Monday 23 April 2018 05:08 PM IST : By സ്വന്തം ലേഖകൻ

പരീക്ഷയ്ക്ക് വാച്ച് അനുവദിച്ചില്ല, ക്ലാസിൽ ക്ലോക്കുമില്ല; ‘എൻട്രൻസിൽ’ വലഞ്ഞ് വിദ്യാര്‍ഥികൾ

Entrance-Kerala-TVM.jpg.image.784.410 ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ, മനോരമ

എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്കു നേരെ അധികൃതരുടെ ‘പരീക്ഷണം'. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ പരീക്ഷാകേന്ദ്രത്തിലേക്ക് വാച്ച് അനുവദിക്കാതെ പ്രവേശിപ്പിച്ചാണ് വിദ്യാർഥികളെ അധികൃതർ വലച്ചത്. വിദ്യാർഥികളുടെ വാച്ച് അഴിച്ചു മാറ്റിയതു കൂടാതെ ക്ലാസ് മുറികളിൽ ക്ലോക്ക് അനുവദിക്കാനും അധികൃതർ തയാറായില്ല. വിദ്യാർഥികൾ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ചില അധ്യാപകർ പോലും വാച്ച് കെട്ടാതെയാണു വന്നത്. ഇടയ്ക്ക് സമയം എത്രയായെന്നു ചോദിച്ചപ്പോൾ ‘ഞങ്ങൾക്കറിയാൻ മേലാ’ എന്നും മറുപടി.

തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു എൻട്രൻസ് ഫിസിക്സ്, കെമിസ്ട്രി പരീക്ഷ. രാവിലെ 9.30നു തന്നെ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ നിർദേശം നൽകിയിരുന്നു. അതിനിടെയാണ് മൗണ്ട്കാർമലിൽ അറിയിപ്പു വന്നത്– വാച്ച്, മൊബൈൽ ഫോൺ എന്നിവയൊന്നും പരീക്ഷാഹാളിലേക്കു കയറ്റില്ല. മൊബൈൽ ഫോൺ പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദിക്കില്ലെന്നായിരുന്നു മാധ്യമങ്ങളെ ഉൾപ്പെടെ പരീക്ഷാ കമ്മിഷണർ അറിയിച്ചിരുന്നത്. തുടർന്നു പലരും പരീക്ഷാഹാളിൽ ക്ലോക്ക് കാണുമെന്നു കരുതി കയറി. എന്നാൽ ഉണ്ടായിരുന്നില്ല. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ അധ്യാപകരും കൈമലർത്തുകയായിരുന്നെന്നു വിദ്യാര്‍ഥികൾ പറഞ്ഞു.

150 മിനിറ്റ് പരീക്ഷയ്ക്ക് 120 ചോദ്യങ്ങളാണുള്ളത്. ഒരു സെക്കൻഡിനു പോലും ഏറെ ‘വിലയുള്ള’ പരീക്ഷയിലായിരുന്നു അധികൃതരുടെ ഈ അനാസ്ഥ. ചൊവ്വാഴ്ച എൻട്രൻസ് കണക്ക് പരീക്ഷയും ഇതേ കേന്ദ്രത്തിൽ നടക്കാനുണ്ട്. അതും വാച്ചില്ലാതെ എഴുതേണ്ടി വരുമോയെന്ന ആശങ്കയിലാണിപ്പോൾ വിദ്യാർഥികൾ. അധികൃതരാകട്ടെ ഇക്കാര്യത്തിൽ വിശദീകരണവും നൽകിയിട്ടില്ല. കോട്ടയത്തെ മറ്റു കേന്ദ്രങ്ങളിൽ വിദ്യാർഥികളെ വാച്ചു കെട്ടാൻ അനുവദിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 7000 അധ്യാപകർക്കാണ് എൻട്രൻസ് പരീക്ഷാ നടത്തിപ്പുചുമതല.

തിങ്കളും ചൊവ്വയുമായി നടക്കുന്ന എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ ആകെ ഒന്നേകാൽ ലക്ഷം വിദ്യാർഥികളാണ് എഴുതുന്നത്. എൻജിനീയറിങ്ങിന് 1,04,102 കുട്ടികളാണ് അപേക്ഷിച്ചിട്ടുള്ളത്; ഫാർമസിക്ക് 70,716 പേരും. കേരളത്തിലും മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലുമായി 352 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

കഴിഞ്ഞ വർഷം മേയിൽ ‘നീറ്റ്’ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവം വൻവിവാദമായിരുന്നു. ലോഹ ഭാഗങ്ങൾ പരീക്ഷാഹാളിനകത്ത് അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു വിദ്യാർഥിനിയുടെ ഉൾവസ്ത്രത്തിന്റെ ‘സ്ട്രാപ്’ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തി‍ൽ പൊലീസ് കേസെടുത്തിരുന്നു. മനുഷ്യാവകാശ കമ്മിഷനും വിശദീകരണം തേടി.

കൂടുതൽ വായനയ്‌ക്ക്