Thursday 16 August 2018 05:10 PM IST

കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അമ്മമാർ അറിയേണ്ടതെല്ലാം

Ammu Joas

Sub Editor

kids_eye_care
ഫോട്ടോ: സരിൻ രാംദാസ്

മക്കളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്നവരാണ് അമ്മമാർ. അപ്പോൾ ആ കൺമണിയുടെ കണ്ണിനെ പറ്റി ആശങ്കകൾ സാധാരണം. കുഞ്ഞിനു കോങ്കണ്ണുണ്ടോ... മൊബൈൽ ഫോണിൽ ഗെയിം കളിച്ചാൽ പ്രശ്നമാകുമോ... ഇങ്ങനെ നിരവധി സംശയങ്ങളാണ് അമ്മമാർക്ക്. ഇതാ കുഞ്ഞിന്റെ കണ്ണിനെ ബാധിക്കുന്ന ചില പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും.

കോങ്കണ്ണുണ്ടെങ്കിൽ എന്തു ചെയ്യണം

ജനിച്ച് ആദ്യമാസങ്ങളിൽ കുഞ്ഞുങ്ങൾക്ക് കോങ്കണ്ണുള്ളതു പോലെ തോന്നാം. എന്നാൽ ദൃഷ്ടിയുറയ്ക്കുമ്പോൾ ഈ പ്രശ്നം മാറും. ഒൻപതു മാസത്തിനു ശേഷവും കുഞ്ഞിന് കോങ്കണ്ണുള്ളതായി തോന്നിയാൽ ഒരേ ദിശയിൽ കണ്ണുകൾ ചലിപ്പിക്കാൻ കുട്ടിക്ക് പ്രയാസമാണെന്നു മനസ്സിലാക്കാം. കണ്ണിന്റെ പേശികളുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുകളാണ് കോങ്കണ്ണ് ഉണ്ടാക്കുന്നത്. പാരമ്പര്യവും ഒരു കണ്ണിന്റെ കാഴ്ചക്കുറവും ഇതിനു കാരണമാകാറുണ്ട്.

ലക്ഷണങ്ങൾ : രണ്ടു കണ്ണുകളിലൊന്ന് ഉള്ളിലേക്കോ പുറത്തേക്കോ മുകളിലേക്കോ തിരിഞ്ഞിരിക്കുകയാകും. സ്ഥിരമായും ചില സമയത്തു മാത്രവും സംഭവിക്കുന്ന തരത്തിൽ രണ്ടു വിധത്തിൽ ഇതുണ്ടാകാറുണ്ട്.

പരിഹാരം : കാഴ്ചാ വൈകല്യങ്ങള്‍ കൊണ്ടുണ്ടാകുന്ന കോങ്കണ്ണ് കണ്ണട വച്ചു ശരിയാക്കാം. അതുകൊണ്ടും ശരിയാകാത്തവയ്ക്ക് ശസ്ത്രക്രിയയാണ് പരിഹാരം. ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ ചെറുപ്രായത്തിൽ തന്നെ ചെയ്യണം. നല്ല ഫലം കിട്ടണമെങ്കിൽ ഒരു വയസ്സിനും അഞ്ചു വയസ്സിനും ഇടയിൽ ചെയ്യുന്നതാണ് അഭികാമ്യം. ഒന്നിലേറെ ശസ്ത്രക്രിയയും ആവശ്യമായി വരാം. അതിനാൽ എത്രയും വേഗം ചികിത്സ തേടുക.

കണ്ണിൽ നിന്നു വെള്ളം വന്നാൽ

നമ്മൾ കരയുമ്പോൾ കണ്ണിലൂടെ മാത്രമല്ല മൂക്കിലൂടെയും വെള്ളം വരാറില്ലേ. അതിനു കാരണം കണ്ണും മൂക്കും തമ്മിൽ ബന്ധിപ്പിക്കുന്ന കനാലാണ്. ഈ കനാലിൽ തടസ്സം വരുന്നതാണ് ബ്ലോക്ഡ് ടിയർ ഡക്ട്. നോസെലാക്രിമൽ ഡക്ട് എന്നാണ് ഈ കനാലിനു പറയുന്നത്. ഇവിടെ തടസ്സമുണ്ടാകുമ്പോൾ കണ്ണുനീർ കണ്ണിലൂടെ മാത്രം ഒഴുകിക്കൊണ്ടിരിക്കും.

ലക്ഷണങ്ങൾ : കണ്ണിൽ നിന്നു തുടർച്ചയായി വെള്ളം വരിക. മിക്കപ്പോഴും ഒരു കണ്ണിനു മാത്രമാണ് ഈ പ്രശ്നം വരാറ്. ചില കുഞ്ഞുങ്ങളുടെ കണ്ണിൽ പീള അടിഞ്ഞു വരികയും ചെയ്യും. നവജാത ശിശുവായിരിക്കുമ്പോൾ തന്നെ ഈ പ്രശ്നം അമ്മമാർക്കു കണ്ടെത്താവുന്നതേയുള്ളൂ.

പരിഹാരം : മൂക്കിന്റെ വശങ്ങളിലുള്ള ലാക്രിമൽ സാക്കിന്റെ ഭാഗത്ത് ബഡ്സ് അല്ലെങ്കിൽ വിരൽ ഉപയോഗിച്ച് മെല്ലേ അമർത്തി കൊടുക്കണം. മെല്ലേ മസാജ് ചെയ്തു കൊടുക്കുന്നതും നല്ലതാണ്. ലാക്രിമൽ മസാജിനൊപ്പം ഡോക്ടറുടെ നിർദേശമനുസരിച്ച് ആന്റിബയോട്ടിക്ക് ഡ്രോപ്സും ഒഴിച്ചു കൊടുക്കാം. ദിവസവും മൂന്നു തവണ വീതം മസാജ് ചെയ്ത് രണ്ടു –മൂന്നു മാസം കൊണ്ട് ശരിയാക്കിയെടുക്കാനാകും. എന്നിട്ടും ശരിയായില്ലെങ്കിൽ ചെറിയ ശസ്ത്രക്രിയ ആവശ്യമാകാം.

കണ്ണിനെ ബാധിക്കുന്ന ഇൻഫെക്‌ഷൻ

മുൻപ് ബാക്ടീരിയ മൂലമുള്ള കൺജക്റ്റിവൈറ്റിസ് (ചെങ്കണ്ണ്) ആയിരുന്നു കൂടുതൽ. എന്നാലിപ്പോൾ വൈറൽ കൺജക്റ്റിവൈറ്റിസ് ആണ് കാണുന്നത്. ബാക്ടീരിയ മൂലമുള്ള ഇൻഫെക്‌ഷൻ പോലെ പകർന്നുപിടിക്കില്ലെങ്കിലും പടരാനുള്ള സാധ്യത ഇതിനുമുണ്ട്. ചില കുഞ്ഞുങ്ങൾക്ക് ബാക്ടീരിയയും വൈറസും ചേർന്ന് അണുബാധയുണ്ടാക്കാറുമുണ്ട്.

ലക്ഷണങ്ങൾ : കണ്ണിനു ചുവപ്പും അസ്വസ്ഥതയും ഉണ്ടാകും. ചെറിയ രീതിയിൽ ഡിസ്ചാർജ് വരുമെങ്കിലും കണ്ണു തുറക്കാൻ കഴിയാത്ത രീതിയിൽ പീള അടിയുന്ന പ്രശ്നങ്ങളും വിരളമായി കാണാറുണ്ട്. രണ്ടു കണ്ണിലും ഒരേ സമയം അസുഖം വരണമെന്നില്ല.

പരിഹാരം : ഡോക്ടറുടെ നിർദേശാനുസരണം ആന്റിബയോട്ടിക്ക്, ആന്റി വൈറൽ മരുന്നുകൾ നൽകുന്നതിലൂടെ അണുബാധ മാറ്റിയെടുക്കാനാകും.

റെറ്റിനോപ്പതി ഓഫ് പ്രീമെച്യൂരിറ്റി

മാസം തികയാതെ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെയും ഒന്നരക്കിലോയിൽ കുറവ് തൂക്കത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെയും കാഴ്ചയെ ബാധിക്കുന്ന ഒന്നാണ് റെറ്റിനോപ്പതി ഓഫ് പ്രീമെച്യൂരിറ്റി. കണ്ണിലെ റെറ്റിനയിലേക്കുള്ള രക്തകുഴലുകളുടെ വികാസക്കുറവാണ് കാരണം. ഗർഭസ്ഥ ശിശു പൂർണ വളർച്ചയെത്തുന്നത് 36 ആഴ്ചയാകുമ്പോഴാണ്. രണ്ടാഴ്ച പിന്നിലേക്കു പോയാലും അധികം സങ്കീർണതകളുണ്ടാകില്ല. എന്നാൽ 34 ആഴ്ച പ്രായമാകും മുൻപേ ജനിക്കുന്ന കുഞ്ഞുങ്ങളുടെ (പ്രീ ടേം ബേബി) ശരീരത്തിലെ അവയവങ്ങൾ പൂർണമായി വികസിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ ഇവർക്ക് ഇൻക്യൂബേറ്ററിന്റെ സഹായം തേടേണ്ടി വരും. ഇതും ഈ പ്രശ്നത്തിനു കാരണമാകാം.

ലക്ഷണങ്ങൾ : തുടക്കത്തില്‍ പ്രത്യേക ലക്ഷണങ്ങൾ ഒന്നും പ്രകടമായിരിക്കില്ല. പിന്നീട് കാഴ്ച തകരാറുകൾ വരുമ്പോഴാകും ശ്രദ്ധയിൽ പെടുക.

പരിഹാരം : കുഞ്ഞിന് ഒരു മാസമാകുമ്പോൾ കണ്ണ് പരിശോധിക്കണം. റെറ്റിന പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിശ്ചിത ഇടവേളയിൽ പരിശോധിക്കണം. റെറ്റിനൽ ഡിറ്റാച്ച്മെന്റ് സംഭവിച്ചാൽ പൂർണ അന്ധതയായിരിക്കും ഫലം. ലേസർ തെറപ്പിയാണ് ചികിത്സ.

ഒരു കണ്ണ് മടിയനായാൽ

കുഞ്ഞുങ്ങള്‍ കാണുന്നുണ്ടോ കേൾക്കുന്നുണ്ടോ എന്നൊക്കെ അമ്മമാർ നീരിക്ഷിക്കാറുണ്ട്. മുഖത്തു നോക്കി ചിരിക്കുന്നുണ്ടോയെന്നും വസ്തുക്കൾ നീങ്ങുന്നതിനൊപ്പം കണ്ണുകളും ചലിക്കുന്നുണ്ടോയെന്നും നോക്കും. ഒരു കണ്ണിനു മാത്രമേ കാഴ്ചയുള്ളൂവെങ്കിലും കുഞ്ഞുങ്ങൾ ഇവ ചെയ്യും. അതിനാൽ തന്നെ ഒരു കണ്ണിനു മാത്രം വരുന്ന കാഴ്ച പ്രശ്നങ്ങളാണ് മിക്കപ്പോഴും കണ്ടെത്താതെ പോകുന്നത്. ഈ വൈകല്യമാണ് ആംബ്ലിയോപ്പിയ അഥവാ മടിയൻ കണ്ണിനു കാരണം. അതുകൊണ്ട് അമ്മമാർ കുഞ്ഞിന്റെ ഒാരോ കണ്ണുവീതം മൂടി അടുത്തതിനു കാഴ്ചയുണ്ടോ എന്നു പരിശോധിക്കണം. ഒരു കണ്ണിനു മാത്രമാണ് പ്രശ്നമെങ്കിൽ രണ്ടു തരത്തിലുള്ള പ്രതിബിംബങ്ങളാകും കുട്ടിയുടെ തലച്ചോറിലെത്തുക. ഇതിൽ അവ്യക്തമായ പ്രതിബിംബങ്ങൾ തലച്ചോർ തള്ളിക്കളയും. ക്രമേണ മോശം പ്രതിബിംബം നൽകുന്ന കണ്ണിനെ തലച്ചോർ ഉപയോഗിക്കാതെയാകും.

പരിഹാരം : രോഗമില്ലാത്ത കണ്ണു മൂടിക്കെട്ടി വൈകല്യമുള്ള കണ്ണിനെ ആശ്രയിക്കാൻ തലച്ചോറിനെ പഠിപ്പിക്കുകയാണ് സാധാരണ ചികിത്സയായി ചെയ്യുന്നത്. ഈ കണ്ണിന് പവർ ഗ്ലാസ് വച്ച് എത്രയും വേഗം ചികിത്സ ചെയ്താൽ‌ രോഗം മാറാൻസാധ്യത കൂടുതലാണ്. കണ്ണും ഒപ്റ്റിക്കൽ നെർവും തലച്ചോറും തമ്മിലുള്ള ബന്ധം പൂർണമായി വികസിക്കുന്നത് പത്തു വയസ്സിനു മുൻപു വരെയാണ്.

kids_eye_care2

ഇവ ശ്രദ്ധിക്കൂ

കൂർത്ത അഗ്രമുള്ളവ കൊണ്ട് കണ്ണിൽ മുറിവേറ്റാൽ കൃഷ്ണമണിക്ക് തകരാറുണ്ടാകും. ഇത്തരത്തിൽ അപകടം സംഭവിച്ചാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം. കണ്ണിൽ പൊടിയോ മറ്റോ പോയാൽ തിരുമ്മരുത്. കണ്ണു നന്നായി കഴുകുക. അസ്വസ്ഥത മാറുന്നില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടാം.‌

ടിവി കാണുമ്പോൾ

കുഞ്ഞ് സ്ഥിരമായി ടിവിക്ക് മുന്നിലാണ്, ഇതു കാഴ്ചത്തകരാറുകൾ ഉണ്ടാക്കുമോ? മിക്ക അമ്മമാരുടെയും സംശയമാണിത്. കുഞ്ഞിന്റെ കാഴ്ചയ്ക്ക് ഇതുമൂലം പ്രശ്നങ്ങളുണ്ടാകില്ലെങ്കിലും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ദീർഘനേരമുള്ള ടിവി, കംപ്യൂട്ടർ കാഴ്ച തലവേദന, കണ്ണിൽ നിന്നു വെള്ളം വരിക തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. കണ്ണിമ ചിമ്മാതെയുള്ള ടിവി കാഴ്ച കണ്ണിനു വരൾച്ചയുമുണ്ടാക്കും.

∙കണ്ണിനു പ്രശ്നമുണ്ടാക്കാത്ത തരത്തിൽ ടിവി കാഴ്ച നിയന്ത്രിക്കാം. വെളിച്ചമില്ലാത്ത മുറികളിലിരുന്ന് ടിവി കാണാൻ അനുവദിക്കരുത്. ടിവി സ്ക്രീനിൽ നിന്ന് പത്തടി എങ്കിലും അകലത്തിൽ ഇരുന്നു വേണം ടിവി കാഴ്ച. ചെറുപ്പം മുതൽ ഇതു ശീലിപ്പിക്കണം.

∙ തുടർച്ചയായി ടിവി കാണാൻ അനുവദിക്കരുത്. സിനിമ കാണുമ്പോൾ ഇടവേളകളിൽ കണ്ണുകളടച്ച് അൽപസമയം വിശ്രമിക്കാൻ പറയണം. മുറ്റത്തെ പച്ചപ്പിലേക്കു നോക്കാനും ഇടയ്ക്കിടെ കണ്ണു ചിമ്മാനും പറയാം.

∙ കിടന്നു കൊണ്ടു ടിവി കാണുന്നതു നല്ലതല്ല. പ്രത്യേകിച്ചും കണ്ണട ഉപയോഗിക്കുന്ന കുട്ടികൾ. കണ്ണിന്റെ ഫോക്കസിൽ വ്യത്യാസം വരുന്നതാണു കാരണം.

 

വിവരങ്ങൾക്കു കടപ്പാട് :‍ഡോ. മിനി സി.ജി.

കൺസൽട്ടന്റ്, ഒഫ്താൽമോളജി ഡിപ്പാർട്മെന്റ്,

ഗവ. ജനറൽ ഹോസ്പിറ്റൽ, കോട്ടയം.

ഡോ.പി.ആർ ജയകുമാർ, കൺസൽട്ടന്റ്, നിയോനറ്റോളജി വിഭാഗം

മെഡിക്കൽ കോളജ്, കോട്ടയം