Saturday 09 November 2019 06:32 PM IST

ചോരക്കുഞ്ഞിനെ അടക്കാൻ ഏറ്റുമാനൂർ നഗരസഭയ്ക്ക് രണ്ടടി മണ്ണില്ല! സെക്രട്ടറി കടുംപിടുത്തം തുടർന്നപ്പോൾ ജഡവുമായി സത്യാഗ്രഹം പ്രഖ്യാപിച്ച് എസ്ഐ; കയ്യടിക്കാം കാക്കിയുടെ കാരുണ്യത്തിന്

Binsha Muhammed

shocking

‘ഭൂമി പോലും കാണാതെ മരിച്ചൊരു പൈതൽ. ആ കുഞ്ഞിന്റെ ചേതനയറ്റ ദേഹത്തെയാണ് മണിക്കൂറുകളോളം അവർ തട്ടിക്കളിച്ചത്. മൃതശരീരത്തോട് കാട്ടേണ്ട സാമാന്യ മര്യാദയുണ്ട്. അതേ ഞങ്ങളും കാട്ടിയിട്ടുള്ളൂ. നിയമക്കുരുക്കിന്റെ പേരിൽ ആ കുഞ്ഞുദേഹത്തെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിപ്പായിച്ച മുനിസിപ്പൽ സെക്രട്ടറി... അവരും ഒരു സ്ത്രീയാണ്. എങ്ങനെ അവർക്ക് മനസു വന്നു. ഇതൊന്നും പോരാഞ്ഞിട്ട്, ഒന്നുമറിയാതെ മരിച്ച ആ കുഞ്ഞിന്റെ പിതൃത്വം അന്വേഷിച്ചും നഗരസഭയിലെ ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. എന്തൊരു വിരോധാഭാസമാണിത്. ’–അമർഷവും സങ്കടവും സമം ചേരുന്നതായിരുന്നു കോട്ടയം ഏറ്റുമാനൂർ സബ് ഇൻസ്പെക്ടർ അനൂപിന്റെ വാക്കുകൾ.

പ്രസവത്തിലേ മരിച്ച കുഞ്ഞിനെ സംസ്കരിക്കാൻ അനുവദിക്കാതെ വിലപേശിയ ഏറ്റുമാനൂർ നഗരസഭയ്ക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. പിഞ്ചു കുഞ്ഞിനെ സംസ്കരിക്കാൻ സ്ഥലം വിട്ടുനൽകാതെ ആയിരുന്നു ആദ്യ കടുംപിടുത്തം. പൊലീസ് ഇടപെട്ട് സ്ഥലം വിട്ടു നൽകിയെങ്കിലും ജീവനക്കാരെ വിട്ടുനൽകാതെ പിന്നേയും പിടിവാശി. ഒടുവിൽ എസ്ഐ അനൂപിന്റെ അസാമാന്യമായ ഇടപെടലിലാണ് ആ പിഞ്ചു ശരീരം മറവു ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അപ്പോഴേക്കും ആ കുരുന്ന് ശരീരത്തിൽ നിന്ന് ജീവൻ വേർപെട്ടിട്ട് 32 മണിക്കൂർ കഴിഞ്ഞിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രസവത്തിലെ സങ്കീര്‍ണ്ണതകളെ തുടര്‍ന്ന് കോട്ടയം അതിരമ്പുഴ വേദഗിരി ഭാഗത്ത് താമസിക്കുന്ന യുവതിയുടെ കുഞ്ഞ് മരിക്കുന്നത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തില്‍ എത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂര്‍ നഗരസഭയുടെ നിലപാട്.വിഷയം സമൂഹ മാധ്യമങ്ങളിൽ ആളിപ്പടരുമ്പോൾ ഏറ്റുമാനൂർ എസ്ഐ അനൂപ് ‘വനിത ഓൺലൈനിനോട്’ സംസാരിക്കുകയാണ്. ഒരു രാത്രിയും പകലും തണുത്തുറ‍ഞ്ഞ പിഞ്ചു ദേഹത്തിന് കാവലിരിക്കേണ്ടി വന്ന പൊള്ളുന്ന അനുഭവത്തെ കുറിച്ച്. ഒരു തുണ്ട് ഭൂമിക്കായി മുനിസിപ്പൽ ഓഫീസും പഞ്ചായത്ത് ഓഫീസും കയറിയിറങ്ങേണ്ടി വന്നതിനെക്കുറിച്ച്, മുട്ടാപ്പോക്ക് നയം പറഞ്ഞ അധികാരികളുടെ അവഗണനയെക്കുറിച്ച്...

e3

കണ്ണില്ലാത്ത ക്രൂരത

മൃതദേഹം അടക്കാൻ സ്ഥലമില്ലെങ്കിൽ അതിനു വേണ്ട സൗകര്യങ്ങൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ചെയ്തു കൊടുക്കേണ്ടതെന്ന പഞ്ചായത്ത് രാജ് ആക്ട് ഉണ്ട്. ഞങ്ങളേയും ആ കുഞ്ഞിനേയും ആട്ടിപ്പായിച്ച സാറൻമാർക്ക് അതിനെക്കുറിച്ച് അറിവുണ്ടാകും എന്ന് കരുതുന്നു. സ്ഥലമില്ലെന്ന് ന്യായം പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ച മുനിസിപ്പൽ സെക്രട്ടറി ഒരു സ്ത്രീയാണ്. ചിലപ്പോള്‍ അമ്മയും ആയിരിക്കും. അവർക്ക് മറ്റൊരു അമ്മയുടെ നൊമ്പരത്തിനു നേർക്ക് എങ്ങനെ കണ്ണടയ്ക്കാൻ തോന്നി.– അനൂപ് സംസാരിച്ചു തുടങ്ങുകയാണ്.

നവംബർ ഏഴാം തീയതി വൈകുന്നേരം മൂന്നരയ്ക്കാണ് കുഞ്ഞിന്റെ മരണം സംഭവിക്കുന്നത്. സംഭവം റിപ്പോർട്ട് ചെയ്ത പാടേ അസ്വാഭാവിക മരണം എന്ന നിലയിൽ‌ ഞങ്ങൾ സമീപിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ പ്രസവത്തോടെ തന്നെ കുഞ്ഞ് മരിച്ചു പോവുകയായിരുന്നു എന്ന് ബോധ്യപ്പെട്ടു. കുഞ്ഞിന്റെ അമ്മയുടെ ബന്ധുക്കൾ ഞങ്ങളോട് ആദ്യം ആവശ്യപ്പെട്ടത് ഈ കുഞ്ഞിനെ മറവു ചെയ്യാനുള്ള സഹായം ചെയ്യണമെന്നാണ്. പൊലീസ് ആയിട്ടല്ല, മനുഷ്യന്‍ ആയിട്ടാണ് അവരുടെ പരാതി കേട്ടത്. ഭൂമിയുടെ വെളിച്ചം പോലും കാണാതെ പോയ ആ പൊന്നുമോന് ഞങ്ങൾ അതെങ്കിലും ചെയ്തു കൊടുക്കേണ്ടേ.

e1

കുഞ്ഞിനെ മറവു ചെയ്യാനുള്ള നടപടി ക്രമങ്ങൾക്കായി മുനിസിപ്പൽ സെക്രട്ടറിയെ സമീപിക്കുമ്പോൾ കുട്ടി പിറന്നത് അതിരമ്പുഴ പഞ്ചായത്ത് അതിർത്തിക്കുള്ളിലാണ് എന്നതായിരുന്നു ആദ്യം പറഞ്ഞ ന്യായം. നഗരസഭയുടെ പൊതുശ്മശാനത്തിൽ കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യണമെങ്കിൽ അതിരമ്പുഴ പഞ്ചായത്തിന്റെ ശുപാർശ വേണമെന്ന് ഏറ്റുമാനൂർ നഗരസഭാ അധികൃതർ ഞങ്ങളെ അറിയിച്ചു. പൊലീസ് അതിരമ്പുഴ പഞ്ചായത്തിൽ നിന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ കത്തു വാങ്ങി തിരിച്ച് ഏറ്റുമാനൂർ നഗരസഭയിൽ എത്തി. അപ്പോൾ അവർക്കു വേണ്ടത് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇൻക്വസ്റ്റ് നഗരസഭയുടെ പരിധിയിൽ വരുന്നതല്ലെന്നും എഫ്ഐആർ കോപ്പി സമർപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു. അപ്പോഴും അവർ വഴങ്ങുന്ന ഭാവമില്ലായിരുന്നു. ഒടുവിൽ നിയമവശം വ്യക്തമാക്കുമ്പോഴേക്കും ഓഫീസ് സമയം കഴിഞ്ഞുവെന്നായി ന്യായം. ആ കുഞ്ഞിന്റെ ജഡം വീണ്ടും മോർച്ചറിയിലേക്ക്.

വെള്ളിയാഴ്ച രാവിലെ 10ന് വീണ്ടും പൊലീസ് സംഘം നഗരസഭയില്‍ എത്തി. പൊതുശ്മശാനത്തിൽ സ്ഥലമില്ലെന്നായിരുന്നു നഗരസഭാ അധികൃതരുടെ മറുപടി. ഓർക്കണം, 45 സെന്റീമീറ്റർ മാത്രം വലുപ്പമുള്ള ആ കുഞ്ഞിനു വേണ്ടി നഗരസഭയുടെ ഹൃദയഭാഗമൊന്നും വേണ്ടിയിരുന്നില്ല, വെറും രണ്ടടി മണ്ണ് തന്നെ ധാരാളമായിരുന്നു. നഗരസഭയിൽ എത്തി ഒരിക്കൽക്കൂടി അപേക്ഷ നൽകാൻ ഞാൻ പൊലീസ് ഉദ്യോഗസ്ഥരോടു നിർദേശിച്ചു. അപേക്ഷ വാങ്ങിയെങ്കിലും കൈപ്പറ്റിയെന്ന രസീത് പോലും നൽകാൻ അവര്‍ കൂട്ടാക്കിയില്ല. ഉച്ചയായിട്ടും ഈ അപേക്ഷയിൽ തീരുമാനവുമെടുത്തില്ല. നഗരസഭാ അധ്യക്ഷൻ ജോർജ് പുല്ലാട്ട് സംഭവത്തിൽ ഇടപെട്ടെങ്കിലും കാര്യങ്ങൾക്കു തീർപ്പായില്ല. ഇനിയും ഇങ്ങനെ പോയാല്‍ കാർഡ് ബോർഡിൽ പൊതിഞ്ഞ ആ മൃതദേഹവുമായി നഗരസഭയിലെത്തി സമരം ചെയ്യുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് നഗരസഭയിലെ ഏമാൻമാർ അയഞ്ഞതും സ്ഥലം വിട്ടു നൽകിയതും. നിരന്തര ശ്രമങ്ങൾക്കൊടുവിൽ ഒടുവിൽ തെള്ളകത്തുള്ള നഗരസഭ ശ്മശാനത്തിൽ കുഞ്ഞിനെ മറവു ചെയ്യാനുള്ള കുഴി റെഡിയാണെന്ന് നഗരസഭയുടെ ഉത്തരവ്. സഹായങ്ങൾക്കായി പ്രദേശത്തെ കൗൺസിലർ എത്തുമെന്നും അറിയിച്ചു. ഞങ്ങൾ‌ അവിടെയെത്തുമ്പോൾ ഒരു ഈച്ചപോലും അവിടെയില്ല. ഇതൊന്നും പോരാഞ്ഞിട്ട്, കുഴിയെടുക്കുന്നതിനുള്ള ചെലവ് ആരു വഹിക്കും എന്നതിനെച്ചൊല്ലിയായി അടുത്ത തർക്കം. സംഭവം നടപടിയാകില്ലെന്നു കണ്ടപ്പോൾ എനിക്കും എന്റെ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും കുഴിയെടുത്ത് ആ മൃതദേഹം മറവു ചെയ്യേണ്ടി വന്നു. കാക്കിക്കുള്ളിൽ ഹൃദയം ഇല്ലെന്ന് പറയുന്നവർ അറിയുക, ഞങ്ങളേക്കാൽ വലിയ ഹൃദയശൂന്യർ വേറെയും ഉണ്ട്. അവരിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദവുമില്ല.– അനൂപിന്റെ വാക്കുകളിൽ രോഷം.

Tags:
  • Vanitha Exclusive