Monday 21 October 2019 12:02 PM IST : By സ്വന്തം ലേഖകൻ

ലഗേജിന് ഭാരം കൂടുതൽ; പണികിട്ടുമെന്നുറപ്പായപ്പോൾ യുവതി ചെയ്തത്; ചിരിപടർത്തി ചിത്രം

luggage

അണുമണി തൂക്കം തെറ്റാതെ സാധനങ്ങളും പെറുക്കി കെട്ടിയാണ് പലരും എയർപോർട്ടിലേക്ക് എത്തുന്നത്. നിശ്ചിത ഭാരത്തിനപ്പുറം ലഗേജുമായി എയർപോർട്ടിലെത്തിയാലോ? കഥ കഴിഞ്ഞു, പ്രിയപ്പെട്ടത് പലതും മനസില്ലാ മനസോടെ അവിടെ ഉപേക്ഷിക്കേണ്ടി വരും. അതുമല്ലെങ്കിൽ പോക്കറ്റ് കീറുന്ന കാശ് അധികം കൊടുത്ത് വണ്ടി പിടിക്കേണ്ടി വരും.

ഫിലിപ്പീൻസ് സ്വദേശിയായ ഗെൽ റോഡ്‌റിഗസ് എന്ന യുവതിക്കും ഇതേ സാഹചര്യമാണുണ്ടായത്. ഗെല്ലിന്റെ ബാഗിന്റെ ഭാരം  9.5 കിലോഗ്രാം. കൊണ്ടുപോകാൻ അനുവദിക്കുന്ന ഭാരം ഏഴു കിലോയും. വിമാനത്താവളത്തിനുള്ളിൽ വച്ചാണ് ഗെൽ അറിയുന്നത്. പക്ഷേ കക്ഷിയുണ്ടോ വിട്ടുകൊടുക്കുന്നു. ബാഗിന്റെ ഭാരം കുറയ്ക്കാനായി ബാഗിലുണ്ടായിരുന്ന 2.5 കിലോ വസ്ത്രങ്ങൾ ഗെൽ എടുത്തണിഞ്ഞു. അങ്ങനെ ബാഗിന്റെ ഭാരം 6.5 കിലോ ആയി കുറച്ചു. എക്സസ് ബാഗേജ് ചലഞ്ച് അക്സപ്റ്റെഡ് എന്ന ഹാഷ്ടാഗോടെയാണ് യുവതി തന്റെ ഉപായം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചത്.

കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് അധികനേരം കഴിയുന്നതിനു മുൻപായി അതു തരംഗമായി. 33000 ലൈക്കുകളും 20,000 ഷെയറുകളുമായി ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയാണ് പോസ്റ്റ്.