Thursday 18 July 2019 12:18 PM IST : By സ്വന്തം ലേഖകൻ

‘ചെക്കനെ കൂട്ടാൻ ഞങ്ങൾ ആംബുലൻസിൽ വരട്ടോ?’; മകന്റെ അടിപിടി വിവരം അറിയിക്കാൻ വിളിച്ച ടീച്ചറിനെ ഞെട്ടിച്ച് അച്ഛൻ; വൈറൽ

nb പ്രതീകാത്മക ചിത്രം

സ്കൂളിൽ നിന്നും മക്കളുടെ ടീച്ചർമാർ ഫോൺ ചെയ്യുമ്പോഴേ മാതാപിതാക്കളിൽ പലർക്കും ആധിയാണ്. പ്രിയപ്പെട്ട ‘സന്താനം’ എന്ത് കുരുത്തക്കേട് ഒപ്പിച്ചിട്ടാണ് ഈ വിളിയെന്നായിരിക്കും പലരുടേയും ചിന്ത. സോറിയും എക്സ്ക്യൂസും സമം ചേർത്ത് പറഞ്ഞൊപ്പിച്ചായിരിക്കും പല സ്കൂൾ പ്രശ്നങ്ങളിൽ നിന്നും പല മാതാപിതാക്കളും തലയൂരുന്നത്. അത്തരത്തില്‍ ഒരടിപിടി കേസ് അറിയിക്കാൻ കുട്ടിയുടെ അച്ഛനെ വിളിച്ചതാണ് ടീച്ചർ. പക്ഷേ ഫോണിന്റെ മറുതലയ്ക്കൽ നിന്നുള്ള രക്ഷിതാവിന്റെ മറുപടി അക്ഷരാർത്ഥത്തിൽ കിളിപറത്തുന്നതാണ്.

'അൽ സാബിത്തിന്റെ പേരന്റ് അല്ലേ " എന്നും ചോദിച്ചാണ് ടീച്ചറുടെ കോൾ അച്ഛന്റെ ഫോണിലേക്ക് വരുന്നത്. സ്‌കൂളിൽ നിന്നുള്ള വിളിയാണ് എന്ന് കേട്ടപ്പോൾ, എന്തിനാണ് എന്ന് പരിഭ്രമത്തോടെ അച്ഛൻ ‌ചോദിക്കുന്നുണ്ട്. എന്താണ്, എന്തുപറ്റിയെന്ന് അച്ഛൻ. ക്ലാസിൽ രണ്ടുപേർ തമ്മിൽ അടി കൂടി എന്ന് ടീച്ചർ. ടീച്ചർ കാര്യങ്ങളെല്ലാം പറയുന്നു. എന്താണ് ആർക്കാണ്.. എന്ത് പരിക്കുണ്ട് എന്ന് അച്ഛൻ തിരിച്ച് ചോദിച്ചു. 

'ചുണ്ടിൽ കൈ തട്ടി, പല്ല് ചെറുതായൊന്നു കൊണ്ട്, ചെറുതായി ഒന്നു മുറിഞ്ഞിട്ടുണ്ട്, അൽ സാബിത്തിന്. വിളിൽ ഒരു മാന്തിയ പാടും ഉണ്ട്.. മുമ്പുള്ളതാണോ ഇപ്പോൾ കിട്ടിയതാണോ എന്നറിയില്ലെന്ന്' ടീച്ചർ. 'ഞങ്ങളുടെ കൊച്ചനെ ജീവനോടെങ്ങാനും കിട്ടുമോ, ഈപ്പറഞ്ഞ ഇടിയെല്ലാം കൊണ്ടിട്ട്'. അച്ഛന്റെ മറുചോദ്യം കേട്ട് അമ്പരന്ന് ടീച്ചർ. 'ഞങ്ങളീ ഫീസെല്ലാം കൊടുത്തിട്ട് അങ്ങോട്ട് പഠിക്കാനയച്ചിട്ട്, അവിടെ ഇങ്ങനെ ഇടി മേടിപ്പാണെങ്കിൽ..  ഒന്നാമത് അവനിപ്പോൾ പത്തിൽ പൂജ്യം മാർക്കാ മേടിക്കുന്നേ എന്നാ കേൾക്കുന്നത്'. അദ്ദേഹം തുടർന്നു. 

അപ്പോൾ ടീച്ചർ, 'അൽ സാബിത്തേ.. നീ പത്തിൽ പൂജ്യമാന്നോടാ മേടിക്കുന്നെ..?' എന്ന് കുട്ടിയോട് തിരക്കുന്നു.. 'ഇപ്പോൾ മാർക്കൊക്കെ ഉണ്ടെന്നാ അവൻ പറയുന്നേ' എന്ന് അച്ഛനോട് പറയുന്നു. 'അത് രണ്ടിടത്ത് ട്യൂഷന് വിടുന്നതുകൊണ്ടാണ്'. അച്ഛൻ ഉരുളയ്ക്കുപ്പേരി പോലെ പറഞ്ഞു. ഇപ്പോ.. എന്നതാ വേണ്ടേ..? ഞാൻ വല്ല ആംബുലൻസും കൊണ്ട് വരണോ..?' എന്ന് അടുത്ത ചോദ്യം.

അതൊന്നും വേണ്ട.. ഞാൻ നോക്കിയിട്ട് പരിക്കൊന്നും കണ്ടില്ലെന്ന് ചിരിയടക്കി ടീച്ചറുടെ മറുപടി. സാരമില്ല ടീച്ചറെ.. ഞാൻ നാളെ അങ്ങോട്ടുവരാം. പിള്ളേരെ രണ്ടിനേം നല്ല പോലെ ക്വസ്റ്റ്യൻ ചെയ്ത് ഒന്നു വിരട്ടി വിട്ടിരുന്നാൽ മതി.. പിള്ളേരല്ലേ.. അടിയും ഇടിയുമൊക്കെ നടന്നെന്നിരിക്കുമെന്ന് ടീച്ചറിനെ സമാധാനിപ്പിച്ച് അച്ഛനും.

എന്തായാലും രപസകരമായ ഈ ഫോൺകോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പക്ഷേ ഇങ്ങനെയൊരു സംഭവം ഉണ്ടായാൽ എല്ലാ മാതാപിതാക്കളും ഇത്തരത്തിലാകില്ല പ്രതികരിക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്. ഇവിടെ സംഭവം ലളിതമായി അവതരിപ്പിച്ച ടീച്ചറിനെയും നർമ്മത്തോടെ അത് കേട്ട അച്ഛനെയും പ്രശംസിക്കുകയാണ് സോഷ്യൽ ലോകം. 

രസകരമായ ആ ഫോൺ സംഭാഷണം ഇങ്ങനെ;

Tags:
  • Social Media Viral