Friday 24 December 2021 02:47 PM IST : By സ്വന്തം ലേഖകൻ

‘മരിക്കേണ്ട പ്രായത്തില്‍ അല്ല അവർ പോയത്’: ക്രിസ്മസ് രാവിലും ഈ വീടിന്റെ സന്തോഷങ്ങളുടെ വാതിൽ അടഞ്ഞു കിടക്കുന്നു

eva-sankarr

നാടൊട്ടുക്കും ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുകുമ്പോൾ വേദനകള്‍ നിഴലിക്കുന്ന തന്റെ വീടിനെക്കുറിച്ച് വികാരനിർഭരമായി പങ്കുവയ്ക്കുകയാണ് ഇവ ശങ്കർ. അച്ഛന്റെയും ചേച്ചിയുടേയും മരണം ഏൽപ്പിച്ച ആഘാതങ്ങൾക്കു നടുവിൽ നിന്നുകൊണ്ടാണ് ഇവയുടെ കുറിപ്പ്.

‘ചില നഷ്ടങ്ങൾ അങ്ങനെയാണ് കാലങ്ങളോളം നിലനിൽക്കും, മരിക്കുന്ന വരെ ചങ്ക് തകരുന്ന വേദനയോടെ മാത്രമേ അവരെ ഓർക്കാൻ കഴിയു.. എന്റെ അച്ചയും ചേച്ചിയും പോയശേഷം ഞാൻ സന്തോഷിച്ചിട്ടില്ല, ജീവിതത്തിൽ നിന്നും എന്തോ നഷ്ടപെട്ടപോലെയാ.. കാണാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ സാമിപ്യം എപ്പോഴും എനിക്കു അനുഭവപ്പെടാറുണ്ട് മുൻപ് കൂടെ ഉണ്ടായിരുന്നതുപോലെ..അതൊരു ആശ്വാസമാണ്, സ്നേഹമാണ് കരുതലാണ്.’– ഇവ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ആഘോഷങ്ങൾക്കു ഒട്ടും മങ്ങൽ ഏൽക്കാതെ ഇതാ ക്രിസ്തുമസ് വീണ്ടും വന്നെത്തി. പള്ളികളിലും വീടുകളിലും തെരുവോരങ്ങളിലും നക്ഷത്ര കണ്ണുകൾ ചിമ്മുന്നു പക്ഷേ എന്തോ എന്റെ വീട്ടിൽ മാത്രം ഇപ്പോഴും സന്തോഷങ്ങളുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു. ചേച്ചിയെയും അച്ചയെയും മരണം കൂട്ടികൊണ്ട് പോയ ശേഷം, ആഘോഷങ്ങൾ ഉണ്ടായിട്ടില്ല. 2 ദിവസം മുൻപ് എനിക്ക് തോന്നി കോവിഡ് ബാധിച്ചവരുടെ വീട്ടിലേക്കു ഒന്ന് പോയാലോ എന്ന്?

കഴിഞ്ഞ ദിവസം അച്ചയുടെ ഡയറിയിൽ കുറച്ചു രൂപ ഉണ്ടായിരുന്നു, അതുകൊണ്ട് കോവിഡ് വന്നു മരിച്ചവരുടെ വീട്ടിലേക്കു എന്തേലും സഹായം ചെയ്യണമെന്ന് തോന്നി, പിന്നെ അവിടുത്തെ അവരുടെ അവസ്ഥയും അറിയാൻ ആഗ്രഹമുണ്ടായിരുന്നു, കുറച്ചു നേരം, പിന്നെ അവരുടെ കൂടെ ഇരിക്കണം സംസാരിക്കണം.. അങ്ങനെ എന്തൊക്കെയോ ആ ഭാഗ്യ ദിവസം വന്നെത്തി. ഇന്ന് കുറെ കുറച്ചു വീടുകൾ തേടിപിടിച്ചു അവരുടെ അടുത്ത് പോയി കുറച്ചു ക്രിസ്മസ് ഗിഫ്റ്റും കേക്കും നൽകി. എന്നെ കണ്ടപ്പോൾ ആദ്യം അവർ അമ്പരന്നു എങ്കിലും പിന്നെ സ്നേഹത്തോടെ എന്നെ ക്ഷണിച്ചു...

ചിരിക്കുന്നെങ്കിലും പലരുടെയും മുഖത്ത് ഒരു നിസ്സംഗത ആയിരുന്നു.. ആരോ കൈവിട്ടു കളഞ്ഞപോലെ, ആരോ ഉപേക്ഷിച്ചപോലെ ഇപ്പോഴും ഉണ്ട് ആഴങ്ങളെ ഓർമ്മിക്കുന്ന നിശ്ചലത ആ വീടുകളിൽ. ആ കെട്ടകാലത്തിന്റെ ഓർമ്മയിൽ പലരും വിങ്ങി.. അവർ ആ നനഞ്ഞ ദിവസത്തെ എന്റെ മുന്നിലേക്ക്‌ കുടഞ്ഞെറിഞ്ഞു. മരിക്കേണ്ട പ്രായത്തിൽ അല്ല അവർ പോയത്, പോകാൻ ഒട്ടും ആഗ്രഹമില്ലാത്ത സമയത്താ കോവിഡ് അവരുടെ ജീവൻ.. കവർന്നു കളഞ്ഞത്.. അവരുടെ സ്വപ്നങ്ങളുടെ വെളിച്ചം കെട്ടു, ഇപ്പോൾ ജീവിതം വികാരരഹിതമായ ഒരു വസ്തു മാത്രം. മറ്റൊരു വീട്ടിൽ പോയപ്പോൾ, വീടിന്റെ മുന്നിലേക്ക്‌ ഒരു അമ്മ വിരൽ ചൂണ്ടി.. ദേ കണ്ടോ എവിടെയാ എന്റെ മോൻ ഉറങ്ങുന്നേ ഒരുപാടു ചിറകടിച്ചു പറക്കാനുള്ളവനാണ് ആ ആറടി മണ്ണിൽ അന്തി ഉറങ്ങുന്നത്, എന്നാണ് ഇനി അവനെ കാണാൻ കഴിയുക എന്നറിയില്ല. എന്തോ അവരുടെ നിൽപ്പും അവരുടെ തകർന്ന സംസാരവും എന്റെ നെഞ്ച് കലങ്ങുന്ന വേദനയുണ്ടാക്കി.ചിലർ അങ്ങനെയാ ഹൃദയം കൊണ്ടു സംസാരിക്കുമ്പോൾ നമ്മൾ തളർ ന്നു പോകും അങ്ങനെ എത്ര എത്ര കുഴിമാടങ്ങൾ..

അവരുടെ ഓരോ വക്കിൽ നിന്നുംഞാൻ തിരിച്ചറിയുകയായിരുന്നു കോവിഡ് ബാധിച്ചു മരിച്ച അവരുടെ പ്രിയപെട്ടവരുടെ സ്നേഹത്തിന്റെ വില, അവരുടെ ഹൃദയത്തിന്റെ ഭംഗി, ചിലർ കരഞ്ഞു മൗനമായി.. ചിലർ ഏങ്ങിയും വിങ്ങിയും നെഞ്ചിലടിച്ചും കരഞ്ഞു, മറ്റു ചിലർ എല്ലാം ഉള്ളിലൊതുക്കി ചിലർ ഒരിക്കലും കരഞ്ഞിട്ടില്ലാത്തപോലെ പോലെ കരഞ്ഞു എനിക്ക് അത്ഭുതം തോന്നി.. മരണ ങ്ങൾ മനുഷ്യനെ വല്ലാതെ മാറ്റിക്കളയുന്നല്ലോന്ന്‌...? എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എങ്കിലും എനിക്ക് കിട്ടിയ സാന്ദ്വനം ഞാൻ മറ്റുള്ളർക്കു നൽകാൻ ബാധ്യസ്ഥനാണല്ലോ, ഞാൻ വാക്കുകളാൽ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. ഈ വേദന ഞാനും അനുഭവിച്ചവൾ അല്ലെ അതിന്റെ ആഴം നന്നായി അറിയാം.

ഈ ഹൃദയം നുറുങ്ങുന്ന വേദന ജീവിച്ചിരിക്കുന്നവരുടെ ആത്മഹത്യ ആണ് .. മരിക്കില്ല, എരിഞ്ഞു കൊണ്ടിരിക്കും.. ചില നഷ്ടങ്ങൾ അങ്ങനെയാണ് കാലങ്ങളോളം നിലനിൽക്കും, മരിക്കുന്ന വരെ ചങ്ക് തകരുന്ന വേദനയോടെ മാത്രമേ അവരെ ഓർക്കാൻ കഴിയു.. എന്റെ അച്ചയും ചേച്ചിയും പോയശേഷം ഞാൻ സന്തോഷിച്ചിട്ടില്ല, ജീവിതത്തിൽ നിന്നും എന്തോ നഷ്ടപെട്ടപോലെയാ.. കാണാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ സാമിപ്യം എപ്പോഴും എനിക്കു അനുഭവപ്പെടാറുണ്ട് മുൻപ് കൂടെ ഉണ്ടായിരുന്നതുപോലെ..അതൊരു ആശ്വാസമാണ്, സ്നേഹമാണ് കരുതലാണ്...