Friday 17 September 2021 03:07 PM IST : By സ്വന്തം ലേഖകൻ

അച്ച പോയതിനു ശേഷം തുറന്നു നോക്കിയ മുറി, ബോക്‌സില്‍ 2 ഡയമണ്ട് റിംഗ്‌സ്: കരളുരുകി മകള്‍: കുറിപ്പ്‌

eva-741

നമുക്ക് എല്ലാമെല്ലാമായവര്‍, പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവര്‍. അവരൊരു നാള്‍ നമ്മളെ വിട്ടുപോയാലോ? ആ വേദനയെ ശമിപ്പിക്കാന്‍ ഒരു സാന്ത്വന വാക്കുകള്‍ക്കും കഴിഞ്ഞുവെന്നു വരില്ല. ഭൂമിയില്‍ അവര്‍ ബാക്കിവച്ചു പോയ ഓര്‍മ്മകള്‍ നെഞ്ചിലേറ്റിയാകും പിന്നെയുള്ള ജീവിതം. കോവിഡ് കവര്‍ന്ന പ്രിയപ്പെട്ട അച്ചയേയും അകാലത്തില്‍ പൊലിഞ്ഞ ചേച്ചിയേയും ഓര്‍ക്കുമ്പോള്‍ ഇവ ശങ്കര്‍ ബാക്കിയാക്കുന്നതും അങ്ങനെ ചിലതാണ്. ജീവന്റെ ജീവനായ അച്ഛനും ചേച്ചിയും ബാക്കിയാക്കി പോയ അടയാളങ്ങളെ നെഞ്ചോടു ചേര്‍ത്ത് നെഞ്ചുപിടയും കുറിപ്പാണ് ഇവ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ നാലുമാസമായി അടക്കിവച്ചിരുന്ന വേദനയുടെ അണപൊട്ടിയ നിമിഷത്തെക്കുറിച്ച് വികാരനിര്‍ഭരമായാണ് ഇവ കുറിക്കുന്നത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

വിരസമായിരുന്നു ഇന്നലത്തെ സായന്തനം

പൊടുന്നനെ

പൊട്ടിവീണ

മഴ ശമിച്ചിരിക്കുന്നു

പനി ഉള്ളതുകൊണ്ടാവാം

തണുത്ത കാറ്റ് വീശീയപ്പോൾ

എന്റെ ശരീരം നന്നേ വിറക്കൊള്ളുണ്ടായിരുന്നുണ്ടായിരുന്നു...

മണ്ണിന്റെ ഗന്ധം പേറി വന്ന കാറ്റ് കുറെ

ഓർമ്മകളെയും കൂടിയാണ് കൊണ്ട് വന്നത്..

അല്ലെങ്കിലും ചില നിമിഷങ്ങൾ അങ്ങനെയാണ്

നമ്മളറിയാതെ നമ്മളെ ഓർമ്മകളിലേക്ക് ക്കു കൂട്ടി കൊണ്ട് പോകും,അവിടെയുള്ള ഓർമ്മകളെ കുത്തി പുറത്തു ഇടും

ആ നിമിഷം പ്രവചനാതീതമാണ്.

ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോഴാണ് അമ്മയുടെ വിളി എത്തുന്നത്

എന്താണ്..എന്ന ചോദ്യത്തോടെ അമ്മേടെ മുഖത്തേക്ക് ഞാൻ ഉറ്റുനോക്കി

അമ്മ "അച്ചയുടെ അലമാരിയിൽ ഒരു

ജുവൽ ബോക്സ്‌ ഇരിപ്പുണ്ട് നീ പോയി നോക്കൂ.. ഞാൻ നോക്കുന്നില്ല..

കുറച്ചു നേരം അമ്മയുടെ മുഖത്തേക്ക് നോക്കി ഞാൻ കിടന്നു ...

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ എഴുന്നേറ്റു..

ഹൃദയം ത്രസിക്കുന്നെന്നു എനിക്ക് തോന്നി ഹൃദയം പൊട്ടിപോകുന്നപോലെ

അച്ച.. എന്നുറക്കെ,

വിളിച്ചെത്താറുള്ള ആ മുറിയിപ്പോൾ

അഗാധമായ ഉറക്കത്തിലാണ്.

4 മാസങ്ങൾക്കു ശേഷമാണ്

ഞാൻ ആ മുറിയിലേക്ക് ചെല്ലുന്നത്.

അച്ച പോയത് മുതൽ അച്ചയുടെ മുറിയിൽ കയറിയിട്ടില്ല.. വിഷമമാണ്, വേദന ആണെനിക്കത്..

തുറന്ന് വെച്ച വാതിലുടെ ഞാൻ അകത്തേക്ക് നോക്കി...

ചുമരിനോട് ചേർന്നു ഒഴിഞ്ഞു കിടക്കുന്ന കട്ടിൽ,

മേശയിൽ പാതി വായിച്ചു അടച്ചു വെച്ച പുസ്തകം,

അതിനു അടുത്തായി അച്ചയുടെ കണ്ണട, വാച്ച്..

അതിനു താഴെ ആയി

അച്ചയുടെ ചെരുപ്പ്...

നെഞ്ചുരുകി ഒലിക്കുന്നതുപോലെ

തോന്നി എനിക്ക്..

മുറി നിറയെ അച്ചയുടെ ഗന്ധം,

അച്ചയുടെ

സാന്നിധ്യം നിറഞ്ഞു നിൽക്കണപോലെ ഒരു ഫീൽ..

പതുക്കെ..

നടന്നു അലമാരയുടെ മുന്നിലെത്തി

ചാരി ഇട്ടിരുന്ന അലമാരയുടെ വാതിൽ ഞാൻ തുറന്നു

അടുക്കി വെച്ച അച്ചയുടെ

തുണികളു ടെ അടുത്തായി 2 ജുവൽ ബോക്സ്‌.

കൈ നീട്ടി ഞാൻ അതെടുത്തു

പതുക്കെ തറയിലേക്ക് ഊർന്നിരുന്നു.

അതു തുറന്നു...

രണ്ട് റിങ്‌സ്..

ഡയമണ്ട് റിങ്‌സ്..

അതിനകത്തു ഒരു കുഞ്ഞ് പേപ്പറിൽ 03:08:2019 എന്ന് അച്ചയുടെ കൈപ്പടയിൽ എഴുതിയിരിക്കുന്നു.

അതെ..

ആ മാസം ആണ് എന്റെ ചേച്ചി ആശുപത്രിയിൽ ആകുന്നതും, മരണത്തിലേക്ക് നടന്നു പോയതും.

ഒരുപക്ഷേ

ഞാൻ ഹോസ്റ്റലിൽ ആയിരുന്നത് കൊണ്ടും അവൾ ഹോസ്പിറ്റലിൽ ആയിരുന്നതുകൊണ്ടും

നമ്മൾ ഒരുമിച്ചു ഉള്ളപ്പോൾ

തരാനായി

അച്ച മാറ്റി വെച്ചതാക്കാം..

പക്ഷേ

വിധി മറ്റൊന്നായിരുന്നു

അച്ച അവൾക്കായി മേടിച്ച സമ്മാനത്തിനായി അവൾ കാത്തു നിന്നില്ല.

ഇങ്ങനെ ഒരു സമ്മാനം അവളെ കാത്തിരിക്കുന്നുവെന്നു അവളും അറിഞ്ഞില്ല...

ഇത് മേടിക്കാൻ അവൾ ഇനി ഒരിക്കലും തിരിച്ചെത്തില്ലെന്നു അച്ചയും കരുതിയിട്ടുണ്ടാവില്ല.

അവളുടെ മരണശേഷം

എനിക്ക് മാത്രമായി നൽകാൻ അച്ചയുടെ മനസ് അനുവദിച്ചിട്ടുണ്ടാവില്ല, ഇങ്ങനെയൊരു സമ്മാനം എനിക്കും ഉണ്ടെന്നു ഞാനും അറിഞ്ഞില്ല. അതു നൽകാതെ അവസാനം

അച്ചയും മടങ്ങി പോയി..

പെട്ടന്ന് കടൽ പോലെ ഒരു നിലവിളി

എന്റെ നെഞ്ചിലേക്ക് അലച്ചു വന്നു

കരളുരുകി തുള്ളികളായി വീണു..

എന്തിനായിരുന്നു അച്ച..

വേണ്ടായിരുന്നു

പോവണ്ടായിരുന്നു

എനിക്ക് ഈ വേദനകൾ ഒന്നും താങ്ങാനുള്ള ശക്തി ഇല്ലെന്നു അറിഞ്ഞിട്ടും....

എന്റെ

അച്ച പോയ തെന്തേ...

അച്ച ഇല്ലാതെ എന്റെ ജീവിതം

വരണ്ടു പോയിരിക്കുന്നു

തളർന്നു പോകുന്നു

ചില നേരങ്ങളിൽ

എണീക്കുവാൻ പോലും കഴിയാതെ..

കഴിഞ്ഞ 4 മാസമായി ഞാൻ അടക്കിവെച്ചിരുന്ന

വേദനയുടെ അണ പൊട്ടി തുടങ്ങി..

അച്ഛയോടുള്ള അടുപ്പം

ഈ ലോകത്തു വേറെ ആരോടും എനിക്ക് ഇല്ല. ആ ഹൃദയബന്ധം എത്ര അഗാധമായിരുന്നെന്നു അച്ചയുടെ ശൂന്യത എനിക്ക് മനസിലാക്കി തന്നു.

എത്ര പാവമായിരുന്നു

എത്ര നിഷ്കളങ്ക മായിരുന്നു എന്റെ അച്ചയുടെ മുഖം...

ഞാൻ എന്ത് മാത്രം എന്റെ അച്ചയെ സ്നേഹിക്കുന്നുവെന്ന് എനിക്ക് അറിയില്ല. ഈ ഭൂമിയിൽ മറ്റെവിടെയും എനിക്ക്

കിട്ടില്ലെന്നുറപ്പുള്ള സ്നേഹം, അതല്ലേ എനിക്ക് എന്നന്നേക്കുമായി നഷ്ടപെട്ടത്

ഇപ്പോൾ ഇത് എഴുതുമ്പോഴും എന്റെ ഹൃദയം പിടയുന്നത് എനിക്ക് അറിയാം.

ഇന്നലെകളുടെ ഓർമ്മകൾക്ക് ഒരായുസ്സിന്റെ വേദനയുണ്ട്.

ഒരു മഴവില്ല് പോലെ മാഞ്ഞുപോയ നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങൾ തിരിച്ചു കിട്ടാൻ എത്ര ജന്മം ഞാൻ ഇനി ഞാൻ കാത്തിരിക്കണം.. എന്നെനിക്കറിയില്ല.

ഞാൻ ഇപ്പോളും കാലം എന്ന നദീ തീരത്താണ്.. അവിടെ നിന്നും പോരാൻ എന്റെ മനസ് മടിച്ചു നിൽക്കുന്നു .

കാരണം

അവിടെ ഇപ്പോളും എന്റെ അച്ചയും ചേച്ചിയും ജീവിച്ചിരിപ്പുണ്ട്... ഞാൻ

ഒന്ന് നോക്കിയാൽ കാണാം

സുതാര്യമായ ഒരു മൂട് പടലത്തിനുള്ളിൽ അച്ചയും ചേച്ചിയും

നിൽക്കുന്നത്..

ഒന്ന് ചെവി ഓർത്താൽ കേൾക്കാം

അച്ചയുടെ അടഞ്ഞ ശബ്ദത്തിലെ സ്നേഹ ശാസനകളും

ചേച്ചിയുടെ പൊട്ടി ചിരികളും..

അഭമ്യ മായ ഒരു കുടന്ന പൂക്കളുടെ സുഗന്ധം സമ്മാനിച്ച് കടന്നു പോയ

അച്ഛയുടെയും ചേച്ചിയുടെയും

ഓർമ്മകളെ ഞാൻ എന്റെ ഹൃദയത്തിലേക്ക് ചേർത്ത് വെക്കുന്നു..

റെക്കോർഡ് ചെയ്തു വെച്ച ചേച്ചിയുടെയും അച്ഛയുടെയും ശബ്ദം..

ഒരായിരം ഓർമ്മകൾ ഇതൊക്കെയാണ്

ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്ന അടയാളങ്ങൾ..

നെഞ്ചിനുള്ളിൽ വേദനയുടെ പക്ഷി ചിറകിട്ടടിച്ചു

ഞാൻ കൈകളിലെ മോതിരത്തിലേക്കു നോക്കി

എന്റെ അച്ഛായെക്കാൾ വിലയുള്ള ഡയമണ്ട് ഈ ലോകതുണ്ടോ?

പതുക്കെ ചുമരിലേക്കു ചാരി ഒഴിഞ്ഞ കട്ടിലേക്ക് നോക്കി ഞാൻ ഇരുന്നു

പിന്നെ കരയാൻ തുടങ്ങി...

നിർത്താൻ പറ്റാത്ത കരച്ചിൽ..