Thursday 07 February 2019 03:38 PM IST : By സ്വന്തം ലേഖകൻ

പട്ടിണി കിടത്തിയും മുട്ടിലിഴയിച്ചും പണിഷ്മെന്റ്; സർട്ടിഫിക്കറ്റും തിരികെ കിട്ടില്ല; മോഹിപ്പിക്കുന്ന ജോലി വാഗ്ദാനങ്ങൾക്ക് പിന്നിൽ

fake-job

‘പ്ലസ് ടു യോഗ്യതയുള്ള ആളാണോ നിങ്ങൾ. നിങ്ങളെ കാത്തിരിക്കുന്നു ആരും കൊതിക്കുന്നൊരു ജോലി. 15000 രൂപ മുതൽ 30000 രൂപ വരെ മാസ ശമ്പളം. താമസവും ഭക്ഷണവും തികച്ചും ഫ്രീയായി.’

മേൽപ്പറഞ്ഞ ഈ പരസ്യം കാണാത്തവരായി ആരുമുണ്ടാകില്ല. പത്രങ്ങളിലെ ക്ലാസിഫൈഡ്സ് കോളങ്ങളിലും സോഷ്യൽമീഡിയകളിലും എന്നു വേണ്ട ന്യൂജെൻ പിള്ളേരുടെ കണ്ണെത്തുന്ന സകലയിടങ്ങളിലും ഒരിക്കലെങ്കിലും ഈ പരസ്യം കണ്ടിട്ടുള്ളവരാണ് നമ്മൾ. വാർത്ത കേട്ടപാതി കേൾക്കാത്ത പാതി അഭ്യസ്തവിദ്യരായ പലരും ഈ ജോലിക്കു വേണ്ടി കണ്ണുംതള്ളി വീഴുകയും ചെയ്യും. പരസ്യം പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾക്കോ പ്രസിദ്ധീകരണങ്ങൾക്കോ ഇത്തരം വാർത്തകളിൽ യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുകയുമില്ല ഒരു വെബ്സൈറ്റോ, അഡ്രസോ മറ്റുവിവരങ്ങളോ ഒന്നും നൽകാതെ ഒരു മൊബൈൽ നമ്പർ മാത്രം നൽകിയാകും ജോലി വാഗ്ദാനം ചെയ്യുന്നവർ നമ്മെ മാടിവിളിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത.

മോഹന സുന്ദര വാഗ്ദാനങ്ങൾ കണ്ട് ഈ ജോലിക്കായി വണ്ടികയറുമ്പോൾ പലരും ഇതിനു പിന്നിൽ പതിയിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയാറില്ല എന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം. പറഞ്ഞുറപ്പിച്ചതില്‍ നിന്നെല്ലാം വിഭിന്നമായ ജോലിയും ശമ്പളവും കൊടിയ പീഡനങ്ങളുമായിരിക്കും സ്ത്രീകളുൾപ്പെടെ പലരേയും കാത്തിരിക്കുന്നത്. വ്യാജ ജോലി വാഗ്ദാനങ്ങളേയും പരസ്യങ്ങളേയും തുറന്നുകാട്ടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയാണ് ഏവരുടേയും കണ്ണുതുറപ്പിക്കുന്നത്. ഇടുക്കി സ്വദേശിയായ ഒരു യുവാവിന്റെ അനുഭവത്തിൽ നിന്നുമാണ് വിഡിയോ പിറവിയെടുത്തിരിക്കുന്നത്.

ജോലിയുടെ ആരംഭത്തിൽ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ഇത്തരം വ്യാജ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ചതിക്കിയായ യുവാവ് പറയുന്നു. അതു മാത്രമല്ല, ജോലിയിൽ ടാർജറ്റ് പൂർത്തിയാക്കാത്തവരെ പട്ടിണി കിടത്തുക, മുട്ടിലിഴയിക്കുക തുടങ്ങി പല കൊടിയ പീഡനങ്ങൾക്കും വിധേയമാക്കാറുണ്ടെന്നും അനുഭവസ്ഥർ പറയുന്നു.

കേരള ട്രെൻഡിംഗ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് ‘ഫേക്ക് ജോബി ആഡ്സ്’ എന്ന തലവാചകത്തോടെ വിഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്.