോസ് ബാവായുടെ നാമധേയത്തിലുള്ള പള്ളിയുണ്ട്. യാക്കോബായ സമുദായക്കാർ ആൺമക്കളുണ്ടായാൽ ഇവിടെ കൊണ്ടുവന്ന് മാമ്മോദീസ മുക്കും, പിന്നെ എൽദോ എന്നോ ബേസിൽ എന്നോ പേരിടും. കോട്ടയത്തെ മത്തായിമാരെ എണ്ണിയെടുക്കാനാകില്ല എന്നു പറയുമ്പോലാണ് ഇവിടത്തെ കാര്യവും. ഒരിക്കൽ പള്ളിയുടെ ആഭിമുഖ്യത്തിൽ എൽദോ– ബേസിൽ സംഗമം നടത്തി, 25000ൽ അധികം എൽദോമാരും ബേസിൽമാരും സംഗമത്തിൽ പങ്കെടുത്തു. മുസ്‌ലിം ഭൂരിപക്ഷ പഞ്ചായത്താണ് എന്റേത്. മുസ്‌ലിം സുഹൃത്തുക്കളും വളരെയധികമുണ്ട്. അവരുടെ കൂടെ കഴിഞ്ഞ പത്തുവർഷമായി നോമ്പെടുക്കുന്നുണ്ട്. 

എൽദോസ് കുന്നപ്പള്ളി: പള്ളിയിൽ മണിയടിക്കാൻ ജോലിക്ക് കയറിയ കാലം തൊട്ടേ വലിയ വിശ്വാസിയാണ്. പ്രാർഥിക്കുമ്പോൾ വലിയ ശക്തി കിട്ടും. മറ്റു മതങ്ങളെയും ബഹുമാനിക്കാൻ പഠിച്ചതാണ് വലിയ കാര്യം. ശബരിമലയിലും മുസ്‌ലിംപള്ളികളിലും പോകാറുണ്ട്. ഒരിക്കൽ മോളുമായി ശബരിമലയിൽ ചെന്നപ്പോൾ അമ്പലമണിയടിക്കുന്ന ഒച്ച കേട്ട് അവൾ കുരിശുവരച്ചു. അത്ര നിഷ്കളങ്കമായിരിക്കണം ഭക്തി.

വാര്‍ത്തകളില്‍ നിറയും കാലം

എൽദോസ് കുന്നപ്പള്ളി: ഒാര്‍മയുണ്ട് ആ ദിവസം. പാതിരാത്രി വരെ പെരുമ്പാവൂരിൽ വിജയാഘോഷങ്ങൾ കഴിഞ്ഞ് വെളുപ്പിനാണ് തിരുവനന്തപുരത്തെത്തിയത്. നല്ല പനിയും തുമ്മലും ജലദോഷവുമൊക്കെയുണ്ട്. ആദ്യദിവസം സഭയിൽ പോകാതിരിക്കുന്നത് നല്ലതല്ല എന്നു പലരും പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം തുടങ്ങി കുറച്ചുസമയത്തിനുള്ളിൽ തലകറങ്ങാൻ തുടങ്ങി. കണ്ണുകൾ ഇറുക്കിയടച്ച് ഇരുന്നു. പ്രസംഗം കഴിഞ്ഞയുടനേ ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നു. പിറ്റേന്നു തന്നെ താരമായി ഉറങ്ങുന്ന ചിത്രവും  വാർത്തയും ബിബിസിയിൽ വരെ വന്നു. ഇപ്പോൾ സമ്മേളനങ്ങളിൽ പ്രസംഗിക്കും മുൻപ് ഞാൻ പറയും, ‘ഗവർണർ  പ്രസംഗിക്കുമ്പോൾ എനിക്ക് ഉറങ്ങാമെങ്കിൽ ഞാൻ പ്രസംഗിക്കുമ്പോൾ നിങ്ങൾക്കും  ധൈര്യമായി ഉറങ്ങാം.’ ഈ വിഷയം വച്ച് ‘വൈറൽ’ എന്ന കവിതയുമെഴുതി.

ജിഷ, സൗമ്യ, പ്രമുഖ നടി

എൽദോയും  എൽദോയും:  വിദേശരാജ്യങ്ങളിൽ സ്ത്രീകൾക്ക് വലിയ പരിഗണനകൾ കിട്ടുന്നുണ്ട്. പക്ഷേ, നമ്മുടെ രാജ്യത്തു അതില്ല. സ്ത്രീയെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ പഠിക്കണം. ജിഷയ്ക്ക് അടച്ചുറപ്പുള്ള വീടില്ലായിരുന്നു. അത് പുറംലോകമറിയുന്നത് അവളുടെ മരണത്തിനു ശേഷമാണ്. അടച്ചുറപ്പുള്ള വീടില്ലാത്ത എത്രയോ പേർ നമ്മുടെ നാട്ടിലുണ്ട്. അവരെ സഹായിക്കാൻ നിയമമില്ലല്ലോ. സൗമ്യയുടെ െകാലപാതകിയെ െപാലീസ് കണ്ടെത്തി, ജയിലഴികള്‍ക്കുള്ളിലാക്കി. ഈ െകാടിയ ക്രൂരതയ്ക്കുള്ള പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമത്തിനാകുന്നില്ല. അവനു രക്ഷപെടാന്‍ സഹായിക്കുന്നതാണ് ഇവിടത്തെ നിയമവ്യവസ്ഥ. നമുക്ക് ചുറ്റും നടക്കുന്ന ഇത്തരം പ്രശ്നങ്ങൾ കാണാതെ ഉത്തരേന്ത്യയിലെ ബീഫ് കൊലപാതകത്തിന്റെയും മറ്റും പിന്നാലെ നടന്നിട്ട് എന്തുകാര്യം?

eldo1