Friday 13 December 2019 12:01 PM IST : By സ്വന്തം ലേഖകൻ

'അച്ഛന്റെ മണമാണ് അവൾക്ക് പുരുഷനെ വിശ്വസിക്കാനുള്ള ആദ്യത്തെ കരുത്ത്’; ഹൃദ്യമായ കുറിപ്പ്!

father-daughter-quotes-feature2

പെൺമക്കൾക്ക് അമ്മയേക്കാൾ അച്ഛനെയായിരിക്കും കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞു കേൾക്കാറുണ്ട്. അത് ഒരു പരിധിയോളം ശരിയുമാണ്. എന്നാൽ മുതിർന്നു കഴിയുമ്പോൾ ഇനി പഴയ പോലെ അച്ഛന്റെ തോളിൽ കേറരുതെന്നു വിലക്ക് വരാറുണ്ട്. ഇതവരുടെ കുഞ്ഞു മനസ്സിനെ വലിയ രീതിയിൽ നോവിക്കാറുണ്ട്. അച്ഛനും പെൺമക്കളും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് കൗൺസിലിങ് സൈക്കോളജിസ്റ്റ് കല മോഹൻ എഴുതിയ കുറിപ്പ് ഹൃദ്യമാണ്.

കല മോഹൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

പ്രായം അറിയിച്ച ഒരു പെൺകുട്ടി.. ആഘോഷങ്ങൾക്ക് നടുവിൽ ആണവൾ.. പക്ഷെ, ആ മുഖത്ത് വല്ലാത്ത ഈർഷ്യ..'വലുതാകുന്നത് നല്ല കാര്യമല്ലേ.. മോള് സ്ത്രീ ആയില്ലേ..?' എന്നോട് പെട്ടന്നവൾ കയർക്കാൻ തുടങ്ങി.. വേണ്ടല്ലോ.. എനിക്കച്ഛന്റെ നെഞ്ചത്ത് കിടന്നാൽ മതി..! ഒറ്റ വാക്കിൽ അവൾ അവളുടെ പ്രശ്നം പറഞ്ഞു കഴിഞ്ഞു..

എനിക്ക് മനസ്സിലാകും... എന്നെ പോലെ പല അമ്മമാർക്കും ആ വിങ്ങൽ മനസ്സിലാകും.. ഞങ്ങളുടെ നെഞ്ചിലെ നോവാണല്ലോ അത്.. "പ്രായമായി, ഇനി പഴയ പോൽ അച്ഛന്റെ തോളിൽ കേറരുതെന്നു അവൾക്കും വിലക്ക് വന്നതിന്റെ പ്രതിഷേധം... പെൺമക്കൾക്ക് അച്ഛനാണ് ആദ്യത്തെ ഹീറോ.. എന്റെയും അങ്ങനെ തന്നെ ആയിരുന്നു. ഇന്ന് വരെ , ഏത് പുരുഷന്മാർ അടുത്ത സുഹൃത്തുക്കൾ ആയിട്ടുണ്ടോ അവരിലൊക്കെ എന്റെ അച്ഛന്റെ എന്തെങ്കിലും ഒരു സ്വഭാവസാമ്യം കണ്ടിട്ടുണ്ട്.. ഏത് സ്ത്രീയിലും അച്ഛനിൽ നിന്നാണ് പുരുഷനെ വിശ്വസിക്കാനുള്ള ആദ്യത്തെ ചുവടു വെയ്പ്പ് നടക്കുന്നത്.

ഒൻപത് വയസ്സിന്റെ തുടക്കത്തിൽ തന്നെ പ്രായമറിയിച്ച ഞാൻ, ആത്മീയമായി അച്ഛന്റെ ലാളന ഒരുപാട് നഷ്‌ടമായ പെൺകുട്ടി ആയിരുന്നു.. കാലങ്ങളോളം അച്ഛന്റെ അടുത്ത് ചേർന്നിരിക്കാനോ, കെട്ടിപിടിച്ചുമ്മ കൊടുക്കാനോ, അലിഖിതമായ വിലക്ക് വന്ന കാലങ്ങളാണെന്റെ വ്യക്തിത്വത്തിലെ വളവുകളും വിണ്ടലുകളും ഉണ്ടാക്കിയെടുത്തത്..

ഒരുപാട് ചർച്ചകളും ആശയവിനിമയങ്ങളും അച്ഛനോടൊത്ത് പങ്കു വയ്‌ക്കേണ്ട അവസരങ്ങൾ ഇല്ലാതാക്കിയ ദുരവസ്ഥ ആയിരുന്നു, നാലാം ക്ലാസ്സിൽ വച്ച് ഋതുവായപ്പോൾ വന്നു ചേർന്നത്.. എന്തൊക്കെയോ അച്ഛനിൽ നിന്നും അറിയേണ്ടത് ഇന്നും ആ വിടവ് നികന്നിട്ടു പോലും അവശേഷിക്കുന്നുണ്ട്.

എന്നെ അച്ഛൻ പോലും അറിയുന്നില്ലല്ലോ എന്ന് ഉരുക്കം തോന്നിയ കാലങ്ങളിൽ, ഉണങ്ങിയ മുറിവുകൾ വീണ്ടും പൊട്ടി, പഴുത്തു... ആ ചാലുകളിൽ നിന്നും ദുർഗന്ധം വമിക്കുന്ന കാറ്റടിച്ചു ഞാൻ വീണ്ടും നിസ്സാരപ്പെട്ടു.. എന്നിലെ മകളാണ് അവിടെ തോറ്റത്.. അച്ഛൻ മനസ്സിലാക്കിയാൽ ഒരു മോൾക്ക് ഇനി ഒന്നും നേടാനില്ല.. അവൾ ജീവിതത്തിൽ തോൽക്കില്ല...

പ്രണയത്തിലും കാമത്തിലും നെഞ്ചത്ത് ഒരു കൈത്തലം ചേർത്ത് വയ്ക്കുക എന്നതൊരു ശീലമാണ്.. എന്നിലെ സ്ത്രീയുടെ ആത്മവിശ്വാസം അവിടെ നിന്നുമാണ് തൊട്ടെടുത്തിട്ടുള്ളത്.. അച്ഛൻ നെഞ്ചോട് ചേർത്ത് ഉറക്കിയതിന്റെ ഓർമ്മകളിൽ തേടുന്ന എന്തോ ഒന്ന്.. നെഞ്ചത്ത് ചായുക എന്നതിന് അപ്പുറം ചിലപ്പോൾ മറ്റൊന്നും ആകാതെ ആകണം എന്നതൊരു ഭാഗ്യവുമാണ്..

നല്ലൊരു മകനും സഹോദരനും ഭർത്താവും ആകാൻ കഴിയാത്ത പുരുഷന്, തന്റെ ജന്മം പാഴാകാതെ പോകാനുള്ള അവസരമാണ്. അച്ഛന്റെ ഭാഗം.. ! 'കാലം വല്ലാത്തതാ.. സ്വന്തം അച്ഛനെ പോലും സൂക്ഷിക്കണം.' ശരി ആണ്.. ഒരുപാട് കേസുകൾ അങ്ങനെ വരുന്നുണ്ട്.. പലപ്പോഴും നിലവിട്ടു പൊട്ടിത്തെറിച്ചു പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.. അത്തരം ചില കേസുകളെ നടത്തേണ്ടി വരുമ്പോൾ.. എന്നിലെ മകളോ ,എന്നിലെ അമ്മയോ ആകാം.. സൈക്കോളജിസ്റ് അല്ലെങ്കിൽ സോഷ്യൽ വർക്കർ എന്നതിൽ ഉപരി അവിടെ പ്രതികരിക്കുന്നത്..!

എന്റെ പൊന്നു കുഞ്ഞായിരിക്കുമ്പോ എന്നേക്കാൾ ഏറെ അവളെ ആസ്വദിച്ച് കുളിപ്പിച്ചിട്ടുള്ളത്, ഒരുക്കിയിട്ടുള്ളത് ഒക്കെ അവളുടെ അച്ഛൻ ആണ്. ഭാര്യക്ക് ഭർത്താവിനെയും, തിരിച്ചും, വേണ്ടെന്നു വയ്ക്കാൻ കാരണങ്ങളുണ്ടാകും.. എന്ത് ജയത്തിനു വേണ്ടിയും മകൾക്കു, മകന്,ആ അവകാശം ഇല്ലാതെ പോകരുത്..

അതിനുവേണ്ടി പൊരുതിയ, പൊരുതികൊണ്ടിരിക്കുന്ന ഒരു അമ്മയുടെ വ്യഥ വാക്കുകളിൽ, അക്ഷരങ്ങളിൽ ഒതുക്കാനാവില്ലല്ലോ. അതൊരു നിശ്ശബ്ദ യുദ്ധമാണ്. ഒറ്റയ്ക്ക് ആയി പോകുന്ന എല്ലാ അമ്മമാർക്കും അറിയുന്ന ഒന്ന്.. നിനക്കൊന്നും അമ്മയും പെങ്ങളുമില്ലേ എന്നൊരു ചോദ്യം സമൂഹം പുരുഷന്റെ നേർക്കു വച്ചിട്ടുണ്ട്.. പെണ്ണിനുമുണ്ട്.. അത്തരം ഒരു ചോദ്യം ! അപ്പനും സഹോദരനും ഇല്ലേ നിനക്ക്?

അച്ഛന്റെ ലാളന അനുഭവിച്ചു വളരുന്ന മകൾ ഒരു പുരുഷനെയും ചൂഷണം ചെയ്യില്ല.. അച്ഛന്റെ മണം ആണ് അവൾക്കു പുരുഷനെ വിശ്വസിക്കാനുള്ള ആദ്യത്തെ കരുത്ത്. അതിലൂടെ അവൾക്കു ലഭിക്കുന്നത് ലോകത്തെ നേരിടാനുള്ള തന്റേടം ആണ്. സ്വതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടേണ്ടി വരില്ല. അവളിൽ അതുണ്ട്...

അച്ഛൻ കാട്ടി തന്ന നേരിന്റെ സ്വാതന്ത്ര്യം.. എത്ര പ്രായം ആയാലും അവളിൽ അത് നിറഞ്ഞു നിൽക്കും.. പെണ്ണായി തന്നെ വളരും.. കരുത്തുള്ള പെണ്ണായി...! പിതൃത്വം എന്നത് മാതൃത്വത്തെക്കാൾ പുണ്യമാണ്.. അതല്ലേൽ തത്തുല്യമാണ്.. ഒരച്ഛനും ഒന്നിന്റെ പേരിലും മകൾക്കു ഇല്ലാതാകരുത്.... കൈക്കുഞ്ഞായിരിക്കുമ്പോൾ, അമ്മ തന്ന വാത്സല്യം നാളെ, അതിലും അവകാശത്തോടെ മകളുടെ ശുശ്രൂഷയിൽ നേടിയെടുക്കാൻ ഭാഗ്യം കിട്ടട്ടെ.

Tags:
  • Spotlight
  • Social Media Viral