Friday 09 August 2024 12:53 PM IST : By സ്വന്തം ലേഖകൻ

‘സർ, ഫ്യൂസ് ഊരരുത്, പൈസ വച്ചിട്ടുണ്ട്.. ഞങ്ങൾ സ്കൂളിൽ പോകുവാ..’; വൈദ്യുതി വിഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത് സങ്കടക്കുറിപ്പ്

pathanamthitta-family-house

‘സർ, ഫ്യൂസ് ഊരരുത്​, പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സർ...’ ബിൽ കുടിശികയായതിനെ തുടർന്ന് വൈദ്യുതി വിഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത് സങ്കടക്കുറിപ്പ്.  മീറ്ററിനോടു ചേർന്നായിരുന്നു വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷയും 500 രൂപയും. കുറിപ്പിലുള്ള മൊബൈൽ നമ്പറിലേക്ക് കോഴഞ്ചേരി സെക്‌ഷനിലെ ലൈൻമാൻ സി.എം. വിനേഷ് വിളിച്ചപ്പോൾ ഗൃഹനാഥനാണ് ഫോൺ എടുത്തത്. സ്കൂളിൽ പോകുന്നതിന്​ മുൻപ്​ മക്കളാണ്​ അപേക്ഷ എഴുതിയതെന്നും പണം എടുക്കാമെന്നും പറഞ്ഞു.

വൈദ്യുതി വിഛേദിക്കാതെ വിനേഷ് തിരികെപ്പോയി ബിൽ അടച്ചു. ചെറുകോൽ അരീക്കൽഭാഗം സ്വദേശിയായ ഗൃഹനാഥനും എട്ടിലും പതിനൊന്നിലും പഠിക്കുന്ന പെൺമക്കളുമാണ് വീട്ടിലുള്ളത്. സുഖമില്ലാതിരിക്കുന്ന സുഹൃത്തിന്റെ ചെറിയ തുണിക്കട നോക്കിനടത്തുകയാണ് ഗൃഹനാഥൻ. 

സാമ്പത്തിക ബുദ്ധിമുട്ടുമൂലം പലപ്പോഴും ബിൽ അടയ്ക്കാൻ സാധിക്കാതെ വൈദ്യുതി വിഛേദിച്ചിട്ടുണ്ട്. പിന്നീട് പണം ലഭിക്കുന്നതനുസരിച്ചാണ് അടച്ചിരുന്നത്. ഇത്തവണയും സമയത്ത് അടയ്ക്കാനായില്ല. ഫ്യൂസ് ഊരുന്നതിനു മുൻപ് പണം സ്വരൂപിച്ചെങ്കിലും ഗൃഹനാഥന് ജോലിക്കുപോകേണ്ടി വന്നതിനാൽ സ്കൂളിൽ പോകുംമുൻപ് മക്കളാണ്കുറിപ്പെഴുതിയത്. പെൺകുട്ടികളുടെ മാതാവിനെ കാണാതായിട്ട് 3 വർഷമായി. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കുടുംബം കഴിയുന്നത്. 

വാതിലിനു പകരം തുണികെട്ടി മറച്ചിരിക്കുകയാണ്. തുണിക്കടയിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം ജീവിതച്ചെലവുകൾക്കുപോലും തികയില്ല. പല ദിവസങ്ങളിലും ഇരുട്ടിലിരുന്ന് പഠിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും വിദ്യാർഥിനികൾ പറഞ്ഞു. സംഭവമറിഞ്ഞ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ കുട്ടികളുടെ 5 വർഷത്തെ പഠനച്ചെലവുകളും വീടിന്റെ 2 വർഷത്തെ വൈദ്യുതിത്തുകയും ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:
  • Spotlight