Friday 19 June 2020 12:01 PM IST : By സ്വന്തം ലേഖകൻ

മകൻ രാവിലെ മരിച്ചു, അന്ത്യ ചുംബനം നൽകാൻ അറബ് മണ്ണിൽ നിന്നും അച്ഛനെത്തും; കുറിപ്പ്

qatar-kmcc

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഖത്തറിലെ പ്രവാസികൾക്ക് നാട്ടിലേക്കുള്ള വഴിതുറക്കുകയാണ്. ഖത്തർ കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനങ്ങൾ ഇന്നും നാളെയുമായി കേരളത്തിലെത്തുന്നതോടെ ഒരുപാട് പേരുടെ കാത്തിരിപ്പാണ് സഫലമാകുന്നത്. രോഗികൾ, കുട്ടികൾ, പ്രായം ചെന്നവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി സ്വന്തം മണ്ണിലേക്ക് എത്താൻ ദിവസങ്ങളായി കാത്തിരുന്ന നിരവധി പേർക്കാണ് കെ.എം.സി.സി നന്മയുടെ കരംനീട്ടിയിരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രവാസികളുടെ പ്രിയപ്പെട്ടവരുമായി ഈ ആശ്വാസമേകി ഈ വാർത്ത പങ്കുവച്ചത്.

അതേസമയം ഇന്ന്  പുലർച്ചെ ബൈക്കപകടത്തിൽ മരിച്ച അഭിഷേക് ബാബുവിന്റെ പിതാവ് ബാബു ഇന്ന് വരുന്ന വിമാനത്തിൽ നാട്ടിലെത്തുമെന്നും അദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. പ്രയാസമുള്ളവർക്ക് സൗജന്യയാത്രയാണ് കെഎംസിസി ഒരുക്കുന്നത്. 

കുറിപ്പ് വായിക്കാം: മഹാമാരിക്കു മുന്നിൽ നിസ്സഹായരായി നിൽക്കുന്ന പ്രവാസി സമൂഹത്തിന് ആശ്വാസമായി ഖത്തർ കെ.എം.സി.സി കുറ്റ്യാടി,കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളുടെ ചാർട്ടേഡ് ഫ്ലൈറ്റ് ഇന്ന് കാലത്ത് പറന്നുയർന്നു. അടുത്ത രണ്ടു ഫ്ലൈറ്റുകൾ നാളെ യാത്ര തിരിക്കുമെന്നത് ഏറെ സന്തോഷം നൽകുന്നു. ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ഗർഭിണികൾ, രോഗികൾ, കുട്ടികൾ, പ്രായം ചെന്നവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവരാണ് ഭൂരിഭാഗവും. ഏറെ പ്രയാസപ്പെടുന്നവർക്ക് സൗജന്യ ടിക്കറ്റ് നൽകിയാണ് കെ.എം.സി.സി യാത്ര സജ്ജമാക്കിയത്.

കണ്ണൂരിലേക്ക് പറന്നുയർന്ന ഇന്നത്തെ വിമാനത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്.ഇന്ന് പുലർച്ചെ താഴെ കായലോട് ബൈക്ക് അപകടത്തിൽ മരണപ്പെട്ട അഭിഷേക് ബാബുവിന്റെ പിതാവ് ബാബുവിന് നാട്ടിലെത്താൻ ഈ ഫ്ലൈറ്റ് നിമിത്തമായി.

ഒത്തിരി പ്രതീക്ഷകളുമായി കടലിനക്കരെ പോയ ബാബുവിന് തന്റെ മകനെ അവസാനമായി ഒന്നു കാണുവാൻ, അന്ത്യചുംബനം നൽകുവാൻ വഴിയൊരുക്കിയ കെ.എം.സി.സി നേതൃത്വത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. ഒപ്പം ബാബുവിന്റെയും കുടുംബത്തിന്റെയും അഗാതമായ ദുഃഖത്തിൽ പങ്കുചേരുന്നു.