Tuesday 06 July 2021 04:02 PM IST

പൊന്നുമോളെ ജനിച്ച് 70-ാം നാള്‍ പടച്ചോന്‍ തിരികെ വിളിച്ചു, ഇപ്പോള്‍ അസ്ഥി നുറുങ്ങിപ്പിടഞ്ഞ് മോനും: ഇംറാന്റെ കഥ കണ്ണുനിറയ്ക്കും

Binsha Muhammed

imran

കണ്ണിമ ചിമ്മുന്ന വേഗത്തില്‍ കാരുണ്യം കടലായി ഒഴുകിയതിന് കേരളം ഒരിക്കല്‍ കൂടി സാക്ഷിയായി. മുഹമ്മദ് എന്ന പൊന്നുമോന്റെ അസ്ഥി നുറുങ്ങുന്ന വേദനയ്ക്ക് വൈദ്യശാസ്ത്രം 18 കോടി വിലയിട്ടപ്പോള്‍ മലയാളി അരയും തലയും മുറുക്കി മുന്നിട്ടിറങ്ങി. 

ഒന്ന് പിച്ചവച്ചാല്‍ പോലും അസ്ഥി പൊടിഞ്ഞു നുറുങ്ങുന്ന വേദനയും പേറി ജീവിക്കുന്ന ഈ ഒന്നര വയസുകാരന്റെ് രോഗസൗഖ്യത്തിനായി 18 കോടിയും കരുതലായി സ്വരുക്കൂട്ടി നന്മയുടെ കാര്യത്തില്‍ 'പൊളിയാണെന്ന'് തെളിയിച്ച മലയാളി. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മരുന്നായ സോള്‍ജെന്‍സ്മയിലാണ് മുഹമ്മദിന്റെ രോഗസൗഖ്യം ഇരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ 18 കോടിയും മുഹമ്മദിനായി എത്തിച്ചു കരുണയുടെ ഉറവവറ്റാത്ത ഹൃദയങ്ങള്‍. 

ഇപ്പോഴിതാ മുഹമ്മദിനോടു കാട്ടിയ കാരുണ്യവും കരുതലും തനിക്കും കിട്ടുമെന്ന് പ്രതീക്ഷിച്ച് കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് ഇംറാന്‍ എന്ന അഞ്ചു മാസക്കാരന്‍. പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകനായ ഇംറാനും മുഹമ്മദിനെ പോലെ  സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗത്തിന് അടിമയാണ്. 18 കോടി രൂപ മരുന്നിന്റെ രൂപത്തില്‍ ജീവന്റെ വിലയായി മുന്നിലുള്ളപ്പോള്‍ നിര്‍ധനരായ ഈ കുടുംബം സുമനസുകളോട് കൈനീട്ടുകയാണ്. ഒപ്പം അഞ്ചുമാസക്കാരനായ ആ പൊന്നു പൈതല്‍ അനുഭവിക്കുന്ന വേദനയുടെ ആഴവും ഉപ്പയായ ആരിഫിന്റെ വാക്കുകളിലൂടെ വനിത ഓണ്‍ലൈന്‍ വായനക്കാര്‍ക്കു മുന്നിലേക്ക്...

അസ്ഥി നുറുങ്ങും വേദന

ഒരുവട്ടം ഞാനൊരു വലിയ വേദന തിന്നവനാണ്. വീണ്ടുമൊരു പരീക്ഷവും വേദനയും സഹിക്കാനുള്ള കരുത്തില്ല....- കണ്ണുനീര്‍ തളംകെട്ടി നില്‍ക്കുന്ന മിഴികള്‍ തുടച്ച് ആരിഫ് പറഞ്ഞു തുടങ്ങുകയാണ്. 

പടച്ചോന്‍ ഞങ്ങള്‍ക്ക് രണ്ടാമത് കനിഞ്ഞരുളിയത് ഒരു മോളെയായിരുന്നു. അവളുടെ കളിയും ചിരിയും കൊഞ്ചലും ഈ ഭൂമിയില്‍ കണ്ടത് വെറും 70 ദിവസം. ഞങ്ങളെ ഉപ്പയെന്നും ഉമ്മയെന്നും വിളിക്കേണ്ട പൊന്നോമനയെ പടച്ചോന്‍ ഒരു ദിവസം അങ്ങ് തിരികെ വിളിച്ചു. ഉറങ്ങാന്‍ കിടന്ന എന്റെ കുഞ്ഞ് പിന്നെ കണ്ണു തുറന്നിട്ടില്ല. അന്നത്തെ പിടച്ചിലിന് അറുതി വന്നത് ഇംറാന്‍ മോന്റെ വരവോടെയായിരുന്നു. മകള്‍ പോയ വേദന മറന്നു തുടങ്ങിയതും ഇമ്രാനിലൂടെയായിരുന്നു, അവന്റെ പുഞ്ചിരിയിലൂടെയായിരുന്നു. പക്ഷേ ഇത്തിരിയില്ലാത്ത എന്റെ പൈതലിന്റെ അസ്ഥി നുറുക്കുന്ന വേദനയാണ് വിധി സമ്മാനിച്ചത്. എന്തു പറഞ്ഞാണ് ഞാന്‍ സമാധാനിക്കേണ്ടത്- ആരിഫ് പറയുന്നു. 

ഇംറാന് ജനിച്ചപ്പോള്‍ മറ്റ് പ്രശ്‌നങ്ങൊന്നും കണ്ടിരുന്നില്ല. ജനിച്ച് മുപ്പത്തിയഞ്ച് ദിവസം ആയിക്കാണും. അവന്റെ വലംകൈ പൊക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ വല്ലാത്തൊരു പിടച്ചില്‍. വേദന കൊണ്ട് എന്റെ കുഞ്ഞ് അലറിക്കരയുന്നു. ഞങ്ങള്‍ക്കാണെങ്കില്‍ കാര്യം മനസാലാകുന്നുമില്ല. കൈ മാത്രമല്ല ശരീരത്തിന്റെ പല ഭാഗത്തും പിടിക്കാനോ തൊടാനോ ശ്രമിക്കുമ്പോഴൊക്കെ അതേ കരച്ചില്‍. ശരിക്കും പറഞ്ഞാല്‍ കരച്ചിലല്ല പിടയുകയായിരുന്നു എന്റെ കുഞ്ഞ്. ജനിച്ചതിനു പിന്നാലെയെടുത്ത ഇഞ്ചക്ഷനാകും വേദനയ്ക്ക് കാരണം എന്നു കരുതി ആശ്വസിച്ചു. പക്ഷേ നാള്‍ക്കു നാള്‍ വേദനയ്ക്ക് ഒരു കുറവുമില്ല. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ടെസ്റ്റിലാണ് എന്റെ ചങ്കുപിടച്ച ഫലം എത്തിയത്. ഞങ്ങളുടെ കുഞ്ഞിന് എല്ലുകള്‍ പൊടിയുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗമാണത്രേ. അവിടുന്ന് മെഡിക്കല്‍ കോളജിലേക്ക് എന്റെ പൈതലിനേയും വാരിയെടുത്ത് പോകുമ്പോള്‍ മുന്നിലൊരു വെളിച്ചം പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഭീമമായ ചികിത്സാ ചെലവും കുഞ്ഞ് അനുഭവിക്കുന്ന വേദനയും കണ്ട് എന്റെ നെഞ്ചു പിടഞ്ഞു. 

കനിവ് കാത്ത് പൈതല്‍

മരുന്നെത്തിച്ചാല്‍ കുട്ടിയെ രക്ഷപ്പെടുത്തിയെടുക്കാമെന്ന് ഡോക്ടര്‍മാര്‍ നല്‍കുന്ന അവസാന വാക്ക്. കോടികണക്കിന് രൂപ ഉണ്ടാക്കിയെടുക്കാനുള്ള സാമ്പത്തിക സ്ഥിതിപോയിട്ട് അതു സ്വപ്‌നം കാണാനുള്ള അര്‍ഹത പോലും ഞങ്ങള്‍ക്കില്ല. 18 കോടി രൂപയാണ് മരുന്നിനു വേണ്ടി വിലയിട്ടിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ എന്റെ കുഞ്ഞിന്റെ ജീവന്റെ വില. പ്രതീക്ഷകള്‍ അറ്റുപോയ നിമിഷത്തിലാണ് മരുന്നിനുള്ള തുക കണ്ടെത്താനായി സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ് കോടതിയുടെ പരിഗണനയിലുമാണ്.  സഹായത്തിനായി പറ്റാവുന്ന വഴികളെല്ലാം മുട്ടിയെങ്കിലും നിരാശമാത്രമാണ് ഫലം. 

എന്തു പറയാനാ... ജനിച്ചു വീണിട്ട് അഞ്ചു മാസമാകുന്നു. ഇതുവരേയും എന്റെ പൈതല്‍ പുറംലോകം കണ്ടിട്ടില്ല. അമ്മിഞ്ഞപ്പാലിന്റെ മധുരം പോലും നുകര്‍ന്നിട്ടില്ല. എന്തിനേറെ... പറയണം. പെറ്റുമ്മ പോലും അവനെ ഒരുനോക്കു കാണാന്‍ കോഴിക്കോട്  കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ആശുപത്രി വരാന്തയില്‍ വഴിക്കണ്ണുകളോടെ കാത്തിരിപ്പാണ്. കളിപ്പാട്ടങ്ങളുടേയും ലാളനകളുടേയും സ്ഥാനത്ത് ആശുപത്രി കിടക്കയും മരുന്നുകളുടെ മണവുമാണ് അവന് കൂട്ട്. വെന്റിലേറ്ററിന്റെ വയറുകള്‍ക്കു നടുവില്‍ ഇളകാന്‍ പോലുമാകാതെ എന്റെ കുഞ്ഞ്... 18 കോടിയുടെ ജീവന്‍ രക്ഷാമരുന്നില്‍ തന്നെയാണ് അവന്റെയും ഭാവി ഇരിക്കുന്നത്. മറിച്ചു സംഭവിച്ചാല്‍ ജീവന്‍ നഷ്ടപ്പെടുന്നതിലേക്കോ ചലന ശേഷി നഷ്ടപ്പെടുന്നതിലോ കൊണ്ടെത്തിക്കും.

മുഹമ്മദ് മോനായി നാടൊന്നിച്ചു നിന്ന വാര്‍ത്തകള്‍ കേട്ടു. ആ കരുണയൊരല്‍പ്പം ബാക്കിയുണ്ടെങ്കില്‍ എന്റെ പൈതലിനെ കൂടി രക്ഷപ്പെടുത്തണം. കനിയണം... നമ്മുടെ മക്കളെ അല്ലാഹു രക്ഷിക്കട്ടെ... ആമീന്‍- ആരിഫ് നിറമിഴികളോടെ പറഞ്ഞു നിര്‍ത്തി.