Wednesday 18 July 2018 05:23 PM IST

‘മുട്ടറ്റം വെള്ളത്തിലും ഖദറുമിട്ടിറങ്ങിയ മാണിച്ചൻ മാസാണ്’; വൈറൽ വിഡിയോക്ക് പിന്നിലെ കഥയിങ്ങനെ–വിഡിയോ

Binsha Muhammed

rain-cover

കാലവർഷം, അതങ്ങനെ ഇടിച്ചു കുത്തി തിമിർത്തു പെയ്യുകയാണ്. മഴതോരാൻ കാത്തു നിന്നവരും മഴയെ പ്രണയിച്ചവരും ഇനിയും വീടിന്റെ ഉമ്മറപ്പടി വിട്ട് പുറത്തേക്ക് വന്നിട്ടില്ല. ഇനി പുറത്തേക്കിറങ്ങിയാലും ബഹുകേമമാണ് വിശേഷം. റോഡും തോടും വ്യത്യാസമറിയാത്ത വിധം പരസ്പരം മത്സരിച്ച് നിറഞ്ഞൊഴുകുകയാണ്. മഴക്കാലം സമ്മാനിക്കുന്ന ദുരിതപ്പെയ്ത്തുകളുടെ കാഴ്ചകൾ വേറെയും.

കളക്ടറുടെ അവധിയും മേടിച്ചെടുത്ത് ആഘോഷിക്കുന്ന കുട്ടിപ്പട്ടാളവും മഴയെ പ്രണയിക്കുന്ന ന്യൂ ജനറേഷനും മാത്രമാണോ ഈ കാലവർഷത്തിലെ നിറമുള്ള ഫ്രെയിമുകൾ.? അങ്ങനെ ചോദിച്ചാൽ പാലാക്കാർ അത് സമ്മതിച്ചു തന്നുവെന്നു വരില്ല.

അരയ്ക്കു മീതേ വെള്ളമുള്ള പാലയിലെ ആർവി സ്വക്വയറിലൂടെ നടക്കാനിറങ്ങിയ ഇമ്മാനുവൽ തോമസ് എന്ന തങ്ങളുടെ സ്വന്തം മാണിച്ചൻ ‘മരണ മാസല്ലേ...’ എന്ന് അവർ ചോദിക്കും. കൈലിമുണ്ടും ഷോർട്സുമിട്ട് മഴയെ പ്രതിരോധിച്ച് പുറത്തിറങ്ങുന്നവരുടെ നാട്ടിൽ ഖദറിട്ട് മുട്ടറ്റം വെള്ളത്തിൽ നടന്ന ഇമ്മാനുവൽ തോമസാണ് താരം.

rain-2

മക്കളോടൊപ്പം മഴകാണാനിറങ്ങിയ മാണിച്ചനിൽ സോഷ്യൽ മീഡിയയുടെ കണ്ണുടക്കിയത് കണ്ണുടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. നേരമിരുട്ടി വെളുക്കും മുമ്പ് സോഷ്യൽ മീഡിയയിലെ മഴക്കാഴ്ചകളിലെ താരമായി മാറിയ ഇമ്മാനുവൽ തോമസ് തന്നെ പറയുകയാണ് ആ വൈറൽ വിഡിയോ പിറന്ന കഥ.

‘1992നു ശേഷം ഇത്രയും വലിയ മഴ ഇതാദ്യമാണ്. അന്നത്തെ ആ മഴക്കാഴ്ച  സ്ക്രീനിലെന്ന പോലെ ഇന്നും എന്റെ മുന്നിലുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ പാലയിലെ ആർവി സ്വക്വയറിലൂടെ നടക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ രണ്ട് ഉദ്ദേശ്യമായിരുന്നു മനസിൽ. പഴയ മഴക്കാല ഓർമ്മകളിലേക്കുള്ള തിരിഞ്ഞ് നടത്തമായിരുന്നു മനസു നിറയെ. പിന്നെ ജ്യേഷ്ഠന്റെ മക്കളോടൊപ്പമുള്ള ഒരു മഴക്കാല നടത്തം. പിന്നെ ഈ കാഴ്ച്ചകളൊക്കെ അന്യമായ ബാംഗ്ലൂരിലുള്ള മകൻ തോമസിനെ കൊതിപ്പിക്കുക എന്നൊരു ‘്ഗൂഢ ലക്ഷ്യവും’ ഇതിനു പിന്നിലുണ്ട്.’–ഇമ്മാനുവൽ വിഡിയോ വന്ന വഴി പറയുന്നു.

rain-3

പാരമ്പര്യമായി ഖദർ ധാരികളാണ് ഞങ്ങൾ. കേരള നിയമ സഭ സ്പീക്കർ ആർ വി തോമസിന്റെ മക്കളിലൊരുവനായ ഞാൻ അങ്ങനെയായതിലും അത്ഭുതമില്ല. കല്യാണത്തിനെന്നല്ല ചന്തയിൽ പോയാലും ഞങ്ങളുടെ ഈ വേഷത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല. ശ്ശെടാ..മഴക്കാലം വന്നെന്നു വച്ച് ശീലങ്ങൾ മാറ്റാനൊക്കുമോ?

മുണ്ടും മടക്കി കുത്തി ഞാനും പിള്ളേരും അങ്ങിറങ്ങി. ചേട്ടന്റെ മക്കളായ ജെയിംസ് ടോം, റെനോ, മരുമകൻ മിഥുൻ എന്നിവരായിരുന്നു എനിക്ക് കൂട്ട്. ചുരുക്കിപ്പറഞ്ഞാൽ പിള്ളേരുടെ ഗൈഡും ഗാഡിയനും ഒക്കെ ഞാൻ തന്നെ. ആര്‍വി തോമസിന്റെ ഓർമ്മകളുങ്ങുന്ന സ്വക്വയറിൽ നിന്ന് സെൽഫിയും കൊച്ചു വർത്തമാനങ്ങളുമൊക്കെയായി ഞങ്ങളുടെ മഴക്കാല നേരമ്പോക്ക് കടന്നു പോയി. കൂട്ടത്തിൽ ജയിംസാണ് ഖദർ ധരിച്ച് സ്റ്റൈലായി വെള്ളത്തിലൂടെ വരുന്ന എന്നെ ക്യാമറയിൽ പകർത്തിയത്. പക്ഷേ അതിങ്ങനെ വൈറലാകുമെന്ന് ആരു കണ്ടു– ഇമ്മാനുവൽ തോമസ് പറഞ്ഞ് നിർത്തി.

rain-4

എന്തായാലും സോഷ്യൽ മീഡിയയിലെ മഴക്കാല കാഴ്ചകളിൽ ഇമ്മാനുവൽ തോമസും പിള്ളേരും വൈറലായി മുന്നോട്ട് പോകുകയാണ്. അധ്യാപകനും പ്ലാന്ററുമൊക്കെയായി നിറഞ്ഞു നിൽക്കുന്ന  മാണിച്ചൻ സോഷ്യൽ മീഡിയയിലെ താരമായതിന്റെ ത്രില്ലിലാണ് നാട്ടുകാരും വീട്ടുകാരും