Tuesday 04 August 2020 02:37 PM IST : By സ്വന്തം ലേഖകൻ

കാതുകുത്ത് കണ്‍മണിക്ക്, കണ്ണീരണിഞ്ഞത് അച്ഛന്‍! ധൈര്യശാലിയായ അച്ഛന്‍മാര്‍ കാണണം ഈ കാഴ്ച; വൈറല്‍ വിഡിയോ

father

കണ്‍മണിക്ക് കാതുകുത്തുന്ന നിമിഷം കണ്ടു നില്‍ക്കാന്‍ ഇത്തിരി പാടാണ്. പ്രത്യേകിച്ച് അമ്മമാര്‍ക്ക്. വേദനയെടുത്ത് കുഞ്ഞ് പൈതല്‍ കരയുന്ന നിമിഷം ഏതൊരമ്മയുടേയും കണ്ണുകള്‍ ഈറനണിയും. അച്ഛന്‍മാരാകട്ടെ കട്ടയ്ക്ക് കരയാതെ പിടിച്ചു നില്‍ക്കാറാണ് പതിവ്. പക്ഷേ കാതുകുത്തലിലെ പതിവ് കാഴ്ചകളില്‍ നിന്നെല്ലാം വിപരീതമായി ഇതാ ഹൃദയം നിറയ്ക്കുന്നൊരു കാഴ്ച. കുഞ്ഞാവയ്ക്ക് കാതു കുത്തുന്നതു കണ്ട് നെഞ്ചു പിടയുന്ന അച്ഛനാണ് ഏവരുടേയും ഹൃദയത്തിലിടം നേടുന്നത്. ജോണ്‍സണ്‍ വര്‍ഗീസ് എബ്രഹാം എന്ന അച്ഛനാണ് മകളുടെ വേദന ഹൃദയത്തില്‍ പങ്കിട്ട സോഷ്യല്‍ മീഡിയ താരം. 

ധൈര്യപൂര്‍വം മകളെ മടിയിലിരുത്തി കാതുകുത്തല്‍ ചടങ്ങിന് നേതൃത്വം വഹിക്കുകയാണ് ഈ അച്ഛന്‍.  എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കുഞ്ഞാവയാകട്ടെ കളിചിരികളുമായി മടിയിലിരിപ്പാണ്. ചുറ്റും കൂടി നിന്നവരെ ആശ്ചര്യത്തോടെ നോക്കുന്നുമുണ്ട് കക്ഷി. 

എന്നാല്‍ കാത് കുത്താന്‍ സൂചിയുമായി ആളെത്തിയതോടെ അച്ഛന്റെ മുഖഭാവമാണ് മാറിയത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കണ്ണുകള്‍ ഇറുക്കിയടക്കുന്ന ഈ അച്ഛന്റേയും അച്ഛന്റെ മടിയില്‍ കാത് കുത്തിന്റെ വേദയുമായിരിക്കുന്ന കുഞ്ഞുവാവയുടെയും ദൃശ്യങ്ങളാണ് പിന്നെ കാണാനായത്. മൊബൈലില്‍ ആരോ പകര്‍ത്തിയ ചിത്രം ഞൊടിയിട കൊണ്ട് വൈറലുമായി.

്.ഇരു കാതുകളും കുത്തി ഭംഗിയുള്ള കമ്മലും ഇട്ടതോടെ കുഞ്ഞുവാവയുടെ മുഖത്തെ സങ്കടം മെല്ലെ മാഞ്ഞു പോയി.  എന്നാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സങ്കടമാണ് അച്ഛന്റെ മുഖത്തുണ്ടായിരുന്നത്. പത്തനംതിട്ട കോന്നി സ്വദേശിയായ ജോണ്‍സണ്‍ വര്‍ഗീസ് എബ്രഹാം തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ വിഡിയോ പങ്കുവച്ചത്. മകളുടെ പിറന്നാള്‍ ദിനത്തിലാണ് ജോണ്‍സണ്‍ വര്‍ഗീസ് എബ്രഹാം സന്തോഷവും വിഷമവും ഒന്നിച്ചു സമ്മാനിക്കുന്ന വിഡിയോ പങ്കിട്ടത്.