Saturday 18 April 2020 05:51 PM IST

ഈ ലീഫ് ചിലർക്ക് നൽകിയത് ലൈഫാണ്; പരിസ്ഥിതി സ്നേഹം ലക്ഷ്യമാക്കി സെന്റ് തെരേസാസിലെ മുൻ അധ്യാപിക

Nithin Joseph

Sub Editor

green-final-

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിൽ അധ്യാപികയായിരുന്ന ലീല മാഞ്ഞൂരാന്റെ ജീവിതം പാടേ മാറിയത് റിട്ടയർമെന്റിന് ശേഷമാണ്. എന്നാൽ, ആ മാറ്റത്തിലും സെന്റ് തെരേസാസ് കോളജിന് വലിയ പങ്കുണ്ട്. പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യവുമായി സെന്റ് തെരേസാസിൽ ആരംഭിച്ച ഭൂമിത്രസേന ക്ലബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ മുൻ അധ്യാപിക വീണ്ടുമൊരിക്കൽ കൂടി തനിക്കേറെ പ്രിയപ്പെട്ട കോളജിൽ തിരിച്ചെത്തിയത്.

"2007ലാണ് ഞാൻ ജോലിയിൽനിന്ന് വിരമിക്കുന്നത്. പിന്നീട് കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ ദൗത്യത്തിന്റെ ഭാഗമായി മാറി. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിനായി പ്രാവർത്തികമാക്കിയ പല ദൗത്യങ്ങളിൽ ഒന്നായിരുന്നു, പ്ലാസ്റ്റിക്കിന് പകരം തുണികൊണ്ട് നിർമിച്ച ബാഗുകൾ."

സ്വന്തം കാലുറപ്പിച്ചു നിവർന്ന് നിൽക്കാൻ ഒരുപറ്റം സ്ത്രീകൾക്ക് വഴികാണിച്ചുകൊടുക്കുക എന്നൊരു ലക്ഷ്യം കൂടി ഈ വനിതയുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു."നാട്ടിലെ ചില കുടുംബശ്രീ പ്രവർത്തകരുമായി സംസാരിച്ച് അവരെക്കൂടി ഒപ്പം ചേർത്താണ് ലീഫ് (ലേഡീസ് എംപവർമെന്റ് ആൻഡ് അവെയർനെസ് ഫോർ ഫ്യൂചർ) എന്ന പേരിൽ തുണികൊണ്ട് ബാഗ് നിർമിക്കുന്ന യൂണിറ്റ് ആരംഭിച്ചത്."

തുണി ഉപയോഗിച്ച് പല തരത്തിലുള്ള ബാഗുകൾ ലീഫിൽ നിർമിക്കുന്നുണ്ട്. പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോകാൻ മാത്രമല്ല, പുസ്തകങ്ങളും ലഞ്ച് ബോക്സും നിറച്ച് സ്റ്റൈലായി കോളേജിൽ കൊണ്ടുപോവാൻ പറ്റുന്ന ബാഗുകൾ ഉണ്ട്.

"വലിയൊരു ബിസിനസ് ആയിട്ടല്ല ഞാൻ ഈ സംരംഭത്തെ കാണുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുറച്ച് സ്ത്രീകൾക്ക് മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ ചെറിയൊരു വരുമാനം. അത് മാത്രമാണ് ലക്ഷ്യം. ഞാൻ തുണി വാങ്ങി ആവശ്യമായ അളവിൽ മുറിച്ചു കൊടുത്താൽ അവർ വീട്ടിലെ ജോലികളെല്ലാം തീർത്ത് ഒഴിവുസമയങ്ങളിൽ ബാഗുകൾ തയ്ക്കും. വിവിധ എക്സിബിഷനുകളിൽ ബാഗുകളുടെ പ്രദർശനവും വിൽപനയും നടത്തുന്നുണ്ട്. അതോടൊപ്പം, ഓർഡറുകൾ സ്വീകരിച്ചും ബാഗും നിർമിച്ചു നൽകുന്നു. ഈ സംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഓർഡർ നൽകാൻ ആളുകൾ എത്താറുണ്ട്."

പരിസ്ഥിതിയ്ക്കൊപ്പം കുറച്ച് മനുഷ്യർക്കും ഒരു കൈത്താങ്ങ്, അതാണ് ലീഫ് എന്ന ഉദ്യമത്തിലൂടെ ലീല മാഞ്ഞൂരാൻ ലക്ഷ്യം വയ്ക്കുന്നത്. "വർഷങ്ങളോളം കോളേജിൽ വിദ്യാർഥികൾക്കിടയിൽ ആയിരുന്നു എന്റെ ജീവിതം. ഇപ്പോൾ വീണ്ടും അവരെപ്പോലെയുള്ള കുറച്ച് കുട്ടികളുമായി ഇടപെടുന്നത് വളരെ സന്തോഷം നൽകുന്നു."

ഈ വനിതയുടെ റിട്ടയർമെന്റ് ജീവിതം ആസ്വാദ്യകരമാക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. കേരളത്തിലെ നാടൻ പാചകം പഠിക്കാൻ താല്പര്യമുള്ള വിദേശികൾക്ക് തേവരയിലെ ലീലയുടെ "തണൽ" എന്ന വീട്ടിലേക്ക് വരാം. കിടിലൻ ഭക്ഷണവും കഴിച്ച്, പാചകവും പഠിച്ച് ഹാപ്പിയായി നാട്ടിലേക്ക് പോകാം

Tags:
  • Spotlight