Monday 06 July 2020 10:51 AM IST : By സ്വന്തം ലേഖകൻ

പൊന്നുമോളെ കാണാതെ 4 മാസം; റോഡിനക്കരെ നിന്ന് ഫൈസൽ കുഞ്ഞ് നൂറയെ കണ്ടു; ഹൃദ്യം

108

ആരോഗ്യ പ്രവർത്തകരുടെ ജീവിതം കോവിഡ് കാലത്തെ സങ്കടക്കാഴ്ചയാണ്. നാടിനേയും വീടിനേയും പ്രിയപ്പെട്ടവരേയും വിട്ട് വറുതിയുടെ ഈ കാലത്ത് കർമ്മപഥത്തിൽ സജീവമായവരാണവർ. കോവിഡ് പോരാട്ടത്തിനിടെ രാപ്പകലില്ലാതെ യത്നിക്കുന്ന ആരോഗ്യ പ്രവർത്തകർ ആവേശമാകുമ്പോൾ ഇതാ ഒരു ഹൃദ്യമായ കാഴ്ച. മാസങ്ങൾക്കു ശേഷം കുഞ്ഞിനെ ഒരുനോക്കു കാണാൻ ഭാഗ്യം സിദ്ധിച്ച ഫൈസലാണ് ഏവരുടേയും ഹൃദയം നിറയ്ക്കുന്നത്. അപ്പോഴും ഒരു വയസ്സു മാത്രം പ്രായമുള്ള തന്റെ പൈതലിനെ അകലെ നിന്നു കാണാനേ ഫൈസലിനായുള്ളു. റോഡിന്റെ ഒരുവശത്ത് ഫൈസൽ ആംബുലൻസ് ഒതുക്കുമ്പോൾ ഭാര്യ തൻസില മറുകരയിൽ നിന്ന് മകൾ നൂറയെ ഉപ്പയ്ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. കുഞ്ഞിനെ ഒരുനോക്കു കണ്ട സന്തോഷത്തിൽ ഫൈസൽ കബീർ ആംബുലൻസുമായി വീണ്ടും കർമ്മവഴിയിൽ മുന്നോട്ട്. ദൃശ്യങ്ങൾ ഒരു ബന്ധു പകർത്തി പ്രചരിപ്പിച്ചതോടെയാണ് ഹൃദ്യമായ ആ നിമിഷങ്ങൾ ലോകം കണ്ടത്. പിന്നാലെ ആംബുലൻസ് ഡ്രൈവർമാരുടെ സേവനത്തിനു നിറഞ്ഞ കയ്യടികളും സോഷ്യൽ‌ മീഡിയയിൽ നിറഞ്ഞു.

കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 108 ആംബുലൻസിന്റെ ഡ്രൈവറാണ് ഫൈസൽ കബീർ (29). 9 മാസമായി എറണാകുളത്ത് 108 ആംബുലൻസിൽ ജോലി ചെയ്യുന്ന ഫൈസൽ 4 മാസമായി കോവിഡ് ഡ്യൂട്ടി കാരണം ഭാര്യയെയും കുഞ്ഞ‍ിനെയും കാണാൻ പോയിരുന്നില്ല. ഭാര്യയും കുഞ്ഞും അമ്പലപ്പുഴയിലെ വീട്ടിലായിരുന്നു.

3ന് രാത്രിയാണ് ഫൈസൽ പെരുമ്പാവൂരിൽ നിന്ന് രക്തസാംപിളുകൾ പരിശോധനയ്ക്കു നൽകാൻ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ പോയത്. അന്നുതന്നെ തിരികെ മടങ്ങിയെങ്കിലും കുഞ്ഞിനെ കാണണമെന്ന ആഗ്രഹത്തിൽ രാത്രി കായംകുളത്ത് റോഡരികിൽ വാഹനം നിർത്തിയിട്ട് ഉറങ്ങി. പുലർച്ചെ അമ്പലപ്പുഴയിലെത്തുമെന്നു അറിയിച്ചിരുന്നതിനാൽ തൻസില കുഞ്ഞിനെയും കൊണ്ട് റോഡരികിൽ കാത്തുനിന്നു. ഏഴു മണിയോടെ ഫൈസൽ അവിടെയെത്തി കുഞ്ഞിനെ അകലെ നിന്നു കാണുകയായിരുന്നു.