Saturday 23 February 2019 12:37 PM IST : By സ്വന്തം ലേഖകൻ

ഏഴു പതിറ്റാണ്ട് പിന്നിട്ട ദാമ്പത്യം, അവർ മരണത്തിലും ഒരുമിച്ചു; ലോകത്തെ വിസ്മയിപ്പിച്ച പ്രണയം!

rare-love-viral

മരണത്തിലും നമ്മൾ പിരിയില്ലെന്ന് മനോഹരമായ അക്ഷരത്തിൽ പ്രണയലേഖനങ്ങളിലും വാക്കുകളിൽ മധുരവും പ്രണയവും നിറച്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ വാചകം ജീവിതത്തോട് ചേർത്തുനിർത്തി ലോകത്തെ അമ്പരപ്പിച്ച് ഭൂമിയിൽ നിന്നും ഒരുമിച്ച്  മടങ്ങിയിരിക്കുകയാണ് ഈ ദമ്പതികൾ. അമേരിക്കയിലെ ഫിലഡല്‍ഫിയ സ്വദേശികളായ പ്രബിൾ സ്റ്റാവർ–ഇസബൽ വിറ്റ്നി ദമ്പതികളാണ് മരിക്കാത്ത പ്രണയത്തിന്റെ ഉടമകൾ. ജീവിതത്തിലും മരണത്തിലും ഇവർ എല്ലാവരെയും വിസ്മയിച്ചാണ് കടന്നുപോയതും.

1921 ലാണ് ഇരുവരും ജനിച്ചത്. അതും ഒക്ടോബര്‍ മാസത്തില്‍. പ്രബിള്‍ ഒക്ടോബര്‍ 17നും ഇസബല്‍ ഒക്ടോബര്‍ 31നും. കോളജ് പഠനകാലത്ത് ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു. ഇവരുടെ പ്രണയം വിവാഹത്തിലേക്ക് എത്തും മുന്‍പാണു രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടത്. ഒട്ടേറെ പ്രണയകഥകളുടെ ദുരന്തപര്യവസാനത്തിനു കാരണമായ ലോക മഹായുദ്ധം അവരെ വെറുതെ വിട്ടു. 

പ്രബിള്‍ സ്റ്റാവര്‍ മൂന്നു വര്‍ഷം നേവി ജീവിതവും, ഇസബെല്‍ വ്യോമസേനയിൽ നഴ്സായും സേവനം പൂർത്തിയാക്കി തിരിച്ചെത്തി. വീണ്ടും കണ്ടുമുട്ടിയപ്പോൾ വിവാഹിതരാകാനും ഒരുമിച്ചു ജീവിക്കാന്‍ ഇവർ തീരുമാനിച്ചു. അങ്ങനെ 1946 ഫെബ്രുവരി 15ന് ഇരുവരും വിവാഹിതരായി. പിന്നീട് അഞ്ചു കുട്ടികളും ജീവിതത്തിലേക്കു കടന്നുവന്നു. ഇതിനിടയിൽ ചില ദുരന്തങ്ങളും ഇവരെ വേട്ടയാടി. ഇതില്‍ ഏറ്റവും വലിയ ആഘാതം മകന്‍ പീറ്ററിന്റെ മരണമായിരുന്നു. 1975ല്‍ കോളേജിലെ ഫുട്ബോള്‍ മത്സരത്തിനിടെ പരുക്കേറ്റ പീറ്റര്‍ വൈകാതെ മരണത്തിനു കീഴടങ്ങി. 

2013 ൽ ഇസബെലിനെ ഡിമെൻഷ്യ ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇസബെലിനെ വിര്‍ജീനിയയിലെ നഴ്സിങ് കെയറിലേക്കു മാറ്റി. എന്നാൽ ഭാര്യയെ വേർപിരിഞ്ഞിരിക്കാൻ പ്രബിൾ തയാറായില്ല വൈകാതെ അതേ നഴ്സിങ് യൂണിറ്റിലെ മറ്റൊരു മുറിയിലേക്ക് പ്രബിളും മാറി. രാത്രി സമയത്തൊഴിച്ചു മിക്കപ്പോഴും പ്രബിള്‍ തന്നെ തിരിച്ചറിയാൻ പോലുമാകാത്ത ഇസബെലിനൊപ്പം ഇരുന്നു. 

നടക്കാനാവില്ലെങ്കിലും ‌പ്രബിള്‍ ദിവസവും രാവിലെ വീല്‍ ചെയറില്‍ ഇസബെലിനടുത്തെത്തും. ഇസബെല്‍ ആദ്യം ആരെന്ന ഭാവത്തില്‍ പ്രബിളിനെ നോക്കും. പിന്നീട് ഏതോ ഓർമയിലെന്ന പോലെ പ്രബിളിന്റെ കൈ ചേര്‍ത്തുപിടിക്കും. ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും ഈ സ്നേഹപ്രകടനം. ചില ദിവസങ്ങളില്‍ ദേഷ്യപ്പെട്ട് പ്രബിളിനെ അടുപ്പിക്കാന്‍ പോലും തയാറാകില്ല. പക്ഷേ പ്രബിളിന്റെ സന്ദര്‍ശനങ്ങള്‍ക്ക് മുടക്കമുണ്ടാകാറില്ല. 

തന്റെ 96–ാം പിറന്നാളിനു പ്രബിൾ ഒരു ആഗ്രഹം പറഞ്ഞു. ഭാര്യയ്ക്കൊപ്പം ഒരു കിടക്കയില്‍ ഉറങ്ങണം. അന്നേ ദിവസം മൂന്നു മണിക്കൂറോളം കൈകോര്‍ത്തു പിടിച്ച് ഇരുവരും ചേര്‍ന്നുറങ്ങി. തന്റെ ഭാര്യയുടെ ജന്മദിനത്തിനായി പ്രബിൾ കാത്തിരുന്നു. പിറന്നാളിന് അഞ്ചു ദിവസം അവശേഷിക്കേ ഉറക്കത്തിനിടയിൽ ഇസബെല്‍ മരിച്ചു. വീൽചെയറിലിരുന്ന് ഇസബെലിന്റെ കിടക്കിയിൽ തലചായ്ച്ചു പ്രബിള്‍ ഒപ്പമുണ്ടായിരുന്നു. ഇസബെല്‍ മരിച്ചതറിഞ്ഞ് പ്രബിളിനെ മറ്റൊരു മുറിയിലേക്ക് മാറ്റി. തന്റെ പ്രിയതമയുടെ മരണവിവരമറിഞ്ഞ് മയങ്ങാന്‍ കിടന്ന പ്രബിൾ പിന്നെ ഉണര്‍ന്നില്ല. 2018 ഒക്ടോര്‍ 25 ന്, ഏഴു പതിറ്റാണ്ടു പിന്നിട്ട ദാമ്പത്യത്തിനുശേഷം ഇരുവരും മറ്റൊരു ലോകത്തേക്ക് ഒന്നിച്ചു യാത്രയായി. 

more...