Tuesday 09 November 2021 04:14 PM IST : By സ്വന്തം ലേഖകൻ

ഫാത്തിമ ലത്തീഫിന്റെ ഓർമകൾക്ക് രണ്ടു വയസ്സ്; സിബിഐ അന്വേഷണം തുടങ്ങി 21 മാസം, കുറ്റക്കാരെ കണ്ടെത്താനായില്ല

fathima-latheef

ചെന്നൈ ഐഐടി വിദ്യാർഥിനി ആയിരുന്ന കൊല്ലം കിളികൊല്ലൂർ പ്രിയദർശിനി നഗർ കിലോംതറയിൽ ഫാത്തിമ ലത്തീഫ് ഓർമയായിട്ട് ഇന്നേക്ക് രണ്ടു വർഷം. ഫാത്തിമയുടെ ദുരൂഹമരണത്തെക്കുറിച്ചു സിബിഐ അന്വേഷണം തുടങ്ങിയിട്ട് 21 മാസം പിന്നിട്ടെങ്കിലും ഇപ്പോഴും മൊഴി രേഖപ്പെടുത്തൽ തുടരുകയാണ്. ചെന്നൈയിലെ സിബിഐ ഓഫിസിൽ 11ന് എത്തണമെന്നു ബന്ധുക്കൾക്ക് ഇന്നലെ അറിയിപ്പു ലഭിച്ചു. അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി സന്തോഷ് ഇന്നലെ രാവിലെ ഫോണിലൂടെയും തുടർന്ന് ഇ-മെയിൽ മുഖേനയും ആണ് അറിയിപ്പു നൽകിയത്. 

11നു രാവിലെ 10.30നു ചെന്നൈ ഓഫിസിൽ എത്താനാണു നിർദേശം. എട്ടുമാസം മുൻപു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഫാത്തിമയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽ നിന്നു മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇപ്പോഴാണു സിബിഐ സംഘം ബന്ധപ്പെട്ടത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ടു കോട്ടൂർപുരം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ചെന്നൈ സിറ്റി പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. പിന്നീടാണു സിബിഐയ്ക്കു നൽകിയത്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി തുടങ്ങിയവർക്കു ഫാത്തിമയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്നാണിത്.

കുറ്റവാളികളെ പിടികൂടുമെന്നും അവർ ഉറപ്പു നൽകിയിരുന്നു. എന്നാൽ 21 മാസം പിന്നിട്ടെങ്കിലും അന്വേഷണ പുരോഗതി സംബന്ധിച്ച ഒരു വിവരവും സിബിഐ സംഘം അറിയിച്ചിട്ടില്ല. ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. തുടർന്ന് ഇന്നോ നാളെയോ ചെന്നൈയിലേക്കു പോകും. ഫാത്തിമയുടെ മരണത്തെത്തുടർന്ന് ഏറെ നാൾ വീട്ടിൽ കഴിഞ്ഞ പ്രവാസിയായ ലത്തീഫ് സൗദിയിലേക്കു മടങ്ങിയിരുന്നു. കഴിഞ്ഞ 3നാണു വീണ്ടും നാട്ടിൽ എത്തിയത്.

അന്വേഷണം കാര്യക്ഷമമാക്കി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ രാജ്ഭവനു മുന്നിൽ ഇന്നു യോഗം നടത്തും. ക്യാംപസുകളിൽ എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടി നടക്കും. 2019 നവംബർ 9ന് ആണ് ഹോസ്റ്റൽ മുറിയിൽ ഫാത്തിമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിന് ഉത്തരവാദികൾ ചില അധ്യാപകർ ആണെന്നു കാണിച്ചു മൊബൈൽ ഫോണിൽ കുറിപ്പും എഴുതിയിരുന്നു. അധ്യാപകരിൽ നിന്നുള്ള മാനസിക പീഡനമാണു ജീവനൊടുക്കാൻ കാരണമെന്നു കരുതുന്നു. സഹപാഠികൾ, മുറിയിൽ ഒപ്പം താമസിച്ചിരുന്നവർ തുടങ്ങി ആരും ഇതുവരെ ഫാത്തിമയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. കോളജ് അധികൃതരെ ഭയന്നാണ് ഇതെന്നു സംശയിക്കുന്നു.

more updates... 

Tags:
  • Spotlight