Thursday 30 July 2020 01:14 PM IST : By സ്വന്തം ലേഖകൻ

ഫായിസ് നിഷ്പ്രഭമാക്കിയത് ഈ പരസ്യ വാചകം; മിടുക്കനെ ഓർത്ത് അഭിമാനമെന്ന് എഴുത്തുകാരൻ

fayis

''ചെലോൽത് ശരിയാകും ചെലോൽത് ശരിയാവൂല്ല! മലയാളികളുടേയും ചിന്തകളേയും പ്രവർത്തികളേയും സ്വാധീനിച്ച് നിറഞ്ഞ് നിൽക്കുകയാണ് ആ വാചകം. മുഹമ്മദ് ഫായിസിന്റെ നിഷ്ക്കളങ്ക വർത്തമാനത്തിടെ പിറവികൊണ്ട ആ മോട്ടിവേഷണൽ ഡയലോഗ് ലക്ഷ്യം തേടിയുള്ള യാത്രയിൽ വഴിവിളക്കു പോലെ നിൽക്കുന്നുവെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

പരാജിതന് പോലും പ്രചോദനമേകുന്ന ഫായിസിന്റെ വാക്കുകൾ മിൽമ പോലും കടംകൊണ്ടു എന്നതാണ് അതിന്റെ ഏറ്റവും വലിയ സ്വീകാര്യത. മിൽമയ്ക്ക് താൻ നൽകിയ ‘കേരളം കണികണ്ടുണരുന്ന നന്മ‌’ എന്ന മിൽമയുടെ പരസ്യവാചകത്തെ പോലും കുറച്ചു നേരത്തേക്ക് ഫായിസും അവന്റെ വാക്കുകളും അപ്രസക്തമാക്കിയെന്ന് പറയുകയാണ് എഴുത്തുകാരനും കോപ്പിറൈറ്ററുമായ അനീസ് സലിം. ''ഫായിസിന്റെ വരികൾ നിക്ഷ്പ്രഭമാക്കിയത് ഞാൻ വർഷങ്ങൾക്ക് മുൻപ് മിൽമയ്ക്ക് വേണ്ടിയെഴുതിയ പരസ്യ വാചകത്തെയാണ്. എന്നാലും സന്തോഷം'', അനീസ് സലീം ഫെയ്സ്ബുക്കിൽ കുറിക്കുന്നു.

പേപ്പർ കൊണ്ട് പൂവുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ക്ലൈമാക്സിൽ നൈസായി പാളിയപ്പോഴാണ് ഫായിസിന്റെ സ്വതസിദ്ധമായ ശൈലിയിൽ ആ ഡയലോഗ് പിറന്നത്.‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല.. എന്റേത് റെഡ്യായിട്ടില്ല’ എന്ന് തുടങ്ങുന്ന വാചകം ഞൊടിയിട കൊണ്ട് സോഷ്യൽ മീഡിയയുടെ ചങ്കിൽ കുടിയേറി. പരാജയം രുചിക്കുമ്പോഴും അതിനെ കൂളായി എടുക്കാനുള്ള വലിയ ജീവിത പാഠമാണ് ഫായിസ് നൽകിയതെന്ന് ലോകം സാക്ഷ്യപ്പെടുത്തി. ലോകം ഫായിസിനേയും പ്രചോദനം പകരുന്ന ആ വാക്കുകളേയും ഏറ്റെടുക്കുന്നതിനിടെയാണ് മിൽമയും ആ വാക്ക് കടം കൊണ്ടത്. ‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല.. പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ..’ ഇങ്ങനെ പോകുന്നു മിൽമയുടെ പരസ്യ വാചകം.

പരസ‌്യവാചകത്തിന്റെ റോയൽറ്റിയെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച ശക്തമായതിനു ‌പിന്നാലെ മിൽമ ഫായിസിന് പ്രതിഫലം നൽകണമെന്ന് ചിലർ വാദിച്ചു. ''ചെലോര് ഇട്ടോടുക്കും, ചെലോര് ഇട്ടോടുക്കൂല, ഞാൻ ഇട്ടോടുക്കും, അയിന് മ്മക്ക് ഒരു കൊയപ്പോല്യ'' എന്നായിരുന്നു ഇതിനോട് ഫായിസ് പ്രതികരിച്ചത്. മിൽമ അധികൃതർ ഫായിസിന്റെ വീട്ടിൽ എത്തി സമ്മാനങ്ങളും നൽകിയിരുന്നു. സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകാനൊരുങ്ങുകയാണ് ഫായിസ്.