Friday 09 November 2018 03:35 PM IST : By സ്വന്തം ലേഖകൻ

നഗരങ്ങളിൽ ഇനി ഒറ്റയ്ക്കാവില്ല; സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാല അഭയമൊരുക്കി ‘എന്റെ കൂട്’ തുറന്നു

koodu

നഗരങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാല അഭയകേന്ദ്രമൊരുക്കി സാമൂഹ്യ നീതി വകുപ്പ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതതാവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരുക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്‌ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍  ആയിരുന്നു ഉദ്ഘാടനം .

നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 50 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാനാകും. പൂര്‍ണ്ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. സൗജന്യ ഭക്ഷണവും ടിവിയും മുഴുവന്‍ സമയ സെക്യൂരിറ്റിയും ഉള്‍പ്പെടെ താമസം പൂര്‍ണമായും സൗജന്യമാണ്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പദ്ധതിയെ മുഖ്യമന്ത്രി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയത്.


മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഇടങ്ങളൊരുക്കുന്ന എന്റെ കൂട് പദ്ധതിക്ക് തുടക്കമായി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള എന്റെ കൂട് തിരുവനന്തപുരം തമ്പാന്നൂരിലെ കെഎസ് ആര്‍ടിസി ബസ് ടെര്‍മിനലിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി.

50 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാനാകും. പൂര്‍ണ്ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. സൗജന്യ ഭക്ഷണവും ടിവിയും മുഴുവന്‍ സമയ സെക്യൂരിറ്റിയും ഉള്‍പ്പെടെ താമസം പൂര്‍ണമായും സൗജന്യമാണ്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, പോലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടി ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍, ഒരു സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നത്. എന്റെ കൂട് പദ്ധതി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സാമൂഹ്യനീതി വകുപ്പിന്റെ തീരുമാനം.