Friday 22 February 2019 12:49 PM IST : By സ്വന്തം ലേഖകൻ

ഇനി ദൈവം കാക്കണം; കിടപ്പിലായ മക്കൾക്കുള്ള ഭക്ഷണവും മരുന്നും കണ്ടെത്താൻ വഴിയില്ലാതെ വൃദ്ധയായ ഉമ്മ!

malappuram-fathima-and-family

സലീമിനും അലീമയ്ക്കും ജീവിക്കണമെങ്കിൽ ഉമ്മയെ ദൈവം കാക്കണം. 14 വർഷമായി കിടപ്പിലായ മക്കളെ പരിചരിച്ചു തളർന്നിരിക്കുകയാണ് ഉമ്മ പുളിക്കൽ ഫാത്തിമ. മക്കൾക്ക് ഒന്നു തിരിഞ്ഞു കിടക്കണമെങ്കിൽ പോലും അറുപത്തഞ്ചുകാരിയായ ഉമ്മയുടെ സഹായം വേണം. നേരത്തിന് ഭക്ഷണം വാരിക്കൊടുക്കണം പ്രാഥമിക കൃത്യങ്ങൾ നിറവേറ്റാനും കൂടെ വേണം. എല്ലാറ്റിനും പുറമെ മക്കൾക്കുള്ള മരുന്നും ഭക്ഷണവും കണ്ടെത്തണം.

ജീവിതത്തോട് പൊരുതാനുള്ള കരുത്ത് ചോർന്നു പോയികൊണ്ടിരിക്കുകയാണ് ഇവർക്ക്. കാഴ്ച കുറഞ്ഞുവരുന്നു. നേത്ര ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും മക്കളെ ഈ കിടപ്പു കിടത്തിയിട്ട് ചികിത്സ തേടാൻ ഇവർക്കു കഴിയുന്നില്ല. പൊന്നാനി പൊലീസ് സ്റ്റേഷനു പിറകിലെ വീട്ടിൽ ഇടുങ്ങിയ മുറികളിൽ ശരീരം തളർന്നു കിടക്കുന്ന മകൻ അബ്ദുൽസലീം (42), മകൾ അലീമ (44) എന്നിവരുടെ ജീവിതം വഴിമുട്ടുകയാണിപ്പോൾ.

വിവാഹിതയായിരുന്ന അലീമ 12 വർഷം മുൻപാണ് തളർന്ന് കിടപ്പിലായത്. അസുഖം ബാധിച്ചതോടെ ഭർത്താവ് ഉപേക്ഷിച്ചു. ഒരു മകളുണ്ടെങ്കിലും അലീമയുടെ അടുത്തേക്ക് വരാറില്ല. അലീമ കിടപ്പിലാകുന്നതിന് 2 വർഷം മുൻപാണ് അബ്ദുൽ സലീം രോഗിയാകുന്നത്. തങ്ങളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കാൻ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഈ കുടുംബം.