Saturday 30 November 2024 02:43 PM IST

‘കൂട്ടുകാരുടെ വാപ്പച്ചിമാരെല്ലാം ഗൾഫിൽ നിന്നെത്തി ഞങ്ങളുടെ വാപ്പച്ചി എന്ത്യേ..’: സങ്കടകാലം കടന്ന് ഫാസില ഹനീഫ

Binsha Muhammed

Senior Content Editor, Vanitha Online

cochin-haneefa-14

ഖബറിസ്ഥാനിലെ മൈലാഞ്ചി ചെടികളുടെ തണ ലിൽ ഉറങ്ങുന്ന ചിരി. വേർപാടിന്റെ 14 വർഷങ്ങൾ. എങ്കിലും ഇന്നും ഓർമയുടെ ഒന്നാം നിരയിലുണ്ട് ആ പേര്, കൊച്ചിൻ ഹനീഫ. കാതു കൊണ്ടു പോലും മലയാളി തിരിച്ചറിയുന്ന മുഖം.

എറണാകുളം കൊച്ചുകടവന്ത്രയിലെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഇവിടെയെവിടെയോ ഉണ്ടെന്നു തോന്നി. ചുമരുകൾ നിറയെ കൊച്ചിൻ ഹനീഫയുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ. ഷെൽഫിൽ നിറയെ അവാർഡ് ഫലകങ്ങൾ, സ്നേഹോപഹാരങ്ങൾ.

ജീവിതപങ്കാളി ഫാസിലയുടെയും മക്കളുടെയും വാക്കുകളിൽ കേട്ടു, കൊച്ചിന്‍ ഹനീഫയുടെ ചിരിയും വർത്തമാനങ്ങളും. കരുത്തോടെ ജീവിക്കാൻ ഫാസിലയ്ക്കു ദൈവം നൽകിയ രണ്ടു ചിറകുകൾ. അതാണ് മക്കൾ സഫയും മർവയും. ഒൻപതു വർഷം മുൻപ് വനിതയോടു സംസാരിക്കുമ്പോൾ കുരുന്നുകളായിരുന്നവർ ഇപ്പോൾ കൊച്ചുമിടുക്കികളായി വളർന്നു.

ഖൽബിലിന്നും ചിരിയോടെ

ഫാസില: ഓർക്കുന്നുണ്ടോ... അന്നു വനിതയോടു സംസാരിക്കുമ്പോൾ എന്നെ ഇടംവലം തിരിയാൻ വിടാത്ത കുറുമ്പികളായിരുന്നു രണ്ടും.

‘ഉമ്മച്ചിയേ കൂട്ടുകാരുടെ വാപ്പച്ചിമാരെല്ലാം ഗൾഫിൽ നിന്നും വന്നല്ലോ ഞങ്ങളുടെ വാപ്പച്ചി എന്ത്യേ...’ എന്ന് ചോദിച്ച് എന്നെ കുഴയ്ക്കും. അന്ന് കണ്ണീരു മറച്ചു പിടിച്ച് ഞാനവരോട് പറഞ്ഞ കള്ളങ്ങൾ എത്രയെന്നോ...‘വാപ്പച്ചിക്ക് ലീവ് കിട്ടിയില്ല സഫൂ, ഷൂട്ടിങ് തീർന്നിട്ടില്ല മോളേ’ അങ്ങനെ എത്ര കള്ളങ്ങളിലൂടെ കടന്നുപോയ വർഷങ്ങൾ.

പിന്നെ, കാര്യങ്ങൾ തിരിച്ചറിയുന്ന പ്രായമായപ്പോൾ മക്കളോടു പറഞ്ഞു. ‘ലീവ് കിട്ടാത്തൊരു യാത്രയിലാണു മക്കളേ വാപ്പച്ചി’. എന്താണ് ഉമ്മച്ചി അങ്ങനെ? സഫുവിന് സംശയം തീർന്നില്ല. ‘അതാണ് മരണം’. ഞാൻ പറഞ്ഞു. അതിനു മുൻപ് ചില വേണ്ടപ്പെട്ടവരുടെ വേർപാടുകൾ അ വർ കണ്ടിട്ടുണ്ട്. അതുപോലെ അവരുടെ വാപ്പച്ചിയും പോയെന്ന് തിരിച്ചറിഞ്ഞു.

സഫ: ഞങ്ങളെ ബോൾഡാക്കിയതിന്റെ ക്രെഡിറ്റ് മുഴുവൻ ഉമ്മയ്ക്കാണ്. ‘ഹനീഫിക്കയുടെ മക്കളെ കണ്ടോ...’എന്നു സഹതാപ നോട്ടമെറിഞ്ഞ് ആരെങ്കിലും പറഞ്ഞു തുടങ്ങുമ്പോഴേ ഉമ്മ കണ്ണുകൊണ്ട് സിഗ്‌നൽ കൊടുക്കും. കുട്ടികൾ കേൾക്കെ അങ്ങനെയൊന്നും പറയല്ലേയെന്ന മട്ടിൽ. കുറേക്കാലം ഉമ്മ പറഞ്ഞിരുന്ന ആ കള്ളങ്ങൾ മനസ്സിനു തണുപ്പായി. സത്യം തിരിച്ചറിയാനുള്ള പ്രായമെത്തിയപ്പോഴാണ് ഉമ്മ അനുഭവിച്ചിരുന്ന സങ്കടവും സംഘർഷവും എ ത്ര വലുതായിരുന്നുവെന്നു തോന്നിയത്.

മർവ: ഞങ്ങൾക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് വാപ്പച്ചി മരിക്കുന്നത്. അന്നുതൊട്ട് നാട് നൽകിയ സ്നേഹത്തിന്റെ പങ്ക് ഞങ്ങൾക്കും കിട്ടിത്തുടങ്ങി. പന്ത്രണ്ടാം ക്ലാസുവരെ പഠിച്ച ബവൻസ് സ്കൂളിലെ ടീച്ചർമാർ ഉമ്മയെ പാരന്റ്സ് മീറ്റിങ്ങിന് കാണുമ്പോഴൊക്കെ പറയുമായിരുന്നു. ‘ഹനീഫയുടെ മക്കളെ ഞങ്ങൾക്ക് തന്നെ തന്നല്ലോ’ എന്ന്. അതു കേൾക്കുമ്പോൾ ഗമയൊക്കെ തോന്നും.

സഫ: വീട്ടിൽ മാത്രമല്ല പുറത്തിറങ്ങിയാലും കാണാനുണ്ട് നാടിനെ ചിരിപ്പിച്ച ഞങ്ങളുടെ ‘വാപ്പച്ചി റഫറൻസു’കൾ. ഞാനിപ്പോൾ സിഎ കോഴ്സ് പഠിക്കുന്ന കൊച്ചിയിലെ സെന്ററിൽ പലപ്പോഴും കൊച്ചിൻ ഹനീഫ കടന്നു വരാറുണ്ട്. ക്ലാസിലെ ലക്ചർ കേട്ട് കിളിപറന്നിരിക്കുന്ന കുട്ടികളെ നോക്കി ടീച്ചർ പറയും ‘ഇപ്പോൾ താക്കോൽ എവിടാ ഇരിക്കുന്നേ... അവിടെ തന്നെയിരിക്കട്ടേ...’ കാക്കക്കുയിലിലെ വാപ്പച്ചി അവതരിപ്പിച്ച തോമസിന്റെ അതേ ഡയലോഗ്.

ഇതൊക്കെ സംഭവിക്കുമ്പോൾ ഞാൻ കൊച്ചിൻ ഹനീഫയുടെ മകളാണെന്ന് ടീച്ചർ അറിഞ്ഞിരുന്നില്ല. ഒടുവിൽ ഉമ്മ പറഞ്ഞ് അറിഞ്ഞപ്പോള്‍ ടീച്ചർ ഞെട്ടിപ്പോയി.

മർവ: വേർപാടിന്റെ ഓർമയിൽ വർഷങ്ങളോളം ജീവിക്കുന്ന നായികമാരെ സിനിമയിലേ കണ്ടിട്ടുള്ളൂ. ‍ഞങ്ങളുടെ നായികയും സൂപ്പറാണ്. (ഉമ്മയുടെ കൈപിടിച്ച് മർവ ഒരുനിമിഷം മിണ്ടാതിരുന്നു.)

cochin-haneefa-2 മർവ,സഫ,ഫാസില

വേർപാടിന്റെ ദിനങ്ങൾ

ഫാസില: മരണമെന്ന വലിയ സത്യത്തോട് എത്രയൊക്കെ പൊരുത്തപ്പെട്ടാലും ചില സമയങ്ങളിൽ അദ്ദേഹം ഇല്ലല്ലോ എന്നുള്ള കാര്യം ഞങ്ങളെ കണ്ണീരിലാക്കും. പന്ത്രണ്ടാം ക്ലാസ്സിൽ നല്ല മാർക്കോടെ ജയിച്ച് സഫയും മർവയും സ്കൂളിന്റെ ഉപഹാരം വാങ്ങാൻ പോയ ദിവസം. അവരുടെ കൂട്ടുകാരികൾ അച്ഛനമ്മമാരെ കൂട്ടിയാണ് എത്തിയിരുന്നത്. പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ എല്ലാ കുട്ടികളെയും പോലെ സഫയുടെയും മർവയുടെയും കണ്ണുകൾ സ ദസ്സിലേക്ക് പരതി. അന്ന് അവളുടെ ബാപ്പയും ഉമ്മയുമായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാരൊക്കെ അ ച്ഛൻമാരെ പരിചയപ്പെടുത്തുമ്പോൾ ഒപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോൾ ഇരുവരും കണ്ണീരൊളിപ്പിക്കുന്നത് ഞാൻ കണ്ടു.

മർവ: അന്നേരമൊക്കെ വാപ്പച്ചി നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിലോ ഉമ്മച്ച്യേ...

ഫാസില: പോരേ... പൂരം അഭിനയിക്കുന്ന മുഴുവന്‍ സെറ്റുകളിലും ഓടി നടന്ന് നിങ്ങൾ രണ്ട് രാജകുമാരിമാരുടെ വിജയവാർത്ത പറയുന്നുണ്ടാകും. ലൈറ്റ് ബോയ് മുതൽ ഡയറക്ടർ വരെ ആരെയും വിടില്ല. ചെറിയ കാര്യങ്ങൾക്കു പോലും ഒത്തിരി സന്തോഷിക്കുന്ന കുടുകുടെ ചിരിക്കുന്ന ആളായിരുന്നു നിങ്ങളുടെ വാപ്പച്ചി.

ഞങ്ങളത്രയും പ്രാർഥിച്ചും ആഗ്രഹിച്ചും കിട്ടിയ കൺമണികളാണ് നിങ്ങൾ രണ്ടുപേരും. സഫയും മർവയും മക്കയിലെ രണ്ടുപർവതങ്ങളുടെ പേരാണ്. മകനായ പ്രവാചകൻ ഇസ്മായീൽ നബി മരുഭൂമിയിൽ ദാഹിച്ചു വലഞ്ഞപ്പോൾ ഉമ്മയായ ഹാജറാ ബീവി ഈ പർവതങ്ങൾക്കിടയിലൂടെ വെള്ളത്തിനായി അലഞ്ഞു. നിരാശയായി തിരികെ എത്തുമ്പോൾ കാണുന്നത് ഉറവപൊട്ടിയെത്തിയ ജലത്തിൽ കൈകാലിട്ടടിക്കുന്ന ഇസ്മായീലിനെയാണ്. ആ ഉറവയാണ് സംസം ജലം.

നിങ്ങളെ കിട്ടാൻ ഞാനും വാപ്പച്ചിയും അതുപോലെ അലഞ്ഞിട്ടുണ്ട്. ആശുപത്രികളിലും ഐവിഎഫ് സെന്ററുകളിലും കയറിയിറങ്ങിയ നാളുകൾ. ഏർവാടി, നാഗൂർ തുടങ്ങി സൂഫീ വര്യൻമാരുടെ ദർഗകളിലും നേർച്ച കാഴ്ചകളും ദുആയുമായി എത്രയോ വട്ടം പോയി.

12 വർഷത്തെ ആ കാത്തിരിപ്പ് വെറുതെയായില്ല. ചെന്നൈയിലെ സാലി ഗ്രാമത്തിലെ വീട്ടിലിരുന്നാണ് ഞങ്ങൾ ആ സന്തോഷം ഉറപ്പിച്ചത്. സ്കാനിങ്ങിൽ രണ്ട് പേരുടെ കുഞ്ഞനക്കങ്ങൾ തെളിഞ്ഞതോടെ നിങ്ങളുടെ വാപ്പച്ചി ഒറ്റപ്പോക്കാ... ജ്വല്ലറിയിൽ പോയി കല്ലു പതിപ്പിച്ച വലിയൊരു മോതിരവുമായി വന്നു. നിങ്ങളെ ഉദരത്തിലേറ്റിയതിന് എനിക്കു തന്ന സമ്മാനം. ദേ... ആ മോതിരമാണ് ഇന്നും ഉ മ്മാന്റെ വിരലിലുള്ളത്.

ജനിക്കുമ്പോൾ നിങ്ങൾ രണ്ടാൾക്കും ഒന്നേകാൽ കി ലോ മാത്രമായിരുന്നു ഭാരം. എനിക്കാകെ വെപ്രാളമായി. കുട്ടികൾക്ക് ഭാരം കുറവാണല്ലോ എന്നു ഹനീഫിക്കയോടു ചോദിച്ചു. ‘പിന്നെ കെട്ടിക്കാൻ പ്രായമുള്ള സൈസിലാണോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്.’ എന്നായിരുന്നു ചിരിയോടെയുള്ള ഹനീഫിക്കയുടെ ആശ്വസിപ്പിക്കൽ. അതുകേട്ടു ഞാനും ചിരിച്ചു പോയി.

അഭിമുഖത്തിന്റെ പൂർണരൂപം വനിത നവംബർ ആദ്യ ലക്കത്തിൽ