Monday 11 February 2019 06:20 PM IST : By സ്വന്തം ലേഖകൻ

സൗഹൃദം പങ്കിടുന്നതിനിടയിൽ കൊമ്പൻ ഓടിയടുത്തു; സമൂഹ മാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയായി ആ സെൽഫികൾ!

thechikottukavu-ramachandran-selfie

കോട്ടപ്പടിയില്‍ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ സ്വദേശി നാരായണ പട്ടേരിയും(ബാബു) കോഴിക്കോട്‌ നരിക്കുനി അരീക്കല്‍ ഗംഗാധരനും എടുത്ത സെല്‍ഫി സമൂഹ മാധ്യമങ്ങളിൽ നൊമ്പരകാഴ്ചയായി. തമാശകളും പൊട്ടിച്ചിരികളുമായി സൗഹൃദം പങ്കിടുന്നതിനിടയിലാണ് ദുരന്തം ആനയുടെ രൂപത്തില്‍ ഇരുവരുടെയും ജീവന്‍ കവര്‍ന്നെടുത്തത്. ഇരുവരും സുഹൃത്തുക്കളെ അടുത്തുനിര്‍ത്തി പലതവണ സെല്‍ഫിയെടുത്തു. കൂട്ടുകെട്ടിന്റെ തെളിവായി ഇതിരിക്കട്ടെ എന്നു തമാശ പറഞ്ഞതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. 

അതിനിടെയാണ് അടുത്ത പറമ്പിൽ നിന്നും പടക്കം പൊട്ടിയതു കേട്ടു പരിഭ്രാന്തനായ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ ഓടിയടുത്തത് ആനയുടെ ചവിട്ടേറ്റ് ഇരുവരും മരിച്ചതും. പഞ്ചവാദ്യം ആരംഭിച്ചപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ പടക്കം പൊട്ടിച്ചു. 15 മിനിറ്റിനു ശേഷം ഒരു പ്രകോപനവുമില്ലാതെയാണ് ആന ഓടിയതെന്നു പറയുന്നു. മുന്നിലകപ്പെട്ട നാരായണ പട്ടേരിയെ രാമചന്ദ്രന്‍ തട്ടിയിട്ട് ചതച്ചരച്ചു. തല്‍ക്ഷണം മരിച്ചു. ഗംഗാധരന്‍ പിന്നീട് ആശുപത്രിയിലാണു മരിച്ചത്. ഇരുവരും സുഹൃത്ത്‌ മുള്ളത്തു ഷൈജുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണെത്തിയത്‌. 

കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനെ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിച്ചതിനിടെ സ്വന്തം വീട്ടിലേക്കും ഷൈജു കൊണ്ടുവരികയായിരുന്നു. മരിച്ച നാരായണന്‍ 40 വര്‍ഷത്തിലേറെയായി വിദേശത്തായിരുന്നു. മദപ്പാടിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരളുന്ന അവസ്ഥയുണ്ടെന്നാണ് നിഗമനത്തെ തുടർന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പതിനഞ്ച് ദിവസത്തേക്ക് ഉത്സവത്തിൽ എഴുന്നളളിക്കുന്നതിന് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്. കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആറ് പാപ്പാൻമാരും നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേരുൾപ്പെടെ 13 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞോടിയതിനിടെ ഇതുവരെ മരണപ്പെട്ടത്. 

2013 ൽ പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകൾ മരിച്ചിരുന്നു. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തുന്നത്. പിന്നീട് അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാൻമാരെയാണ് രാമചന്ദ്രൻ കൊലപ്പെടുത്തിയത്. തൃശൂർ പൂരത്തിന്റെ ആവേശം പൂർത്തിയാകുന്നത് രാമൻ എത്തുമ്പോഴാണ് എന്ന് ആനപ്രേമികൾ‌ അടക്കം പറയാറുണ്ട്. 

എന്നാൽ ഈ പ്രായത്തിലും ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ പലകുറി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരാധകരും കമ്മിറ്റിക്കാരുടെ ആവശ്യങ്ങളും പരിഗണിച്ച് ആനയെ എഴുന്നള്ളിക്കാറാണ് പതിവ്. വലിയ തുകയ്ക്കാണ് രാമചന്ദ്രൻ ഉത്സവത്തിനെത്തുന്നത്. ആന വന്നിറങ്ങുന്നത് മുതൽ ആരാധകരും നാട്ടുകാരും ഇവനൊപ്പം കൂടുന്നതും പതിവാണ്. ഇത്തരത്തിലുള്ള ഒട്ടേറെ വിഡിയോകൾ സോഷ്യൽ ലോകത്ത് വൈറലാണ്.

more...