Friday 12 July 2024 02:56 PM IST

‘ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ പോലും ഇവിടെ ആദ്യം നോക്കുന്നതു നിറമാണ്’: ഒറ്റപ്പെടുത്തലുകൾ... എൽഗ പറയുന്നു

Shyama

Sub Editor

elga- ആൽഫി, എൽഗ പീറ്റർ

നിമിഷ തിരുവാതിര കളിക്കാൻ നിൽക്കണ്ടാ ട്ടോ.. ഒരു കാര്യം ചെയ്യ്. ആ പാട്ടു പാടുന്നോരുടെ കൂടെ നിന്നോ.’’ നിറത്തിന്റെ പേരിൽ ഇത് ആദ്യമായിട്ടല്ല മാറ്റി നിർത്തപ്പെടുന്നത്. പക്ഷേ.. ഇത്തവണ സ്വന്തം ടീച്ചറാണ് പറയുന്നത്. ഇതു കേൾക്കുന്ന ‘നിമിഷമാരുടെ’ മാനസികാവസ്ഥ എന്തായിരിക്കും എ ന്ന് ഈ പറയുന്നവർ ഓർക്കുന്നുണ്ടോ?

ആ ചകിരി മുടി ഒന്ന് ചീകിയൊതുക്കി വച്ചൂടെ? വീട്ടിലെ എല്ലാവർക്കുമുള്ള റേഷൻ നീയാണോ കഴിച്ചു തീർക്കുന്നത്? മുന്നും പിന്നും ഇല്ലാതെ വര പോലെ നടന്നാൽ നിന്നെ ഏതു ചെക്കൻ കെട്ടും? മുടി കളറ് ചെയ്തു നടന്നാ തലതെറിച്ചതാണെന്നു നാട്ടുകാരോർക്കില്ലേ? അത്ര ചുവന്ന ചായമൊന്നും ചുണ്ടിലിട്ടു നടക്കുന്നതു കുടുംബത്തിൽ പിറന്നോർക്കു ചേർന്നതല്ല, നീ മഞ്ഞയൊന്നുമിടണ്ടാ, ഒന്നൂടെ ഇരുണ്ടിരിക്കും തുടങ്ങി പരിഹാസ തിരമാലകൾ ഒന്നിനു പിറകെ മറ്റൊന്നായി സമൂഹം പെൺകുട്ടികൾക്കു നേരെ അയച്ചു കൊണ്ടിരിക്കും. കാലം പോകെ എത്ര വലിയ തിരമാലയ്ക്കു മുകളിലൂടെയും തകരാതെ മുന്നേറാനുള്ള കരുത്ത് അവർ ആർജിക്കുമെന്നു ചുറ്റുമുള്ളവരും മനസിലാക്കേണ്ടതുണ്ട്.

ഒരാളുടെ ശരീരത്തെ കുറിച്ചു ചോദിക്കാതെ അഭിപ്രായം പറയുന്നതിന്റെ പേര് ‘കെയറിങ്’ എന്നോ സ്നേഹമെന്നോ അല്ല, മറിച്ച് അതു മറ്റൊരാളുടെ അതിർവരമ്പിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാം.

ഇവിടെ വന്നപ്പോഴാണ് ആത്മവിശ്വാസം കൂടിയത്

എൽഗ പീറ്റർ,

ഹെൽത് കെയർ അസിസ്റ്റന്റ്, ഓക്‌ലാന്റ്

നാട്ടിലായിരിക്കുമ്പോൾ നിറത്തിന്റെ പേരിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും ഇടയിൽ നിന്നു മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. ഇത്തരം മുൻവിധികൾ മൂലം ഒരാളുടെ സ്വഭാവഗുണങ്ങൾ ആളുകൾ കാണാതെ പോകാറുണ്ടെന്നു തോന്നിയിട്ടുണ്ട്. കരുണ, ദയ എന്നതിനൊക്കെ അപ്പുറമാണ് ഇവിടെ നിറത്തിനു കിട്ടുന്ന പ്രസക്തി.

ഒരാൾ ഇരുണ്ടിരുന്നാൽ അയാളുടെ സ്വാഭാവത്തെ പോലും അതുമായി ബന്ധപ്പെടുത്തി താഴ്ത്തി കെട്ടുന്ന രീതിയുണ്ട്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നിടത്തു പോലും ഇവിടെ ആദ്യം നോക്കുന്നതു നിറമാണ്.

പഠിക്കുന്ന സമയത്ത് ആൺകുട്ടികൾ സൗഹൃദമുണ്ടാക്കുന്നതു പോലും നിറം നോക്കിയിട്ടാണ്. വല്യ ലുക്ക് ഇല്ലാത്തതു കൊണ്ട് എന്നെയൊന്നും പലരും അടുത്ത സുഹൃത്താക്കില്ല. പക്ഷേ, ഒരിക്കലും ഞാനെന്റെ നിറം മാറ്റാൻ നോക്കിയിട്ടില്ല. അങ്ങനെയിപ്പോ പുതിയ ഒരാളായിമാറിയിട്ട് എന്നെയാരും നോക്കണ്ട എന്ന് തോന്നി.

ന്യൂസീലൻഡിൽ വന്ന ശേഷമാണു വ്യക്തിയുടെ ഗുണങ്ങൾ നോക്കി ഒരാളെ ബഹുമാനിക്കുന്ന സമൂഹത്തെ കാണുന്നത്. നാട്ടിൽ ജനിച്ചു ജീവിച്ചിട്ട് ഇത്രയും നാൾ ഒരാൾ പോലും എന്റെ ചർമത്തിന്റെ നിറം കണ്ടിട്ട് ‘എന്ത് നല്ല നിറമാണ് നിന്റേത്’ എന്ന് ഇതേ വരെ പറഞ്ഞു കേട്ടിട്ടില്ല. പക്ഷേ, ഇവിടുത്തെ എത്രയോ പേർ എന്റെ നിറത്തെ പ്രശംസിച്ചിട്ടുണ്ടെന്നോ... ആദ്യമൊക്കെ കേൾക്കുന്നത് സത്യമാണെന്നു വിശ്വസിക്കാൻ പാടായിരുന്നു. ഇവിടെ വന്നപ്പോഴാണു സ ത്യം പറഞ്ഞാൽ ആത്മവിശ്വാസം കൂടിയത്.’’

ഈ ഭൂമിയിൽ നിലനിൽക്കാൻ കിട്ടിയ ഇടമാണു ശരീരം

ആൽഫി ലാൽ വി,

റിസർച് സ്കോളർ, വയനാട്

ചർമം നല്ല കട്ടിയാകുന്ന അവസ്ഥയുണ്ടായിരുന്നു ബാല്യത്തിൽ. നഴ്സറിയിൽ വച്ചാണു മറ്റു കുട്ടികൾ ചർമത്തിൽ പിടിച്ച് വലിക്കുക, കളിക്കാ ൻ കൂട്ടാതിരിക്കുക പോലുള്ള കാര്യങ്ങൾ ചെയ്യാൻ തു ടങ്ങിയത്. അപ്പോഴാണ് എനിക്കെന്തോ വ്യത്യാസമുണ്ടെന്നു ചിന്തിക്കാൻ തുടങ്ങിയത്.

മറ്റുള്ളവർ ഒഴിവാക്കും മുൻപേ ഞാൻ എന്നെത്തന്നെ ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിവാക്കാൻ തുടങ്ങി. എല്‍പി സ്കൂളിൽ പഠിക്കുമ്പോൾ നീളമുള്ള ഫ്രോക്കും നീളൻ പാവാടയും കോളറുള്ള ഉടുപ്പുകളും സോക്സും ഒക്കെ ധരിച്ചിരുന്നു. കലാപരിപാടികൾക്കു സമ്മാനം കിട്ടി തുടങ്ങിയപ്പോഴാണു കുറേ കോംപ്ലെക്സ് മാറിയത്. അതോടെ ശരീരം മുഴുവൻ മറയ്ക്കുന്ന ഉടുപ്പുകൾ ഒഴിവാക്കി തുടങ്ങി. സംശയം ചോദിക്കുന്നവരോട് ‘കുഞ്ഞുനാൾ മുതലേ ഉള്ളതാണ്’ എന്നൊരു ഒറ്റവരി ഉത്തരം കൊടുത്ത് ഒഴിവാക്കാനും പഠിച്ചു. ശരീരത്തെ കുറിച്ചുള്ള അവബോധം ഉറയ്ക്കുന്നതു കോളജ് കാലഘട്ടത്തിലാണ്. അന്നും ഇന്നും സഹിക്കാൻ പറ്റാത്തത് സിംപതി നോട്ടങ്ങളാണ്.

ഇന്ന് ഈ ഭൂമിയിൽ നിലനിൽക്കാൻ എനിക്കു കിട്ടിയ ഇടമാണു ശരീരം എന്ന ബോധ്യമുണ്ട്. അതിനനുസരിച്ചു ഞാൻ എന്റെ ശരീരത്തെ ആവോളം ലാളിക്കും. ഒരു പുതിയ പാടോ മറ്റോ വന്നാൽ അതിനെ സ്വീകരിക്കും. ശരീരത്തിന്റെ 90 ഭാഗവും ചർമത്തിനു പ്രശ്നമുണ്ട്. മുഖത്ത് ഒന്നും കാണുന്നില്ല എന്നുമാത്രം. ആരെങ്കിലും തുറിച്ചു നോക്കിയാൽ തിരിഞ്ഞിരിക്കാതെ അവർക്കു വ്യക്തമായി കാണാൻ പാകത്തിനിരിക്കും ഇപ്പോൾ.’’

ശ്യാമ