Friday 31 July 2020 10:26 AM IST : By സ്വന്തം ലേഖകൻ

‘ചെലോല് കൊടുക്കും, ചെലോല് കൊടുക്കൂല... ന്നാലും എല്ലാരും കൊടുക്കണം’; ഫായിസിന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്..

malappuram-faiz.jpg.image.845.440

‘ചെലോല് കൊടുക്കും, ചെലോല് കൊടുക്കൂല... ന്നാലും എല്ലാരും കൊടുക്കണം’- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,313 രൂപ നൽകി ഫായിസ് പറഞ്ഞു. കടലാസ് പൂവ് ഉണ്ടാക്കി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ, കുഴിമണ്ണ ഇസ്സത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും കുഴിഞ്ഞളം പാറക്കാട് സ്വദേശിയായ അബ്ദുൽ മുനീർ സഖാഫിയുടെയും മൈമൂനയുടെയും മകനുമായ മുഹമ്മദ് ഫായിസ് തനിക്കു സമ്മാനമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 

കലക്ടറേറ്റിൽ എത്തി കലക്ടർ കെ.ഗോപാലകൃഷ്ണനെ തുക ഏൽപിച്ചു.‘ചെലോൽത് റെഡ്യാകും’ എന്ന ഫായിസിന്റെ വൈറലായ വാചകം മിൽമ പരസ്യത്തിനായി ഉപയോഗിച്ചിരുന്നു. സ്നേഹസമ്മാനമായി 10,000 രൂപ നൽകുകയും ചെയ്തു. ഈ തുക ഉൾപ്പെടെയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.  പരാജയം അവസാനമല്ല, തുടക്കം മാത്രമാണെന്ന് ഫായിസ് കാണിച്ചു തന്നതായി കലക്ടർ പറഞ്ഞു. 

വലുതാകുമ്പോൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന പൊലീസ് ഓഫിസർ ആകാനാണ് ആഗ്രഹമെന്ന് ഫായിസ് പറഞ്ഞു. പ്രശസ്തിപത്രവും സമ്മാനമായി ഒരു പേനയും നൽകിയാണ് കലക്ടറും ജീവനക്കാരും അവനനെ യാത്രയാക്കിയത്.  ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ബോധവൽക്കരണ പരസ്യത്തിന് ഒരു വീഡിയോ ചെയ്തുതരണമെന്ന ‌ആവശ്യവും ഫായിസ് സന്തോഷത്തോടെ ഏറ്റെടുത്തു.  ഫായിസ് മടങ്ങുമ്പോൾ കലക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു ‘മലപ്പുറം സൂപ്പറാ’.

മുഖ്യമന്ത്രി അനുമോദിച്ചു

തനിക്കു സമ്മാനമായി ലഭിച്ച തുകയുടെ ഒരു വിഹിതം ദുരിതാശ്വാസനിധിയിലേക്കും ഒരു നിർധന പെൺകുട്ടിയുടെ വിവാഹ ചെലവിലേക്കും നൽകാൻ കാണിച്ച ഫായിസിന്റെ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു. അവനവൻ എന്ന ചെറുവട്ടത്തിൽ നിന്നും അപരന്റെ നന്മ കൂടി കണ്ടുകൊണ്ടുള്ള കുഞ്ഞു ഫായിസുമാരെ കൊണ്ട് ഈ ലോകം നിറയട്ടെ എന്ന് മന്ത്രി ജി. സുധാകരൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

Tags:
  • Spotlight
  • Motivational Story