Saturday 31 March 2018 05:34 PM IST

രക്തവും ജീവനും പങ്കിട്ടുകൊടുത്ത ദൈവപുത്രന്റെ വഴിയേ...! മുസ്‌ലിം യുവതിക്ക് കിഡ്നി ദാനം ചെയ്ത വൈദികന്റെ ജീവിതം

Roopa Thayabji

Sub Editor

father1
ഫോട്ടോ: ബേസിൽ പൗലോ

ചുരം തൊട്ടുവന്ന വയനാടൻ കാറ്റിൽ തലയുയർത്തി നിന്ന ചീയമ്പം പള്ളി ഈസ്റ്റർ ഒരുക്കത്തിലാണ്. മുറ്റത്തെ കാറുകൾക്കിടയിൽ ഒളിച്ചുകളിക്കുകയാണ് കുറച്ചു കുട്ടികൾ. ദൂരെ നിന്നു ഷിബു അച്ചൻ വരുന്നതു കണ്ട് ഒരു വിരുതൻ ഉറക്കെ വിളിച്ചു പറഞ്ഞു, ‘കേഡി അച്ചൻ വരുന്നെടാ, ഓടിക്കോ’ വെളുത്ത ളോഹയിട്ട്, കറുത്ത തൊപ്പിവച്ച്, മുഖം നിറഞ്ഞ ചിരിയോടെ വന്ന ഫാദർ ഷിബു കുറ്റിപറിച്ചേലിനോട് ആദ്യം ചോദിച്ചതും ഇതിനെ കുറിച്ചുതന്നെ. തെളിഞ്ഞ ഒരു കള്ളച്ചിരിയായിരുന്നു മറുപടി. ‘‘പൊലീസ് സ്റ്റേഷനിലെ കേഡി എന്നല്ല കുട്ടികൾ ഉദ്ദേശിച്ചത്. ‘കിഡ്നി ഡൊണേറ്റ് ചെയ്ത അച്ചൻ’ എന്നതിനെ ചുരുക്കിയാണ് അവർ കെഡി അച്ചൻ എന്നാക്കിയത്.’’

രക്തവും  ജീവനും  പങ്കിട്ടു കൊടുത്ത ദൈവപുത്രന്റെ പാത പിന്തുടർന്നാണ് കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഷിബു അച്ചൻ ആ പുണ്യപ്രവൃത്തി ചെയ്തത്. തൃശൂര്‍ അകലാട് സ്വദേശിയായ ഹൈറുന്നീസയ്ക്ക് ഒരു കിഡ്നി ദാനം ചെയ്തു. ‘‘ഒരിക്കൽ മാത്രമേ നാം ഈ ലോകത്തിലൂടെ കടന്നുപോകുകയുള്ളൂ. ഏതെങ്കിലും മനുഷ്യനു നന്മ ചെയ്യാനോ, കരുണ കാണി ക്കാനോ കഴിയുന്നതിനെക്കാൾ മനോഹരമായ മറ്റെന്താണുള്ളത്. അവയവദാനം മതത്തിന് അതീതമാണെന്നതിനു തെളിവാണല്ലോ ക്രൈസ്തവ പുരോഹിതനായ എന്റെ കിഡ്നി  മുസ്‌ലിം പെൺകുട്ടിയുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്.’’ ഫാദർ ഷിബു കുറ്റിപറിച്ചേൽ ജീവിതവഴികളിലെ ദീപനാളങ്ങളെ ഓർത്തെടുക്കുന്നു.

കരുണാമയനേ കാവൽവിളക്കേ...

സുൽത്താൻ ബത്തേരിയിലെ പാലാക്കുനി എന്ന കൊച്ചുഗ്രാമത്തിലാണ് ഷിബു അച്ചൻ ജനിച്ചത്. അപ്പച്ചൻ യോഹന്നാൻ  പരമ്പരാഗത കർഷകൻ. അമ്മച്ചി അന്നമ്മയും  കാർഷിക കുടുംബത്തിലെ പിന്മുറക്കാരി. മുൻ തലമുറയിൽ അച്ചന്മാർ ഉണ്ടായിരുന്നെങ്കിലും  വലിയൊരു ഇടവേളയ്ക്കു ശേഷം വൈദികവൃത്തി സ്വീകരിക്കുന്ന ആളാണ് താനെന്ന് ഷിബു അച്ചൻ പറയുന്നു. ‘‘നാലു മക്കളിൽ ഏറ്റവും ഇളയതാണ് ഞാൻ. സ്കൂളിൽ പഠിക്കുന്ന കാലത്തു പള്ളിയിൽ അൾത്താര ബാലനായിരുന്നു. മലബാറിലെ ആദ്യത്തെ യാക്കോബായ പള്ളിയാണ് ഞങ്ങളുടെ മലങ്കരക്കുന്ന് സെന്റ് തോമസ് പള്ളി. സൺഡേ സ്കൂളിലെ ടീച്ചർമാരും പള്ളി വികാരിയായിരുന്ന ഫിലിപ് ജോൺ മൈക്കോട്ടുംകര അച്ചനും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. പള്ളി പെരുന്നാളിന് ഒന്നിടവിട്ട വർഷങ്ങളിൽ ബിഷപ് ഡോ. യൂഹാനോൻ മാർ പീലക്സിനോസ് വലിയ തിരുമേനി വരുമായിരുന്നു. ആത്മീയപ്രകാശം തുളുമ്പുന്ന ആ വരവ് തന്നെ ഒരു കാഴ്ചയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലൂടെ പുതിയ അറിവുകളും  ദൈവകാര്യങ്ങളും കേൾക്കുമ്പോൾ ആ ചൈതന്യം നമ്മെ മാറ്റിമറിക്കും.

അന്നൊരിക്കൽ ഇടവക പള്ളിയിലെ പ്രാർഥനായോഗത്തി ൽ വച്ച് അച്ചൻ ഒരു പ്രഖ്യാപനം നടത്തി, ‘അടുത്ത യോഗത്തിൽ ഷിബു പ്രസംഗിക്കും.’ കേട്ടപ്പോൾ മുതൽ ചങ്കിടിക്കാൻ തുടങ്ങി. അടുത്ത പ്രാർഥനായോഗത്തിൽ ആരും പങ്കെടുക്കല്ലേ എന്നായി പ്രാർഥന. പക്ഷേ, പതിവിലധികം തിരക്കായിരുന്നു അന്നത്തെ യോഗത്തിന്. സൺഡേ സ്കൂൾ അധ്യാപകൻ എഴുതി തന്ന പ്രസംഗം ഉറക്കെ പറഞ്ഞുപഠിച്ചാണ് പോയത്. പ്രസംഗം കേട്ട് ഫാദറും  മറ്റുള്ളവരും അഭിനന്ദിച്ചു. അതിനു ശേഷമാണ് അച്ചനാകാൻ മോഹം തോന്നിയത്. അധ്യാപകനാകണമെന്നും അച്ചനാകണമെന്നും മോഹമുണ്ടായിരുന്നു. അച്ചനായാൽ അവിവാഹിതനായിരിക്കണമെന്നും.

ഞങ്ങളെ അങ്ങിൽ ചേർക്കണേ...


ബത്തേരി സെന്റ് മേരീസ് കോളജിൽ നിന്ന് ബോട്ടണിയിൽ ബിഎസ്‌സി പാസായ ശേഷമാണ് സെമിനാരിയിൽ ചേരാൻ മോഹമുണ്ടെന്ന് പറയുന്നത്. അച്ഛനും അമ്മയ്ക്കും എതിർപ്പില്ല. മൂത്ത സഹോരൻ ഷാ ജി പിഡബ്ല്യുഡി ഓവർസിയറാണ്. രണ്ടാമത്തെയാൾ കുര്യാച്ചനു ട്രാക്ടറും കൃഷിയുമൊക്കെയുണ്ട്. ചേച്ചി സൂസനെ നേരത്തേ വിവാഹം ചെയ്തയച്ചു. സഹോദരങ്ങളെ കാര്യങ്ങ ൾ പറഞ്ഞുമനസ്സിലാക്കിയ ശേഷം എറണാകുളത്ത് വെട്ടിക്കൽ സെമിനാരിയിൽ തിയോളജി പഠിക്കാൻ ചേർന്നു. ബിരുദത്തിനു ശേഷം ബെംഗളൂരുവിൽ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നെങ്കിലും  പൂർത്തി യാക്കാൻ പറ്റിയില്ല. ഈ കാലത്ത് വിവാഹം ചെയ്യാൻ നിർബന്ധമുണ്ടായിരുന്നു. ഞങ്ങളുടെ സഭയിൽ വൈദികനായാലും വിവാഹം  കഴിക്കാം. ദൈവം കനിഞ്ഞുനൽകിയ തീരെ ചെറിയ ജീവിതം പങ്കുവയ്ക്കാനും മാത്രമില്ലല്ലോ എന്നുകരുതിയാണ് അവിവാഹിതനായി തുടരാൻ തീരുമാനിച്ചത്. അക്കാര്യത്തിൽ അച്ഛനമ്മമാർക്ക് ചെറിയ സങ്കടം ഉണ്ടായിരുന്നു. ഇടയ്ക്ക് ഉപരിപഠനത്തിനായി ജർമനിയിൽ പോയെങ്കിലും അതിനു സാധിച്ചില്ല.

വൈദികപട്ടം സ്വീകരിച്ച ശേഷം ചാർജെടുക്കുന്നത് അടുത്തുതന്നെയുള്ള തോട്ടാമൂല പള്ളിയിലായിരുന്നു.  49 കുടുംബങ്ങൾ മാത്രമുള്ള ഇടവകയിലെ അംഗങ്ങൾക്ക് അച്ചൻ ദൈവതുല്യനാണ്. പക്ഷേ, ഏഴര മാസമേ അവിടെ നിന്നുള്ളൂ. സെമിനാരിയിൽ പഠിക്കുന്ന കാലത്താണ് കൂടെയുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണോടിക്കാൻ അവസരമുണ്ടായത്. വളരെ ദയനീയമായ ചുറ്റുപാടിൽ നിന്നു വരുന്നവർ ഹോസ്റ്റലിലുണ്ട്. പക്ഷേ, അഭിമാനബോധം കൊണ്ട് ആരും പറയില്ല. അവരെ സഹായിക്കാൻ ഞാനും കുറച്ചുപേരും മുന്നിട്ടിറങ്ങി.

അശരണർക്ക് ആശ്രയമായ്...

father2


കണ്ണൂർ ജില്ലയിലെ കല്ലറ പള്ളിയിൽ സേവനമനുഷ്ഠിക്കുന്ന കാലത്തെ രസകരമായ ഒരു സംഭവമുണ്ട്. പള്ളിയിൽ നിന്ന് ക്യാംപിനു പോയിവന്ന കുട്ടികൾ പരിഭവിച്ചിരിക്കുകയാണ്. കാര്യമന്വേഷിച്ചപ്പോൾ ചിരിച്ചുപോയി. ‘ഒന്നുകിൽ പള്ളിയുടെ പേര് മാറ്റുക, അല്ലെങ്കിൽ അച്ചന്റെ കുടുംബപ്പേര്. രണ്ടും മനുഷ്യരുടെ മുന്നിൽ പറയാൻ പറ്റില്ല.’ വയനാട്ടിൽ നിന്ന് കുറ്റിയും പറിച്ച് ചെകുത്താൻ തോടു വഴി കല്ലറയിലെത്തിയ വികാരിയല്ലേ ഞാൻ എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു വിട്ടു. കല്ലറയിൽ നിന്ന്  സ്ഥലംമാറ്റം കിട്ടിയത് ‘വെട്ടിക്കൽ’ സെമിനാരിയിലേക്കാണ്. ‘ചെറ്റപ്പാലം.’ എന്നായിരുന്നു പിന്നീട് കിട്ടിയ പള്ളിയുടെ പേര്.  മെത്രാപ്പൊലീത്ത സക്കറിയാസ് മാർ പീലക്സിനോസ് തിരുമേനി ഒരിക്കൽ ചോദിച്ചു, ‘ഈ ടൈപ്പ് പേരുള്ള പള്ളികൾ വല്ലതും ബാക്കിയുണ്ടോ സഭയിൽ. ഉണ്ടെങ്കിൽ അച്ചനു തന്നെ തരാമെന്നു കരുതി.’ കേട്ടവരെല്ലാം ചിരിച്ചു.

വെട്ടിക്കൽ സെമിനാരിയിൽ വാർഡനാകാനുള്ള നിയോഗവും ഉണ്ടായി. സുഖമില്ലാതെ വന്നാൽ മുൻകൂർ അനുവാദം വാങ്ങാതെ വീട്ടിലേക്ക് പോകാനുള്ള സൗകര്യം കുട്ടികൾക്ക് ഞാൻ നൽകിയിരുന്നു. പക്ഷേ, അസുഖമായിട്ടും അനുവാദം നൽകിയിട്ടും  ഒരു കുട്ടി പോകാൻ കൂട്ടാക്കുന്നില്ല. കാരണമന്വേഷിച്ചപ്പോൾ അവന്റെ കൈയിൽ വണ്ടിക്കൂലിക്കു പോലും കാശില്ല. അശരണരെയും സഹായം വേണ്ടവരെയും കണ്ണിനു മുന്നിൽ കാണിച്ചുതന്ന കർത്താവിനോടു നന്ദി പറഞ്ഞ് കാരുണ്യത്തിന്റെ വഴിയിലേക്ക് കാൽവച്ചു. ചീങ്ങേരി പള്ളിയിൽ വർഷങ്ങൾക്കു മുൻപേ ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമായ ഫിനിക്സ് സഹായനിധിയുടെ  പ്രവർത്തനങ്ങൾ ഞാൻ ഏ റ്റെടുത്തു. ഇന്ത്യയ്ക്കു പുറത്ത് ജോലി ചെയ്ത കാലത്താണ് പുസ്തകമെഴുതാൻ തുടങ്ങിയത്. ഒന്നിടവിട്ട ഞായറാഴ്ചകളിലേ  മലയാളികൾക്കു കുർബാന ഉള്ളൂ. കുർബാന പ്രസംഗം നേരത്തേ എഴുതി തയാറാക്കും. ഒരിക്കൽ അതു ചില ഇടവക അംഗങ്ങൾക്ക് ഇമെയിൽ ചെയ്തു. അവരുടെ ആവശ്യപ്രകാരമാണ് തുടർച്ചയായി പ്രസംഗം ഇമെയിൽ ചെയ്യാൻ തുടങ്ങിയത്. പിന്നീട് ഇവ ചേർത്തുവച്ച് പുസ്തകം പ്രസിദ്ധീകരിച്ചു.

ജീവൻ പകുത്തു നൽകുന്നു...

ഒരു ദിവസം രാവിലെ കിഡ്നി ഫെഡറേഷന്റെ അമരക്കാരനായ ചിറമ്മേലച്ചനെ വിളിക്കണമെന്നു തോന്നി. കിഡ്നി ദാനം ചെയ്യാനുള്ള ആഗ്രഹം പറഞ്ഞെങ്കിലും അദ്ദേഹം ഒട്ടും പ്രോത്സാഹിപ്പിച്ചില്ല. പിന്നീട് ഇടയ്ക്കിടെ അച്ചനെ വിളിച്ചുകൊണ്ടിരുന്നു. പെട്ടെന്നൊരു ദിവസം അച്ചൻ മറുപടി അറിയിച്ചു. ‘തൃശൂരുള്ള ഒരു മുസ്‌ലിം സ്ത്രീക്ക് വേണ്ടി ഒരുപാടു സാംപിളുകൾ പരിശോധിച്ചെങ്കിലും ചേർച്ചയുള്ളത് കിട്ടിയില്ല, ഒന്നു വരൂ’ എന്ന്.  ക്രോസ് മാച്ചിങ്ങിൽ എന്റെ  കിഡ്നി അവർക്ക് ചേരുമെന്നറിഞ്ഞപ്പോൾ സന്തോഷമായി. അർഹതപ്പെട്ട ആളിനുതന്നെ ജീവൻ പകർന്നുകൊടുക്കാൻ പറ്റിയതിന്റെ സന്തോഷം. മെഡിക്കൽ ചെക്കപ്പിൽ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു. പക്ഷേ, വീട്ടുകാരോട് കാര്യങ്ങൾ അവതരിപ്പിക്കാൻ ചെറിയ മടി. അമ്മയ്ക്കും അച്ഛനും കാര്യങ്ങളുടെ ഗൗരവം പിടികിട്ടിയതു പോലും പത്രവാർത്തകൾ വന്ന ശേഷമാണ് എന്നു തോന്നുന്നു. എങ്കിലും ആരും എതിർപ്പു പറഞ്ഞില്ല.


എറണാകുളത്തെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഞാൻ നേരത്തേ അഡ്മിറ്റായി. പക്ഷേ, കിഡ്നി സ്വീകരിക്കേണ്ടയാൾ  സമയം നീട്ടിവയ്ക്കാമോ  എ ന്നു ചോദിക്കുന്നു. ഹൈറുന്നിസയുടെ ഭർത്താവിന് അപകടം പറ്റി വീൽചെയറിലാണ്. ശസ്ത്രക്രിയയ്ക്കു വേണ്ട പണം കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു അവർ.  വൈകിയാൽ ഞാൻ പിന്മാറുമോ എന്ന ആധിയും അവർക്കുണ്ട്. ഒടുവിൽ ഞാൻ മുൻകൈയെടുത്ത് പലരിൽ നിന്നായി അഞ്ചേകാൽ ലക്ഷം രൂപ പിരിച്ചെടുത്ത് ആശുപത്രിയിൽ അടച്ചു. 2016 ഡിസംബര്‍ 21ന് ജീവന്റെ പകുതി ആ സഹോദരിക്ക് നൽകി. ‘ജാതി നോക്കുന്നവരോട് കൂട്ടുകൂടരുത്, കൂട്ടുകൂടിയവരുടെ ജാതി നോക്കരുത്’ എന്നുപറയുന്നത് എത്രയോ ശരിയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ ഹൈറുന്നിസ അന്വേഷിച്ചത് ‘അച്ചന് എങ്ങനെയുണ്ട്’ എന്നായിരുന്നു. അവരുടെ പ്രാർഥനയിൽ എന്റെ പേരു കൂടി ഇനിയുണ്ടാകുമെന്ന് ഉറപ്പ്.

ദാനമാണ് സ്നേഹത്തിന്റെ ഭാഷ...

ഓപ്പറേഷൻ കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞപ്പോഴേക്കും ഞാൻ പതിയെ എഴുന്നേറ്റു നടക്കാൻ തുടങ്ങി. ഇതുകണ്ട് ചേട്ടന്റെ മോൾ തമാശയായി ചോദിക്കുമായിരുന്നു, ‘ശരിക്കും അച്ചാച്ചൻ കിഡ്നി കൊടുത്തതാണോ’ എന്ന്. കുറച്ചുകാലം കൂടി വിശ്രമം അനുവദിച്ചു തന്നിരുന്നെങ്കിലും മൂന്നു മാസമായപ്പോഴേക്കും  പള്ളിയിലും പോകാൻ തുടങ്ങി. വൃക്ക രോഗികൾക്കു വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ഇപ്പോൾ ചെയ്യുന്നുണ്ട്. ദാനമാണ് ഏറ്റവും വലിയ പ്രാർഥന.


വൃക്ക നൽകിയ ശേഷം എന്നെ കാണാൻ നീലഗിരി കോളജിലെ കുറച്ച് കുട്ടികൾ വന്നു. പോകാനിറങ്ങുമ്പോൾ എന്റെ അപ്പന്റെ കൈപിടിച്ച് അവരിലൊരാൾ പറഞ്ഞു, ‘ഭാഗ്യം ചെയ്ത അപ്പച്ചനാണ്.’ ആ വാക്കുകൾ കേട്ട് അപ്പന്റെ കണ്ണുനിറഞ്ഞു. ഞങ്ങളുടെ സഭയിൽ നിന്ന് ആദ്യമായിട്ടാണ് ഒരു വൈദികൻ കിഡ്നി ദാനം ചെയ്യുന്നത്. ചിറമ്മേലച്ചന്റെ ദാനമാണ് എന്നെ ഇതിലേക്ക് നയിച്ചത്. എന്റെ വഴിയിലൂടെ ഇനിയും ആളുകൾ വരണമെന്നാണ് പ്രാർഥന.’’