Friday 19 July 2019 04:15 PM IST : By സ്വന്തം ലേഖകൻ

കർണാടക, ഗോവ, മഹാരാഷ്ട്ര,ഗുജറാത്ത് വഴി മണാലി, ഇനി ഹിമാലയം! സൈക്കിളിൽ രാജ്യം ചുറ്റി ഒരു അങ്കമാലിക്കാരൻ

evin-raju

ഇപ്പോൾ ഒറ്റയ്ക്കുള്ള ഇഷ്ടയാത്രകൾ പുതുമയല്ല. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രെയിലിലോ, വിമാന മാർഗമോ, ബൈക്കിലോ, കാറിലോ ഒക്കെ ആസ്വദിച്ചു പോകുന്നവർ എത്രയോ. പ്രായഭേദമന്യേ, മാറിയ ലോകത്തിന്റെ സാധ്യതകളെ കൂട്ടുപിടിച്ച്, കാടും കടലും മലയും താണ്ടി, ദൂരത്തിന്റെ ഹരം നിറഞ്ഞ മനസ്സുമായി പലരും പല വഴി പോകുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഒരു ലക്ഷ്യം പിന്തുടരുന്നതിന്റെ, മോഹം യാഥാർത്ഥ്യമാകുന്നതിന്റെ ലഹരിയിലാകും അവർ. എന്നാൽ അവർക്കിടയിൽ വ്യത്യസ്തനാകുകയാണ് അങ്കമാലി - പീച്ചാനിക്കാട് സ്വദേശിയായ എവിൻ രാജു എന്ന ചെറുപ്പക്കാരൻ.

അങ്കമാലി നിന്നു സൈക്കിളിൽ മണാലി, ഹിമാലയം, ഹിമാചൽ താണ്ടി, യാത്രയുടെയും ദൂരത്തിന്റെയും ലോകത്തെ വേറിട്ട സാന്നിധ്യമാകാനൊരുങ്ങുകയാണ് എവിൻ.
2019 ജനുവരി28നാണ് എവിന്റെ ‘സൈക്കിൾ യജ്ഞം’ തുടങ്ങിയത്. വീട്ടിൽ നിന്നിറങ്ങി, കർണാടക ,ഗോവ ,മഹാരാഷ്ട്ര ,ഗുജറാത്ത് എന്നിവടങ്ങളിലെ സമുദ്രസമാന്തരമായ റോഡുകളിലൂടെയും രാജസ്ഥാനിന്റെ മണലാരണ്യങ്ങളിലൂടെയും ഡൽഹിയിലെത്തിയ എവിൻ അവിടെ നിന്നു പോയത് മണാലിയിലേക്ക്. മെയ് 11 ന് മണാലിയില്‍ എത്തി.

ഇപ്പോൾ രണ്ട് മാസമായി മണാലിയിൽ റോഡ് പണിക്കാർക്കൊപ്പം കൂടിയിരിക്കുകയാണ് കക്ഷി. ബാക്കി വരുന്ന സമയം അടുത്തുള്ള ഒരു ദാബയിലും ജോലിചെയ്യുന്നു. ഈ പണികൾ ചെയ്തു കിട്ടുന്ന പണം ശേഖരിച്ചു വച്ചിട്ടു വേണം നേപ്പാളിലേക്കു പോകാൻ.

ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് അഭിജിത് എന്ന യുവാവ് എവിനെക്കുറിച്ച് കുറിച്ചിട്ടുള്ളത്.