മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനു വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണു ശിക്ഷ വിധിച്ചത്. 1.90 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കാനും കോടതി വിധിച്ചു. കുട്ടിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പിതാവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിച്ചു. തുടര്‍ന്നു പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷകയായ വി.സി.ബിന്ദു എന്നിവര്‍ ഹാജരായി.
2023 ല്‍ 15-ാം വയസിലാണ് പെണ്‍കുട്ടി പിതാവ് പീഡിപ്പിക്കുന്ന വിവരം ക്ലാസ് ടീച്ചറോടു പറഞ്ഞത്. ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു വീട്ടിലെത്തി തുണി മാറാന്‍ മുറിയില്‍ കയറിയപ്പോള്‍ പിതാവ് ഒപ്പം കയറി പീഡിപ്പിച്ചു. ആ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതോടെ കുട്ടി മാനസികമായി തകര്‍ന്നു. പിറ്റേന്നു സ്‌കൂളില്‍ എത്തിയ കുട്ടി വല്ലാതെ മാനസികവിഷമം അനുഭവിക്കുന്നതായി സംശയം തോന്നിയ ടീച്ചര്‍ ചോദിച്ചപ്പോഴാണ് വര്‍ഷങ്ങളായി പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി തുറന്നു പറഞ്ഞത്. ഇതോടെ ടീച്ചര്‍ ചൈല്‍ഡ് ലൈന്‍ വഴി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
ഇംഗ്ലീഷ് പരീക്ഷ നടന്ന ദിവസം താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പീഡനം നടത്തിട്ടില്ലെന്നും പ്രതിയുടെ രണ്ടാം ഭാര്യ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മറ്റു പരീക്ഷകള്‍ നടന്നത് എന്നൊക്കെയാണെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് ഇവര്‍ക്ക് ഉത്തരം മുട്ടിയതോടെ പറഞ്ഞതു കളവാണെന്നു തെളിയുകയായിരുന്നു. ചെറുപ്പത്തില്‍ അമ്മ മരിച്ചതിനു ശേഷം പിതാവിന്റെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പിതാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. എന്നാല്‍ അമ്മയുടെ ബന്ധുക്കളോ പിതാവിന്റെ ബന്ധുക്കളോ ഇല്ലാതിരുന്നതിനാല്‍ ആരോടും പറയാന്‍ കഴിയാതെ കുട്ടി ക്രൂരത സഹിക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ തിരികെ വീട്ടില്‍ എത്തുമ്പോള്‍ പിതാവ് അപായപ്പെടുത്തുമെന്നായിരുന്നു കുട്ടിയുടെ ഭയം. പീഡനവിവരം പുറത്തു പറഞ്ഞതിനു ശേഷം കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്.