Tuesday 24 December 2019 02:59 PM IST

‘പ്രാർഥനയുടെ കരുത്തിന്റെ സാക്ഷ്യമാണ് ഞാൻ!’; ഭീകരർ മോചിപ്പിച്ച ഉഴുന്നാലിൽ അച്ചൻ ഇപ്പോൾ എവിടെയാണ്?

Sujith P Nair

Sub Editor

father-uzhunnaal008766 ഫോട്ടോ: ബേസിൽ പൗലോ

യെമനിൽ 557 ദിവസം ഭീകരരുടെ തടവിൽ കഴിഞ്ഞ ഫാ. ടോം ഉഴുന്നാലിൽ മോചനത്തിനു ശേഷം എവിടെ ആയിരുന്നു. ‘വനിത’ നടത്തിയ അന്വേഷണം ചെന്നു നിന്നത് ബംഗളുരുവിലെ ഡോൺ ബോസ്കോ പ്രൊവിൻഷ്യൽ ഹൗസിലായിരുന്നു. അവിടെയാണ് അച്ചന്റെ ഇപ്പോഴത്തെ സേവനം. തടവു ജീവിതത്തിന്റെ ആഘാതത്തിൽ നിന്നു മോചിതനാകാൻ വേണ്ടി സലേഷ്യൻ സഭ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചരിക്കുകയാണ്. എന്നിട്ടും അച്ചൻ തിരക്കിലാണ്. ലോകം മുഴുവൻ സഞ്ചരിച്ച് ക്ഷമയുടെ സന്ദേശം കൈമാറുകയാണ് അദ്ദേഹം. ഒപ്പം തടവു ജീവിതത്തിൽ അനുഭവിച്ച ദൈവത്തിന്റെ സാന്നിധ്യവും അദ്ദേഹം വിശ്വാസികളുമായി പങ്കുവയ്ക്കുന്നു. 

ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരം സമ്മാനിച്ചവരോടും അച്ചന് പരിഭവമില്ല. ക്ഷമിക്കാനാണ് തന്റെ ദൈവം പഠിപ്പിച്ചിരിക്കുന്നതെന്ന് പറയുമ്പോൾ അച്ചന്റെ മുഖത്ത് കാരുണ്യം. "എന്നെ എന്റെ ദൈവം അതാണ് പഠിപ്പിച്ചത്. എന്നോടും എന്റെ സഹപ്രവർത്തകരോടും ഇത്രയും ക്രൂരത കാട്ടിയവരോട് പൊറുക്കാനാണ് എനിക്കു തോന്നിയത്. അത് ചിലർ വിമർശിച്ചു. അവർക്ക് എന്റെ ചിന്ത മനസിലാകാത്തതാകും കാരണം. അവരോട് തർക്കിക്കാൻ ഞാനില്ല. മനുഷ്യൻ ആദ്യമായി പഠിക്കേണ്ടത് ക്ഷമിക്കാനാണ്.

ലോകത്ത് കലാപങ്ങൾക്കും അക്രമങ്ങൾക്കും കാരണം ക്ഷമയില്ലാത്തതാണ്. ക്ഷമ എന്ന മരുന്നു കഴിക്കാൻ എല്ലാവരേയും ഞാൻ ഉപദേശിക്കും. വിധികൾ പാസാക്കരുത്. പാസാക്കുന്ന വിധികൾ എന്റേതായിരിക്കും. ഒരാളുടെ ശരിയല്ല മറ്റൊരാളുടെ ശരി. ഏതു മതത്തിലുള്ളവരാണെങ്കിലും അവർ ദൈവത്തെ അറിയാനാണ് ശ്രമിക്കേണ്ടത്. ദൈവം ഒരാളേയുള്ളൂ. അവനിൽ വിശ്വസിക്കുക, പ്രാർഥിക്കുക. തിരക്കു പിടിച്ചുള്ള യാത്രകൾക്കിടയിൽ പലരും പ്രാർഥിക്കാൻ പോലും മറക്കുകയാണ് പതിവ്. അവർക്ക് എങ്ങനെ ജന്മദൗത്യം കണ്ടെത്താൻ കഴിയും.

പണ്ട് നമ്മുടെ വീടിന് ചുറ്റുമുള്ള എല്ലാ വീടുകളിലും വൈകിട്ട് പ്രാർഥനയുണ്ടായിരിക്കും. അതിന് ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വ്യത്യാസമില്ല. ഇന്ന് എത്ര വീടുകളിൽ വൈകിട്ട് പ്രാർഥന പതിവുണ്ട്? ആ സമയം ടിവിയും മറ്റും അപഹരിച്ചു കഴിഞ്ഞു. കുടുംബ പ്രാർഥനയും മറ്റും വീടുകളിൽ അനിവാര്യമാണ്. ദൈവത്തിന് ഒരോരുത്തരെയും പറ്റി ഓരോ ദൗത്യം കാണും. അതു നിസ്വാർഥമായി പ്രാർഥനയിലൂടെ കണ്ടെത്തുകയാണ് മനുഷ്യന്റെ ധർമ്മം."–അച്ചൻ പറയുന്നു.

വിശദമായ അഭിമുഖം ഈ ലക്കം ‘വനിത’യിൽ...

Tags:
  • Spotlight
  • Vanitha Exclusive