Thursday 14 November 2019 12:28 PM IST : By സ്വന്തം ലേഖകൻ

മുടികെട്ടാൻ പോലും അറിയാത്ത മോളാണ്, അവൾ തൂങ്ങിമരിച്ചെന്നോ?; അവൾ ജീവനൊടുക്കില്ല, ജീവനെടുത്തതാണ്; കണ്ണീരോടെ സജിത

fl

മുടി മാടിക്കെട്ടാൻ പോലും അറിയാത്ത മോളാണ്. അവൾ‌ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കണോ? ജീവനൊടുക്കാൻ അവൾക്കാകില്ല. ആരോ അവളുടെ ജീവനെടുത്തതാണ്.– മദ്രാസ് ഐഐടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ഉമ്മ സജിതയുടെ വാക്കുകളാണിത്. ഫാത്തിമയുടെ മരണത്തിലെ ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു സജിതയുടെ വാക്കുകൾ.

ഫാത്തിമയെ മരണം കൊണ്ടു പോകുന്ന അന്നേ ദിവസം വിഡിയോ കോൾ വഴി 5 തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറയുന്നു. കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല. തന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നുവെന്നാണ് പറയുന്നത്. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു രേഖപ്പെടുത്തിയിരുന്നത്.

പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട നടപടിക്രമത്തിനായി ഫാത്തിമയുടെ ഇരട്ട സഹോദരി ആയിഷ ഫോൺ ഓൺ ചെയ്തപ്പോഴാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. 'Sudarsan Padmanabhan is the cause of my death pls check my samsung note' എന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം.

അന്നു രാത്രി 9.30 വരെ മെസ് ഹാളിൽ ഇരുന്നു കരഞ്ഞ ഫാത്തിമയെ ജോലിക്കാരി ആശ്വസിപ്പിച്ചാണു ഹോസ്റ്റൽ മുറിയിലേക്ക് അയച്ചതെന്നു കന്റീൻ ജീവനക്കാരൻ അറിയിച്ചതായി സജിത പറയുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമമാണു കാരണം എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.

ഇന്‍റേണൽ മാർക്കുമായി ബന്ധപ്പെട്ട് ഫാത്തിമ അപ്പീൽ നൽകിയിരുന്നു. ഇരുപതിൽ 13 മാർക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. എന്നാൽ തനിക്ക് 18 മാർക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീൽ നൽകിയത്. ഇതേത്തുടർന്ന് നടത്തിയ പുനഃപരിശോധനയിൽ 18 മാർക്ക് ഉണ്ടെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് അധ്യാപകനായ സുദർശൻ പത്മനാഭൻ, ഫാത്തിമയോട് വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടുണ്ടാകാമെന്നും കുടുംബം ആരോപിക്കുന്നു. ഈ അധ്യാപകനെ കൂടാതെ 2 അസി. പ്രഫസർമാർക്കും ചില വിദ്യാർഥികൾക്കും മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഫാത്തിമയുടെ പിതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്ക് ഇ-മെയിൽ വഴിയും പരാതി നൽകിയിട്ടുണ്ട്.

കയർ ഫാനിൽ കെട്ടാതെ, ചുറ്റിവരിഞ്ഞ നിലയിൽ കാണപ്പെട്ടതും ചെന്നൈയിൽ എത്തിയ ബന്ധുക്കളോട് അധ്യാപകർ ആരും ബന്ധപ്പെടാതിരുന്നതും സംശയകരമാണെന്നു ബന്ധുക്കൾ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടും ഫാത്തിമയുടെ മൊബൈൽ ഫോൺ നൽകാൻ എസ്ഐ മടിച്ചതായും അവർ ചൂണ്ടിക്കാട്ടി.

ഹ്യുമാനിറ്റീസ് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിൽ ഒന്നാം വർഷ എംഎ വിദ്യാർഥിയായിരുന്ന കൊല്ലം രണ്ടാംകുറ്റി കീലോംതറയിൽ ഫാത്തിമയെ കഴി‌ഞ്ഞ ശനിയാഴ്ചയാണു ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തരവാദികൾ 3 അധ്യാപകരാണെന്നു കു‌റ്റപ്പെടുത്തുന്ന, മൊബൈൽ ഫോണിൽ രേഖപ്പെടുത്തിയ 2 കുറിപ്പുകൾ ‌കുടുംബം പുറത്തുവിട്ടിരുന്നു.എന്നാൽ, ആത്മഹത്യക്കുറിപ്പ് ശ്രദ്ധ‌യിൽപെട്ടിട്ടില്ലെന്നും മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരോപണ വിധേയരായ അധ്യാപകരിൽ ഒരാൾ അവധിയിലാണ്.

ഫാത്തിമയുടെ മരണം സംബന്ധിച്ച് ഏറെ ദുരൂഹതകളുള്ളതായി ഇവരുടെ അടുത്ത കുടുംബ സുഹൃത്ത് കൂടിയായ മേയർ വി രാജേന്ദ്രബാബു പറയുന്നു. മരണവിവരം അറിഞ്ഞ് ചെന്നൈയിൽ എത്തിയപ്പോൾ അധ്യാപകരോ സഹപാഠിങ്ങളോ തങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. വിവരം ആരാഞ്ഞപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് സഹപാഠികൾ നൽകിയത്. കേസ് അന്വേഷണം സംബന്ധിച്ച് പൊലീസിന്‍റെ ഭാഗത്തുനിന്ന് നിസംഗമായ സമീപനമാണ് ഉണ്ടായതെന്നും മേയർ പറഞ്ഞു.