Saturday 29 June 2019 03:07 PM IST : By സ്വന്തം ലേഖകൻ

ഫോട്ടോഗ്രഫിക് മെമ്മറിയുള്ള സമർത്ഥൻ; രാജു നാരായണസ്വാമിയെ ‘തട്ടിക്കള്ളിക്കുന്നവർ’ അറിയാൻ; കുറിപ്പ്

rn

അഴിമതിയുടെ കറപുരളാത്ത ഒരുദ്യോഗസ്ഥൻ കൂടി അധികാരികളുടെ ധാർഷ്ഠ്യത്തിന് ഇരയാകുകയാണ്. നാളികേര വികസന ബോർഡിലെ അഴിമതിക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ പുറത്താക്കൽ ഭീഷണി നേരിടുന്ന രാജു നാരായണ സ്വാമി വാർത്തകളിൽ നിറയുന്നത് കഴിഞ്ഞ ദിവസം. നീണ്ട 28 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ അഴിമതിക്ക് കൂട്ടുനിന്നില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് താൻ ഇത്തരത്തില്‍ ക്രൂശിക്കപ്പെടുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഉപജീവന മാർഗം അടച്ച് ജീവിതം വഴിമുട്ടിക്കരുതെന്ന് കേണപേക്ഷിക്കുന്ന രാജു നാരായണ സ്വാമിയുടെ വാക്കുകൾ ചർച്ചച്ചൂടുകൾക്ക് വഴിതെളിക്കുമ്പോൾ സ്വാമിയെക്കുറിച്ചുള്ള ചില ഓർമകളും ശ്രദ്ധേയമാകുകയാണ്.

എസ്സെച്ചിലുണ്ടായിരുന്ന റ്റെർഡി ജോർജ് ( ജീവിച്ചിരിപ്പില്ല) പങ്കു വച്ച രസകരമായ ഒരു സ്വാമി സംഭവം പങ്കു വയ്ക്കുന്നു. സ്കൂളിൽ സഹപാഠികൾ എന്തിനോ സ്വാമിയെ കളിയാക്കിയപ്പോൾ റ്റെർഡി സ്വാമിയോട് "ഇവര് സ്വാമിയെ വധിച്ചു അല്ലേ?"ന്ന് ചോദിച്ചപ്പോൾ വളരെ നിഷ്കളങ്കമായി "ഹേയ്.. ഇവരെന്നെ വധിക്കാൻ വന്നൊന്നുമില്ല..വല്ലാതെ കളിയാക്കുന്നു" എന്ന് പറഞ്ഞുവത്രേ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഒരു ബന്ധു സ്വാമിയെ സംബന്ധിച്ച മറ്റൊരു രസകരമായ വസ്തുത പങ്കു വച്ചതും ഇവിടെ നിങ്ങൾക്കായി.. ഒഫീഷ്യൽ ചടങ്ങുകൾക്ക് വരുമ്പോൾ കാപ്പിക്ക് കൂട്ടായി കൊടുക്കുന്ന ബിസ്കറ്റുകളെ പൊതുവെ ഭൂരിപക്ഷവും അവഗണിക്കുകയാണ് പതിവ്. എന്നാൽ സ്വാമി അവിടെ വ്യത്യസ്തനാണ്.ഒരു ബിസ്കറ്റ് പോലും മിച്ചം വയ്ക്കാതെ സ്വാമി പ്ലേറ്റ് കാലിയാക്കിയിരിക്കും. ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കുറച്ചു ഭാഗം encroachment ആണെന്ന് കണ്ടെത്തിയ സ്വാമി മതിൽ പൊളിച്ച് സർക്കാരിലേക്ക് അത്രയും ഭൂമി കണ്ടു കെട്ടിയതും കൗതുകകരമായ വാർത്തയായിരുന്നു.

ഇത്രയുമൊക്കെ വായിക്കുമ്പോൾ രാജു നാരായണസ്വാമിയെക്കുറിച്ചൊരേകദേശ ചിത്രം രൂപപ്പെട്ടു കാണുമല്ലോ! മൂന്നാർ ഭൂമി കയ്യേറ്റം മുതൽ നാളികേരവികസനബോർഡിലെ കോടിക്കണക്കിനുള്ള അഴിമതി കണ്ടെത്തലുകൾ വരെ പുറത്തു കൊണ്ടു വന്ന സ്വാമിയെ സർവീസിൽ നിന്നും പിരിച്ചു വിടാൻ കേരളം കേന്ദ്രത്തിന് ശുപാർശ നൽകിയിരിക്കുന്നു. അഴിമതിക്ക് കൂട്ടു നിൽക്കില്ല, സ്വാമി ഇനിയും നാളികേരവികസനബോർഡ് ചെയർമാനായി തുടർന്നാൽ പ്രത്യാഘാതം ഗുരുതരമാവും എന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിൽ അവരെ കൊണ്ടെത്തിച്ചത്. കേരളത്തിലും കേന്ദ്രത്തിലും തനിക്ക് വിശ്വാസമില്ലെന്നും നിയമപരമായി നീങ്ങുവാനുമാണ് സ്വാമിയുടെ തീരുമാനം. നാലു മാസം ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വ്യക്തി മാധ്യമങ്ങളിൽ നിന്നുമാ വാർത്തയറിയുന്നത് ഹൃദയഭേദകം തന്നെയാണ്. മരിച്ചു പോയ ഒരു രാഷ്ട്രീയനേതാവ് സ്വാമിയെക്കുറിച്ച് പണ്ട് പറഞ്ഞ ക്രൂരമായ തമാശ ഓർമ വരുന്നു. " സ്വാമിക്ക് അതിബുദ്ധിയാണ്." Superconductivity യിൽ റിസർച്ച് നടത്തണം എന്ന ആഗ്രഹമുണ്ടായിരുന്ന വ്യക്തി ഇപ്പോൾ തട്ടിക്കളിക്കപ്പെടുന്നു. ആ മേഖലയിലേക്ക് തിരിഞ്ഞ് ഭൂഗോളത്തിന്റെ പടിഞ്ഞാറേതെങ്കിലും ഭാഗത്തെ ബഹുരാഷ്ട്രകമ്പനിയുടെ തലപ്പത്തിരുന്ന് കോടികൾ സമ്പാദിക്കേണ്ട വ്യക്തി ഇന്ന് ഞാനും നിങ്ങളുമുൾപ്പെട്ട സമൂഹത്തിന്റെ മോറൽ സപ്പോർട്ട് ആഗ്രഹിക്കുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാർ പോലും ചെയ്ത കാര്യമാണ്, തങ്ങൾ നിസ്സഹായരാവുമ്പോൾ മാധ്യമങ്ങളിലൂടെ സമൂഹത്തെ കാര്യം ബോധ്യപ്പെടുത്തുക എന്നത്. രാജുനാരായണസ്വാമിക്കൊപ്പം നില കൊള്ളുന്നു.