Monday 06 January 2020 05:41 PM IST

ആയൂർവേദത്തെ പ്രണയിച്ചു കേരളത്തിലെത്തി, പ്രണയസാഫല്യം തേടി വീണ്ടുമെത്തി! കേരളത്തിന് ഫാബിയന്റെ ‘ഫ്രഞ്ച് കിസ്’

Priyadharsini Priya

Sub Editor

ഏകദേശം 20 വർഷം മുൻപാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ നിന്ന് ഫാബിയന്‍ കൊറേച്ച് കേരളത്തിൽ എത്തുന്നത്. ആലുവ കായലിന് സമീപം ആയൂർവേദ ചികിത്സയിൽ പേരുകേട്ട സാരഥി ഹോസ്പിറ്റലിൽ ആയൂർവേദം പഠിക്കാൻ ചേർന്നു. സംസ്‌കൃതം ഒട്ടും വഴങ്ങാത്ത ഫ്രഞ്ച് മാത്രമറിയാവുന്ന സായിപ്പ് ദിവസങ്ങൾ കൊണ്ട് എല്ലാം ഇട്ടെറിഞ്ഞ് പാരീസിലേക്ക് തിരിച്ചു പറക്കുമെന്നാണ് ആശുപത്രി അധികൃതർ കരുതിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഫാബിയന്‍ കേരളത്തിന്റെ മകനായി. 

ഫിസിയോ തെറാപ്പിസ്റ്റായിരുന്ന ഫാബിയൻ അങ്ങനെ ഉഴിച്ചിൽ വിദഗ്ദനായി മാറി. സ്വന്തം നാട്ടിൽ, അങ്ങ് പാരീസിൽ ആയൂർവേദത്തിന്റെ മഹിമയും കീർത്തിയും ജനങ്ങൾക്കിടയിൽ എത്തിക്കാൻ പ്രയത്നിച്ചുകൊണ്ടിരുന്നു. ആയൂർവേദ ട്രീറ്റ്‌മെന്റ് പാരീസിലും പ്രായോഗികമാക്കി ഒരു ചികിത്സാകേന്ദ്രം ആരംഭിച്ചു. തന്റെ പഠനവഴിയിൽ കൂട്ടായെത്തിയ സാമിയയെ ജീവിതസഖിയാക്കാൻ തീരുമാനിച്ചപ്പോഴും അത് കേരളത്തിന്റെ മണ്ണിൽ വച്ചു തന്നെ വേണമെന്ന് ഫാബിയൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.

രണ്ടാഴ്ച മുൻപ് കേരള മണ്ണിൽ, ഹൈന്ദവ സംസ്കാരത്തിൽ ആചാരപ്രകാരം പ്രിയസഖി സാമിയയ്ക്ക് താലി ചാർത്തി ഫാബിയൻ ആ ആഗ്രഹവും സഫലമാക്കി. അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തു നിന്ന് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തത് ആയൂർവേദത്തിൽ ഗുരുക്കന്മാരായ ഡോക്ടർ ലതികയും ഭർത്താവ് സാരഥിയും. അപൂർവമായ ഈ ബന്ധത്തിന്റെ കഥ വനിത ഓൺലൈൻ വായനക്കാർക്കായി പങ്കുവച്ചത് ഡോ. ലതികയും. 

കേരളത്തിനൊരു ഫ്രഞ്ച് കിസ്

2000 ത്തിലാണ് ഫാബിയൻ ഇവിടെ ആയൂർവേദം പഠിക്കാനെത്തുന്നത്. 2004 മുതലുള്ള പരിചയമാണ് എനിക്ക് അദ്ദേഹവുമായി. വളരെ നല്ല മനസ്സിന്റെ ഉടമയാണ് ഫാബിയൻ. എല്ലാവരോടും വളരെ നന്നായി പെരുമാറുന്ന വ്യക്തി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പാരീസിൽ നിന്ന് രോഗികളായി നിരവധിപേർ ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ട്. തീരെ വയ്യാത്തവർ, വീൽചെയറിൽ ഉള്ളവരൊക്കെ അക്കൂട്ടത്തിൽ വരാറുണ്ട്. രോഗത്തിന്റെ വിവരങ്ങൾ കൃത്യമായി പറഞ്ഞ്, അസുഖം മാറും എന്ന് ഉറപ്പ് നൽകിയാലേ രോഗികളെ ഇവിടേക്ക് കൊണ്ടുവരാറുള്ളൂ. നിർധനരായ രോഗികൾക്ക് സൗജന്യമായി ചികിത്സ ഉറപ്പാക്കണമെന്നു ഫാബിയൻ നിർദേശിക്കാറുണ്ട്. 

ആയൂർവേദത്തോടും ഇന്ത്യയോടും അങ്ങേയറ്റം സ്നേഹമുള്ള ആളാണ്. ഇന്ത്യയിൽ വരുന്നത് എന്റെ കുടുംബത്തിലേക്ക് തിരികെ വരുന്നത് പോലെയുള്ള അനുഭവമാണെന്ന് എപ്പോഴും പറയും. എന്റെ മോളുടെത് ഉൾപ്പെടെ, ഇവിടെ ഹോസ്പിറ്റലിൽ ഉള്ള പലരുടെയും വിവാഹത്തിന് ഫാബിയൻ പങ്കെടുത്തിട്ടുണ്ട്. അന്നുതൊട്ടേ കേരളാ ആചാരപ്രകാരമുള്ള വിവാഹത്തോട് ആൾക്ക് താല്പര്യം ഉണ്ടായിരുന്നു. ഒരു വിവാഹം കഴിക്കുകയാണെങ്കിൽ ഇതേ രീതിയിൽ വേണമെന്ന് പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 

പ്രണയം പാരീസിൽ, വിവാഹം കേരളത്തിൽ

പാരീസിൽ വച്ചാണ് ഫാബിയനും സാമിയയും കണ്ടുമുട്ടിയത്. വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചപ്പോൾ ആഗ്രഹവും  പങ്കുവച്ചു. സാമിയയ്ക്കും നൂറു വട്ടം സമ്മതം. കഴിഞ്ഞതവണ വന്നപ്പോൾ എന്നോട് പറഞ്ഞു അടുത്ത വർഷം വിവാഹം നടത്താം എന്ന്. ‘എന്നാൽ ശരി നിങ്ങൾ പോര് എല്ലാ കാര്യങ്ങളും ഞങ്ങൾ അറേഞ്ച് ചെയ്തോളാം’ എന്ന് അപ്പോൾത്തന്നെ സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് സമയവും ദിവസവുമൊക്കെ നോക്കി ഒരാഴ്ച മുൻപ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത്. ഹോസ്പിറ്റലിൽ തന്നെയാണ് വിവാഹ മണ്ഡപം ഒരുക്കിയത്. പിന്നീടങ്ങോട്ട് ഞങ്ങൾക്ക് തിരക്കിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളായിരുന്നു. 

ആലുവയില്‍ പെരിയാറിന്റെ തീരത്ത് സാരഥി ഹോസ്പിറ്റലിൽ വിവാഹപന്തൽ ഉയർന്നു. കതിര്‍മണ്ഡപവും നിറപറയും താലപ്പൊലിയും എല്ലാം ഉണ്ടായിരുന്നു വിവാഹ പന്തലില്‍. വെറ്റിലയും അടയ്ക്കയും ദക്ഷിണ നല്‍കി ഫാബിയനും സാമിയയും മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങി. നിറപറയും നിലവിളക്കുകളും സാക്ഷിയാക്കി ഫാബിയന്‍ സാമിയയ്ക്ക് താലി ചാർത്തി. സീമന്തരേഖയിൽ കുങ്കുമം തൊട്ടു. 

കൊട്ടും കുരവയും പതിനാറുകൂട്ടം കറികളുമായി സദ്യയും പായസവുമൊക്കെയായി വിവാഹം ഞങ്ങൾ കെങ്കേമമാക്കി. വരന്റെയും വധുവിന്റെയും ബന്ധുക്കളായി എത്തിയത് ഞാനും ഭർത്താവും ഉൾപ്പെടെ ‘സാരഥി’യിലെ സഹപ്രവർത്തകരും കൂട്ടുകാരും. പാരീസിൽ നിന്ന് ഫാബിയന്റെയും സാമിയയുടെയും സുഹൃത്തുക്കളായ കരോലീനയും മേരീസും കസവുസാരിയുടുത്ത് കേരളീയ ശൈലിയിൽ വിവാഹത്തിനെത്തിയത് കൗതുകമായി.  

വിവാഹശേഷം ക്ഷേത്രദർശനം നടത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ ഫാബിയനും സാമിയയും. സൗത്ത് ഇന്ത്യയിൽ കുറച്ചു സ്ഥലങ്ങളൊക്കെ കാണാൻ അവര്‍ മുൻപേ പ്ലാൻ ചെയ്തിരുന്നു. മൂന്നാർ പോയി. മധുര ഉള്‍പ്പെടെ പ്രശസ്തമായ തമിഴ്‌നാട്ടിലെ കുറേ ക്ഷേത്രങ്ങളും സന്ദർശിച്ചു. ജനുവരി ഏഴിന് അവർ ആലുവയിൽ തിരിച്ചെത്തും, ഒമ്പതിന് പാരീസിലേക്ക് തിരികെ പറക്കും. അപ്പോൾ ഫാബിയനും സാമിയയ്ക്കും കൂട്ടായി ദൈവത്തിന്റെ സ്വന്തം നാടിന്റെ ഓർമ്മകളും കാണും. 

Tags:
  • Spotlight
  • Relationship