Friday 11 December 2020 12:55 PM IST : By ആൽവിൻ ജോർജ് വി

‘പുഞ്ചിരി, മൗനം എന്നീ രണ്ട് ഭാഷകളിലാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്’; വാക്കുകളുടെ ഉപാസകനു മുന്നിൽ വിനയത്തോടെ, ഹൃദയസ്പർശിയായ കുറിപ്പ്

father-bobyffdghg

ബോബിയച്ചൻ എന്ന ബോബി ജോസ് കട്ടികാടിനെ കുറിച്ച് മാധ്യമപ്രവർത്തകനായ ആൽവിൻ ജോർജ് വി എഴുതിയ കുറിപ്പ് ഹൃദയസ്പർശിയാണ്. ക്രിസ്ത്യൻ തത്വചിന്തകൻ എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ് ഫാദർ ബോബി ജോസ് കട്ടികാട്. ക്രിസ്തീയ തത്വചിന്ത പ്രമേയമാക്കി നിരവധി പുസ്തകങ്ങൾ അദ്ദേഹം മലയാളത്തിൽ രചിച്ചിട്ടുണ്ട്.

ആൽവിൻ ജോർജ് വി എഴുതിയ കുറിപ്പ് വായിക്കാം;

വാക്കുകളുടെ ഉപാസകനു മുന്നിൽ

വാഹനങ്ങൾകൊണ്ട് നിറഞ്ഞു വീർത്ത നിരത്തിലൂടെ ഒരു അഭ്യാസിയെപ്പോലെ സ്‌കൂട്ടർ പായിക്കുകയായിരുന്നു. ഇടയ്‌ക്കൊന്ന് അരികിലെ ഫുട്പാത്തിലേക്ക് നോട്ടം പാളി. ദേ, നിൽക്കുന്നു ഒരാൾ! തികച്ചും അവിശ്വസനീയമായ നിമിഷം. മിഴികൾ വച്ചുനീട്ടുന്ന മായക്കാഴ്ചയാണോ എന്നുപോലും ഒരുവേള ശങ്കിച്ചു. അയഞ്ഞ ളോഹയും ധരിച്ച്, നീണ്ട താടി മുടിരോമങ്ങൾക്കിടയിൽ മുഖമൊളിപ്പിച്ച് ഒരു കുഞ്ഞിനെപ്പോലെ പുഞ്ചിരിക്കുന്ന ആ മുഖം! അതേ, അത് അദ്ദേഹം തന്നെ! മറ്റൊന്നും ആലോചിച്ചില്ല. വണ്ടിയൊതുക്കി.

പുസ്തകങ്ങളെ ഇഷ്ടപ്പെട്ട് അക്ഷരങ്ങളെ പ്രണയിച്ച നാൾ മുതൽ 'ഒന്നു കാണണം' എന്ന ആഗ്രഹമുദിപ്പിച്ചു കൊണ്ട് മനസിൽ വന്ന രണ്ടു മുഖങ്ങൾ ഉണ്ട്. അവയിൽ ഒന്ന് വൈക്കം മുഹമ്മദ് ബഷീർ ആണ്. പക്ഷെ, എന്റെ ഉള്ളിൽ ആ ആഗ്രഹം മുളയ്ക്കും മുൻപേ അദ്ദേഹത്തിന്റെ ആത്മാവ് പരലോകത്ത് എത്തി കഥകൾ പറഞ്ഞു തുടങ്ങിയിരുന്നു. രണ്ടാമത്തെ ആൾ. അദ്ദേഹമാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. ബോബിയച്ചൻ എന്ന ബോബി ജോസ് കട്ടികാട്. ഡിസംബർ ഏഴിലെ ഈ വൈകുന്നേരം മറക്കാതിരിക്കാൻ ഇനിയെന്തു വേണം! ബോബിയച്ചനെ അറിയുന്നവർ ഇനി ഇവിടന്നങ്ങോട്ട് ഈ കുറിപ്പ് വായിക്കേണ്ടതില്ല. കാരണം, ഓരോരുത്തർക്കും അദ്ദേഹം ഓരോ അനുഭൂതിയാണ്. അതങ്ങനെതന്നെ ഇരിക്കട്ടെ.

മനുഷ്യരോട് നല്ലതു സംസാരിക്കാൻ ദൈവം ഭൂമിയിലേക്ക് ഇറക്കിവിട്ട ഒരു താപസൻ. നാവിൽ നിറയെ നല്ല വചനങ്ങളും മനസ്സിൽ മുഴുവൻ നന്മചിന്തകളുമായി അവതരിച്ച ആ മനുഷ്യനാണ് തൊട്ടു മുന്നിൽ നിൽക്കുന്നത്. പതുക്കെ അടുത്തു ചെന്നു. പരിചയപ്പെട്ടു. ഉള്ളിലെ ആഹ്ലാദത്തിന്റെ തിരതള്ളൽ പുറത്തു കാണിക്കാതിരിക്കാൻ നന്നേ പണിപ്പെട്ടു. "വരൂ, ഉള്ളിലേക്കിരിക്കാം.." അദ്ദേഹം കൈ പിടിച്ചു. തന്നെ തേടിയെത്തുന്നവരുടെ വിശപ്പാറ്റുന്ന ആതിഥേയനാണ് അച്ചൻ. ഭാഷണങ്ങളിലൂടെ മനസിനും ഭക്ഷണത്തിലൂടെ ശരീരത്തിനും ആശ്വാസം നൽകുന്ന അദ്ദേഹം ഇത് രണ്ടും എനിക്കായും കരുതി വച്ചിട്ടുണ്ടായിരുന്നു. ഒരു കോപ്പയിൽ ചായ എത്തി. ഒപ്പം രണ്ട് അപ്പവും.

ഒരു മേശയ്ക്ക് ഇരുപുറവുമായി ഞങ്ങൾ ഇരുന്നു. ഞാൻ ആ മുഖത്തേയ്ക്ക് നോക്കി. വീണ്ടും പുഞ്ചിരി. അത് മായില്ല. കാരണം അച്ചന്റെ ഭാഷകളിൽ ഒന്നാണത്. എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടായിരുന്നു. പക്ഷെ, ഒന്നും പുറത്തേയ്ക്ക് വരുന്നില്ല. ജീവിതത്തിൽ ആദ്യത്തെ അനുഭവം. ആരോടും കത്തിവയ്ക്കാൻ മടിക്കാത്ത എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ. വാക്ക്! അതാണല്ലോ ഈ മനുഷ്യനിലേക്ക് എന്നെ എത്തിച്ചത്.

15 വർഷം മുൻപ് ഒരു വാക്കിലൂടെയാണ് ഈ മനുഷ്യനെ ആദ്യം അറിയുന്നത്. തേർഡ് ഇയർ ഡിഗ്രി ക്ലാസ്സിൽ പിൻ ബെഞ്ചിലായിരുന്നു അന്നത്തെ ഇരിപ്പ്. രാവിലെ മുതൽ വൈകുന്നേരം വരെ അടക്കിപ്പിടിച്ചു സംസാരിക്കാൻ ഒരു കൂട്ടുണ്ട്. മറ്റാർക്കും കേൾക്കാനാവാത്ത സ്വരത്തിൽ ഞങ്ങൾ ക്ലാസ്സിൽ സംസാരിച്ചുകൊണ്ടേയിരിക്കും. എന്റെ വഴികളിൽ വെളിച്ചത്തുണ്ടുകൾ വിതറി മുന്നേ നടക്കുന്നവളാണവൾ.

ആ വായിൽനിന്ന് എപ്പോഴോ ഒരു വാക്ക് എന്റെ മുന്നിലേക്ക് ഇതൾ പോലെ പൊഴിഞ്ഞു വീണു. തുറവി! തിരിച്ചും മറിച്ചും നോക്കി. മനസിലായില്ല. പിന്നിലേക്ക് ഒന്നു തിരഞ്ഞു. പഠിച്ച പഠഭാഗങ്ങളിൽ ഒന്നും ഈ വാക്ക് കടന്നു വന്നതായി ഓർമയില്ല. പിന്നീടാണറിയുന്നത്, സാധാരണ സംസാരത്തെ പോലും ഹൃദ്യമാക്കുന്ന അവളുടെ വാക് സമ്പത്തിനു പിന്നിൽ ഒരു താപസൻ ഉണ്ടെന്ന്.

അന്ന് കൂടുതലായി തിരഞ്ഞു പോയില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം എഴുത്ത് ജോലിയായി സ്വീകരിച്ച ശേഷമാണ് ആ കാപ്പിപ്പൊടി രൂപത്തെ വീണ്ടും പരിചയപ്പെടുന്നത്. ജ്യേഷ്ഠസുഹൃത്തായ ടോം ജെ മങ്ങാടിന്റെ പബ്ലിക്കേഷൻ ഹൗസിൽനിന്ന് ഇറങ്ങിയ "കൂട്ട്" എന്ന പുസ്തകത്തിലൂടെ. ഹോ! എന്തൊരു എഴുത്ത്..! ചിന്തകളെ വാക്കുകൾ കൊണ്ട് ചിന്തേരിട്ടു മിനുക്കി അങ്ങനെ അടുക്കി വച്ചിരിക്കുകയാണ്. ജീവിതത്തിൽ ഒരു കൂട്ടില്ലാതെ മുന്നോട്ടു പോകാനാകില്ല ആർക്കും. ഈ കൂട്ടും അങ്ങനെ തന്നെയെന്ന് ഉറപ്പിച്ചു ഞാൻ. പുസ്തകങ്ങളുടെ കൂട്ടത്തിൽ അമരക്കാരനായി ഇന്നും അതുണ്ട്. ചോറിനു കൂട്ടായി എത്തുന്ന 'കൂട്ടാൻ' മുതൽ കാൽവരിയിൽ കുരിശു ചുമന്നു സഹായിച്ച സൗഹൃദം വരെയുള്ള കൂട്ടുകളെ കുറിച്ച് ഓർമിപ്പിച്ചു കൊണ്ട്.

ചായയും അപ്പവും വച്ചുനീട്ടി എന്റെ മുന്നിൽ ഇരുന്ന ആ തത്വജ്ഞാനിയോട് വാക്കുകൾക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ച് ഞാൻ തിരഞ്ഞു. പുഞ്ചിരി, മൗനം എന്നീ രണ്ട് ഭാഷകളിലാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. കരുണയുടെയും വാത്സല്യത്തിന്റെയും ഇടവരമ്പിലൂടെ പതിയെ നടന്നെത്തുന്ന, സ്നേഹം പൊതിഞ്ഞു പിടിച്ചുള്ള ഒരു നോട്ടം അപ്പോഴും എന്റെ മുഖത്തുനിന്ന് പറിയാതെ നിന്നു. രണ്ട് അപ്പക്കഷ്ണങ്ങളും നിർബന്ധിച്ചു കഴിപ്പിച്ചു. വീട്ടിൽ കാത്തിരിക്കുന്നവൾക്കായി വേറെയും പൊതിഞ്ഞു തന്നു. കരുതലിന്റെ സുവിശേഷം.

'നിങ്ങൾ ശിശുക്കളെ പോലെയാവുക' എന്ന യേശുവചനം ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞ ഒരാൾ ആയിരിക്കണം ഫാദർ ബോബി ജോസ് കട്ടികാട്. ശിശുക്കളുടെ ട്രേഡ് മാർക്ക് അവരുടെ നിഷ്കളങ്കതയൂറുന്ന പുഞ്ചിരിയാണ്. ഈ മുഖത്തും നമ്മൾ കാണുക മറ്റൊന്നല്ല. ബോബി ഒരു 'ബേബി' ആകുന്നതും അവിടെത്തന്നെ. താടിയും മുടിയും കൂടൊരുക്കി അതിന്റെ നടുവിൽ തിളങ്ങുന്ന ആ മുഖത്തു നോക്കുമ്പോൾ ക്രിസ്മസ് കാലത്തെ ഒരു കാഴ്ചയിലേക്കാണ് മനസ് ചെന്നു നില്ക്കുക. കൊച്ചുകൊച്ചു പുല്നാമ്പുകൾ തീർത്ത പുൽക്കൂടിനുള്ളിൽ കിടന്നു പുഞ്ചിരിക്കുന്ന ഉണ്ണിമുഖം. എന്തൊരു ശാന്തതയാണ്. അല്പനേരം ആ മുഖത്തു നോക്കി വെറുതെ ഇരുന്നാൽ മതി. മനസിലെ തിരകളെല്ലാം അടങ്ങും.

എന്ത് എഴുതാൻ ഇരിക്കുമ്പോഴും ആദ്യം കയ്യിലെടുക്കുക ഈ മനുഷ്യന്റെ പുസ്തകങ്ങളാണ്. മനസിനെ പാകപ്പെടുത്താൻ ഉള്ള ഔഷധമാണ് അവ. അത് 'കൂട്ടൊ', 'ഓർഡിനറിയോ', 'പുലർവെട്ടമോ' ഏതുമാകട്ടെ, ഒരു നാലു പേജ് വായിക്കും. എവിടെനിന്നോ ഒരു വെളിച്ചം വന്നു ഉള്ളിൽ നിറയും. ഒരു ഇളം കാറ്റു പോലെ വാക്കുകൾ വന്നു തൊടും. വാക്കുകളുടെ കനവും ആഴവും പരപ്പും സൗന്ദര്യവും ഒക്കെ അളക്കാൻ ആ വരികൾ വായിച്ചാൽ മതി. അവിടെ 'ആർദ്രത' ഒരു വാക്കല്ല. പുലർകാല മഞ്ഞിൻ തണുപ്പിൽ നാവിൻ തുമ്പിൽ അലിഞ്ഞ് ഇല്ലാതാകുന്ന പഞ്ഞിമിഠായി പോലെ നനവാർന്ന എന്തോ ഒന്ന്. 'കൂട്ട്' വെറും രണ്ടക്ഷരമല്ല.

പ്രിയപ്പെട്ട ഒരാളുടെ നിശ്വാസം ചെവിയിൽ തട്ടുന്നതുപോലെ ചേർന്നിരുന്നുകൊണ്ട് ഒറ്റയ്ക്കല്ലെന്നു നിരന്തരം ഓർമിപ്പിക്കുന്ന ഒരു അനുഭൂതി. 'അലിവ്' ഒരു തോന്നലല്ല. ആർക്കും ആരെയും ചേർത്തു പിടിക്കാൻ താക്കവണ്ണമുള്ള മനസ്സിന്റെ പാകപ്പെടൽ. 'സൗഹൃദം' വെറും പരിചയമില്ല. ലോകത്തിന്റെ അറ്റം വരെ ഭയക്കാതെ സഞ്ചരിക്കാൻ കൂടെയെത്തുന്ന ഒരു ധൈര്യം. ഇതൊക്കെ കൊണ്ടാവണം മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞത്. 'നമ്മുടെ സാഹിത്യത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ചില വരികൾ എഴുതപ്പെട്ടിരിക്കുന്നത് സർഗാത്മക സാഹിത്യത്തിലല്ല, ഈ പുസ്തകത്തിലാണെന്നു തിരിച്ചറിഞ്ഞ് അകമേ ധ്യാനിക്കൂ..' അതേ, നഷ്ടമാക്കരുതാത്ത ഫിലോസഫിയാണിത്.

വാക്കുകളും ചിന്തകളും തേടിയുള്ള അച്ചന്റെ ഒരു യാത്രപോക്കുണ്ട്. കൂടെ നമ്മൾ മനസ് അർപ്പിച്ചാൽ മാത്രം മതി. മരിയാനാ ട്രാഞ്ചിന്റെ ആഴങ്ങളും മരുഭൂമിയുടെ അറ്റങ്ങളും മഹാ പർവതങ്ങളുടെ തുഞ്ചങ്ങളുമൊക്കെ അത് നമുക്ക് കാണിച്ചു തരും.

ഇദ്ദേഹത്തെ വായിക്കാത്തവർ വായിക്കണം. കേൾക്കാത്തവർ കേൾക്കണം. രാത്രിയുടെ നിശബ്ദതയിൽ, ബാൽക്കണിയിലേക്ക് വാതിൽ തുറന്നിട്ട് ഇരിക്കാം. ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കാം. പതുക്കെ പേജുകൾ മറിക്കുക. വായിക്കുക. ഒരു രാപ്പക്ഷിയുടെ നേർത്ത സംഗീതം പോലെ.. നിലാവിന്റെ സൗന്ദര്യം പോലെ.. പ്രിയപ്പെട്ടവരുടെ സ്പർശനം പോലെ.. അമ്മയുടെ ആലിംഗനം പോലെ.. വാക്കുകൾ വന്നു നിങ്ങളെ തൊടും. തീർച്ച.

അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാൻ ആ ആചാര്യനോട് യാത്ര പറഞ്ഞു. പുതിയ പുസ്തകം, അത് ഞാൻ പണം കൊടുത്തു വാങ്ങിച്ചു കൊള്ളാം എന്നു പറഞ്ഞിട്ടും കയ്യൊപ്പിട്ട് കയ്യിൽ ഏല്പിച്ചിരുന്നു. ആരെയും വെറുംകയ്യോടെ പറഞ്ഞു വിടാത്ത ആ സ്നേഹവും ചേർത്തുപിടിച്ച് ഞാൻ പുറത്തിറങ്ങി. മനസ് നിറഞ്ഞു തുളുമ്പുകയായിരുന്നു. പിന്നിലേക്ക് തിരിഞ്ഞു നോക്കിയില്ല. കണ്ണിൽനിന്നു മായും വരെ അവിടെ നില്പുണ്ടാകുമെന്ന് ഉറപ്പാണ്. സൗന്ദര്യം വർധിച്ച നിരത്തിലേക്ക് ഞാൻ വണ്ടി തിരിച്ചു. ഇനി വീട്ടിലേക്ക്.

Tags:
  • Spotlight
  • Social Media Viral