Thursday 21 October 2021 03:13 PM IST : By സ്വന്തം ലേഖകൻ

പൊലീസിനെ കബളിപ്പിച്ച ‘ദശരഥന്റെ മകൻ രാമൻ’ ചടയമംഗലം സ്റ്റേഷനിൽ ഹാജർ; വ്യാജ മേൽവിലാസം നൽകി വെട്ടിലായ സംഭവം ഇങ്ങനെ

keralapppoll5566gyraman

ചടയമംഗലം പൊലീസിനെ കബളിപ്പിച്ച 'രാമനെ' ഒടുവിൽ കണ്ടെത്തി. അയോധ്യയിലെ ദശരഥന്റെ മകൻ രാമന്റെ പേരിൽ വ്യാജ മേൽവിലാസം നൽകി കടന്ന തിരുവനന്തപുരം കാട്ടാക്കട നന്ദ ഭവനിൽ നന്ദകുമാറാണ് കഴിഞ്ഞ ദിവസം ചടയമംഗലം പൊലീസിൽ ഹാജരായത്. കേസെടുത്ത പൊലീസ് നന്ദകുമാറിനെ ജാമ്യത്തിൽ വിട്ടു. ഒരാഴ്ച മുൻപാണ് വാഹന പരിശോധനയ്ക്ക് ഇടയിൽ എംസി റോഡിൽ നെട്ടേത്തറയിൽ കാർ യാത്രക്കാരെ തടഞ്ഞ പൊലീസിനു വ്യാജ മേൽവിലാസം നൽകി നന്ദകുമാർ കടന്നത്.

സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് നന്ദകുമാറിനെ ഗ്രേഡ് എസ്ഐ തടഞ്ഞത്. പിഴ അടയ്ക്കണമെന്നു ആവശ്യപ്പെട്ടപ്പോൾ 500 രൂപ നൽകി. മേൽവിലാസം അയോധ്യയിലെ ദശരഥന്റെ മകൻ രാമൻ എന്നാണ് നൽകിയത്. എസ്ഐ ഇവർ പറഞ്ഞ പേരിൽ രസീത് നൽകി. വ്യാജ മേൽവിലാസം നൽകി കടന്ന നന്ദകുമാർ സമൂഹ മാധ്യമങ്ങളിൽക്കൂടി പൊലീസിനെതിരെ പ്രചാരണവും നടത്തി.  സംഭവം വൈറലായതോടെ പൊലീസ് വെട്ടിലായി. ‘രാമനെ’ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയതോടെ  നന്ദകുമാർ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

Tags:
  • Spotlight